Image

മരിയയുടെ ചില സങ്കടങ്ങള്‍- രാജേശ്വരി ജി. നായര്‍ (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 11)

Published on 28 November, 2025
മരിയയുടെ ചില സങ്കടങ്ങള്‍- രാജേശ്വരി ജി. നായര്‍ (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 11)

 ഇന്ന് പതിവിലും കൂടുതല്‍ ഗൌരവം വാരിയണിഞ്ഞാണ് ചാരുദീദി കതകു തുറന്നതെന്ന് മരിയയ്ക്ക് തോന്നി. ചുണ്ടില്‍ ഒട്ടിച്ചിരുന്ന പതിവ് ചിരി കണ്ടിട്ടും സാധാരണ കാണാറുള്ള മറുചിരി കണ്ടില്ലെന്നു മാത്രമല്ല ‘ഇത്രയും ദിവസം എവിടെയായിരുന്നു’ എന്ന് അവള്‍ പ്രതീക്ഷിച്ച ചോദ്യം ചോദിച്ചുമില്ല, അവള്‍ പറയാന്‍ കരുതിയിരുന്ന ഉത്തരം പറഞ്ഞുമില്ല. ഇന്നെന്താ ഇങ്ങനെ എന്ന് മനസ്സില്‍ ചിക്കി മരിയ അവിടെ നിന്നും അടുക്കളഭാഗത്തെക്ക് നടക്കുമ്പോള്‍ എന്തോ ഒരു സങ്കടം അവളെ പൊതിഞ്ഞങ്കിലും അവളത് നെഞ്ചിനുള്ളില്‍ തന്നെ ഇട്ടു തിളപ്പിച്ചുകൊണ്ട് അവളുടെ ജോലികളിലേക്ക് അരയും തലയും മുറുക്കി.

 ചൂലും ജനലഴികളുമായി യുദ്ധം തുടങ്ങിയപ്പോഴേക്കും മൊബൈല്‍ ചിലയ്ക്കാന്‍ തുടങ്ങി. ആരാവും? ലളിത ദീദിയാവും. ഇവിടുത്തെ പണി കഴിഞ്ഞ് അങ്ങോട്ടാണ് ചെല്ലുന്നത്. അവരുടെ ഇന്നത്തെ സ്വീകരണവും മോശമാവാന്‍ തരമില്ല. ആരായാലും അവിടെ കിടന്നടിക്കട്ടെ ... അല്ലെങ്കില്‍ തന്നെ ജോലിക്കിടയില്‍ മൊബൈല്‍ ചെവിക്കരികില്‍ കണ്ടാല്‍ ചാരുദീദിക്ക് കലിയാണ്. പോരെങ്കില്‍ കവിളുകള്‍ രണ്ടും ഇന്ന് വീര്‍ത്തുകെട്ടിയ ബലൂണുകളാണ്. രണ്ടു തവണ അടിച്ച ശേഷം ഫോണ്‍ കരഞ്ഞു കരഞ്ഞുറങ്ങിയ കുട്ടിയായി സഞ്ചിയില്‍ അനക്കമറ്റു കിടന്നു.

 ദിവസവും ജനാലകള്‍ അടിച്ചു വാരിയാലും ചിലന്തിക്ക് മറ്റു പണിയൊന്നും ഇല്ലാത്തതിനാല്‍ ശത്രുത അശേഷം ഇല്ലാതെ പിറ്റേന്ന് എവിടെയെങ്കിലും ഒക്കെ അത് കൂട് നെയ്തുകൊണ്ടിരിക്കും. അവള്‍ ചിലനേരം ചിലന്തി വലകള്‍ കണ്ട ഭാവം നടിക്കാതെ ഒരൊഴുക്കന്‍ മട്ടില്‍ ചൂല് ഒന്നോടിച്ചു മറ്റു പണികളിലെക്ക് തിരിയും. അതവള്‍ക്ക് തൂക്കാനുള്ള മടികൊണ്ടോ ചിലന്തിയോടുള്ള സ്നേഹം കൊണ്ടോ അല്ലെന്നുള്ളത് പകല്‍വെളിച്ചം പോലെ സത്യമാണ്. മറിച്ച് സൂചിയില്‍ മെനക്കെട്ടിരുന്നു നൂല് കോര്‍ത്തു കീറലൊന്നു തുന്നാന്‍ പോലും മടിയുള്ള മരിയയ്ക് ചിലന്തി സ്വന്തം ദേഹത്തുനിന്നും നൂലുണ്ടാക്കി എത്ര ഭംഗിയായി തുന്നിക്കൂട്ടി കാവലിരിക്കുന്ന ആ വലയോടുള്ള ആരാധനകൊണ്ടായിരുന്നു. അവളുടെ ആരാധന കയ്യോടെ ചാരുദീദി പിടികൂടുന്നത് അവളില്‍ വിഷമവും ആശങ്കയും ഉണ്ടാക്കിക്കൊണ്ടിരുന്നു. എങ്കിലും അവള്‍ മറ്റൊരു ചിലന്തിയായി പണി തുടര്‍ന്നുകൊണ്ടേയിരുന്നു.

മുകളിലത്തെ മുറികള്‍ തൂക്കാനും തുടയ്ക്കാനും പോകുമ്പോള്‍ എന്നും അവള്‍ക്ക് ഒരേ ഒരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നൊള്ളൂ. പിള്ളാരടെ കെടപ്പറ തുറക്കാന്‍ വൈകണേന്ന്. അവിടുത്തെ എളേ മോനും ഭാര്യേം രാത്രി മുഴുവനും കമ്പ്യൂട്ടറില്‍ ഇരുന്നു ജോലിയാ പോലും. രാവിലെ അവര്‍ കതകു തുറക്കാന്‍ ചിലപ്പോഴൊക്കെ വൈകും. പതിനൊന്നു മണി ആയാല്‍ രക്ഷപെട്ടു. അപ്പോഴേക്കും പണി എങ്ങനെയെങ്കിലും തീര്‍ത്തിട്ടു ഞാനോടും. വേറെ ഒരിടത്തെ പണി കൂടി ചെയ്തിട്ട് വേണം വീട്ടിലെത്തി വല്ലതും അനത്തി വയറിനെ നിലയ്ക്ക് നിര്‍ത്താന്‍.

രാവിലെ ഒമ്പത് മണിക്കെത്തുന്ന മരിയയ്ക്ക് പ്രാതലും, ചായയുമെല്ലാം വീട്ടിലെ മറ്റംഗങ്ങള്‍ കഴിക്കുന്നത്‌ പോലെ തന്നെ കിട്ടുമെന്നുള്ളതായിരുന്നു അവളെ ഈ വീട്ടില്‍ തന്നെ തളച്ചിടാനുള്ള ഒരു കാരണം. ജോലിയിലെ സൂത്രപ്പണികളൊക്കെ കണ്ടുപിടിച്ചു വീണ്ടും ചെയ്യിക്കുമെന്നുള്ള ഒറ്റ ദോഷമേ അവള്‍ക്ക് വീട്ടുടമസ്ഥയായ ചാരുദീദിയില്‍ കാണാന്‍ കഴിഞ്ഞുള്ളു. അതൊരു വലിയ ദോഷമാണെങ്കിലും അവള്‍ക്ക് അപ്പോള്‍ തന്നെ ജോലി ഇട്ടെറിഞ്ഞു പോകണമെന്ന് തോന്നുമെങ്കിലും അവള്‍ ദേഷ്യമടക്കി വരണ്ട ഒരു പുഞ്ചിരി മുഖത്തണിയും. അതവളുടെ അടവാണെന്ന് വീട്ടുകാരിക്ക് അറിയാമെന്നുള്ളതും അവള്‍ക്ക് അറിയാം. എന്നാല്‍ അതവര്‍ അറിഞ്ഞ ഭാവം നടിക്കാത്തത് അവരു തമ്മിലുള്ള ഒരു പരസ്പര ധാരണയാണെന്ന് വേണമെങ്കില്‍ പറയാം.

ങാ, അതെന്തു കുന്തമെങ്കിലും ആകട്ടെ. ഇത്രയും നാള്‍ കാര്യങ്ങളൊക്കെ അതാതിന്‍റെ വഴിക്ക് പോയി. ഇനിയും ഇങ്ങനെയൊക്കെ അങ്ങ് പൊക്കോളും. വര്‍ഷം കുറെ ആയിട്ടും ഇപ്പോഴും ഈ വീടൊരു സുന്ദരിപ്പെണ്ണിനെപ്പോലെ ചിരിയുതിര്‍ക്കുന്നത് ഈ മരിയയുടെ കൈമിടുക്കാണ്... അവളുടെ ജോലി കഴിയുന്നത്‌ വരെ ചാരുദീദിയുടെ കണ്ണുകള്‍ അവള്‍ക്കൊപ്പം കയറിയിറങ്ങി നടക്കും.

വീട്ടിലുള്ളവര്‍ ധരിക്കുന്ന വസ്ത്രങ്ങളുടെ വെടിപ്പ് മരിയയുടെ കൈ മിടുക്കാണ്... അയയില്‍ ഞാന്നു കിടക്കുന്ന നനഞ്ഞ തുണികളില്‍ അഴുക്കിന്‍റെ പൊട്ടു പോലുമി ല്ലെന്നു ചാരുദീദിയുടെ ഒളികണ്ണുകള്‍ ഉറപ്പാക്കുമെന്ന് മരിയയുടെ മൂന്നാം കണ്ണ് കണ്ടുപിടിക്കും..

പാത്രങ്ങളുടെ തിളക്കവും മിനുസവും മരിയയുടെ കൈ മിടുക്കാണ്...

തിളക്കം കുറഞ്ഞാല്‍ എരട്ടി പണിയാണെന്ന് മരിയയ്ക്ക് മുന്നനുഭവങ്ങളുടെ പിന്‍ബലത്തില്‍ ഉറപ്പാണ്..

കിടക്കുന്ന ഷീറ്റുകളും, കുളിക്കുന്ന തോര്‍ത്തുകളും, അടിവസ്ത്രങ്ങളുമടക്കം എല്ലാം അടിച്ചും, ഉരച്ചും, ഉലച്ചും കഴുകി വിരിച്ചുണക്കി മടക്കി വെക്കുന്നതും മരിയയുടെ കൈമിടുക്കായിരുന്നു...

ഇടയ്ക്കൊരു പുഴുങ്ങിയലക്ക് ചാരുദീദിക്ക് നിര്‍ബന്ധമായിരുന്നു.

 പേടിയുടെയും ആശങ്കയുടെയും കനലുകള്‍ മരിയയുടെ നെഞ്ചിലേക്ക് കോരിയിട്ടുകൊണ്ടാണ് വാഷിംഗ് മെഷിന്‍ വീട്ടിലെത്തിയത്. ജോലിയില്‍ പകുതിയും ചെയ്തോളാമെന്നു വാഷിംഗ് മെഷിന്‍ തല കുലുക്കിയപ്പോഴേക്കും ശമ്പളം പകുതി തലയില്‍ ചൊറിയേണ്ടി വരുമെന്ന തീ ചാരു ദീദി തല്ലിക്കെടുത്തി. തക്കം പാര്‍ത്തിരുന്നത് പോലെ പകരം മറ്റൊരു ഒരു പണി അവളുടെ തലയിലേക്ക് വെച്ചുകൊടുത്തു. ആഴ്ചയില്‍ ഒരിക്കല്‍ പീതാമ്പരി ഇട്ടു തേച്ചു മിനുക്കിയ സ്വീകരണ മുറിയിലെ ഓട്ടുപാത്രങ്ങളുടെ തെളിഞ്ഞ ചിരിയും മരിയയുടെ കൈ മിടുക്കാണ്...

ചാരുദീദി ആ ജോലി ചുമലിലേക്ക് വെച്ച് തന്നപ്പോഴും മരിയ ചിരിച്ചു. എന്നാല്‍ ആ ചിരി അല്‍പ്പം കോടിപ്പോയോ എന്ന് മരിയയ്ക്ക് മാത്രമല്ല ചാരുദീദിക്കും സംശയം തോന്നിയിരുന്നു. എങ്കിലും വാഷിംഗ് മെഷീനിന്‍റെ മുരള്‍ച്ച ഏറെ നാളുകള്‍ അവളുടെ രാത്രിയുറക്കത്തെ കരണ്ട് തിന്നിരുന്നു.

 പാത്രം കഴുകുന്ന യന്ത്രം ഈ വീട്ടിലേക്ക് വന്നപ്പോഴും ഇതെന്‍റെ ശത്രുവെന്ന് നെഞ്ചു പടപടാ ഇടിച്ചിരുന്നു. പിന്നാണ് ചാരുദീദി പറഞ്ഞത് ഞാന്‍ വരാത്തപ്പോള്‍ മാത്രം അവര്‍ക്ക് പാത്രം കഴുകാന്‍ ഉള്ളതാണ് പോലും ആ യന്ത്രം! യന്ത്രത്തെ ഒന്ന് തൊടാന്‍ പോലും സമ്മതിക്കാത്ത ദുഷ്ടകൂട്ടങ്ങള്‍! ഇനി തൂക്കുകയും തുടയ്ക്കുകയും ചെയ്യുന്ന യന്ത്രം കൂടി വാങ്ങിയാല്‍ എനിക്കിങ്ങോട്ട് വരേണ്ടല്ലോ എന്ന് ഞാന്‍ പകുതി തമാശയിലും പകുതി കാര്യത്തിലും പറഞ്ഞത് ഇവര് എങ്ങനെ എടുക്കുമോ എന്തോ?

 പിന്നെ ഇടയ്ക്കൊക്കെ ഞാനൊന്ന് മുങ്ങിയാല്‍ പൊങ്ങുന്നത് തോന്നുമ്പഴാണെന്ന് ചാരുദീദി പറയുന്നതില്‍ വാസ്തവം ഇല്ലാതില്ല. ഇടയ്ക്കൊക്കെ ഓരോരുത്തര്‍ മൂന്നും നാലും ദിവസം താമസിക്കാന്‍ എത്തുമ്പോള്‍ പിന്നെ ഞാനെന്തു ചെയ്യും? ബന്ധുക്കളാ, ഞങ്ങടെ കൂട്ടുകാരാ, മക്കടെ കൂട്ടുകാരാ എന്നൊക്കെ പറഞ്ഞു ആരെയെങ്കിലും ഒക്കെ കൊണ്ടുവന്നാല്‍ ഈ മരിയയ്ക്ക് നടുവൊടിയുന്ന പണിയാണെന്ന് ആര്‍ക്കാണ് അറിയാത്തത്? അന്നൊക്കെ മീന്‍ വെട്ടികൊടുക്കണം, കറിക്കരിഞ്ഞു പാചകത്തില്‍ സഹായിക്കണം, ചിക്കന്‍ വൃത്തിയാക്കി കൊടുക്കണം, ചപ്പാത്തി ഉണ്ടാക്കികൊടുക്കണം അങ്ങനെ എന്തെല്ലാം അധിക ജോലികള്‍ ചെയ്യണം? എന്തെങ്കിലും വിശേഷദിവസങ്ങള്‍ വന്നാല്‍ അന്നും പണി ചെയ്തുചെയ്ത് ഈ മരിയയുടെ എടപാട് തീരും. അതിനു പ്രത്യേകിച്ച് എന്തെങ്കിലും തരുമെന്നുള്ളത് നേര്. ആര്‍ക്ക് വേണം ഈ നുള്ളിത്തരുന്ന പൈസ?

 അതുകൊണ്ട് ഈയിടെയായി ഈ വക മണങ്ങള്‍ കിട്ടുമ്പോഴേ ഞാന്‍ മുങ്ങും. മിക്കവാറും എല്ലാ മാസങ്ങളിലും ഈ മുങ്ങല്‍ പതിവുള്ളതാ. അപ്പന്‍റെ പെങ്ങടെ വീട് കൂദാശ, അമ്മച്ചീടെ അനിയത്തിയുടെ മോടെ മനസ്സമ്മതം, അമ്മാച്ചന്‍റെ കെട്ടിയോള്‍ടെ അസുഖം എന്നൊക്കെ ഇഷ്ടം പോലെ കാരണങ്ങള്‍ നിരത്തി ഒന്ന് വിശ്രമിക്കണമെന്നേ ഞാന്‍ കരുതിയൊള്ളൂ. അത് അത്ര വലിയ തെറ്റല്ലല്ലോ. അപ്പോഴേക്കും ദിവസത്തിന്‍റെ കണക്കു പറഞ്ഞു ശമ്പളം കുറച്ച് എന്‍റെ കണക്ക് മുഴുവന്‍ തെറ്റിക്കുന്നതും ചാരുദീദിയുടെ സ്ഥിരം പരിപാടിയാ. മാസാമാസം ഈ ശമ്പളം കിട്ടുമ്പോള്‍ ആര്‍ക്കൊക്കെ പിച്ചിപ്പറിച്ചു കൊടുക്കേണ്ടതാ. ഒറ്റെക്കാണെന്നു പറഞ്ഞു ദൈവം വിശപ്പെടുത്തു ചുട്ടുകളഞ്ഞിട്ടില്ലല്ലോ. ഇതൊക്കെ ആരോട് പറയാന്‍?

 ആയകാലത്ത് കെട്ടിയോന്‍ ഇട്ടിട്ടു പോയ ഒരു പെണ്ണാ ഞാന്‍. ഭാഗ്യത്തിന് പിള്ളാരൊന്നും ഇല്ല. വയസ്സാം കാലത്ത് ആവതില്ലാഞ്ഞ തന്തേം തള്ളേം പോലും നോക്കാന്‍ സമ്മതിക്കാത്ത പെമ്പിളെടെ പോരീന്നു രക്ഷപെടുത്താന്‍ പെങ്ങളെ ആരുടെയെങ്കിലും തലേ കെട്ടി വെക്കണമെന്നെ ആങ്ങള കരുതിക്കാണു. കെട്ടിയോന്‍ കള്ളുകുടിയനും, പെണ്ണ് പിടിയനും ആയത് ആങ്ങളേടെ കുറ്റമല്ലല്ലോ. എന്‍റെ യോഗം എന്നല്ലാതെ എന്ത് പറയാന്‍? കെട്ടിയോന്‍ ഇട്ടിട്ടു പോയ പെണ്ണിന്‍റെ മോന്തയ്ക്കായിരിക്കും നാട്ടുകാരുടെ മുഴുവന്‍ കണ്ണ്. അല്ല അവരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജോലി ഇല്ലാണ്ടിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ കഥകള്‍ ചവച്ചു തുപ്പണ്ടേ? അയ്യയ്യോ ഒന്നും പറേണ്ട. കണ്ടോരടെ വീട്ടിലെ വിഴുപ്പു തിന്നാനായിരിക്കും ഈ മരിയയുടെ യോഗം...

 മുറിവാടക വേണം, വല്ലപ്പോഴും എങ്കിലും ഇത്തിരി മുഴുത്ത മീന്‍ കഴിക്കണ്ടേ? വെറുമൊരു ജോലിക്കാരി ആണെന്ന് കരുതി ചായയെന്നും പറഞ്ഞു ഊളാണ്ടിവെള്ളം കുടിക്കണോ? വെള്ളം ചേര്‍ക്കാതെ പാലില്‍ തന്നെ തേയില ഇട്ടു കുടിക്കുന്നതാണ് എന്‍റെ ഒരു തൃപ്തി. വയ്യാതായാല്‍ ആരെങ്കിലും നോക്കാനുണ്ടോ? അല്ല, ആരും വേണ്ടാ താനും. അടുത്ത മുറീല്‍ മിണ്ടീം പറഞ്ഞും ഇരിക്കുന്ന കാശി മുത്തശ്ശി എന്നോടു ഇതൊരിക്കല്‍ ചോദിച്ചാരുന്നു. ഞാനതിനു നല്ല മറുപടീം കൊടുത്ത്. നാല് മക്കളുള്ള നിങ്ങളെ ഇപ്പൊ ആരെങ്കിലും കൂടെ നിര്‍ത്തുന്നുണ്ടോന്നു ചോദിച്ചതും പാവം അവരുടെ നാക്ക് എങ്ങോട്ട് പോയോ ആവോ? അവര് പിന്നെ ഉരിയാട്ടം ഇല്ലാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു.

 ‘വയ്യാണ്ടായാല്‍ ചത്തു പോട്ടെന്നേ. കൂടുതല്‍ സുഖിച്ചാലും കുറച്ചു സുഖിച്ചാലും എന്നെങ്കിലും ചാകണം. പിന്നെന്തിനാ വെഷമിക്കുന്നെ? ചാകുമ്പോ നാറാതിരിക്കാന്‍ നാട്ടുകാരാരെങ്കിലും കുഴി കുത്തി മൂടിക്കോളും.’ അത് കേട്ടപ്പോള്‍ അവരുടെ മുഖത്തെ കാര്‍മേഘം മാഞ്ഞു പോയി ‘അത് നേരാ’ എന്നൊന്ന് പറഞ്ഞതും എനിക്ക് സമാധാനം കിട്ടി. ഓരോരുത്തര്‍ക്ക് ഓരോ ഇഷ്ടങ്ങളാ, എനിക്ക് കിട്ടുന്ന പൈസ കൊണ്ട് നല്ല ആഹാരം കഴിക്കണം. പിന്നെ ജോലിയെടുത്തു ക്ഷീണിക്കുമ്പോ ഒന്ന് നീണ്ടു നിവര്‍ന്നു കെടക്കണം, ചെലപ്പോ ജോലിക്ക് പോകാതെ വെറുതെ ഓരോന്നോര്‍ത്തു ഇങ്ങനെ വെറുതെ കുത്തിയിരിക്കണം. ഇക്കാലത്ത് ജീവിതം ഒന്ന് തള്ളി നീക്കണമെങ്കില്‍ എന്തോരം പൈസ വേണം? മൊബൈല്‍ ഒന്ന് ചാര്‍ജ്ജ് ചെയ്യണെ തന്നെ എത്ര രൂപാ വേണം? ഇതൊക്കെ ചാരുദീദിക്ക് അറിയാത്തതൊന്നുമല്ലല്ലോ? ഓ.. അവരിപ്പം അതറിഞ്ഞാലും ഇല്ലെങ്കിലും ഒരുപോലാ..

 ങാ, അതെന്തെങ്കിലും ആകട്ടെ, ഇത്തവണ കുറച്ചു ദിവസം ജോലിക്ക് വരാതിരുന്നത് ശരിക്കും എളേ അമ്മാച്ചന്‍റെ മോടെ കെട്ടിന് പോയത് കൊണ്ടായിരുന്നു. മനസ്സമ്മതോം, കെട്ടും, വിരുന്നും, എല്ലാമായി പതിനഞ്ചു ദിവസം അവിടങ്ങ്‌ കൂടി. അവര്‍ക്കും ഒരു കൈസഹായം വേണമെന്ന് പറഞ്ഞപ്പോള്‍ പറ്റത്തില്ലെന്നു മുഖത്തടിച്ചത് പോലെ എങ്ങനാ പറയാന്‍ പറ്റുന്നത്? പിന്നെ നിന്നതുകൊണ്ട് എനിക്കും കുറച്ചു തുണീം, കുറച്ചു ചില്ലറയും ഒക്കെയായി അല്‍പ്പം ഗുണമൊക്കെ കിട്ടിയെന്നു കൂട്ടിക്കോ. തോന്നുമ്പം തോന്നുമ്പം ഓടിപ്പോകാന്‍ പറ്റുന്ന ദൂരമാണോ? ഒന്ന് ചെന്ന് പറ്റണമെങ്കില്‍ പത്തു പുത്തന്‍ ചെലവാക്കി ഒരു ദിവസം മുഴുവനും മെനക്കെടണം. ഇതിനിടയ്ക്ക് രണ്ടു തവണ ചാരുദീദി ഫോണ്‍ ചെയ്തിട്ടും എടുക്കാന്‍ പറ്റിയില്ല. പിന്നെ വിചാരിച്ചു, ഇതൊക്കെ ചാരുദീദിയെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ പറ്റുമോ? വരുമ്പം പറഞ്ഞാല്‍ മതി.

 എന്തായാലും ഇത്തവണ ശമ്പളത്തിന്‍റെ പകുതിയേ കിട്ടുവെന്ന് ഉറപ്പായിരുന്നു. ഭര്‍ത്താവും പിള്ളാരും പകലൊന്നും വീട്ടില്‍ ഇല്ലാത്തതിനാല്‍ എന്നും ചാരുദീദി എന്തെങ്കിലും ഒക്കെ മിണ്ടീം പറഞ്ഞും ഞങ്ങടെ രണ്ടു പേരുടെയും ജോലിയുടെ മുഷിപ്പിനെ ഓടിച്ചു കളയുമായിരുന്നു. പാചകമെല്ലാം ചാരുദീദി ഒറ്റയ്ക്കാണ് ചെയ്യുന്നത്. ഞാന്‍ എല്ലാം അരിഞ്ഞും, തേങ്ങ തിരുമ്മിയും സഹായിച്ചാല്‍ മതി.

 ഇന്ന് ചാരുദീദിക്കെന്തു പറ്റിയെന്നു ജോലിക്കിടയിലിടക്കിടെ തികട്ടിത്തികട്ടി വന്നു, കേട്ടിയോനോടോ പിള്ലാരോടോ ഒള്ള കലിപ്പാണോ? ചാരുദീദിക്ക് ആരോടെങ്കിലും ദേഷ്യം തോന്നിയാല്‍ പിന്നെ ആരോടും സംസാരിക്കില്ല. എന്‍റെ പഴേ ഫോണ്‍ കേടായപ്പോ അവര് തന്ന ഫോണാണ് ഇപ്പൊ ഉപയോഗിക്കുന്നത്. എന്നിട്ടും രണ്ടു തവണ ഫോണ്‍ ചെയ്തിട്ടും ഫോണ്‍ എടുക്കാഞ്ഞത് കൊണ്ടാണോ, അതോ ഒരാഴ്ചയെന്നു പറഞ്ഞു രണ്ടാഴ്ച വരാതിരുന്നത് കൊണ്ടാവുമോ? പക്ഷെ ജോലിയെടുത്തു വലഞ്ഞതിന്‍റെ ക്ഷീണമൊന്നും മുഖത്ത് കാണാനില്ലല്ലോ എന്നൊക്കെയുള്ള സ്വന്തം ചോദ്യോത്തരങ്ങള്‍ക്കിടയില്‍ മരിയ തൂക്കുകയും, തുടയ്ക്കുകയും, പാത്രങ്ങള്‍ കഴുകിത്തുടച്ച് അതാതു സ്ഥാനങ്ങളില്‍ വെക്കുകയും, വാഷിംഗ് മെഷിനിലെ തുണികള്‍ വിരിച്ചിടുകയും, ഉണങ്ങിയ തുണികള്‍ മടക്കി വെക്കുകയും ചെയ്തു. അവസാനം കൈയും മുഖവും കഴുകി വാഷ്‌ബേസിനു മുകളിലെ കണ്ണാടിയില്‍ നോക്കി ചുരിദാര്‍ ഷാളിന്‍റെ തുമ്പ് കൊണ്ട് മുഖമൊന്നു തുടച്ചു, മുടിയൊന്നു കുടഞ്ഞുകെട്ടി ഷാള്‍ കുടഞ്ഞു മുന്നിലൂടെ രണ്ടു തുമ്പുകളും പിന്നിലേക്കിട്ടു വീണ്ടും ഒന്ന് കണ്ണാടിയിലേക്ക് പാളി നോക്കി പോകാനിറങ്ങിയതും   അകത്തുനിന്നു ചാരുദീദി വെളിയിലേക്ക് ഇറങ്ങി വന്നു. കൈയിലിരുന്ന പൈസ നീട്ടിക്കൊണ്ട് മരിയയോട് പറഞ്ഞു

 “ഈ മാസത്തെ കട്ട് ചെയ്തിട്ടില്ല. മുഴുവന്‍ പൈസയുമുണ്ട്.” മനസ്സില്‍ തികട്ടി വന്ന ആഹ്ളാദം പുറത്തു കാണിക്കാതെ ‘എന്ത് പറ്റി, കാക്ക മലന്നു പറക്കുമല്ലോ’ എന്ന് ചിന്തിച്ചപ്പോഴേക്കും അവര്‍ വീണ്ടും വാ തുറന്നു

 “ദേ ഈ യന്ത്രം ഇനി വീട് വൃത്തിയാക്കും. ഇനീം നീ സൗകര്യം പോലെ എപ്പോഴെങ്കിലും ഒക്കെ വന്നു ജനാലകളും കതകുകളും തുടച്ചു തന്നാല്‍ മതി. കൂലി അപ്പോഴപ്പോള്‍ തന്നോളാം.” എന്നുവെച്ചാല്‍ ഇവിടുത്തെ പണി മതിയാക്കി നീ പൊക്കോളാന്‍! ചെവി കൊട്ടിയടച്ചത് പോലെ അവള്‍ക്ക് തോന്നി. അപ്പോഴും പതിവ് പോലെ ഒരു തളര്‍ന്ന പുഞ്ചിരി ചുണ്ടിനെ മുത്തി. ചാരുദീദി ചൂണ്ടിക്കാട്ടിയ യന്ത്രം ആദ്യം അത്ഭുതം അവളുടെ കണ്ണുകളില്‍ കോരി നിറച്ചു. കാര്യം മനസ്സിലായപ്പോള്‍ വട്ടയപ്പത്തിന്‍റെ രൂപത്തിലുള്ള ആ സാധനത്തിന്‍റെ വീമ്പും തിളക്കവും പിന്നീട് വെറുപ്പും തുടര്‍ന്നു പുച്ഛവും കണ്ണുകളില്‍ മാറി മാറി പാകി തുറിച്ചുനോക്കി മരിയ കുറേനേരം നിന്നു.

 ഹും! എന്‍റെ  ശത്രുവായി നീ എന്തിന് ഇങ്ങോട്ട് എഴുന്നെള്ളി? അത്ര നെഗളിക്കണ്ടാ കേട്ടോ. നിന്‍റെ തീക്കണ്ണ് എന്നെ എരിച്ചു കളയാന്‍ പോവാ? അത്ര വേഗത്തിലൊന്നും ആര്‍ക്കും എരിച്ചു കളയാന്‍ പറ്റുന്ന പെണ്ണൊന്നുമല്ല ഞാന്‍...അവള്‍ മനസ്സിലങ്ങനെ പറയുമ്പോഴും നെഞ്ചിന്‍ കൂട്ടിലെ കിളി ആര്‍ത്തലയ്ക്കുന്നത് അവളറിയുന്നുണ്ടായിരുന്നു.  അവള്‍ കൊടുങ്കാറ്റില്‍ ആടിയുലയുന്ന ഒറ്റമരമായി. പിന്നെ കാറ്റടങ്ങിയ വൃക്ഷത്തലപ്പിന്‍റെ ശാന്തതയുമായി മരിയ അവിടെനിന്നും പടിയിറങ്ങുമ്പോള്‍ കുറെ വര്‍ഷങ്ങള്‍ അവള്‍ക്കു മുന്നില്‍ വാടിവീണത് അവള്‍ അറിയുന്നുണ്ടായിരുന്നില്ല.

ഇറങ്ങുന്നതിനു മുമ്പ് അവളാ യന്ത്രത്തിന് നേരെ കണ്ണുകള്‍ നീട്ടിയത് കണ്ട് ചാരുദീദി യന്ത്രത്തെ നോക്കി കണ്ണിറുക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക