
പിതൃദിനം, മാതൃദിനം, പ്രണയദിനം, ശിശുദിനം, രാഷ്ട്രദിനം, തുടങ്ങി അനേകം ആഘോഷങ്ങൾ നടക്കുന്നതിനൊപ്പം, അഥവാ അതിലും വളരെ വിഭവസമൃദ്ധമായും സംതൃപ്തമായും ആഘോഷിക്കുന്ന ദിനം, 'കൃതജ്ഞതാ ദിനം' - താങ്ക്സ് ഗിവിംഗ് ഡേ'. ഇംഗ്ലൺടിൽ നിന്നും 1620, ഒക്ടോബർ 16 നു 'മേയ്ഫ്ളവർ' കപ്പലിൽ യാത്ര തിരിച്ച 150 ആളുകൾ അനേകം യാതനകൾക്കു ശേഷം ശേഷിച്ച 110 തീർത്ഥാടകർ 1620 ഡിസമ്പർ 21 നു ൽ അമേരിക്കയിലെ മസ്സാച്ചുസെറ്റ്സിൽ എത്തിയതും, അവിടുത്തെ അമേരിക്കൻ ഇൻഡ്യൻസിലെ ചിലർ അവരെ സ്വീകരിച്ച് ഭക്ഷണപാനീയങ്ങൾ നൽകി തൃപ്തിപ്പെടുത്തിയതിനു പകരമായി അടുത്ത വർഷം ആ തീർത്ഥാടകർ ആതിഥേയർക്കു് വലിയ വിരുന്നൊരുക്കിയതിൻ്റെ അനുസ്മരണമാണു് അമേരിക്കയുടെ തിരുവോണമായ 'താങ്ക്സ് ഗിവിംഗ്'.
എത്ര ആഘോഷമായി, സന്തുഷ്ടമായി, ബന്ധുമിത്രാദികളൊന്നിച്ച് വിവിധ ഭക്ഷണങ്ങളൊരുക്കി സന്തോഷം പങ്കിടുന്ന ഒരു ദിനം. വലിയ ടർക്കി ബേക്കുചെയ്ത് മറ്റനേകം വിഭവങ്ങളൊരുക്കുന്ന സുദിനം. വേദനകൾ മറന്ന് ആനന്ദിക്കുന്ന ദിനം. വേൺടപ്പെട്ടവരുടെ വിരഹത്തിൽ വേദനിക്കുന്നവരുടെ ദിനം.
എത്ര സമൃദ്ധിതൻ താളക്കൊഴുപ്പിലും
എത്രയോ ഖിന്നരുഴന്നലഞ്ഞീടുന്നു
ഏതുമറിയാതെ സന്തോഷത്തിരകളിൽ
ഏവം തിമിർത്തു മറിയുന്നനേകരും.
കേരളത്തിൽ പത്തനാപുരത്തെ 'ഗാന്ധിഭവൻ' എന്ന ആതുര/വൃദ്ധാലയം, അങ്ങാടിക്കൽ (കൊടുമൺ) മഹാത്മാ ജനസേവന കേന്ദ്രം എന്നീ അനാഥ വൃദ്ധ സദനങ്ങൾ സന്ദർശിക്കുവാൻ കഴിഞ്ഞ രൺടു മാസത്തിലധികമായ കേരള വാസത്തിൽ എനിക്കു സാധിച്ചു. നമ്മെക്കാൾ വേദനയനുഭവിക്കുന്നവരെ കാണുമ്പോഴാണ് ദൈവം നമുക്കു തന്നിട്ടുള്ള അനുഗ്രഹങ്ങളെപ്പറ്റി നാം മനസ്സിലാക്കുന്നത്. കഷ്ടപ്പെട്ടും പട്ടിണികിടന്നും വളർത്തിയ മക്കൾ പക്വതയെത്തുമ്പോൾ വൃദ്ധ മാതാപിതാക്കളെ വൃദ്ധസദനത്തിലേക്കു തള്ളി വിടുന്ന വേദനാജനകമായ കാഴ്ചയാണ് ഇങ്ങനെയുള്ള സദനങ്ങളിൽ കാണുവാൻ കഴിയുന്നത്. അനേകം സുമനസുകൾ ഹൃദയവിശാലതയോടെ തുടങ്ങിയ ഇതുപോലെയുള്ള വളരെയധികം ആശ്വാസകേന്ദ്രങ്ങൾ കേരളത്തിൽ ഉയർന്നു വന്നിട്ടുൺട്. കേരളം തന്നെ ഒരു വൃദ്ധാലയമാകുകയാണ്, യുവാക്കളെല്ലാം വിദേശങ്ങളിലേക്കു ചേക്കേറുന്നു.
അണുകുടുംബങ്ങളായതോടു കൂടി ഒന്നോ രൺടോ കുട്ടികളേ ഉള്ളു ഓരോ ഭവനത്തിലും, കേരളത്തിനു പുറത്തു പോകാനുള്ള ത്വരയാണവിടെയും. ആൺകുട്ടികൾക്ക വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടുന്നില്ല, പെൺകുട്ടികളെല്ലാം നേഴ്സിംഗ് കഴിഞ്ഞു നാടുവിടുന്നു, ആൺകുട്ടികളും ഏതുവിധേനയും നാടുവിടുന്നു. വീടുകളിൽ വൃദ്ധ മാതാപിതാക്കൾ നിരാലംബരും നിരാശ്രയരും ആകുമ്പോൾ ശരണാലയങ്ങളാണ് ഇന്നാശ്രയം. എത്ര നല്ല പദവിയിലിരുന്ന വൃദ്ധമാതാപിതാക്കൾ ആരെയും കാത്തിരിക്കാനില്ലാതെ, ആരും സന്ദർശിക്കാനില്ലാതെ നിരാശയിൽ വിങ്ങിപ്പെട്ടുന്ന കാഴ്ച കരളലിയിക്കുന്നതാണ്.
അമേരിക്കയിൽ എത്ര ആഹ്ളാദത്തോടെ ഏവരും 'താങ്ക്സ് ഗിവിംഗ്' ആഘോഷിക്കാനൊരുങ്ങുന്ന ഈ വേളയിൽ നമ്മെ ഇത്രത്തോളം പരിപാലിച്ചു നടത്തുന്ന ദൈവത്തിനു നന്ദിയർപ്പിക്കാം. നമ്മെ നാമായി മാറ്റിയ വന്ദ്യ മാതാപിതാക്കളെ ആദരവോടെ സ്മരിക്കാം. നമ്മിൽ നിന്നും വേർപെട്ടുപോയ പ്രിയപ്പെട്ടവരെ ഓർക്കാം. സമ്പൽ സമൃദ്ധിയുടെ ഈ മനോഹര തീരത്ത് നാം എത്തിപ്പറ്റാനിടയായതിൽ നന്ദിസ്തവങ്ങളർപ്പിക്കാം. അനേകായിരങ്ങൾ വേദനയിലും പട്ടിണിയിലും കിടക്കുമ്പോൾ സുഭിക്ഷതയും ആവശ്യത്തിലധികം ഭക്ഷണപാനീയങ്ങളും ലഭ്യമായതിനു കൃതജ്ഞതയുള്ളവരാകാം. നന്ദിയുള്ള ഒരു ഹൃദയമാണ് ദൈവത്തിന് എറ്റം ഇഷ്ടമുള്ള നൈവേദ്യം. ഈ വിശേഷദിവസം ഒരിക്കൽ കൂടി തന്നതിനു ദൈവമേ നിനക്കു നന്ദിയും സ്തുതിയും അർപ്പിക്കുന്നു. സമാധാനവും, സന്തോഷവും, സൗഖ്യവും നിറഞ്ഞ 'താങ്ക്സ് ഗിവിംഗ്' ആശംസകൾ എല്ലാം പ്രിയപ്പെട്ടവർക്കും!!