Image

സമയത്തിൻ്റെ പരിമാണം (ഫൈസൽ മാറഞ്ചേരി)

Published on 27 November, 2025
സമയത്തിൻ്റെ പരിമാണം (ഫൈസൽ മാറഞ്ചേരി)

ഘടികാരത്തിന്റെ സൂചി പോലെയാണ് നമ്മൾ, ഏറ്റവും ചെറിയ സൂചി അല്ലെങ്കിൽ നീളമുള്ള സൂചി ഏറ്റവും വേഗത്തിൽ ഓടുന്നു, അതിൻറെ ചെറിയ സൂചി കുറച്ചു വേഗം കുറച്ചു ഓടുന്നു, ഏറ്റവും ചെറിയ സൂചി തീരെ വേഗത ഇല്ലാതെ ഓടുന്നു.

ഏറ്റവും വലിയ സൂചി ഓടുന്നതി നനുസരിച്ച് ആയിരിക്കും അതിൻറെ ചെറിയ സൂചി ഒരല്പം കൂടി വേഗത കൈവരിക്കുന്നത്. ഘടികാരത്തിൽ ഓരോ സൂചിയും പരസ്പര പൂരകമാണ്.

സെക്കൻഡ് സൂചി ഓടി ഓടി മിനിറ്റുകൾ ആക്കുകയും മിനിറ്റുകൾ ഓടി ഓടി മണിക്കൂറുകളാക്കുകയും ചെയ്യുമ്പോൾ കാലം ഒരുത്തിരി നീങ്ങും

സെക്കൻഡുകൾ ഓടിമറിയുമ്പോൾ ആരും അതിനെ അത്ര കാര്യമാക്കുന്നില്ല എന്നാൽ ഈ സെക്കന്റുകൾ ആയിരുന്നല്ലോ മിനിറ്റുകൾ ആയതും മിനിറ്റുകൾ മണിക്കൂറുകളായതും മണിക്കൂറുകൾ ദിവസങ്ങൾ ആയതും ദിവസങ്ങൾ ആഴ്ചകളായതും ആഴ്ചകൾ മാസങ്ങൾ ആയതും മാസങ്ങൾ വർഷങ്ങളായതും വർഷങ്ങൾ നൂറ്റാണ്ടുകളായതും

നൂറ്റാണ്ട്കളിലാണ് ചരിത്രമുറങ്ങുന്നത് 
യുഗങ്ങളും യുഗ യുഗാന്തരങ്ങളും കടന്നു കഴിഞ്ഞാൽ മനുഷ്യൻറെ ഉൽപ്പത്തി തുടങ്ങുകയാണ്. ആദിമ മനുഷ്യനും നൂതന മനുഷ്യനും തമ്മിൽ ഒരുപാട് അന്തരം ഉണ്ട് .

ശാസ്ത്രത്തിന്റെയും വിശ്വാസത്തിന്റെയും എല്ലാം കണക്കെടുത്താൽ അവ പരസ്പരം കലഹിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി ശാസ്ത്രത്തിന് ശാസ്ത്രത്തിന്റെതായ അസ്തിത്വം ഉണ്ട് 
വിശ്വാസത്തിനും വിശ്വാസത്തിൻറെതായ ആഴവും പരപ്പും ഉണ്ട്.

ആചാരാനുഷ്ഠാനങ്ങളിൽ ബന്ധിതമാണ് വിശ്വാസമെങ്കിൽ പരീക്ഷണ നിരീക്ഷണങ്ങളിൽ ബന്ധിതമാണ് ശാസ്ത്രം രണ്ടിനും രണ്ടിന്റേതായ അർത്ഥതലങ്ങൾ ഉണ്ട് ഭൗതികതയും നൈതികതയും ആത്മീയതയും എല്ലാം ഒരു ദിവസം കൊണ്ട് സൃഷ്ടിക്കപ്പെട്ടതല്ല കാലങ്ങൾ അതിൻറെ അതിവേഗ ചക്രങ്ങൾ ഉരുണ്ട്കൊണ്ടു കൊണ്ടിരുന്നപ്പോൾ രൂപപ്പെട്ടു വന്നതാണ്

ലോകത്തെ കണ്ടുപിടുത്തങ്ങൾ മുഴുവൻ ശാസ്ത്രീയമായി കണ്ടു പിടിക്കപ്പെട്ടതല്ല ഒരുപാട് പരീക്ഷണങ്ങൾക്കിടയിൽ സംഭവിച്ച ചില അബദ്ധങ്ങൾ പോലും വലിയ കണ്ടുപിടുത്തങ്ങൾ ആയിട്ടുണ്ട്.

ഓരോ കാര്യകാരണ സംഭവവികാസങ്ങൾക്കും അതിന്റേതായ കാലവും കാലഗണനയും എല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത് ഏതോ നിയന്തമായ ശക്തിയുടെ നിയന്ത്രിതമായ ഇടപെടലുകളിലൂടെ ആണ് എന്ന് വിശ്വസിക്കുന്നിടത്താണ് നാം രണ്ടു ധ്രുവങ്ങളിലേക്ക് വഴി മാറി പോകുന്നത്.

കാഴ്ചയും അന്ധതയും പോലെ കറുപ്പും വെളുപ്പും പോലെ പകലും രാത്രിയും പോലെ ഇരുട്ടും വെളിച്ചവും പോലെ പലതും ഒന്നിനൊന്ന് വിഭിന്നമായിരിക്കുന്ന ഒരു ലോകത്താണ് നാം ജീവിച്ചിരിക്കുന്നത്

അതുകൊണ്ടുതന്നെ നീയെന്ന അസത്യവും ഞാനെന്ന സത്യവും ഇവിടെ അന്തർലീനമായി കിടക്കും. കാഴ്ചയുടെ വൈവിധ്യങ്ങളും ഭൂതക്കണ്ണാടികളും ബൈനോക്കുലറുകളും തുടങ്ങി ടെലസ്കോപ്പുകളും മൈക്രോസ്കോപ്പുകളും നിനക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തതിനെ കാണിച്ചുതരുന്നതുപോലെ സ്ഫുടം ചെയ്തെടുത്ത നിൻറെ മനസ്സുകൾ ധ്യാന ബോധമണ്ഡലങ്ങളിലൂടെ സത്യത്തെയും അസത്യത്തെയും പ്രഹേളികകളുടെ ചുരുളഴിച്ചുകൊണ്ട് നിൻറെ മുന്നിൽ അനാവൃതമാക്കും.

അവിടെയാണ് ഘടികാരത്തിന്റെ പ്രസക്തി ഒരു ഘടികാരം ഇല്ലെങ്കിലും സമയം അതിശീഘ്രം കടന്നുപോകും അതിന്റെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെങ്കിൽ സൂചികൾ തമ്മിലുള്ള അന്തരം നമുക്ക് വ്യക്തമാവും. 
______________________________
✒️ഫൈസൽ മാറഞ്ചേരി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക