
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റും ദേവസ്വം കമ്മീഷണറും സര്‍വോപരി സി.പി.എമ്മിന്റെ കനപ്പെട്ട നേതാവുമായ എന്‍ വാസുവിനെ കൈവിലങ്ങ് അണിയിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍ മുഖം രക്ഷിച്ചു. നടപടിയെടുത്താല്‍ അത് പാര്‍ട്ടിക്കും സര്‍ക്കാരിനും തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സ്‌പെഷല്‍ ജയിലില്‍ നിന്ന് വാസുവിനെ കൈവിലങ്ങ് അണിയിച്ച് ഇക്കഴിഞ്ഞ 20-ാം തീയതി വ്യാഴാഴ്ച കൊല്ലത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കോടതി വളപ്പിലെത്തിയപ്പോള്‍ വാസുവിന്റെ ഇടതു കൈയില്‍ വിലങ്ങുണ്ടായിരുന്നു.
വാസുവിനെ കൈവിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയതില്‍ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 43 (3)-ാം ചട്ടത്തില്‍ ആര്‍ക്കൊക്കെയാണ് വിലങ്ങണിയിക്കേണ്ടതെന്ന് വ്യക്തമാക്കുന്നുണ്ട്. സംഘടിത കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍, തീവ്രവാദക്കേസുകളില്‍ ഉള്‍പ്പെടുന്നവര്‍, കൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെടുന്നവരെയൊക്കെയാണ് വിലങ്ങണിയിക്കാന്‍ നിയമം അനുശാസിക്കുന്നത്. ഇതിനു വിരുദ്ധമായ നടപടിയാണ് പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടായതെന്ന് ആരോപണമുയര്‍ന്നിരുന്നു.
വിലങ്ങണിയിച്ചത് ബോധപൂര്‍വ്വമല്ലെന്നായിരുന്നു പൊലീസുകാരുടെ വിശദീകരണം. എ.ആര്‍ ക്യാമ്പിലെ ഒരു എസ്.ഐയും 4 പൊലീസുകാരുമാണ് വാസുവിനെ കോടതിയിലേക്ക് കൊണ്ടുപോയത്. അതേസമയം, വാസുവിനെ വിലങ്ങണിയിച്ച സമയത്ത് കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ ശുപാര്‍ശകളൊന്നുമില്ലാതെയാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കൈവിലങ്ങ് ധരിപ്പിച്ചത് വാസുവിന്റെ അനുമതിയോടെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി രക്ഷപെടാതെ കടുത്ത കരുതലോടെ കൊണ്ടുപോകണമെന്നായിരുന്നു ജയില്‍വകുപ്പിന്റെ നിര്‍ദ്ദേശമെന്നും അതുപ്രകാരമാണ് ഒരുകൈയില്‍ പ്രതിയുടെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി മടങ്ങുമ്പോഴും കൈവിലങ്ങ് ഇട്ടിരുന്നു.
പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാത്തത് വിപരീത ഫലമുളവാക്കുമെന്ന സര്‍ക്കാരിന്റെ ഭയത്തെ തുടര്‍ന്നാണ്. ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ച സി.പി.എം നേതാവാണ് വാസു. വാസു രണ്ടു തവണ ദേവസ്വം കമ്മീഷണറും സ്വര്‍ണക്കൊള്ള നടന്ന് മാസങ്ങള്‍ക്കു ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്നു. വാസുവിന് വിലങ്ങിട്ട പോലീസുകാര്‍ക്കെതിരെ നടപടിയെടുത്താല്‍ അത് അയ്യപ്പ ഭക്തരുടെ കടുത്ത എതിര്‍പ്പിന് വഴിതെളിക്കും. പ്രത്യേകിച്ച് മണ്ഡല കാലം തുടങ്ങിയിരിക്കുന്നു. വാസുവിനെ വിലങ്ങണിയിച്ചപ്പോള്‍ ഭക്തര്‍ ആഘോഷിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. സ്വര്‍ണ കൊള്ളക്കേസില്‍ സര്‍ക്കാരും സി.പി.എമ്മും ഇപ്പോള്‍ വലിയ പ്രതിരോധത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവും കൊഴുക്കുകയാണ്.
ഈ സാഹചര്യത്തില്‍ വിവാദമൊന്നുമുണ്ടാവാതെ നോക്കാനാണ് സി.പി.എം ആഗ്രഹിക്കുന്നത്. ആഗോള അയ്യപ്പ സംഗമം കൊണ്ട് പിണറായി സര്‍ക്കാര്‍ എന്തെങ്കിലും മൈലേജ് ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതെല്ലാം പമ്പാ നദിയിലെ വെള്ളത്തിലാക്കുന്നതായിരുന്നു ശബരിമലയില്‍ നടന്ന ആസൂത്രിതമായ സ്വര്‍ണക്കൊള്ള. ഇതിലാകട്ടെ പാര്‍ട്ടിയുടെ ഉന്നത വേതാക്കള്‍ വരെ ഉള്‍പ്പെട്ടിരിക്കുന്നു. വന്‍ സ്രാവുകള്‍ ഇനിയും കുടുങ്ങും. ഇക്കാര്യത്തില്‍ വലിയ ഭയം സി.പി.എമ്മിനുണ്ട്. ഇതിനിടെ അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചയായി അരോപണമുയര്‍ന്ന് പ്രതി ചേര്‍ക്കപ്പെട്ട മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ വിലങ്ങ് അണിയിക്കരുതെന്ന് നിര്‍ദേശമുണ്ട്. എന്‍ വാസുവിനെ കൈവിലങ്ങ് അണിയിച്ചത് സി.പി.എം നേതാക്കളെയും സര്‍ക്കാരിനെയും വല്ലാതെ ചൊടിപ്പിച്ചതിനാലാണിത്.
സ്വര്‍ണം കട്ടവന് വിലങ്ങു വെക്കരുതെന്നു പറഞ്ഞു സര്‍ക്കാര്‍ കേസന്വേഷണത്തില്‍ ഇടപെടല്‍ നടത്തിയിരിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നേരത്തേ മുരാരി ബാബു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തപ്പോഴും വിലങ്ങ് വയ്ക്കരുതെന്ന് പ്രത്യേക അന്വേഷണ സംഘം എസ്.പി എസ് ശശിധരന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചില പൊലീസ് ഉദ്യോഗസ്ഥര്‍ അത് പാലിക്കാഞ്ഞതാണ് വിവാദമായത്. ഹൈകോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ സര്‍ക്കാരോ പോലീസ് സേനയിലെ ഉന്നതരോ കൈകടത്തല്‍ നടത്തുന്നത് അന്വേഷണത്തിലെ ഇടപെടലാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏതായാലും വാസുവിന്റെ ചെലവില്‍ കൈവിലങ്ങില്ലാതെ പത്മകുമാര്‍ രക്ഷപ്പെട്ടുവെന്ന് പറഞ്ഞാല്‍ മതിയല്ലോ.