Image

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കായിക താരങ്ങളും (സനിൽ പി.തോമസ്)

Published on 26 November, 2025
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കായിക താരങ്ങളും (സനിൽ പി.തോമസ്)

സ്പോർട്സ് താരങ്ങൾ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോർപറേഷനിലുമൊക്കെയെത്തിയാൽ പുതിയ കളിക്കളങ്ങൾ ഉണ്ടായില്ലെങ്കിലും ഉള്ളത് സംരക്ഷിക്കുകയെങ്കിലും ചെയ്യുമോ? അതിനെങ്കിലും കഴിയട്ടെ എന്ന് ആശംസിക്കുന്നു. 

മുൻ ഇന്ത്യൻ അത്ലിറ്റും  അർജുന അവാർഡ് ജേത്രിയുമായ പത്മിനി സെൽവൻ ( തോമസ് ) തിരുവനന്തപുരം കോർപറേഷനിൽ പാളയം വാർഡിൽ ബി.ജെ.പി. സ്ഥാനാർഥിയാണ്. പത്മിനി മുമ്പ് കോൺഗ്രസിൽ ആയിരുന്നു. കോൺഗ്രസിൻ്റെ പ്രതിനിധിയായി കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻറായിരുന്നു; കോൺഗ്രസിൻ്റെ ദേശീയ കായിക വേദിയിലും സജീവമായിരുന്നു. റയിൽവേസിൽ നിന്നു വിരമിച്ചു.

1970 കളുടെ അവസാനം ഇന്ത്യൻ ഹാൻഡ് ബോൾ ടീമിൽ കളിച്ച പ്രഫ.കെ.എം. തോമസ് ചങ്ങനാശേരി തൃക്കോടിത്താനം പഞ്ചായത്തിൻ്റെ പത്താം വാർഡിൽ ആം ആദ്മി പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്നു. കെ.എം.തോമസ് എയർ ഫോഴ്സിൽ ആയിരുന്നു.

തിരുവനന്തപുരം കോർപറേഷൻ കുന്നുകുഴി വാർഡിൽ കഴിഞ്ഞ രണ്ടു തവണയും കൗൺസിലർ ആയിരുന്ന മേരി പുഷ്പം കോൺഗ്രസിൻ്റെ പ്രതിനിധിയായി മൂന്നാമതും ജനവിധി തേടുന്നു.സംസ്ഥാന ഹാൻഡ്ബോൾ ടീമിൽ അംഗമായിരുന്നു. സർവകലാശാലാ തലത്തിൽ ഹർഡിൽസ് താരവുമായിരുന്നു. അധ്യാപിക .

മികച്ച  വെയ്റ്റ് ലിഫ്റ്റിങ് താരവും പരിശീലകയുമായ ചിത്ര ചന്ദ്രമോഹൻ മധു തൃശൂർ കോർപറേഷനിൽ ഡിവിഷൻ 25 ൽ (വളർ ക്കാവ്) സി.പി.എം. സ്ഥാനാർഥിയാണ്.സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ് അസോസിയഷൻ സെക്രട്ടറികൂടിയാണ് ചിത്ര.

കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ (തോപ്പിൽ) ഇരുപതാം  വാർഡിൽ ട്വൻറി 20 സ്ഥാനാർഥിയാണ് മുൻ ദേശീയ അത്ലിറ്റ് ലിസി ചെറിയാൻ.ലോങ് ജംപിലും ഹർഡിൽസിലും  തിളങ്ങിയ ലിസി എഫ്‌ സി.ഐ യിൽ മാനേജർ ആയിരുന്നു.

   സംസ്ഥാന ബാസ്കറ്റ്ബോൾ ടീം മുൻ  നായകനും നിലവിലെ കൗൺസിലറുമായ ജയ്സൻ പീറ്റർ ആലുവ നഗരസഭയിലേക്ക് വീണ്ടും ജനവിധി തേടുന്നുണ്ട്. സംസ്ഥാന ബാസ്ക്കറ്റ് ബോൾ താരമായിരുന്ന ഗോപാലകൃഷ്ണൻ കാസർഗോഡ് മുനിസിപ്പാലിറ്റിയിൽ സ്ഥാനാർഥിയാണ്. ആലുവയിൽ തന്നെ മുൻ ബാസ്കറ്റ്ബോൾ താരം സെബി ബസ്റ്റ്യനും സ്ഥാനാർഥിയാണ്. മുൻ യൂണിവേഴ്സിറ്റി ഹോക്കി താരവും നിലവിൽ കൗൺസിലറുമായ ഗിൽസ് പെരിയപ്പുറം പിറവം ടൗൺ വാർഡിൽ കേരള കോൺഗ്രസ് ജോസഫ് സ്ഥാനാർഥിയായി   ജനവിധി തേടുന്നു. 

നടത്തത്തിൽ ദേശീയ മെഡൽ നേടിയിട്ടുള്ള ആശ സോമൻ ഇരട്ടയാർ പഞ്ചായത്തിൽ സി.പി.എമ്മിനു വേണ്ടി മത്സരരംഗത്തുണ്ട്. എം.ജി.സർവകലാശാലാ വോളിബോൾ താരം ലിസമ്മ മണിമല പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയാണ്.

പത്മിനി തോമസിനെ ക്കുറിച്ച് ഒരു വാചകം കൂടി.പത്മിനി പണ്ടുതൊട്ടേ എന്നെ സനിൽ എന്നാണ് വിളിക്കുന്നത്. അടുത്ത നാളിൽ ഞാൻ വന്ദേ ഭാരതിൽ കോഴിക്കോടിനു പോയപ്പോൾ ടി.ടി.ഇ ആയി കണ്ടത് പത്മിനിയുടെ പുത്രി ഡയാന ക്ളിൻറനെയല്ലേയെന്നു സംശയം തോന്നി പത്മിനിയെ വിളിച്ചു. മറുവശത്തു നിന്ന് സനിൽ ജീ.... എന്ന് സംബോധന. ഞാനൊന്നു ഞെട്ടി. പിന്നെയാണ് ഓർത്തത് പപ്പി ഇപ്പോൾ ബി.ജെ.പി. ആണല്ലോയെന്ന്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക