
കോളിളക്കം സൃഷിടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ വരുന്ന ഡിസംബര്‍ എട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അന്തിമവിധി പറയുന്ന സാഹചര്യത്തില്‍ എട്ടാം പ്രതി നടന്‍ ദീലീപിന് ശിക്ഷ ലഭിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കൊച്ചിയില്‍ യുവനടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമണത്തിന് ഇരയാക്കി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവൈരാഗ്യം മൂലം ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്ന പ്രോസിക്യൂഷന്‍ വാദവും മെമ്മറി കാര്‍ഡ് പരിശോധന ഉള്‍പ്പെടെയുള്ള വിഷയങ്ങളും കേസിനെ കൂടുതല്‍ വിവാദത്തിലാക്കുകയുണ്ടായി.
നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈം ബ്രാഞ്ചാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. അനുബന്ധ കുറ്റപത്രം അനുസരിച്ച് ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപിനെ പ്രതിചേര്‍ത്തത്. എട്ട് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. 2017 ഫെബ്രുവരി 17-നാണ് കൊച്ചി നഗരത്തില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടത്. 2018 മാര്‍ച്ചില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ് വിചാരണ വേളയില്‍ ഉണ്ടായത്. 2020 ജനുവരി 30-നാണ് വിചാരണ തുടങ്ങിയത്.
സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി (ഒന്നാംപ്രതി), മാര്‍ട്ടിന്‍ ആന്റണി (രണ്ടാം പ്രതി), മണികണ്ഠന്‍ ബി (മൂന്നാം പ്രതി), വിജീഷ് വി.പി (നാലാം പ്രതി), വടിവാള്‍ സലീം എന്ന സലീം എച്ച് (അഞ്ചാം പ്രതി), പ്രദീപ് (ആറാം പ്രതി), ചാര്‍ലി തോമസ് (ഏഴാം പ്രതി), ദിലീപ് എന്ന പി ഗോപാലകൃഷ്ണന്‍ (എട്ടാം പ്രതി), മേസ്തിരി സനില്‍ (ഒന്‍പതാം പ്രതി) എന്നിവരാണ് കേസിലെ പ്രതികള്‍.
261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു. 28 സാക്ഷികള്‍കൂറുമാറി. മൂന്ന് പ്രതികള്‍ മാപ്പുസാക്ഷികളായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ, അനീഷ് വിപിന്‍ലാല്‍, വിഷ്ണു എന്നിവരാണ് മാപ്പ് സാക്ഷികള്‍. അഭിഭാഷകരായ രാജു ജോസഫ് പ്രതീഷ് ചാക്കോ എന്നിവരെ ജില്ലാ കോടതി വിട്ടയച്ചിരുന്നു. ആദ്യ ആറ് പ്രതികളാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്. ചാര്‍ളി തോമസ് പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചു. ദിലീപ് കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി. മേസ്തിരി സനില്‍ പ്രതികളെ ജയിലില്‍ സഹായിച്ചു.
2017 ഫെബ്രുവരി 17-നാണ് രാത്രി 9 മണിക്കാണ് കൊച്ചി നഗരത്തിലൂടെ ഓടിയ കാറില്‍ നടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ നടിയെ തട്ടിക്കൊണ്ടുപോവുകയും ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച് ലൈംഗികാതിക്രമം നടത്തി അതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു. നേരത്തേ പരിചയമുണ്ടായിരുന്ന ഒന്നാം പ്രതി പള്‍സര്‍ സുനി ''ഇത് ക്വട്ടേഷന്‍ ആണ്...'' എന്നാണ് നടിയോട് പറഞ്ഞത്. അന്ന് തന്നെ ഡ്രൈവര്‍ മാര്‍ട്ടിന്‍ അറസ്റ്റിലായി.
പള്‍സര്‍ സുനിയെന്ന സുനില്‍കുമാറാണ് കൃത്യത്തിന് നേതൃത്വം നല്‍കിയതെന്ന് വ്യക്തമായി. ദിവസങ്ങള്‍ക്കകം എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ കോടതി മുറിക്കുള്ളില്‍ നിന്നും ബലപ്രയോഗത്തിലൂടെ പ്രതി പള്‍സര്‍ സുനിയെ പൊലീസ് നാടകീയമായി കസ്റ്റഡിയിലെടുത്തു. കോടതിമുറിക്കുള്ളില്‍ നിന്നും പ്രതിയെ പിടികൂടിയത് വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരുടെ ക്വട്ടേഷനാണെന്ന് സുനി ആദ്യഘട്ടത്തില്‍ വെളിപ്പെടുത്തിയിരുന്നില്ല. നടിയുമായി ശത്രുതയിലായിരുന്ന നടന്‍ ദിലീപിന് നേരെ അന്നുതന്നെ സംശയമുയര്‍ന്നിരുന്നു. പിന്നീട് പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനയച്ച കത്ത് അന്വേഷണത്തില്‍ നിര്‍ണായകമായി.
ഇതേ തുടര്‍ന്ന് നടന്‍ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തുകയും നീണ്ട പതിമൂന്ന് മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിനൊടുവില്‍ 2017 ജൂലൈ 10-ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നെ 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്. ദിലീപ് അമ്പതിലധികം തവണയാണ് വിവിധ ഹര്‍ജികളുമായി വിചാരണ കോടതി മുതല്‍ സുപ്രീം കോടതിയെ വരെ സമീപിച്ചത്. ഇതോടൊപ്പം കൊവിഡ് നിയന്ത്രണങ്ങള്‍ കൂടി വന്നതോടെ വിചാരണ നടപടികള്‍ നീണ്ടുപോവുകയായിരുന്നു. ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പടെ ആറ് പ്രതികള്‍ക്കെതിരെ പൊലീസ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ആദ്യ ഘട്ടത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നീട് എട്ടാം പ്രതി ദിലീപ് ഉള്‍പ്പടെയുള്ള ആറ് പ്രതികള്‍ക്കെതിരെയും പൊലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു.
കൂട്ട ബലാത്സംഗമുള്‍പ്പടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ ഇതിനെ എതിര്‍ത്ത് നടിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദൃശ്യങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ദൃശ്യങ്ങള്‍ വിചാരണ കോടതിയുടെ നിയന്ത്രണത്തില്‍ പരിശോധിക്കാന്‍ അനുമതി നല്‍കുകയും ആറുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയ പരിധി നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിരവധി തവണ ഈ സമയപരിധി സുപ്രീംകോടതി നീട്ടി നല്‍കി.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് പ്രോസിക്യൂഷനും നടിയും ഹൈക്കോടതിയേയും സുപ്രീം കോടതിയെയും സമീപിച്ച സാഹചര്യമുണ്ടായി. എന്നാല്‍ വിചാരണ കോടതിക്ക് അനുകൂലമായാണ് അന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. വിചാരണ വേളയില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി സുരേശന്‍ രാജിവച്ച സ്ഥാനത്ത് നിയമിതനായ അഡ്വക്കറ്റ് അനില്‍ കുമാറും തല്‍ സ്ഥാനമൊഴിഞ്ഞത് കേസിന്റെ അസാധാരണമായ വ്യവഹാരത്തിന് തെളിവാണ്. അതേസമയം, ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയുടെ പ്രസ്താവനയും കോളിളക്കം സൃഷ്ടിച്ചിരുന്നു.
വിചാരണ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയും അന്വേഷണ ഉദ്യോഗസ്ഥന്‍ ഒഴികെയുള്ള പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാവുകയും ചെയ്ത സമയത്താണ് ദിലീപുമായി ഏറെ അടുപ്പമുണ്ടായിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും സാക്ഷികള്‍ കൂറുമാറ്റാന്‍ ശ്രമിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം ആരംഭിച്ചു.
തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും അന്വേഷണ സംഘം ആറുമാസത്തെ സമയം കൂടി ആവശ്യപ്പെടുകയും ചെയ്തു. വിചാരണക്ക് കൂടുതല്‍ സമയം ആവശ്യമെങ്കില്‍ വിചാരണ കോടതിക്ക് തന്നെ സുപ്രീം കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വിചാരണ കോടതിയുടെ ആവശ്യമനുസരിച്ചായിരുന്നു സുപ്രീംകോടതി സമയ പരിധി നീട്ടി നല്‍കിയത്.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ ദിലീപും സഹോദരന്‍ അനൂപും ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച് ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളെ മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതിനല്‍കിയിരുന്നു.
ദിലീപുള്‍പ്പടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ശക്തമായ ആവശ്യമായിരുന്നു ഡി.ജി.പി കോടതിയില്‍ ഉന്നയിച്ചത്. ദിവസങ്ങള്‍ നീണ്ട വാദ പ്രതിവാദത്തിനൊടുവില്‍ ഹൈക്കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ വധ ഗൂഢാലോചന കേസും തുടരന്വേഷണവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയത് ദിലീപിന് തിരിച്ചടിയായി. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരെ നടിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഏഴര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2024 സെപ്റ്റംബര്‍ 20-ന് കര്‍ശന ജാമ്യവ്യവസ്ഥകളോടെ പള്‍സര്‍ സുനി ജാമ്യത്തിലിറങ്ങിയിരുന്നു. ഒന്നാം സാക്ഷിയായി അതിജീവിതയായ നടിയെയാണ് കോടതി വിസ്തരിച്ചത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ അതിജീവിതയ്ക്ക് നീതി ലഭിക്കുമോയെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ക്രൂരമായ സംഭവമെന്നാണ് സര്‍ക്കാര്‍ നടി പീഡിപ്പിക്കപ്പെട്ടതിനെ ഹൈക്കോടതിയില്‍ വിശേഷിപ്പിച്ചത്.