
നവംബർ മാസത്തിലെ നേര്‍ത്ത തണുപ്പുള്ള ഒരു സായാഹ്നത്തിലായിരുന്നു ആതിര അമ്മൂമ്മയുടെ വീട്ടിലെത്തിയത്. നഗരത്തിലെ തിരക്കുകളിൽ നിന്ന് അവൾ പുഴയോരത്തുള്ള ഗ്രാമത്തിൽ അമ്മൂമ്മയുടെ ജന്മദിനം പ്രമാണിച്ച് മാതാപിതാക്കളില്ലാതെ തന്നെ വന്നതായിരുന്നു. അടുക്കളത്തോട്ടത്തിലെ കൊന്നപ്പൂക്കൾ പോലും ഇലപൊഴിച്ച് ഒരു വിശ്രമത്തിലെന്നപോലെ നിന്നു.
നഗരത്തിലെ തിരക്കിനിടയിൽ അവൾ കണ്ടിരുന്നത് കോഴിയിറച്ചിയുടെയും, മനോഹരമായി അലങ്കരിച്ച മേശകളുടെയും, ഷോപ്പിംഗ് തിരക്കുകളുടെയും 'താങ്ക്സ്ഗിവിംഗ്' ചിത്രങ്ങളായിരുന്നു. "അമ്മൂമ്മേ, ഇവിടെ അങ്ങനെ ഒരു പ്രത്യേക നന്ദി പറയുന്ന ദിവസം ഇല്ലേ? എല്ലാം ഒരു സാധാരണ ദിവസം പോലെ തോന്നുന്നു," ആതിര ചോദിച്ചു. താങ്സ് ഗിവിംഗിനെ പറ്റി അവളുടെ ടീച്ചർ പറഞ്ഞത് അമ്മൂമയോട് വിവരിച്ചു.
“കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കരീബിയൻ ദ്വീപുകൾ, ലൈബീരിയ തുടങ്ങിയ പ്രദേശങ്ങളിൽ വിവിധ തീയതികളിൽ ആഘോഷിക്കപ്പെടുന്ന ദേശീയ അവധി ദിവസമാണ് താങ്ക്സ്ഗിവിംഗ് ദിനം. വിളവെടുപ്പിനും മുൻ വർഷത്തിനും അനുഗ്രഹമായ ദിവസമായി അത് ആരംഭിച്ചു. അതുപോലെ തന്നെ ജർമ്മനിയിലും ജപ്പാനിലും ഈ ദിനങ്ങൾ ഉത്സവ അവധി ദിവസങ്ങൾ ആണ്. കാനഡയിൽ ഒക്ടോബറിലെ രണ്ടാമത്തെ തിങ്കളാഴ്ചയും യുണൈറ്റഡ് സ്റ്റേറ്റ്സിൽ നവംബർ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ചയും, മറ്റ് സ്ഥലങ്ങളിൽ വർഷത്തിന്റെ അതേ പകുതിയിൽ തന്നെയാണ് നന്ദിപറച്ചിൽ ആഘോഷിക്കുന്നത്. മതപരവും സാംസ്കാരികവുമായ പാരമ്പര്യങ്ങളിൽ ചരിത്രപരമായ വേരുകളുണ്ട്. എന്നിരുന്നാലും, താങ്ക്സ്ഗിവിംഗ് ഒരു മതേതര അവധി ദിവസമായി ആഘോഷിക്കപ്പെടുന്നു”.
ഒരു പഴയ കസേരയിലിരുന്ന് നൂൽനൂൽക്കുകയായിരുന്ന അമ്മൂമ്മ ചിരിച്ചു. ആ ചിരിയിൽ ഒരുപാട് കാലത്തിന്റെ വെളിച്ചമുണ്ടായിരുന്നു.
"മോളേ, നന്ദി പറയാൻ നമുക്ക് ഒരു പ്രത്യേക ദിവസം എന്തിനാ? ഈ മണ്ണും, ഈ വെള്ളവും, ഈ കാറ്റും നമുക്ക് ദിവസവും എത്രയോ അനുഗ്രഹങ്ങൾ തരുന്നു! ഈ പറമ്പിലെ ഓരോ ഇലയും, ഓരോ കായയും നന്ദിയോടെയല്ലേ നമ്മൾക്ക് തരുന്നത്?"
അന്ന് വൈകുന്നേരം അമ്മൂമ്മ അടുപ്പിൽ തീ കൂട്ടി. ചിരട്ടക്കരിയുടെ ഗന്ധം ചുറ്റും പടർന്നു. അടുക്കളത്തോട്ടത്തിലെ ചീരയും, വാഴക്കൂമ്പും, മുറ്റത്തെ മാവിൽ നിന്ന് പറിച്ചെടുത്ത മാങ്ങയുടെ ബാക്കിയും മൺചട്ടികളിൽ തിളച്ചു. അമ്മൂമ്മയുടെ കൈപ്പുണ്യം ചേർന്ന ആ വിഭവങ്ങൾക്ക് ഒരു പ്രത്യേക രുചിയായിരുന്നു.
അത്താഴത്തിന് എല്ലാവരും പുറത്ത് ഇറയത്ത്, നിലത്ത് വിരിച്ച പായയിലിരുന്നു. ആതിരയും, അമ്മൂമ്മയും, സമീപത്തെ വീട്ടിൽ നിന്ന് പഠനം കഴിഞ്ഞ് വന്ന അനാഥനായ മോനും, എന്നും തോട്ടത്തിൽ പണിയെടുക്കുന്ന സഹായിയായ രാഘവനും.
ചൂടുള്ള ചോറും, തേങ്ങയരച്ച മീൻകറിയും, വാഴക്കൂമ്പ് തോരനും വിളമ്പിയപ്പോൾ അമ്മൂമ്മ പറഞ്ഞു: "ഇതാണ് മോളേ നമ്മുടെ 'നന്ദിപറച്ചിൽ.' ( The Celebration of Gratitude). കിട്ടിയതൊന്നും നമ്മൾക്ക് വേണ്ടി മാത്രമുള്ളതല്ല. ഈ വിശാലമായ ലോകത്തിൽ നമ്മളോടൊപ്പം ചേരുന്ന ഓരോ മുഖത്തിനും, ഓരോ കൈകൾക്കും, നമ്മളെ നോക്കുന്ന ദൈവത്തിനും നന്ദി പറയാനുള്ള സന്ദർഭം. ഇന്ന് നമുക്ക് ഇത് നൽകിയ പ്രകൃതിയോടും മനുഷ്യരോടും ഈ സമയം നന്ദി പറയാം."
അമ്മൂമ്മ ആദ്യം ഭക്ഷണം വിളമ്പിയത് രാഘവനാണ്. പിന്നെ ആ മോന്. അവസാനം മാത്രമേ അവർ സ്വന്തമായി എടുത്തുള്ളൂ. ആ ചെറിയ കൂട്ടായ്മ, ഒരുമിച്ചിരുന്നുള്ള ആഹാരം, ഒരു വലിയ വിരുന്ന് പോലെ ആതിരക്ക് അനുഭവപ്പെട്ടു. മൺചട്ടിയിലെ കറിയിലെ എരിവും, വാഴയിലയിലെ ചോറിന്റെ ചൂടും അവളുടെ ഉള്ളം നിറച്ചു.
ആ നിമിഷം ആതിരക്ക് മനസ്സിലായി, കൃതജ്ഞതാദിനം എന്നത് കോഴിയിറച്ചിയുടെയോ വിലകൂടിയ സമ്മാനങ്ങളുടെയോ കാര്യമല്ല. അത് നമ്മുടെ ജീവിതത്തിൽ എപ്പോഴും ഉള്ള, ചെറിയ കാര്യങ്ങളെ പോലും സന്തോഷത്തോടെ സ്വീകരിക്കാനുള്ള മനസ്സാണ്. അത് പങ്കുവെക്കുമ്പോഴാണ് ആ നന്ദിക്ക് യഥാർത്ഥ മധുരം ലഭിക്കുന്നത്.
അന്നത്തെ രാത്രി, മാനത്തെ നക്ഷത്രങ്ങളെ നോക്കി ഇരുന്നപ്പോൾ, ആതിര അമ്മൂമ്മയുടെ കാൽതൊട്ട് വണങ്ങി. "അമ്മൂമ്മേ, എനിക്ക് ഈ നന്ദിയുടെ മധുരം മനസ്സിലായി. ഇനി ഓരോ ദിവസവും എനിക്ക് താങ്ക്സ്ഗിവിംഗ് ആണ്."
അമ്മൂമ്മയുടെ കൈകൾ അവളുടെ തലയിൽ സ്നേഹത്തോടെ തലോടി. “നാളെയുള്ള എന്റെ ജന്മദിനത്തിൽ പങ്കെടുക്കാൻ മോൾ തനിച്ച് എത്തിയതു തന്നെ ഒരു താങ്ക്സ്ഗിവിങ് ആണ് മോളെ.” അമ്മൂമ്മ ഇമോഷണൽ ആയി കണ്ണ് നിറഞ്ഞു. പാറിപ്പറക്കുന്ന കാറ്റിൽ അവരുടെ വീടിന്റെ ചുറ്റുവട്ടത്ത് സന്തോഷവും സമാധാനവും നിറഞ്ഞുനിന്നു.