Image

ലോകകപ്പില്‍ ഇക്കുറി ഒരു റൗണ്ട് അധികം (സനില്‍ പി തോമസ്)

Published on 25 November, 2025
ലോകകപ്പില്‍ ഇക്കുറി ഒരു റൗണ്ട് അധികം (സനില്‍ പി തോമസ്)

ലോകകപ്പ് ഫുട്‌ബോളില്‍ ഇക്കുറി ഒരു റൗണ്ട് അധികമായുണ്ട്. ആകെയുള്ള 48 ടീമുകള്‍ പ്രാഥമിക റൗണ്ടില്‍ 12 ടീമുകളുടെ നാലു ഗ്രൂപ്പുകളിലായി മത്സരിക്കും. ഇതില്‍ നിന്ന്  32 ടീമുകൾ അടുത്ത റൗണ്ടിൽ കടക്കും. ഇങ്ങനെയൊരു ഘട്ടം, അഥവാ റൗണ്ട് ഓഫ് 32 നേരത്തെയില്ലായിരുന്നു. കാരണം 1998 മുതല്‍ 2022 വരെ 32 ടീമുകളാണ് ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ മത്സരിച്ചിരുന്നത്.

അമേരിക്ക ഇതിനു മുമ്പ് 1994 ല്‍ ലോകകപ്പിന് ആതിഥേയത്വം  വഹിച്ചപ്പോള്‍ 24 ടീമുകളാണ് മത്സരിച്ചത്. 2026 ലെ ലോകകപ്പില്‍ അത് നേരെ ഇരട്ടിയാകുന്നു. അമേരിക്കയില്‍ പതിനൊന്നും മെക്‌സിക്കോയില്‍ മൂന്നും കാനഡയില്‍ രണ്ടും വേദികളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ഉദ്ഘാടന മത്സരം 2026 ജൂണ്‍ 11 ന് മെക്‌സിക്കോയിലെ എസ്താഡിയോ അസ്‌തേങ്കാ സ്‌റ്റേഡിയത്തില്‍ നടക്കും. ഫൈനല്‍ ജൂലൈ 19ന് ന്യൂയോര്‍ക്കിലെ ന്യൂജേഴ്‌സി സ്‌റ്റേഡിയത്തിലാണ്.

അറ്റ്‌ലാന്റ, ബോസ്റ്റന്‍, ഡാലസ്, ഹൂസ്റ്റന്‍, കാനസ് സിറ്റി, ലൊസാഞ്ചലസ്, മയാമി, ന്യൂയോര്‍ക്ക്, ഫിലഡല്‍ഫിയ, സാന്‍ഫ്രാന്‍സിസ്‌കോ, സിയാറ്റില്‍ എന്നിവയാണ് യു.എസി.ലെ വേദികള്‍.

മെക്‌സിക്കോയില്‍ മെക്‌സിക്കോ സിറ്റിക്കു പുറമെ ഗ്വാദലജറിയിലും മോണ്ടേറിയിലും കാനഡയില്‍ ടൊറന്റോയിലും വാന്‍കൂവറിലും മത്സരങ്ങള്‍ നടക്കും. ഇതിനിടെ യു.എസിലെ ചില വേദികള്‍ മാറുമെന്നും സൂചനയുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇത് സംബന്ധിച്ച സൂചന നല്‍കിയതായാണ് വാര്‍ത്ത. വേദിയല്ല, സുരക്ഷയാണു പ്രധാനമെന്ന് പ്രസിഡന്റ് സൂചിപ്പിച്ചത്രെ.

2023 സെപ്റ്റംബര്‍ ഏഴിനു തുടങ്ങിയ യോഗ്യതാ മത്സരങ്ങളില്‍ ആറു കോണ്‍ഫെഡറേഷനുകളില്‍ ആയി 206 ടീമുകള്‍ മത്സരിച്ചു. പ്ലേ ഓഫ് ഒഴികെയുള്ള ബര്‍ത്തുകള്‍ 2025 നവംബര്‍ 18ന് പൂര്‍ത്തിയാക്കി. അതുവരെ 883 മത്സരങ്ങള്‍ നടന്നു. 2480 ഗോളുകള്‍ സ്‌കോര്‍ ചെയ്തു. 15, 071, 582 പേര്‍ മ്ത്സരങ്ങള്‍ കണ്ടു. നോര്‍വെയുടെ എര്‍ലിങ് ഹാലന്‍ഡ് ആണ് യോഗ്യതാ റൗണ്ടില്‍ കൂടുതല്‍ ഗോള്‍ നേടിയത്. 16 ഗോള്‍ ആണ് ഹാലന്‍ഡ് യോഗ്യതാ മത്സരങ്ങളില്‍ നേടിയത്.

ഇനി പ്ലേ ഓഫില്‍ 16 മത്സരങ്ങള്‍ നടക്കാനുണ്ട്. ഇന്റര്‍ കോണ്ടിനെന്റലില്‍ നാലും കോണ്‍കാകാഫില്‍ പന്ത്രണ്ടും മത്സ രങ്ങള്‍ നടക്കും. ഇതില്‍ സെമി തല മത്സരങ്ങള്‍ 2026 മാര്‍ച്ച് 26 നും ഫൈനലുകള്‍ 31നും നടക്കും. പ്ലേ ഓഫിലൂടെ ആറു ടീമുകള്‍ യോഗ്യത നേടും.

യോഗ്യത നേടിയ ടീമുകള്‍
ആഫ്രിക്ക: അള്‍ജീരിയ, കേപ് വെര്‍ദെ, ഈജിപ്ത്, ഘാന, ഐവറി കോസ്റ്റ്, മൊറോക്കോ, സെനഗല്‍, ദക്ഷിണാഫ്രിക്ക, ടൂണീഷ്യ, ഐവറി കോസ്റ്റ്.
ഏഷ്യ: ഓസ്‌ട്രേലിയ, ഇറാന്‍, ജപ്പാന്‍, ജോര്‍ദാന്‍, ഖത്തര്‍, സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഉസ്ബക്കിസ്ഥാന്‍.
കോണ്‍കാകാഫ്(മധ്യ-ഉത്തര അമേരിക്ക): യു.എസ്.എ., മെക്‌സിക്കോ, കാനഡ, ഹെയ്ത്തി, പാനമ, ക്യൂറസാവോ.
കോണ്‍മെബോല്‍(ദക്ഷിണ അമേരിക്ക): ബ്രസീല്‍, ഇക്വഡോര്‍, അര്‍ജന്റീന, യുറുഗ്വെ, കൊളംബിയ, പാരഗ്വേ.
യുവേഫ(യൂറോപ്): ഫ്രാന്‍സ്, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍, നോര്‍വേ, ജര്‍മ്മനി, നെതര്‍ലന്‍ഡ്‌സ്, ബല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍, ഓസ്ട്രിയ, സ്‌കോട്‌ലന്‍ഡ്.
ഓഷ്യാനിയ: ന്യൂസിലന്‍ഡ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക