Image

നന്ദിയും നന്ദികേടും (താങ്ക്സ് ഗിവിങ് കുറിപ്പ്:സുധീർ പണിക്കവീട്ടിൽ )

Published on 25 November, 2025
നന്ദിയും നന്ദികേടും (താങ്ക്സ് ഗിവിങ് കുറിപ്പ്:സുധീർ പണിക്കവീട്ടിൽ )

ഒരാളുടെ വളർച്ചയിൽ, ഉന്നമനത്തിൽ അനേകം പേരുടെ സഹായസഹകരണങ്ങൾ പങ്കു വഹിക്കുന്നുണ്ട്. അതിൽ പലരെയും അയാൾ  തിരിച്ചറിയുന്നുപോലുമില്ല. അറിയുന്നവരെ അറിയുന്നുമില്ല. ജീവിതായോധനത്തിനു ആവശ്യമായ നാണയത്തിന്റെ ഒരു വശത്ത് നന്ദിയോടൊപ്പം നന്ദികേട് എന്ന വ്യാജനും ഇരിപ്പുണ്ട്. നന്ദികേട് കാണിക്കുന്നവർക്ക് പല ന്യായങ്ങളുമുണ്ട്. അതിൽ ഒന്നാണ് കൊക്കിന്റെയും ചെന്നായുടെയും കഥ. തൊണ്ടയിൽ വലിയ എല്ലിൻ കഷ്ണം കുടുങ്ങി. അതെടുക്കാൻ കഴിയാതെ വേദനയും വിശപ്പുമായി കഴിഞ്ഞ ചെന്നായയുടെ കഥ. അവൻ ഒരു കൊക്കിന്റെ സഹായം തേടി. കൊക്കേ,  നിന്റെ നീളമുള്ള കൊക്കുകൊണ്ടു എന്റെ  തൊണ്ടയിലെ എല്ലു എടുത്തുതന്നു രക്ഷിക്കണം. തക്ക പ്രതിഫലം തരാമെന്നു ചെന്നായ പറഞ്ഞു. ദയാലുവായ കൊക്ക് എല്ലിൻ കഷ്ണം എടുത്തുകളഞ്ഞിട്ട് പ്രതിഫലം ചോദിച്ചു. അപ്പോൾ ചെന്നായ് പറഞ്ഞു എന്ത് പ്രതിഫലം? എന്റെ വായിലേക്ക് നീ നിന്റെ കഴുത്തിട്ടപ്പോൾ ഞാൻ ഒന്നും ചെയ്തില്ലല്ലോ. അത് എന്റെ കരുണ എന്ന് വിചാരിച്ചോ. ഇങ്ങനെയും നന്ദികേട് കാണിക്കയും അതിനു ന്യായീകരണം നല്കുന്നവരുമുണ്ട്.

ബൈബിളിൽ അധിഷ്ഠിതമായ ഒരു രാജ്യമെന്ന നിലയ്ക്ക് അമേരിക്കയിൽ എവിടെ തിരിഞ്ഞാലും നന്ദി, നന്ദി എന്ന വാക്കുകൾ മുഴങ്ങി കേൾക്കുന്നത് ആ വാക്ക് അധികം ഉപയോഗിക്കാത്ത ഇന്ത്യക്കാരെ,  പ്രത്യേകിച്ച് മലയാളികളെ അത്ഭുതപ്പെടുത്തും. മലയാളികളിൽ പലരെയും സംബന്ധിച്ച് നന്ദി പറയുന്നതും കേൾക്കുന്നതും ഒരു വിമ്മിഷ്ടമാണ്. വടക്കേ ഇന്ത്യക്കാർ "ധന്യബാദ്" (നന്ദി) എന്ന് പറയാറുണ്ട്. അതുകേട്ട് സാംസ്കാരിക ആഘാതത്തോടെ (culture shock) തിരിച്ചു എന്ത് പറയണമെന്നറിയാതെ നിന്നിരുന്ന  സാല മദ്രാസികൾ ഉണ്ടായിരുന്നു കുറച്ചു കൊല്ലങ്ങൾക്ക് മുമ്പ് വരെ. ഇപ്പോൾ പിന്നെ താങ്ക് യു എന്ന വാക്ക് സുലഭമായി എല്ലാവരും ഉപയോഗിച്ച് തുടങ്ങി. പണം വായ്പ നൽകിയ മലയാളിയോട്  വാങ്ങിയ മലയാളി നന്ദി പറഞ്ഞപ്പോൾ കൊടുത്തയാൾ പറഞ്ഞുവത്രേ അതിന്റെയൊന്നും ആവശ്യമില്ല. പറഞ്ഞ സമയത്ത് പണം തിരിച്ചു  തരിക. കടമകളും കടപ്പാടുകളും എളുപ്പം മറക്കാൻ മറ്റുള്ളവരെ അപേക്ഷിച്ച് മലയാളിക്ക്  കഴിയുന്നു. തന്നെയുമല്ല സഹായിച്ചവരെ ശത്രുവായി കണ്ടു അവരെ ദ്രോഹിക്കാനും മലയാളം പറയുന്ന നാവിനു കഴിവുണ്ടെന്നുള്ളത് വലിയ തമാശയാണ്. കൂടപ്പിറപ്പുകളെ അമേരിക്കയിലേക്ക് കൊണ്ട് വന്നു അവരുടെ ജീവിതം സുഖകരമാക്കിയവരെ കുറ്റം പറയുകയും, ഉപദ്രവിക്കുകയും ചെയ്യുന്നത് നമ്മൾ നിരന്തരം കാണുന്നു.  

പുതിയ നിയമത്തിലെ സുവിശേഷത്തിൽ നന്ദികേട് കാണിച്ച ഒമ്പത് പേരെപ്പറ്റി പറയുന്നുണ്ട്. രോഗം ബാധിച്ചതിനും  സമുദായത്തിൽ അപമാനിതരായതിനും പരാതി പറഞ്ഞുകൊണ്ട് പത്തു കുഷ്ഠരോഗികൾ  രോഗശാന്തിക്കായി കർത്താവിനെ  സമീപിക്കുന്നു.അദ്ദേഹം അവരെ സുഖപ്പെടുത്തുന്നു.  (ലൂക്കോസ് 17:16-18) അവരിൽ ഒരുത്തൻ തനിക്കു സൌഖ്യം വന്നതു കണ്ടു ഉച്ചത്തിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്റെ കാൽക്കൽ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു;16 അവനോ ശമര്യക്കാരൻ ആയിരുന്നു.17 “പത്തുപേർ ശുദ്ധരായ്തീർന്നില്ലയോ? ഒമ്പതുപേർ എവിടെ?18 ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാൻ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ” എന്നു യേശു പറഞ്ഞിട്ടു അവനോടു:19 “എഴുന്നേറ്റു പൊയ്ക്കൊൾക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” എന്നു പറഞ്ഞു. സമരിയക്കാരനിലെ എളിമ ആയിരിക്കാം അദ്ദേഹം നന്ദി പറഞ്ഞതിന് കാരണം. നന്മകൾ പ്രകടിപ്പിക്കാൻ നല്ല മനസ്സ് ആവശ്യമാണ്. അതിൽ അഹന്ത ഉണ്ടാകരുത്. നന്മയാണ് ഈശ്വരൻ എന്ന് പറയുന്നത് ഇതുകൊണ്ടാണ്.  തിന്മയെ നിശ്ശേഷം നാം നമ്മിൽ നിന്നും അകറ്റുമ്പോൾ നന്മ നിറയുന്നു. അപ്പോൾ ജീവിതം ശാന്തവും സുന്ദരവുമാകുന്നു. ഈശ്വരൻ നൽകുന്ന നന്മകൾക്ക് ഭാരതത്തിലുള്ളവരും ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. അതിൽ തമിഴ് നാട്ടുകാരുടെ പൊങ്കൽ പ്രസിദ്ധമാണ്. ഈ ആഘോഷത്തിൽ അവർ സൂര്യദേവന് നന്ദി അർപ്പിക്കുന്നു. ആരാധന, ആഹാരം, സമ്മോഹനസമ്മേളനം എന്നിവയിൽ അഭിരമിച്ച്  ജനങ്ങൾ അവർക്ക് ലഭിച്ച സൗഭാഗ്യങ്ങൾക്ക് നന്ദി പറയുന്നു. ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലും ബീഹാർ, ആസാം, അരുണാചൽ പ്രദേശ്   എന്നിവിടങ്ങളിലും ഇത്തരം ഉത്സവങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഓണത്തെ ഇതിൽ കൂട്ടാമെങ്കിലും നന്ദിപറയുക എന്ന കർമ്മത്തിൽ മലയാളി   പിന്നിലാണെന്ന് മനസ്സിലാക്കാം.

അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റ് എബ്രഹാം ലിങ്കൺ 1863 ഇൽ നവംബർ മാസത്തിലെ അവസാന വ്യാഴാഴ്ച ദൈവത്തോട് നന്ദി പറയാനുള്ള ദിവസമായി പ്രഖ്യാപിച്ചു.( But we have forgotten God. We have forgotten the gracious hand which preserved us in peace and multiplied and enriched and strengthened us, and we have vainly imagined, in the deceitfulness of our hearts, that all these blessings were produced by some superior wisdom and virtue of our own. Intoxicated with unbroken success, we have become too self-sufficient to feel the necessity of redeeming and preserving grace, too proud to pray to the God that made us.) ആ പ്രഖ്യാപനത്തിൽ അദ്ദേഹം പറയുന്നുണ്ട്. " നമ്മൾ ദൈവത്തെ മറന്നു. നമ്മെ സമ്പന്നരാക്കുകയും, ശക്തരാക്കുകയും നമ്മെ സമാധാനത്തിൽ കാത്തുസൂക്ഷിക്കുകയും ചെയ്ത കൃപയുള്ള കാര്യങ്ങളെ നമ്മൾ മറന്നു. നമ്മുടെ കഴിവുകൊണ്ടും ബുദ്ധികൊണ്ടുമാണ് ഈ അനുഗ്രഹങ്ങൾ നമ്മൾ നേടിയതെന്ന് നമ്മുടെ ഹൃദയങ്ങളിലെ വഞ്ചനകൊണ്ട് നമ്മൾ സങ്കൽപ്പിച്ചു. തുടർച്ചയായി നമ്മൾ നേടിയ വിജയത്തിൽ ഉന്മത്തരായി, സ്വയംപര്യാപ്തരായി  നമ്മുടെ മുക്തിക്കായി പ്രാർത്ഥിക്കാനും, നമുക്ക്  ലഭിച്ച കൃപ നിലനിർത്താനും നമ്മളെ സൃഷ്ടിച്ച ദൈവത്തോട് പ്രാർത്ഥിക്കാനും  നമുക്ക് കുറച്ചിൽ അനുഭവപ്പെട്ടു. (സ്വതന്ത്ര തർജ്ജിമ -ലേഖകൻ). ദൈവത്തെ പൂർണ്ണമായി അനുസരിച്ച ബൈബിളിലെ എബ്രഹാമിനോട് എബ്രഹാം ലിങ്കണെ ഉപമിച്ചിട്ടുണ്ട്. അമേരിക്കയുടെ മുഴുവൻ ഐശ്വര്യത്തിനും കാരണം ദൈവത്തെ അനുസരിച്ച മറ്റൊരു എബ്രഹാം മൂലമെന്ന് ഹെർബെർട് ഡബ്ലിയു ആംസ്ട്രോങ് രേഖപെടുത്തുന്നു.

“സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും”.  ഈ ബൈബിൾ വചനത്തിലും എളിമയും   സൗമ്യതയുമാണ് പറയുന്നത്.  അധികാരവും ആധിപത്യവും അല്ല വേണ്ടത്.  ഇതിനർത്ഥം നമ്മൾ ഭീരുവാകണമെന്നോ ദുര്ബലരാകണമെന്നോ അല്ല. ദൈവം തന്ന കഴിവുകളെ നന്മയുടെ വഴിക്കായി  ഉപയോഗിക്കുക. നന്ദി പറയുമ്പോൾ മനസ്സിൽ നന്മ  നിറയുന്നു. ബൈബിളിൽ നന്ദി പറയുന്നതിനെപ്പറ്റി ധാരാളം വചനങ്ങൾ ഉണ്ട്. അതിൽ എല്ലാ സമയത്തും ദൈവത്തിന് നന്ദി പറയണമെന്നുണ്ട്.സങ്കീർത്തനം 100:4 “അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടെ വരുവിൻ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിൻ.” ദൈവം നിങ്ങളിൽ വസിക്കുമ്പോൾ നിങ്ങൾ പരസ്പരം നന്ദി പറയുമ്പോൾ ജീവിതം ആനന്ദകരമാകുന്നു. അരികാശിനുവേണ്ടി മനുഷ്യർ വിൽക്കാൻ വച്ചിരിക്കുന്ന ദൈവങ്ങളെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്.
എല്ലാവർക്കും ആനന്ദകരമായ ഐശ്വര്യപൂർണ്ണമായ താങ്ക്സ്ഗിവിങ് നേരുന്നു.

ശുഭം

Join WhatsApp News
Suma Sreekumar 2025-11-25 02:29:37
മാറി മറയുന്ന സംസ്കാരത്തിൻ്റെ ഭാഗമാണ് ഇതു....
Suma 2025-11-25 02:31:10
മനസ്സിലാവാൻ പാകത്തിൽ ഭംഗിയായി എഴുതി👌👌👌👌
Anandavalli Chandran 2025-11-25 07:11:46
നല്ല ഗുണപാഠം, സുധീർ.
Pavithran Karanayil 2025-11-25 10:46:03
Good 👍🙏
Sunil 2025-11-25 15:27:22
Thanks. Goodness is God. Wickedness is Satan. Thanks again.
vayanakaran 2025-11-25 18:07:15
ശ്രീ റെജിസും സുനിലുമൊക്കെ പറയുന്ന ദൈവത്തെ ആയിരിക്കും സുധീർ പറയുന്നത്. കാരണം സുധീറിന്റെ വരികൾ ശ്രദ്ധിക്കുക , "അരി കാശിനു വേണ്ടി മനുഷ്യർ (അത് മാത്തുള്ളയും ജെ മാത്യുവുമാണോ) വിൽക്കാൻ വച്ചിരിക്കുന്ന ദൈവങ്ങളെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്", ലേഖനം അറിവ് പകരുന്നതും അറിയാൻ അറിയിക്കുന്നതുമാണ്. സുധീറിന്റെ ലേഖനങ്ങൾ എപ്പോഴും വിജ്ഞാനപ്രദവും ചിന്തോദ്ദീപകവുമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക