Image

ലോകകപ്പ് ഫുട്‌ബോള്‍: ഇനിയുള്ളത് ആറ് പ്ലേ ഓഫ് ബര്‍ത്തുകള്‍ ( സനില്‍ പി തോമസ്)

Published on 24 November, 2025
ലോകകപ്പ് ഫുട്‌ബോള്‍: ഇനിയുള്ളത് ആറ് പ്ലേ ഓഫ് ബര്‍ത്തുകള്‍ ( സനില്‍ പി തോമസ്)

അടുത്ത വര്‍ഷം യു.എസിലും മെക്‌സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ യോഗ്യതാ റൗണ്ട് നവംബര്‍ 18ന് പൂര്‍ത്തിയായപ്പോള്‍ ആതിഥേയരായ മൂന്നു രാജ്യങ്ങള്‍ ഉള്‍പ്പെടെ 42 രാജ്യങ്ങള്‍ യോഗ്യത നേടി. ഇനി ബാക്കിയുള്ളത് ആറ് പ്ളേ ഓഫ് ബര്‍ത്തുകള്‍. അതില്‍ ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫിലൂടെ രണ്ടു  രാജ്യങ്ങളും യുവേഫ പ്ലേ ഓഫിലൂടെ നാല് യൂറോപ്യന്‍ രാജ്യങ്ങളും യോഗ്യത നേടും. ചരിത്രത്തില്‍ ആദ്യമാണ് 48 രാജ്യങ്ങള്‍ ഫിഫ ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ മത്സരിക്കുന്നത്. 1998 മുതല്‍ 2022 വരെ 32 രാജ്യങ്ങളാണു മത്സരിച്ചത്.
ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ് സെമികൾ 2026 മാര്‍ച്ച് 26നും ഫൈനൽ  31 നും മെക്‌സിക്കോയില്‍ നടക്കും. അഞ്ച് കോണ്‍ഫെഡറേഷനുകളില്‍ നിന്ന് ആറു ടീമുകള്‍ മത്സരിക്കും. ആതിഥേയരായതിനാല്‍ കോണ്‍കാകാഫില്‍ നിന്ന് രണ്ട് ടീമുകള്‍ക്ക് പ്ലേ ഓഫ് കളിക്കാം. ജമൈക്കയും സുരിനാമുമാണ് കോണ്‍കാകാഫ് പ്രതിനിധികള്‍. ഏഷ്യയില്‍ നിന്ന് ഇറാഖും ആഫ്രിക്കയില്‍ നിന്ന് കോംഗോയും ദക്ഷിണ അമേരിക്കയില്‍ നിന്ന് ബൊളീവിയയും ഓഷ്യാനയില്‍ നിന്ന് ന്യൂകാലിഡോണിയയും പ്ലേ ഓഫ് കളിക്കും.

നവംബര്‍ 19 വരെയുള്ള ഫിഫ ലോക റാങ്കിങ്ങ് കണക്കിലെടുത്ത് 20 നാണ് ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫിന്റെ നറുക്കെടുപ്പ് നടന്നത്. ഇതനുസരിച്ച് റാങ്കില്‍ മുന്നിലുള്ള കോംഗോയും(56), ഇറാഖും(58) നേരിട്ട് പ്ലേ ഓഫ് ഫൈനല്‍ കളിക്കും. ന്യൂ കാലിഡോണിയ-ജമൈക്ക മത്സര വിജയികള്‍ കോംഗോയെയും ബൊളീവിയ-സുരിനാം മത്സര വിജയികള്‍ ഇറാഖിനെയും എതിരിടും. ഈ രണ്ടു ഫൈനലുകള്‍ ജയിക്കുന്ന ടീം ലോക കപ്പില്‍ മത്സരിക്കും.

യൂറോപ്പിലെ (യുവേഫ) പ്ലേ ഓഫില്‍ 16 ടീമുകള്‍ നാലു ബര്‍ത്തുകള്‍ക്കായി മത്സരിക്കും. മാര്‍ച്ച് 26നു സെമിയും 31ന് ഫൈനലും നടക്കും. നാലു പോട്ടുകളായി(പാത്ത്) തിരിച്ചാണ് മത്സരം. ഇതനുസരിച്ച് പാത്ത് 'എ' യിലെ ഒന്നാം സെമിയില്‍ ഇറ്റലി നോര്‍തേണ്‍ അയര്‍ലന്‍ഡിനെയും രണ്ടാം സെമിയില്‍ വെയില്‍സ് ബോസ്‌നിയ ആന്‍ഡ് ഹര്‍സിഗോവിനയെയും നേരിടും. പാത്ത് ബിയില്‍ മൂന്നാം സെമി യുക്രെയ്‌നും സ്വീഡനും തമ്മിലാണ്. നാലാം സെമിയില്‍ പോളണ്ടും അല്‍ബാമയും മുഖാമുഖം വരും.

പാത്ത് സിയില്‍ ആണ് അഞ്ചും ആറും സെമികള്‍. അഞ്ചാം സെമിയില്‍ തുര്‍ക്കി റുമേനിയയെയും ആറാം സെമിയില്‍ സ്ലോവാക്യ കൊസോവയെയും ഏതിരിടും. പാത്ത് ഡിയില്‍ ഏഴാം സെമി ഡെന്മാര്‍ക്കും നോര്‍ത്ത് മാസിഡോണിയയും തമ്മിലാണ്. എട്ടാം സെമിയില്‍ ചെക്ക്-റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡിനെ നേരിടും.

എട്ടു സെമികളിലെ വിജയികള്‍ പാത്ത് അടിസ്ഥാനത്തില്‍ നാലു ഫൈനലുകളില്‍ നേര്‍ക്കുനേര്‍ വരും. ഇതില്‍ വിജയിക്കുന്ന നാലു ടീമുകളാകും ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ കളിക്കുക.

യുവേഫ പ്ലേ ഓഫിലെ 16 ടീമുകളില്‍ 12 എണ്ണം യോഗ്യതാ റൗണ്ടില്‍ വിവിധ ഗ്രൂപ്പുകളിലെ റണ്ണേഴ്‌സ് അപ്പ് ആണ്. ശേഷിച്ച നാലു ടീമുകള്‍ 2024-25 ലെ യുവേഫ നേഷന്‍സ് ലീഗിലെ മികച്ച നാലു റാങ്കുകാരും ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്താത്തവരുമാണ്. പ്ലേ ഓഫ് മത്സരങ്ങള്‍ ഒറ്റ പാദത്തിലാണ് നടക്കുക. സീഡ് ചെയ്യപ്പെട്ട ടീമുകള്‍ക്ക് നാട്ടില്‍ മത്സരിക്കാം.

മാര്‍ച്ചിലെ പ്ലേ ഓഫ് മത്സരങ്ങള്‍ കഴിഞ്ഞാലേ ലോകകപ്പിലെ 48 ടീമുകള്‍ ഏതൊക്കെയെന്നു വ്യക്തമാകുകയുള്ളൂവെങ്കിലും ഡിസംബര്‍ അഞ്ചിന് മത്സരങ്ങള്‍ സംബന്ധിച്ച നറുക്കെടുപ്പ് നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക