
പാറ്റേഴ്‌സൻ, ന്യു ജേഴ്‌സി: ഫൊക്കാന ഹെൽത്ത് ക്ലിനിക്കും മെൻസ് ഫോറവും ഉദ്ഘാടനം ചെയ്തു പ്രൊഫ. ഗോപിനാഥ് മുതുകാട് നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തിൽ തിരുവന്തപുരത്തെ ഡിഫറൻറ് ആർട്ട് സെൻററും കാസർകോട് നിർമാണം ആരംഭിച്ചിരിക്കുന്ന ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ഇൻസ്റ്റിറ്റിയൂട്ടും തന്റെ ജീവിത സ്വപ്നമാണെന്ന് പറഞ്ഞു. രണ്ടിനും അമേരിക്കൻ മലയാളികൾ നൽകുന്ന സഹായ സഹകരണങ്ങളും ഫൊക്കാനയുടെ ഇടപെടലുകളും അദ്ദേഹം നന്ദിപൂർവം അനുസ്മരിച്ചു. ന്യു യോർക്കിൽ നിന്നുള്ള അന്തരിച്ച പ്രൊഫ. ലൂക്ക സാർ കാസർകോട് വാങ്ങി നൽകിയ 20 ഏക്കർ സ്ഥലത്താണ് ആയിരത്തോളം ശാരീരിക-മാനസിക പ്രശ്നങ്ങളുള്ളവരെ പാർപ്പിക്കാൻ 120 കോടിയുടെ പ്രോജക്ട് രൂപം കൊള്ളുന്നത്.
ചെറുപ്പത്തിൽ ബോധം കെട്ടുവീണപ്പോൾ പാൽ കൊടുത്ത സ്ത്രീക്ക് ഒരു ഡോക്ടർ ചെയ്യുന്ന പ്രത്യുപകാരത്തിന്റെ കഥ പറഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. പ്രായമായപ്പോൾ ആ സ്ത്രീ ഒരു ആശുപത്രിയിൽ അഡ്മിറ്റായി. വലിയ തുക ആശുപത്രി ഫീസ് വന്നു.
ബില്‍ എങ്ങനെ അടക്കും എന്നു വിഷമിച്ച് റിസപ്‌ഷനിൽ ചെന്നപ്പോള്‍ 'ഫുള്ളി പേയ്ഡ് വിത്ത് വണ്‍ ഗ്ലാസ് ഓഫ് മില്‍ക്ക്' ഡോ. ഹോവേര്‍ഡ് കെല്ലി എന്ന് അവിടെ എഴുതി വച്ചിരുന്നു.
ഇത് ഒരു കടപ്പാടിന്റെ കഥയാണ്. ഞാനിപ്പോള്‍ പറയുന്നതും ഒരു കടപ്പാടിന്റെ കഥയാണ്. ഫൊക്കാന എന്ന ഈ പ്രസ്ഥാനത്തോട് ഒരു മാന്ത്രികന്റെ അല്ലെങ്കില്‍ ഡിസെബിലിറ്റി സെന്ററില്‍ വര്‍ക്ക് ചെയ്യുന്ന ഒരു വ്യക്തിയുടെ കടാപ്പാടിന്റെ കഥ. ശ്രീ പോള്‍ കറുകപ്പള്ളി ഇവിടെ ഇരിക്കുന്നുണ്ട്. അദ്ദേഹത്തിലൂടെയാണ് ഫൊക്കാന എന്ന പ്രസ്ഥാനമായി ഞാന്‍ ബന്ധപ്പെടുന്നത്. ഭിന്നശേഷി കുട്ടികളുടെ കലാപരമായ കഴിവുകള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയും അവരെ സ്വയം പര്യാപ്തരാക്കുകയും അവര്‍ക്ക് ഒരു വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു സെന്റാണ് ഡിഫറന്റ് ആര്‍ട്‌സ് സെന്റര്‍.
കോവിഡിന്റെ സമയത്ത് വല്ലാത്ത കഷ്ടതയിലേക്ക് പോയ ഒരു ഘട്ടമുണ്ടായിരുന്നു. അവിടത്തെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ പണമില്ലാതെ, ആ കുട്ടികള്‍ക്ക് എല്ലാമാസവും കൊടുക്കുന്ന സ്റ്റൈപ്പന്റ് കൊടുക്കാന്‍ സാധിക്കാതെ കഷ്ടപ്പെട്ട് നില്‍ക്കുന്ന ഒരു ഘട്ടം. ആ സമയത്ത് ഫൊക്കാനയാണ് അമ്മമാര്‍ കരയരുത് എന്ന് ചിന്തിച്ചുകൊണ്ട് ഒരു സംരംഭം തുടങ്ങുവാന്‍ സഹായ ഹസ്തവുമായി വന്നത്. അതിനുള്ള നന്ദിയും കടപ്പാടും ഞാന്‍ അറിയിക്കുന്നു.
കാലാകാലങ്ങളില്‍ ഫൊക്കാനയും ഇവിടെ ഇരിക്കുന്ന വ്യക്തികളും സഹായിച്ചിട്ടുണ്ട്. തിരുകുറല്‍ പറയുന്നുണ്ട് കാലം എല്ലാം തിരിച്ചു ചോദിക്കും. നിന്റെ സൗന്ദര്യവും സമ്പത്തും ആയവും വ്യയവുമെല്ലാം കാലം തിരികെ വാങ്ങും. അതിനാൽ നന്മയിൽ ജീവിക്കണം . ഇറ്റാലിയന്‍ ഫിലോസര്‍ ആയിട്ടുള്ള ബനഡിക്‌റ്റോ ക്രോച്ചെ പറയുന്നു സത്യത്തിന് മുന്നില്‍ സൗന്ദര്യം ഒന്നുമല്ല. ഒരു ദുരന്തത്തിനോ ദുഃഖത്തിനോ ദുരിതത്തിനോ നശിപ്പിക്കാന്‍ കഴിയാത്ത എന്ത് സൗന്ദര്യമാണ് ഈ ലോകത്തുള്ളത് എന്ന് അദ്ദേഹം ചോദിക്കുന്നു. നമ്മളെല്ലാം എന്ത് സമ്പാദിച്ചു കഴിഞ്ഞാലും എന്ത് സമ്പത്ത് ഊട്ടി ഉറപ്പിച്ചു കഴിഞ്ഞാലും ഒരു ദുഃഖത്തിനോ ദുരന്തത്തിനോ നശിപ്പാക്കാന്‍ കഴിയാത്ത ഒരു സൗന്ദര്യവും ഇന്ന് ഈ ലോകത്ത് നിലനില്‍ക്കുന്നില്ല.
കേരളം ഗോഡ് ഓണ്‍ കണ്‍ട്രി എന്ന് നമ്മള്‍ സാധാരണ പറയാറുണ്ട്. ഒരു പ്രളയത്തോടു കൂടി കേരളത്തിന്റെ മുഴുവന്‍ സൗന്ദര്യവും ഒലിച്ചു പോയ സംഭവം മലയാളികളായ നമ്മള്‍ക്ക് മറക്കാന്‍ സാധിക്കുകയില്ല.
ഫൊക്കാന കോവിഡിന്റെ സമയത്ത് വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍, പോളേട്ടന്‍ തന്നെ താല്‍പര്യമെടുത്ത് 10 ലക്ഷം രൂപ ഡിഫറന്റ് ആര്‍ട്‌സ് ക്ലബിലേക്ക് തന്നു. അമ്മമാര്‍ക്ക് തയ്യല്‍ മെഷീനും മറ്റും തന്ന സഹായിച്ചു. ഇന്ന് ആ കുട്ടികളുടെ അമ്മമാരെല്ലാം ചിരിച്ച മുഖത്തോടെ വന്ന് അവിടെ പ്രവര്‍ത്തിക്കുന്നു. ഫൊക്കാനയുടെ വീഡിയോയില്‍ കാണാം ആ അമ്മമാരെല്ലാം എങ്ങനെ സന്തോഷവതിയായിരിക്കുന്നെന്ന്.
ഒരു വിത്ത് മണ്ണില്‍ നട്ട് വെള്ളവും വളവും കൊടുത്താന്‍ ആ വിത്ത് മരമായിട്ട് മാറും. നമ്മള്‍ ഈ ഭൂമിയില്‍ നിന്ന് പോയിക്കഴിഞ്ഞാലും അതില്‍ കായ്കളും പൂക്കളും ഉണ്ടാകും. എത്രയോ തലമുറക്ക് തണലായി മാറും. അന്ന് ഞാന്‍ പോളേട്ടനോട് സംസാരിക്കുമ്പോള്‍ ഉണ്ടായ ഒരു ആശയം. ആ ആശയം കരിസ്മ എന്ന സൊസൈറ്റി ആയി രജിസ്റ്റര്‍ ചെയ്തു. അമ്മമാരുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപ കൊടുക്കാന്‍ സാധിച്ചു. അതില്‍ അമ്മമാര്‍ക്ക് ഇന്നു ബാങ്ക് ബാലന്‍സ് ഉണ്ട്. അന്ന് പോളേട്ടന്‍ നട്ട വിത്ത് വളര്‍ന്ന് അവിടെ വരെ എത്തിയിരിക്കുന്നു. കുറെ കുട്ടികളുടെ അമ്മമാര്‍ക്ക് ഒരു ജീവിതമാര്‍ഗമായി. പോളേട്ടനോട് എന്റെ നന്ദി അറിയിക്കുന്നു. ഫൊക്കാനയോട് ഞാന്‍ എന്റെ നന്ദി അറിയിക്കുകയാണ്.
എന്റെ ഇപ്പോഴത്തെ ശ്രദ്ധ കാസര്‍ഗോഡ് നടക്കാനുള്ള ഒരു വലിയ പ്രോജക്റ്റിലാണ്. ന്യൂയോര്‍ക്കിലുണ്ടായിരുന്ന ഡോ. എംകെ. ലൂക്ക കോട്ടയത്തു പ്രൊഫസറായിരുന്നു. അദ്ദേഹം അടുത്ത് വന്ന് പറഞ്ഞു. സാര്‍ കാസര്‍ഡോഗ് വച്ചാണല്ലോ മനമാറ്റം ഉണ്ടായത്. അവിടെ ഞാനൊരു സ്ഥലം വാങ്ങിതരാമെന്ന്. അദ്ദേഹം ഇരുപതേക്കര്‍ സ്ഥലം നമ്മുടെ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരില്‍ വാങ്ങിതന്നു. നിര്‍ഭാഗ്യവശാല്‍ ബ്രെയിന്‍ടൂമര്‍ വന്ന് അദ്ദേഹം മരിച്ചു. മരിക്കുന്നതിന് മുമ്പ് അദ്ദേഹം എന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു. എന്തൊക്കെ പ്രതിസന്ധികള്‍ വന്നാലും, ആരൊക്കെ എന്തൊക്കെ അപവാദം പറഞ്ഞാലും സാര്‍ ഇതു ഉപേക്ഷിക്കരുത്.
വരുന്ന മെയ് മാസത്തില്‍ അമേരിക്കയിലെ വിവിധ ഭാഗത്ത് പ്രോഗ്രാം നടത്തി ഇതിനായി ഫണ്ട് ശേഖരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഒരു ഗ്ലോബല്‍ പ്രോജക്ടാണ് കാസര്‍ഗോഡ് വരാനുള്ളത്. ആയിരം കുട്ടികള്‍ക്ക് ജീവന്‍ കൊടുക്കാന്‍ സാധിക്കുന്ന ഒരു പ്രോജക്ട്. അതിന് മെയ്മാസത്തില്‍ വരുമ്പോള്‍ നിങ്ങളൊക്കെ കൂടെയുണ്ടാകണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരും ഒരുമിച്ചു നിന്നാല്‍ വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ഒരുപാട് അമ്മമാരുടെ കണ്ണീര്‍ തുടയ്ക്കാന്‍ സാധിക്കും.
ലൂക്കാ സാറിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. ആ വിഷലില്‍ കാണുന്ന ചാരുകസേര ലൂക്കാസാറിന്റെ വീട്ടില്‍ പോയപ്പോള്‍ ഉണ്ടായിരുന്നതാണ്. എന്റെ അച്ഛനും ഒരു ചാരുകസേര ഉണ്ടായിരുന്നു. മരിക്കുന്നതിന് മുമ്പ് അച്ഛന്‍ അമ്മയോട് പറഞ്ഞു. കുട്ടിയോട് മാജിക്ക് ഉപേക്ഷിക്കരുത് എന്ന് പറയാന്‍. അതു തന്നെയാണ് ലൂക്കാസാറും പറഞ്ഞത്. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും ഈ പ്രോജക്ട് ഉപേക്ഷിക്കരുതെന്ന്. വലിയ പ്രൊജക്ടാണ് വിഭാനം ചെയ്യുന്നത്. ആയിരം കുട്ടികള്‍ക്ക്, കുടുംബങ്ങള്‍ക്ക് ജീവന്‍ കൊടുക്കുന്ന പ്രൊജക്ട്. ലൂക്കാ സാറിന്റെ പേരില്‍ തന്നെയാണ് എഎപിടി എന്ന പ്രോജക്ട് വരാന്‍ പോകുന്നത്. ഇത് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ലോകത്തിന് മാതൃകയാകുന്ന രീതിയില്‍ ആണ് സംരംഭം.
ഡിഫറന്റ് ആര്ട്‌സ് സെന്റിന് പത്തു കോടി രൂപ ഉണ്ടായിരുന്നു. അതു അഡ്വാസ് കൊടുത്തു. ഊരാളുങ്കില്‍ സൊസൈറ്റിയാണ് അതിന്റെ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുന്നത്. 24 മണിക്കൂറും വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഫ്രെബ്രുവരി 23ന് മുഖ്യമന്ത്രി തറക്കല്ലിട്ടു. അടുത്ത ഫ്രെബ്രുവരി 23ന് ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്യണമെന്ന് വിചാരിക്കുന്നു. അപ്പോള്‍ നമ്മള്‍ക്ക് കുട്ടികളെ അവിടെ ചേര്‍ക്കാന്‍ സാധിക്കും.
അതിനുശേഷം 2027 നവംബറില്‍ ആയിരം ദിവസം പൂര്‍ത്തിയാകുന്ന ദിവസം മുഴുവനായി തുറന്നു കൊടുക്കണമെന്നാണ് വിചാരിക്കുന്നത്. രണ്ടു രീതിയിലാണ് ഫണ്ട് ശേഖരിക്കുന്നത്. ഒന്ന് സി.എസ്.ആര്‍ കൊണ്ടു സ്ഥാപനങ്ങളിലൂടെ. രണ്ട് എംക്യൂബ് എന്ന പ്രോഗ്രാമിലൂടെ- മാജിക് മ്യൂസ്‌ക് ആന്റ് മോട്ടിവേഷന്‍ - ആ ഷോ ചെയ്ത് അതിലൂടെ സമാഹരിക്കുന്ന ഫണ്ട് ഇതിലേക്കു കൊടുക്കുകയാണ്. ഞാനും എന്റെ കൂടെയുള്ളവരും ഒരുരൂപപോലും പ്രതിഫലം വാങ്ങാതെ പല രാജ്യങ്ങളിലായി പരിപാടികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്റ്, അയര്‍ലന്റ്, ഖത്തര്‍, ദുബായ് എന്നീ രാജ്യങ്ങളില്‍ പരിപാടികള്‍ നടത്തി. അമേരിക്കയില്‍ മെയ് 15 മുതല്‍ ജൂണ്‍ 15 വരെയാണ് ഉദ്ദേശിക്കുന്നത്.
എന്റെ ജീവിതത്തില്‍ ഈ ഒരു സ്വപനം മാത്രമേ ഉള്ളൂ. ലൂക്കാ സാര്‍ പറഞ്ഞതു പോലെ അവിടെ ഈ കുട്ടികള്‍ വന്ന് ജീവിക്കുന്ന ഒരു സ്വര്‍ഗ്ഗം സ്വപ്‌നം കണ്ട് ജീവിക്കുന്ന ഒരു മനുഷ്യനാണ് താൻ. എ്ല്ലാവരും ഒപ്പം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.