Image

ഇന്ദ്രവല്ലരി പൂ ചൂടിയ രാത്രി വയലാറിന് സ്വർണച്ചാമരം വീശി ക്വീൻസ് : കുര്യൻ പാമ്പാടി

Published on 22 November, 2025
ഇന്ദ്രവല്ലരി പൂ ചൂടിയ രാത്രി വയലാറിന് സ്വർണച്ചാമരം വീശി ക്വീൻസ് : കുര്യൻ പാമ്പാടി

ശിശിരമാസക്കുളിരിൽ  ക്വീൻസിലെ ഗ്ലെൻഓക്സിൽ ഒത്തുകൂടിയ ന്യൂയോർക്ക് മലയാളികൾ വയലാറിന്റെ അമ്പതാം ചരമ വാർഷികവേളയിൽ സ്വർണ്ണച്ചാമരം വീശി ചന്ദനകളഭം ചാർത്തി ആദാരാഞ്ജലികൾ അർപ്പിച്ചു.

ചങ്ങമ്പുഴയോടൊപ്പമോ അതിലുപരിയോ  മലയാള ഗാന വസന്തത്തിന് തുടക്കം കുറിച്ച വയലാർ സംസ്‌കൃത പദജടിലമായ പാരമ്പര്യത്തിൽ നിന്ന് മലയാളകവിതയെ മോചിപ്പിക്കുകയൂം ജനകീയമാക്കുകയും ചെയ്തുവെന്നു വയലാർ ഗാനസന്ധ്യ ഉദ്‌ഘാടനം ചെയ്ത  ന്യുയോർക് ട്രാൻസ്‌പോർട്ടേഷൻ ജോയിന്റ് ഡയറക്റ്റർ സിബി ഡേവിഡ് ഓർമ്മിപ്പിച്ചു.

വയലാറിന്റെ പുത്രനും കവിയും ഗായകനുമായ വയലാർ ശരത്ചന്ദ്ര വർമ്മ അയച്ച വീഡിയോ സന്ദേശത്തിൽ ഏഴാംകടലിനക്കരെ മലയാളത്തെ ജീവന് തുല്യവും സ്നേഹിക്കുന്ന മലയാളികൾ 'അച്ഛന് സ്നേഹത്തിന്റെ വാടാമലരുകൾ അർപ്പിക്കുന്നതിൽ ഹൃദയം നിറഞ്ഞ ആഹ്ളാദവും നന്ദിയുമുണ്ടെന്നു അറിയിച്ചു.

 

 

'അമ്പതു വർഷം  മുമ്പ് ഒക്ടോബർ 27നു   47 ആം വയസിൽ (അന്ന് ജീവിതപ്പകുതി പോലും ആയിട്ടില്ല) അച്ഛൻ കടന്നുപോകുമ്പോൾ  പ്രിയപത്നി ഭാരതിയമ്മക്കും പതിനഞ്ചുകാരനായ  മകൻ എനിക്കും ഉണ്ടായ അളവറ്റ ദുഃഖം ഇത്തരം അനുസ്മരണങ്ങളിലൂടെ അലിഞ്ഞലിഞ്ഞു പോവുന്നു,' നിരുദ്ധകണ്ഠനായി അദ്ദേഹം പറഞ്ഞു.

കവിതയും ഗാനവും തമ്മിൽ വ്യതാസമില്ലാതെ  പ്രവർത്തിച്ച തൂലികയായിരുന്നു വയലാറിന്റേത്. അദ്ദേഹ ത്തിന്റെ സിനിമാ ഗാനങ്ങൾ  എല്ലാം തന്നെ കാവ്യസുന്ദരങ്ങളായിരുന്നു. പതിമൂന്നു വർഷക്കാലത്തിനു
ള്ളിൽ ആയിരത്തിലേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചു. ഒരു പക്ഷെ ലോക സാഹിത്യ ചരിത്രത്തിൽ ഇത്രയും രചനാല്മകമായി തൂലിക ചലിപ്പിച്ചവർ ഉണ്ടാവില്ല.

പതിനഞ്ചു  വർഷം  മുമ്പ് നാടകകൃത്ത് ജി. ശങ്കരപിള്ളയ്ക്ക്  ആദരസൂചകമായി ന്യൂയോർക്കിൽ രൂപവൽക്കരിച്ച 'തിയേറ്റർജി' യുടെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാനസന്ധ്യയിൽ വയലാറിന്റെ ഗാനങ്ങളിൽ നിന്നു തെരഞ്ഞെടുത്ത ജനപ്രീതി നേടിയ 25 എണ്ണമാണ് അവതരിപ്പിച്ചത്.

സ്‌കൂൾ കലോത്സവങ്ങളിൽ വയലാറിന്റെ  ഗാനങ്ങൾ അവതരിപ്പിച്ചു കലാരംഗത്തു പ്രവേശിച്ചആളാണ്‌ തിരുവനന്തപുരം സ്വദേശി ശബരിനാഥ് നായർ. 'തീയറ്റർജി' കഴിഞ്ഞ 15  വർഷത്തിനിനുള്ളിൽ മാർത്താണ്ഡവർമ്മ, ഭഗീരഥൻ, അഗ്നിശുധ്ധി, ഭഗീരഥൻ, ഭാരതീയം, ഭാരതകേസരി തുടങ്ങിയ നാടകങ്ങളും സോൾഫുൾ മൊമെന്റ്‌സ്‌ പോലുള്ള സംഗീത ശില്പങ്ങളും അവതരിപ്പിച്ചു.

'ഗന്ധർവക്ഷേത്ര'ത്തിൽ ജി. ദേവരാജൻ സംഗീതം നൽകി യേശുദാസ് ആലപിച്ച  'ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രി' യോടെയായിരുന്നു ഇത്തവണത്തെ 'ഇവിടെ കാറ്റിന് സുഗന്ധം'  പരിപാടിയുടെ തുടക്കം. മൻഹാറ്റനിൽ ട്രാൻസിറ്റ് വകുപ്പ് ഉദ്യാഗസ്ഥൻകൂടിയായ  ശബരിനാഥ് ആലപിച്ചു.

'സൂര്യവംശ'ത്തിൽ ദേവരാജന്റെ സംഗീതത്തിൽ പി സുശീല പാടിയ 'മല്ലിസായകാ നീയെൻ മനസൊരു മായാ മണ്ഡപമാക്കി' അവതരിപ്പിച്ചത് ന്യൂ ജേഴ്‌സിയിലെ അനിത കൃഷ്ണ. 'കടൽപ്പാല'ത്തിൽ പി സുശീല പാടിയ 'ഉജ്ജയിനിയിലെ ഗായിക, ഉർവശി എന്നൊരു മാളവിക'യും അനിത ഉജ്വലമായി പുനരാവിഷ്‌ക്കരിച്ചു.

'ദത്തുപുത്ര'നിൽ എം.കെ അർജുനൻ സംഗീതം നൽകി യേശുദാസ് പാടിയ 'സ്വർഗത്തേക്കാൾ സുന്ദരമാണീ  സ്വപ്നം വിടരും ഗ്രാമം' അവതരിപ്പിച്ചത് കലാഭവൻ ലാൽ.'പണിതീരാത്ത വീട്ടി'ൽ  എം.എസ്. വിശ്വനാഥൻ  സംഗീതം നൽകി പാടിയ 'കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച  കാവ്യ ഭാവനേ' യും ലാൽ ഗംഭീരമാക്കി.

'ദേവീ കന്യാകുമാരി'യിൽ ദേവരാജന്റെ ശിക്ഷണത്തിൽ പി. മാധുരി അവതരിപ്പിച്ച 'കണ്ണാ ആലിലക്കണ്ണാ  പാലാഴി തിരയിലൊഴുകും ആലിലക്കണ്ണാ' അവതരിപ്പിച്ചുകൊണ്ടായിരുന്നു വേദ എന്ന പന്ത്രണ്ടാംക്ലാസ്സുകാരിയുടെ അരങ്ങേറ്റം. 'നെല്ലി'ൽ  സലിൽ ചൗധരിയുടെ സംഗീതത്തിൽ ലതാമങ്കേഷ്‌ക്കർ പാടിയ 'കദളി കൺകദളി ചെങ്കദളി പൂ വേണോ' യും വേദ ശബ്ദമാധുര്യത്തോടെ അവതരിപ്പിച്ചു.  

'യക്ഷി'യിൽ യേശുദാസ് പാടിയ 'സ്വർണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ,'. 'നദി'യിൽ യേശുദാസിന്റെ 'ആയിരം പാദസരങ്ങൾ  കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി', 'അച്ഛനും ബാപ്പയും എന്ന ചിത്രത്തിൽ യേശുദാസ് അവതരിപ്പിച്ച 'മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ട്ടിച്ചു,' എന്നിവയും ശബരിനാഥിന്റെ സ്വരത്തിൽ വീണ്ടും കേട്ടു. ആലിബാബയും  കള്ളന്മാരും' എന്ന ചിത്രത്തിലെ 'റംസാനിലെ ചന്ദ്രികയോ രജനീ ഗന്ധിയോ' ആയിരുന്നു മറ്റൊന്ന്.  

'അശ്വമേധ' ത്തിൽ പി  സുശീലപാടിയ 'ഏഴു സുന്ദരാത്രികൾ ഏകാന്ത സുന്ദര രാത്രികൾ' മേരിക്കുട്ടി മൈക്കിൾ മനോഹരമായി അവതരിപ്പിച്ചു. നോർത്ത് വെൽ ഹോസ്പിറ്റൽ മുൻ ഉദ്യോഗസ്ഥയാണ് മേരിക്കുട്ടി.

എത്രനല്ല പാട്ടുകൾ കേട്ടാലും മതിവരാത്ത  ആസ്വാദകർ ആവശ്യപ്പെട്ടതനുസരിച്ച് 'പാരിജാതം തിരുമിഴി തുറന്നു പവിഴമുന്തിരി പൂത്തുലഞ്ഞു' ('തോക്കുകൾ കഥപറയുന്നു',  യേശുദാസ്), 'സന്യാസിനി  നിൻ പുണ്യാശ്രമത്തിൽ ഞാൻ' (രാജഹംസം, യേശുദാസ്), പെരിയാറെ പെരിയാറെ പർവത നിരയുടെ പനിനീരേ' ('ഭാര്യ', എ.എം. രാജ, പി സുശീല),  'പെണ്ണാളേ  പെണ്ണാളേ കരിമീൻ  കണ്ണാളേ  കണ്ണാളേ ( 'ചെമ്മീൻ,' യേശുദാസും പി.ലീലയും സംഘവും) ഇത്രയുമായപ്പോൾ പ്രേക്ഷകർ കൂടെപ്പാടാനും നൃത്തം ചെയ്യാനും തുടങി.

വയലാറിന്റെ പ്രശസ്തമായ നാടകഗാനം 'ബലികുടീരങ്ങളേ സ്മരണകളിരമ്പും  രണസ്മാരകങ്ങളേ' (വിശറിക്കു കാറ്റുവേണ്ട, കെ.എസ്. ജോർജ്ജും സംഘവും) എന്ന അവസാന ഗാനം ആയപ്പോൾ പ്രേക്ഷകർക്ക് ആവേശം ഇരട്ടിച്ചു.

വയലാറിന്റെതല്ലാത്ത  ഒരു ഗാനം കൂടി പാടേണ്ടിവന്നു ഗായകർക്ക്. 'അല്ലിയാമ്പൽ  കടവിലന്നരയ്ക്കു വെള്ളം, അന്നുനമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം'  ('റോസി,',പി ഭാസ്ക്കരൻ, സംഗീതം ജോബ് മാസ്റ്റർ, യേശുദാസ്).  

ചില വയലാർ അനുസ്മരണങ്ങളും സന്ധ്യയെ സമ്പുഷ്ടമാക്കി. '1975 ഒക്ടോബർ 27. ഞാനന്നു  കൊല്ലം എസ്എൻ കോളജിൽ പ്രീഡിഗ്രിയ്ക്ക് പഠിക്കുകയാണ്,' കെ. കെ.  ജോൺസൻ ഓർമ്മിച്ചു.  'വയലാറിന്റെ മൃതദേഹവുമായി വാഹനം കോളജിന്റെ കവാടത്തിൽ എത്തിയപ്പോൾ അധ്യാപകരും വിദ്യാർത്ഥികളും  ഓടിക്കൂടി. ഞങ്ങളുടെ കൂട്ടത്തിൽ എ. എ. ബേബിയും രാജ്‌മോഹൻ ഉണ്ണിത്താനും കുരീപ്പുഴ ശ്രീകുമാറും അടൂർ പ്രകാശും ഉണ്ടായിരുന്നു,' വയലാറിന്റെ രാവണപുത്രി' കാവ്യത്തിലെ വരികൾ ജോൺസൺ ചൊല്ലി.

ഏഴുത്തുകാരൻ കോരസൺ വർഗീസ്,  സന്തോഷ് പാലാ, സാബു ലൂക്കോസ്, ജെറി കോയിൽപറമ്പിൽ തുടങ്ങിയവരും പങ്കെടുത്തു.

Juby,  അനിഷ്, ഫെബിൻ, ടീം ക്വീൻസിൽ ആരംഭിച്ച  കുട്ടനാടൻ സന്തൂർ ഇന്ത്യൻ റെസ്റ്റോറന്റിന്റെ കേരളീയ  രുചി ഭേദങ്ങൾ നിറഞ്ഞ അത്താഴവിരുന്നു മനസിനൊപ്പം വയറും നിറച്ചു.

 

ചിത്രങ്ങൾ


1. കണ്ണാ ആലിലക്കണ്ണാ: വേദ
2. വയലാറിന് ആദരം-അനിതാകൃഷ്ണ, വേദ ശബരിനാഥ്
3. ഏഴു സുന്ദര രാത്രികൾ-മേരിക്കുട്ടി മൈക്കിൾ
4. ശബരി, അനിത, കലാഭവൻ ലാൽ
5. തീയേറ്റർജിയുടെ നാടകങ്ങളിൽ ഒന്ന്, വയലാർ ദിനഫ്ലയർ  
6. ഡോ .ചിത്ര ശബരിനാഥ്, വേദ, നേഹൽ
7. ശബരി,ജോൺസൻ, സിബി, കോരസൺ
8. 'കുട്ടനാടൻ സന്തൂർ'-ജൂബി, പിങ്കി, അനീഷ്  

Join WhatsApp News
Gmampara 2025-11-23 21:28:07
Good going Kurian. Making waves as it were.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക