Image

വൈഷ്ണയുടെ പേര് വെട്ടാന്‍ മേയറുടെ ഓഫീസ്; വിഷയം സി.പി.എമ്മിന് ബൂമറാങ്ങാവുന്നു (എ.എസ് ശ്രീകുമാര്‍)

Published on 22 November, 2025
വൈഷ്ണയുടെ പേര് വെട്ടാന്‍ മേയറുടെ ഓഫീസ്; വിഷയം സി.പി.എമ്മിന് ബൂമറാങ്ങാവുന്നു (എ.എസ് ശ്രീകുമാര്‍)

തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി, കോണ്‍ഗ്രസിലെ വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് വെട്ടിയതും പിന്നീട് കേരള ഹൈക്കോടതി ഇടപെട്ട് സംസ്ഥാന ഇലക്ഷന്‍ കമ്മിഷന്‍ പുനസ്ഥാപിച്ചതും വലിയ ചര്‍ച്ചയായ വിഷയമാണ്. ജനാധിപത്യ പോരാട്ടത്തില്‍ എതിരാളിയെ കീഴ്‌പ്പെടുത്താന്‍ എതറ്റംവരെ തരം താഴാമെന്ന് തെളിയിച്ച സംഭവമാണിത്. വൈഷ്ണയുടെ പേര് വെട്ടാന്‍ സി.പി.എമ്മിന്റെ മേയര്‍ ആര്യ രാജേന്ദ്രന്റെ ഓഫീസിലെ ജീവനക്കാര്‍ ഇടപെട്ടുവെന്നതിന്റെ തെളിവ് പുറത്തുവന്നിരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്ക് എത്രത്തോളം അധപ്പതിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ബോധപൂര്‍വമായ ഈ വോട്ട് വെട്ടല്‍.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ വൈഷ്ണയുടെ പേരില്ലാതെ വന്നതോടെയാണ് സ്ഥാനാര്‍ഥിത്വം പ്രതിസന്ധിയിലായത്. കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയെന്ന നിലയിലാണ് ഐടി ജീവനക്കാരിയായ വൈഷ്ണയെ കോണ്‍ഗ്രസ് അവതരിപ്പിച്ചത്. വൈഷ്ണ പ്രചാരണത്തില്‍ ഏറെ മുന്നിലായിരുന്ന ഘട്ടത്തിലാണ് പ്രതിസന്ധി ഉടലെടുത്തത്. കോര്‍പ്പറേഷന്‍ പരിധിയിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ മത്സരിക്കാന്‍ സാധിക്കൂ. ഇതോടെ സ്ഥാനാര്‍ഥിയെ മാറ്റി നിശ്ചയിക്കേണ്ട അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം.

വൈഷ്ണയ്‌ക്കെതിരായ പരാതിയില്‍ അന്വേഷണ ചുമതലയില്ലാത്ത മേയറുടെ ഓഫിസിലെ രണ്ട് ജീവനക്കാരാണ് വൈഷ്ണ ഹാജരാക്കിയ രേഖകളിലെ വിലാസത്തില്‍ വീടുകളിലെത്തി അവിടെ താമസിക്കുന്നവരില്‍ നിന്ന് 'തങ്ങളാണ് ഈ വീട്ടില്‍ താമസിക്കുന്നതെന്നും രണ്ട് വര്‍ഷമായി മറ്റാരും ഇവിടെയില്ലെന്നും' ഉള്ള സത്യവാങ്മൂലം എഴുതി വാങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. അന്തിമ വോട്ടര്‍ പട്ടികയില്‍ വൈഷ്ണയുടെ പേരിനൊപ്പം രേഖപ്പെടുത്തിയിട്ടുള്ള 18/564 എന്ന വീട്ടു നമ്പറില്‍ വൈഷ്ണ താമസിക്കുന്നില്ലെന്നും വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു സി.പി.എം ബ്രാഞ്ച് സെക്രട്ടറി ധനേഷ് കുമാറിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് ജി.എം കാര്‍ത്തിക നടത്തിയ അന്വേഷണത്തില്‍ 18/564 എന്ന നമ്പറുള്ള വീട്ടില്‍ വൈഷ്ണ താമസിക്കുന്നില്ലെന്ന് കണ്ടെത്തി.

സൂപ്രണ്ട് ആര്‍ പ്രതാപ ചന്ദ്രന്‍ നടത്തിയ ഹിയറിങ്ങില്‍ വൈഷ്ണ നല്‍കിയ രേഖകള്‍ പരിശോധിക്കാതെ കാര്‍ത്തികയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വൈഷ്ണയുടെ വോട്ട് ഒഴിവാക്കാം എന്നു ശുപാര്‍ശ ചെയ്യുകയും, തൊട്ടു പിന്നാലെ ഇലക്ടറല്‍ ഓഫിസര്‍ കൂടിയായ അഡിഷനല്‍ സെക്രട്ടറി വി സജികുമാര്‍ വൈഷ്ണയുടെ പേര് ഒഴിവാക്കുകയുമായിരുന്നു. ഈസമയത്താണ് കോര്‍പറേഷനിലെ പ്രോജക്ട് സെല്ലിലെ ക്ലാര്‍ക്ക് ഉള്‍പ്പെടെയുള്ള മേയറുടെ ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥര്‍ സമാന്തര ഇടപെടല്‍ നടത്തിയത്. ഇവര്‍ വീട്ടിലെത്തി അവിടത്തെ താമസക്കാരില്‍ നിന്ന് തങ്ങളാണ് ഈ വീട്ടില്‍ താമസിക്കുന്നതെന്നും രണ്ട് വര്‍ഷമായി മറ്റാരും ഇവിടെയില്ലെന്നുമുള്ള സത്യവാങ്മൂലം എഴുതി വാങ്ങിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ വൈഷ്ണയെ കമ്മിഷന്‍ ഹിയറിങ്ങിനു വിളിപ്പിച്ചിരുന്നു. മതിയയായ രേഖകളെല്ലാം സമര്‍പ്പിച്ചെങ്കിലും അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കുകയായിരുന്നു. തുടര്‍ന്ന് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പ്രാഥമിക വോട്ടര്‍പട്ടികയിലും അന്തിമ പട്ടികയിലും വൈഷ്ണയുടെ പേരുണ്ടായിരുന്നുവെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇതിനിടെയാണ് വൈഷ്ണ ആ വിലാസത്തിലെ താമസക്കാരിയല്ലെന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ധനേഷ് പരാതി നല്‍കിയത്.

തുടര്‍ന്ന് ഹിയറിങ്ങിനു വിളിപ്പിച്ചെങ്കിലും പരാതിക്കാരന്‍ ഹാജരാവുകയോ പരാതിക്കടിസ്ഥാനമായ തെളിവുകള്‍ നല്‍കുകയോ ചെയ്തില്ല. ഇതോടെയാണ്, എന്തു രേഖകളുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍ പട്ടികയില്‍നിന്നു പേര് നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതെന്ന് കോടതി ആരാഞ്ഞത്. പേര് നീക്കം ചെയ്തതിനെ പിന്തുണച്ചു കൊണ്ട് രംഗത്തു വന്ന കോര്‍പറേഷന് ഇതില്‍ എന്താണ് കാര്യമെന്നും കോടതി ചോദിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചപ്പോള്‍ നല്‍കിയ വീട്ട് നമ്പര്‍ തെറ്റായിപ്പോയതാണ് വൈഷ്ണയ്ക്ക് തിരിച്ചടിയായത്. ഇതിനെതിരെ അവര്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീല്‍ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ വേണ്ടി ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ വൈഷ്ണയുടെ പേര് തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 27-ാം വാര്‍ഡ്, മുട്ടട പാര്‍ട്ട് നമ്പര്‍ 5-ലെ വോട്ടര്‍ പട്ടികയില്‍ പുനസ്ഥാപിക്കാന്‍ സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷന്‍ ഉത്തരവിടുകയായിരുന്നു. കമ്മിഷന്റെ നിര്‍ദേശ പ്രകാരം കോര്‍പ്പറേഷന്‍ ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫീസര്‍ വൈഷ്ണയിടെ പേര് പുനസ്ഥാപിച്ച് കമ്മിഷനെ അറിയിക്കുകയുണ്ടായി. ഇതോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പൂര്‍വാധികം ശക്തിയോടെ  വൈഷ്ണ തിരഞ്ഞെടുപ്പ് പ്രചാരണം പുനരാരംഭിച്ചു. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണം ശരിവയ്ക്കാതെ തരമില്ല. കാരണം മൂന്നാമൂഴത്തിന് കച്ചകെട്ടിയിറങ്ങിയിരിക്കുന്ന പിണറായിക്കും കൂട്ടര്‍ക്കും എങ്ങിനെയെങ്കിലും വിജയിച്ചേ പറ്റൂ.

അതേസമയം, പേര് വെട്ടല്‍ വിഷയം വൈഷ്ണയ്കും കോണ്‍ഗ്രസിനും വലിയ മൈലേജാണുണ്ടാക്കിയിരിക്കുന്നത്. ധനേഷിന്റെ പരാതി സി.പി.എമ്മിനെ തിരിച്ചുകുത്തിയെന്നതില്‍ സംശയമില്ല. 2020-ല്‍ 21 വയസ്സുള്ളപ്പോള്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരഞ്ഞെടുപ്പട്ട വ്യക്തിയായിരുന്നു സി.പി.എമ്മിന്റെ ആര്യാ രാജേന്ദ്രന്‍. 24-കാരിയായ വൈഷ്ണയ്ക്ക് ആ നേട്ടം സ്വന്തമാക്കാനാവുമെങ്കില്‍ അതൊരു മധുര പ്രതികാരമാകും.

വൈഷ്ണയ്ക്ക് വോട്ടവകാശം പുനസ്ഥാപിച്ചത് ഹൈക്കോടതിയുടെ നീതിയുക്തമായ ഇടപെടല്‍ തന്നെയാണ്. സി.പി.എമ്മിന്റെ അന്യായമായ ഭരണ ദുസ്വാധീനമാണ് വൈഷ്ണയ്ക്ക് വോട്ടവകാശം നിഷേധിച്ചതെന്ന ആക്ഷേപം ശക്തമായിരുന്നു. പാര്‍ട്ടിയുടെ സ്വാധീനത്തിന് വഴങ്ങി സര്‍ക്കാര്‍ സംവിധാനം നിയമ വിരുദ്ധവും വസ്തുതാ വിരുദ്ധവുമായി വൈഷ്ണയുടെ വോട്ടവകാശം നിഷേധിക്കുകയായിരുന്നു. വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക