
അദ്ധ്യായം-3
ഡോക്ടറുടെ വാക്കുകള്‍ കേട്ട് ആദ്യം ഞെട്ടിപ്പോയെങ്കിലും അടുത്ത ക്ഷണത്തില്‍ ഉഷയുടെ ചുണ്ടില്‍ ഒരു മന്ദഹാസം വിടര്‍ന്നു.
'ഇല്ല ഡോക്ടര്‍! അങ്ങേയ്ക്കു തെറ്റുപറ്റിയിരിക്കുന്നു. ഞങ്ങള്‍ ഇന്നലെ മാത്രമാണ് വിവാഹിതരായത്. ഞങ്ങള്‍ ശാരീരകമായി ബന്ധപ്പെട്ടിട്ടുമില്ല.' അവള്‍ പറഞ്ഞു.
ഡോക്ടര്‍ പെരുമാളും ഊറിച്ചിരിച്ചു.
'ക്ഷമിക്കണം. വിവാഹിതയാകാതെ തന്നെ ഒരു സ്ത്രീക്ക് ഗര്‍ഭം ധരിക്കാന്‍ സാധിക്കും.'
'അതെനിക്കുമറിയാം ഡോക്ടര്‍. പക്ഷെ എന്നെ അത്തരക്കാരില്‍ ഉള്‍പ്പെടുത്തേണ്ട. ഞാന്‍ ഇന്നേവരെ ഒരു പുരുഷനുമായും ബന്ധപ്പെട്ടിട്ടില്ല. ആ സ്ഥിക്ക് ഞാനെങ്ങനെ ഗര്‍ഭിണിയാകും?' അവള്‍ രോഷത്തോടെ ചോദിച്ചു.
'വൈദ്യരോടും വക്കീലിനോടും കള്ളം പറയരുതു കുട്ടി.' ഡോക്ടര്‍ ഉപദേശിച്ചു. 'വൈദ്യശാസ്ത്രവും കള്ളംപറയില്ല.'
അരവിന്ദ് ആ നേരമത്രയും ചിന്താക്കുഴപ്പത്തോടെ അവരുടെ വാഗ്‌വാദം ശ്രദ്ധിക്കുകയായിരുന്നു. ഉഷ പറയുന്നതു സത്യമാണോ? അതോ ഡോക്ടര്‍ക്കു തെറ്റു പറ്റിയതാണോ? അവന് ഒരു എത്തുംപിടിയും കിട്ടിയില്ല.
'ഡോക്ടറോടു തര്‍ക്കിക്കാന്‍ ഞാനില്ല. എങ്കിലും ഇത്തരം മുറിവൈദ്യവുമായി ഇരുന്നാല്‍ ഒട്ടേറെ പേര്‍ കണ്ണീരു കുടിക്കേണ്ടിവരും എന്ന് അങ്ങയെ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' അവള്‍ അരവിന്ദിന്റെ കയ്യില്‍ പിടിച്ചുകൊണ്ടു പറഞ്ഞു. 'വരൂ അരവിന്ദ് നമുക്ക് മറ്റേതെങ്കിലും ഡോക്ടറെ ചെന്നു കാണാം.'
അവര്‍, അപ്പോള്‍തന്നെ മറ്റൊരു ഹോസ്പിറ്റലിലേയ്ക്കു യാത്രയായി. കാറില്‍ ഇരിക്കുമ്പോഴും ഉഷ രോഷം കൊണ്ടു വിറയ്ക്കുകയായിരുന്നു.
'എങ്കിലും എന്തൊരു തെമ്മാടിത്തരമാണ് അയാള്‍ പറഞ്ഞത്. ഒരു അന്യപുരുഷനെ സ്പര്‍ശിച്ചിട്ടു പോലുമില്ലാത്ത ഞാന്‍ ഗര്‍ഭിണിയാണത്രെ! ഇത്തരം ഡോക്ടര്‍മാര്‍ക്ക് എത്രയെത്ര കുടുംബജീവിതം തകര്‍ത്തുകൂടാ! അയാളുടെ കരണത്തിനിട്ട് ഒരെണ്ണം കൊടുക്കാനുള്ള കോപമുണ്ടായി എനിക്ക്.'
ഉഷ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഉണ്ടായ ഞെട്ടലില്‍നിന്ന് അരവിന്ദ് അതിനകം മോചനം നേടിയിരുന്നു. ഡോക്ടര്‍ക്ക് പിശകു പറ്റിയതാവണം എന്ന് അവനും തോന്നി. അല്ലാത്തപക്ഷം ഉഷ ഇത്രമാത്രം രോഷം കൊള്ളുകയില്ല. മറ്റൊരു ഹോസ്പിറ്റലിലേയ്ക്കു പോകുവാന്‍ ധൈര്യം കാട്ടുകയുമില്ല.
'ഡോക്ടര്‍ക്ക് എന്തോ നോട്ടപ്പിശകു പറ്റിയതാണ്. ഏതായാലും മറ്റൊരു ഡോക്ടറെ കാണുമ്പോള്‍ സത്യസ്ഥിതി വെളിവാകുമല്ലോ.' അരവിന്ദ് പറഞ്ഞു.
'ഏതായാലും അരവിന്ദ് ആദ്യം സംശയിച്ചുപോയി അല്ലേ?' അവള്‍ ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു.
'തീര്‍ച്ചയായും ഒരു ഡോക്ടര്‍ അങ്ങനെ പറയുമ്പോള്‍ സംശയം തോന്നിയില്ലങ്കിലല്ലേ അത്ഭുതമുള്ളു.'
'എന്തിന്! ഒരു പുരുഷനുമായും ബന്ധപ്പെട്ടിട്ടില്ലെന്ന് പൂര്‍ണ്ണ ബോദ്ധ്യമുള്ള ഞാന്‍ പോലും ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നു പോയല്ലോ.' ഉഷ പറഞ്ഞു. 'ഏതായാലും കൂട്ടുകാരികളോടു പറഞ്ഞു ചിരിക്കാന്‍ നല്ല ഒരു തമാശയായി.'
കാര്‍ അപ്പോഴേയ്ക്കും നഗരത്തിലെ പ്രശസ്തമായ മറ്റൊരു ഹോസ്പിറ്റലിനു മുന്നിലെത്തിക്കഴിഞ്ഞിരുന്നു. അവര്‍ ഡോക്ടറുടെ പക്കലേയ്ക്കു നടന്നു.
ഉഷ അവിടെയും മെഡിക്കല്‍ ചെക്കപ്പിനു വിധേയയായി. അവളുടെ യൂറിനും ബ്ലഡും ലബോറട്ടറിയില്‍ പരിശോധിച്ചു.
ഒടുവില്‍ ഡോക്ടര്‍ ഫലം അറിയിച്ചു-
'അതേ, നിങ്ങള്‍ പ്രഗ്‌നന്റ് ആണ്.'
ഒരു വെള്ളിടി!
ഉഷ സംസാരശേഷി നഷ്ടപ്പെട്ടവളെപ്പോലെ നിശ്ചലയായി നിന്നുപോയി. താന്‍ ഗര്‍ഭിണിയാണെന്ന് ഇതാ വീണ്ടും മറ്റൊരു ഡോക്ടര്‍കൂടി സാക്ഷ്യപ്പെടുത്തുന്നു!
ദൈവമേ. എന്തൊരു പരീക്ഷണം...!
ഇന്നേവരെ ഒരു പുരുഷനോടുമൊത്ത് ലൈംഗികമായി ബന്ധപ്പെട്ടിട്ടില്ല. കേവലം ഒരു പ്രേമബന്ധം പോലും തനിക്കുണ്ടായിരുന്നില്ല. ആ താന്‍ എങ്ങനെ ഗര്‍ഭിണിയാകും?! പുരുഷസ്പര്‍ശനമേല്‍ക്കാതെ ഒരു സ്ത്രീ ഗര്‍ഭിണിയാകുമോ? ഈശ്വരാ, ഇതെന്തൊരു മായാജാലം!
അപരാധിയല്ലായിരുന്നിട്ടു കൂടി അരവിന്ദിന്റെ മുഖത്തു നോക്കുന്നതിനോ, അവനോട് ഒരക്ഷരം സംസാരിക്കുന്നതിനോ അവള്‍ക്കു ധൈര്യം വന്നില്ല. അദ്ദേഹം തന്നെ തെറ്റിദ്ധരിച്ചിരിക്കും. അരവിന്ദിന്റെ സ്ഥാനത്ത് മറ്റാരാണെങ്കിലും തന്നെ വിശ്വസിക്കില്ല. ഹോ, എന്തൊരു പരീക്ഷണം!
'വരൂ നമുക്കു പോകാം.' അരവിന്ദ് മെല്ലെ പറഞ്ഞു.
അയാളുടെ പിന്നാലെ തലയും കുമ്പിട്ട് അവള്‍ നടന്നു. കാറില്‍ചെന്നു കയറിയ ശേഷവും അരവിന്ദിന്റെ മുഖത്തു നോക്കുന്നതിനോ, അയാളോട് ഒരക്ഷരം ഉരിയാടുന്നതിനോ അവള്‍ ധൈര്യപ്പെട്ടില്ല. വല്ലാത്ത പാരവശ്യത്തോടെ അര്‍ദ്ധബോധാവസ്ഥയില്‍ അവള്‍ അങ്ങനെ ഇരുന്നു.
പ്രക്ഷുബ്ധമായ ഒരു കടലുപോലെ ഇളകി മറിയുകയായിരുന്നു അവളുടെ ഹൃദയം. ഡോക്ടറുടെ വാക്കുകള്‍ ഒരു പേക്കിനാവിലൂടെ എന്നവണ്ണം അവളെ വീണ്ടും മാനസികമായി പ്രഹരിച്ചുകൊണ്ടിരുന്നു.
'അരവിന്ദ്... ഞാന്‍ നിരപരാധിയാണ് ഒടുവില്‍ അവള്‍ വിക്കിവിക്കി പറഞ്ഞു. ഇതെങ്ങനെ സംഭവിച്ചു എന്ന് എനിക്ക് സത്യമായും അറിയില്ല. ഇതു വിശ്വസിക്കണം.'
അരവിന്ദ് പരിഹാസ ഭാവത്തില്‍ ഒന്നുചിരിച്ചു. 'എന്നെ വിഡ്ഢിവേഷം കെട്ടിക്കേണ്ട പെണ്ണേ' എന്നായിരുന്ന അതിന്റെ അര്‍ത്ഥം.
എങ്ങനെ ഗര്‍ഭവതിയായെന്ന് അറിയില്ല പോലും! ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ! അബദ്ധം പറ്റിപ്പോയെന്നോ, ബലാല്‍സംഗത്തിനിരയായെന്നോ പറഞ്ഞാല്‍ അത് മനസ്സിലാക്കാം. ക്ഷമിക്കാവുന്ന തെറ്റാണോ എന്ന് പരിഗണിക്കുകയും ചെയ്യാം. എന്നാല്‍ തന്റെ ഗര്‍ഭാവസ്ഥയില്‍ അജ്ഞത നടിച്ചുകൊണ്ട് ഇവള്‍ തന്നെ വിഡ്ഢിവേഷം കെട്ടിക്കുകയാണു ചെയ്യുന്നതെന്ന് അരവിന്ദിനു തോന്നി താന്‍ അത്രമാത്രം ബുദ്ധിശൂന്യനാണെന്ന് ഇവള്‍ കരുതുന്നുവോ?
മനസ്സില്‍ നുരയടിച്ചുയര്‍ന്ന രോഷം കാറിന്റെ വേഗതയേയും വര്‍ദ്ധിപ്പിച്ചു. ആ വാഹനം അതിവേഗത്തില്‍ ചീറിപ്പാഞ്ഞു. വിവിധ വികാരങ്ങള്‍ അവന്റെ മുഖത്ത് മാറി മാറി പ്രത്യക്ഷപ്പെട്ടു. കോപവും താപവുമെല്ലാം. എന്തൊരു നാണക്കേടാണ് സംഭവിച്ചിരിക്കുന്നത്! ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയതില്‍ നാട്ടുകാരുടേയും കൂട്ടുകാരുടേയും മുന്നില്‍ താന്‍ പരിഹാസപാത്രമാവും.
ഉടനെ എന്തെങ്കിലും തീരുമാനം എടുത്തേ മതിയാകു. വഞ്ചകിയായ ഈ യുവതിയോടോത്തു ജീവിക്കുക തനിക്ക് അസാദ്ധ്യം.
ഉഷയുടെ മനസ്സും പ്രക്ഷുബ്ധമായിരുന്നു. അരവിന്ദ് വീടിനെ ലക്ഷ്യമാക്കിയാണ് കാറോടിക്കുന്നത്. വീട്ടിലെത്തിയാലുടന്‍ അവന്‍ എന്തെങ്കിലുമൊരു തീരുമാനം പ്രഖ്യാപിക്കും. അത് എന്തായിരിക്കും? ആലോചിക്കുമ്പോള്‍ ഭയം തോന്നുന്നു. അത് ഒരിക്കലും തനിക്ക് അനുകൂലമാവാതിരിക്കാനാണ് സാദ്ധ്യത. അതേ, അരവിന്ദ് തന്നെ കയ്യൊഴിയുകയില്ലെ...?
ഉഷയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അര്‍ദ്ധബോധവസ്ഥയില്‍ അവള്‍ കാറിന്റെ സീറ്റില്‍ ചാരിയിരുന്നു.
ആ വാഹനം വീട്ടുമുറ്റത്തെത്തി നിന്നു. അച്ഛനും അമ്മയും അനുജത്തിയുമൊക്കെ വാതില്‍ക്കലേയ്ക്കു വന്നു.
'ഡോക്ടര്‍ എന്തു പറഞ്ഞു മക്കളെ?' ഭാസ്‌ക്കരക്കുറുപ്പു തിരക്കി.
അരവിന്ദിന്റെ മുഖം ഗൗരവം നിറഞ്ഞതായിരുന്നു. ഉഷ മുഖം പൊത്തിക്കരയുകയും.
അതു കണ്ടപ്പോള്‍ എല്ലാവരുടേയും ഉല്‍ക്കണ്ഠ വര്‍ദ്ധിച്ചു. അച്ഛനും അമ്മയും ആകാംക്ഷയോടെ തിരക്കി.
'എന്താണു മക്കളെ? എന്തുപറ്റി? ഡോക്ടര്‍ എന്തു പറഞ്ഞു?'
ഉഷയ്ക്കു മറുപടി പറയാനുള്ള കരുത്തില്ലായിരുന്നു. അവള്‍ കരഞ്ഞുകൊണ്ട് അകത്തേയ്ക്ക് ഓടിപ്പോയി.
'മോനെ എന്താണിത്? എന്തുപറ്റി?' ഭാസ്‌ക്കരക്കുറുപ്പ് വര്‍ദ്ധിച്ച ഉല്‍ക്കണ്ഠയോടെ അരവിന്ദിന്റെ തോളില്‍ പിടിച്ചു കുലുക്കി.
'ഡോക്ടര്‍ പറഞ്ഞത് എന്താണെന്നു ഞാന്‍ പറയാം. നിങ്ങളുടെ മകള്‍ ഗര്‍ഭിണിയാണെന്ന്' അരവിന്ദില്‍ നിന്നും രോഷം നിറഞ്ഞ ആ വാക്കുകള്‍ പുറത്തുവന്നു.
'എന്ത്?' ഭാസ്‌ക്കരക്കുറുപ്പ് ഷോക്കേറ്റതുപോലെ നിന്നുപോയി. വാസന്തിയമ്മ ഒരു തേങ്ങലോടെ അകത്തേയ്‌ക്കോടി. സുനന്ദയും മുഖം താഴ്ത്തി അമ്മയുടെ പിന്നാലെ ചെന്നു.
'മോനെ അതെങ്ങനെ സംഭവിച്ചു!' ഭാസ്‌ക്കരക്കുറുപ്പ് ഉല്‍ക്കണ്ഠയോടെ അരവിന്ദിന്റെ മുഖത്തേയ്ക്കു നോക്കി.
'അതു നിങ്ങളുടെ മകളോടാണ് ചോദിക്കേണ്ടത്.' അരവിന്ദ് പൊട്ടിത്തെറിച്ചു. ഞാന്‍ നിങ്ങളുടെ മകളെ സ്പര്‍ശിച്ചിട്ടുപോലുമില്ല. അവളെ എന്നെ ഏല്പിച്ചപോലെ തന്നെ ഞാന്‍ നിങ്ങളെ തിരികെ ഏല്പിക്കുന്നു.
അത്രയും പറഞ്ഞിട്ട് അവന്‍ കാറില്‍ കയറി ഡോര്‍ ശക്തിയോടെ വലിച്ചടച്ചു.
'അരവിന്ദ്....'
ഉഷ കരഞ്ഞുകൊണ്ട് അകത്തുനിന്നും ഓടിവന്നു.
അവന്‍ അതു ഗൗനിച്ചതേയില്ല കാര്‍ മുന്നോട്ടു കുതിച്ചു നിമിഷങ്ങള്‍ക്കകം അതു ദൃഷ്ടിയില്‍ നിന്നും മറഞ്ഞു.
'അമ്മേ... ഞാന്‍ തെറ്റുകാരിയല്ലമ്മേ ഞാന്‍ തെറ്റുകാരിയല്ല' ഉഷ അമ്മയുടെ തോളില്‍ തലചായ്ച്ച് നിലവിളിച്ചു.
'പിന്നെ ഇത് എങ്ങനെ സംഭവിച്ചു മകളെ?'
'അത് എനിക്കു തന്നെ അറിയില്ലമ്മേ!'
'മോളെ നീ ഞങ്ങളെ വിഷമിപ്പിക്കാതെ സത്യം തുറന്നു പറയൂ.'
'ഞാന്‍ പറയുന്നതു സത്യമാണെമ്മേ സത്യം!'
'എന്താണു പ്രശ്‌നമെങ്കിലും നമുക്കു പരിഹാരം കണ്ടെത്താം. പറയൂ ആരാണുത്തരവാദി?'
'ഞാന്‍ പറയുന്നതു വിശ്വസിക്കണമമ്മേ. ഒരു പുരുഷന്‍പോലും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഇത് എങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല.'
'ഇല്ല മകളെ, നിന്റെ നുണക്കഥ ആരും വിശ്വസിക്കില്ല. ഞങ്ങളെ നീ വിഡ്ഢികളാക്കരുത്.'
സ്വന്തം മാതാപിതാക്കള്‍പോലും തന്റെ വാക്കുകള്‍ വിശ്വസിക്കുന്നില്ല. അവള്‍ മുഖം പൊത്തിക്കരഞ്ഞുകൊണ്ട് മുറിക്കുള്ളിലേയ്ക്കു തന്നെ മടങ്ങി.
ഭാസ്‌ക്കരക്കുറുപ്പും വാസന്തിയമ്മയും മുഖത്തോടു മുഖം നോക്കി. എന്താണു ചെയ്യുക! എന്തൊരു നാണക്കേടാണ് സംഭവിച്ചിരിക്കുന്നത്! ഇനി നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും? അരവിന്ദ് പിണങ്ങി പോവുകയും ചെയ്തിരിക്കുന്നു. ഇനി ഇവളുടെ ഭാവി എന്തായിത്തീരും? കഷ്ടപ്പെട്ട് ഇത്രയും കാലം വളര്‍ത്തിയതിന്റെ ഫലം.
'ഒരു ദിവസം കഴിയട്ടെ. അവളുടെ വിഷമമൊക്കെ ഒന്നു കുറയട്ടെ. അതു കഴിഞ്ഞ് നമുക്കു തിരക്കാം. അവള്‍ സത്യം പറയും.'
'അല്ലെങ്കില്‍ പറയിക്കും.' ഭാസ്‌ക്കരക്കുറുപ്പ് അമര്‍ഷത്തോടെ പറഞ്ഞു.
പിറ്റേന്നു വാസന്തിയമ്മ നയത്തില്‍ മകളോടു തിരക്കി എന്താണു സംഭവിച്ചതെന്ന്. താന്‍ ഒരു പുരുഷനുമായും ബന്ധപ്പെട്ടിട്ടില്ല എന്ന സത്യം അവള്‍ തുറന്നു പറഞ്ഞു. അതു കേട്ടപ്പോള്‍ വാസന്തിയമ്മ ചൊടിച്ചു. അപ്പോഴും ഉഷയ്ക്ക് മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല.
സുനന്ദ അന്നാദ്യമായി ചേച്ചിയോടു കയര്‍ത്തു സംസാരിച്ചു.
'പുരുഷ സംസര്‍ഗ്ഗം ഇല്ലാതെ ഒരു സ്ത്രീക്കും ഗര്‍ഭം ധരിക്കാനാവില്ല. ചേച്ചി ഞങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കരുത്.'
'അത് എനിക്കുമറിയാം കുഞ്ഞെ. പക്ഷെ എന്നില്‍ ഇതെങ്ങനെ സംഭവിച്ചു എന്ന് സത്യമായും എനിക്കറിയില്ല. ഇങ്ങനെ പറഞ്ഞാല്‍ ആരും വിശ്വസിക്കുകയില്ലെന്നും എനിക്കറിയാം.'
ഭാസ്‌കരക്കുറുപ്പിന്റെ കൈ തരിച്ചു. അയാള്‍ അന്നാദ്യമായി മകളെ മര്‍ദ്ദിച്ചു.
'സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു. ഇനിയെങ്കിലും എല്ലാം തുറന്നു പറയൂ. ആരെങ്കിലും നിന്നെ വഞ്ചിച്ചതാണോ? അതോ ബലാല്‍സംഗം ചെയ്‌തോ? എന്താണുണ്ടായതെന്നാല്‍ പറയൂ.'
ഉഷ പൊട്ടിക്കരഞ്ഞു.
'ഇല്ലച്ഛാ എനിക്കു കൂടുതലൊന്നും പറയാനില്ല. എന്നെ വിശ്വസിക്കൂ. എനിക്കൊന്നുമറിയില്ല.'
മര്‍ദ്ദനം കൊണ്ടും ഫലമില്ലെന്നായപ്പോള്‍ അയാള്‍ സ്വയം ശപിച്ചുകൊണ്ട് പുറത്തേക്കിറങ്ങിപ്പോയി.
എന്തൊക്കൊയോ പിറുപിറുത്തുകൊണ്ട് വാസന്തിയമ്മയും അവര്‍ക്കു പിന്നാലെ സുനന്ദയും മുറിയില്‍ നിന്നിറങ്ങിപ്പോയി.
ഉഷ അവിടെ തനിച്ചായി.
തന്നെ ആരും വിശ്വസിക്കില്ലെന്ന് അവള്‍ക്ക് ഉറപ്പായി. തനിക്കുപോലും ആ സത്യം പൂര്‍ണ്ണമായും വിശ്വസിക്കുവാന്‍ കഴിയുന്നില്ല.
ഇനി ഒരൊറ്റ വഴി മാത്രമേ കാണുന്നുള്ളു.
മരണം!
Read More: https://www.emalayalee.com/writer/304