
"ഗായത്രി തളരരുത്..
കൂടുതൽ ശക്തിയോടെ കൂടെനിന്ന് രാം മോഹനെ തിരിച്ചുകൊണ്ടുവരണം "
മൗനം മുറിച്ചുകൊണ്ട് ഡോക്ടർ തുടർന്നു.
"പരീക്ഷണങ്ങൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവും . അതതിജീവിക്കുകതന്നെയാണ് അതിനെ മറികടക്കാനുള്ള മാർഗ്ഗം "
"ഇതിന് എത്ര കാലം ചികിത്സ തുടരേണ്ടിവരും?"
സംയമനം വീണ്ടെടുത്ത ഗായത്രി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
"അവിടെയും ചെറിയ പ്രശ്നമുണ്ട്. പാരമ്പര്യമായിക്കിട്ടിയ അസുഖമായതിനാൽ ഒന്നിൽക്കൂടുതൽ ജീനുകൾക്ക് ക്രമക്കേടുണ്ടാവും. "
അതുകൊണ്ടുതന്നെ എത്ര കാലം വേണ്ടിവരുമെന്നോ എത്രത്തോളം വിജയകരമാവുമെന്നോ പറയാൻ പ്രയാസമാണ്. "
" എന്നുവെച്ചാൽ പരിപൂർണ്ണമായ തിരിച്ചുവരവ് സാധ്യമല്ല അല്ലേ? "
അല്പം വ്യക്തതക്കൂടുതലിനുവേണ്ടി ഗായത്രി ചോദിച്ചു.
" അങ്ങനെയല്ല രാം മോഹൻ അസാമാന്യബുദ്ധിശക്തിയുള്ളയാളാണ്. ചികിത്സയും ഗായത്രിയുടെ കരുതലും എല്ലാംകൂടെയാവുമ്പോൾ ശരിയായേക്കാം.
പക്ഷേ. അതിന്റെ റിസ്ക് ഫാക്ടർ പറഞ്ഞു എന്നുമാത്രം " .
ഗായത്രിയുടെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലാക്കിയ ഡോക്ടർ ബുദ്ധിപൂർവ്വം മറുപടി പറഞ്ഞു.
"എനിക്കു മനസ്സിലായി ഡോക്ടർ ...
സത്യം പറഞ്ഞാൽ ആശ്വാസമായി ...
ഇത്രയുംകാലമുണ്ടായിരുന്ന ഇരുട്ടു മാറിക്കിട്ടി."
വിളർത്ത ചിരിയോടെ ഗായത്രി പറഞ്ഞു.
" ഞാൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കണം . ഇപ്പോഴത്തെ മാറ്റത്തിന്റെ പ്രധാനകാരണം ഇതറിഞ്ഞ വിഷമമാണ്. കുറച്ചു കഴിയുമ്പോൾ അതു മാറും.. പക്ഷേ, ഇടയ്ക്കുണ്ടായേക്കാവുന്ന പ്രത്യേകാവസ്ഥ; അതാണ് ശ്രദ്ധിക്കേണ്ടത് "
ഇറങ്ങാൻ ഭാവിച്ച ഗായത്രിയെ നോക്കി ഡോക്ടർ ഒരിക്കൽക്കൂടെ ഓർമ്മിപ്പിച്ചു.
" ഞാൻ നിഴലായ്ത്തന്നെ കൂടെയുണ്ടാവും. കാര്യങ്ങൾ മനസ്സിലായല്ലോ .
ഡോക്ടറോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല". തൊഴുതുകൊണ്ട് ഗായത്രി പറഞ്ഞു.
" ഇതൊരു ഡോക്ടറുടെ കടമയല്ലേ? പിന്നെ എന്തെങ്കിലുമാവശ്യമുണ്ടെങ്കിൽ വിളിച്ചോളൂ "
പടികളിറങ്ങുമ്പോഴും ഗായത്രിയുടെ മനസ്സിലെ വീർപ്പുമുട്ടൽ മാറിയിരുന്നില്ല.
വിശ്വസിക്കാനാവുന്നില്ല.
മനോഹരമായ ജീവിതം ... അതിപ്പോൾ സമാധാനമില്ലായ്മയുടെ അകത്തളങ്ങളിൽ തളച്ചിടാൻ പോവുന്നു.
മനുഷ്യന്റെ ജീവിതത്തിൽ യുക്തിക്കു നിരക്കാത്ത പല പ്രതിഭാസങ്ങളും നടക്കാറില്ലേ...
അത്തരമൊരു മിറാക്കിൾ സംഭവിച്ച് എല്ലാം ശരിയായാലോ!
ഒന്നിനെക്കുറിച്ചും അധികമാലോചിക്കരുത് എന്ന് പണ്ടച്ഛൻ പറയാറുള്ളത് ഓർമ്മവന്നു...
ഇപ്പോൾ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ !
വീട്ടിലെത്തിയപ്പോള്‍ ഗായത്രി അച്ഛന്റെ പെട്ടി തുറന്നു .. പഴയ വി.ഐ.പി ബ്രീഫ് കേസ്. അച്ഛന്റെ സാന്നിദ്ധ്യമറിയിക്കുന്ന കണ്ണട , വാച്ച്, പേന , ഒന്നുരണ്ടുജോഡി ഡ്രസ്സുകൾ ഒക്കെയുള്ള കുഞ്ഞുപെട്ടി.
ഓരോന്നിലും വിരലുകളോടിച്ച് പതിയേ ഷർട്ടെടുത്ത് നെഞ്ചോടു ചേർത്തുപിടിച്ചു. അച്ഛന്റെ മണം ആവോളം ആസ്വദിച്ചു. അതിനടിയിലെ പഴയ ഡയറികളിൽ മിഴികളുടക്കി.
പതുക്കേ താളുകൾ മറിച്ചു... പല പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ വായിച്ചിട്ടില്ല.
മരണശേഷവും ആ സ്വകാര്യത അങ്ങനെ നിൽക്കട്ടെയെന്ന തോന്നലുതന്നെ കാരണം.
ഇപ്പോഴതു വായിച്ചാൽ ഒരു പരിഹാരം കിട്ടിയേക്കുമെന്ന് മനസ്സു പറയുന്നു.
പതുക്കേ പേജുകൾ മറിച്ചു. മുഴുമിപ്പിക്കാനാവാതെ പാതിയിൽ നിന്നുപോയ അവസാനഡയറി..
പ്രത്യേകിച്ചൊന്നുമില്ല ...
പതിവുപോലെ ഗായത്രി വിളിച്ചിരുന്നു. അവൾ സുഖമായിരിക്കുന്നു.
എന്നിങ്ങനെ ചില വരികൾ
ഇടയ്ക്കു കണ്ട വാചകത്തിൽ കണ്ണുകളുടക്കി..
അമ്മയ്ക്കെഴുതിയതാണ് ....
ഗായത്രി സന്തോഷമായിരിക്കുന്നു...
രാം മോഹൻ നല്ല ചെറുപ്പക്കാരൻ . ഞാൻ പേടിച്ചതുപോലൊന്നുമില്ല.എല്ലാം എന്റെ തോന്നലായിരുന്നു.
ബാധ്യതകളെല്ലാം അവസാനിച്ചു ഇനി നിൻറടുത്തേക്ക് വരാൻ സമയമായി. കുറെക്കാലമായില്ലേ കാത്തിരിക്കാൻതുടങ്ങിയിട്ട് ... ഇനി അധികം വൈകില്ലട്ടോ..
വേർപിരിഞ്ഞ് വർഷങ്ങൾക്കിപ്പുറവും കാത്തുസൂക്ഷിക്കുന്ന മനസ്സിലെ ഇഷ്ടം
അവസാനവരികളിലും അമ്മയെ ചേർത്തുപിടിച്ചിരിക്കുന്നു. അവസാനനിമിഷങ്ങളായെന്ന് മനസ്സിലാക്കിയതുപോലുള്ള വാക്കുകൾ...
മരിക്കുന്നതിന് രണ്ടുദിവസംമുമ്പേ എഴുതിയ വരികൾ.. അതിനുശേഷം ഒന്നും എഴുതിയിട്ടില്ല.
അല്ല ആ രണ്ടുദിവസം ഹോസ്പിറ്റലിലായിരുന്നല്ലോ...
ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞുകവിഞ്ഞു. മരണംവരെയും ആ മനസ്സിൽ അമ്മയും മോളുംമാത്രമായിരുന്നു.
എന്തായിരിക്കും അച്ഛൻ പേടിച്ചത് ? എന്തായിരുന്നു അച്ഛന്റെ തോന്നൽ ......?
പഴയ ഡയറികൾ മറിച്ചുനോക്കി. ഓരോ പേജും സശ്രദ്ധം തിരഞ്ഞു.
കല്യാണത്തിനു മുൻപത്തെ ഡയറിയിലെഴുതിയ വരികൾ അവളെ അസ്വസ്ഥയാക്കി....
'എന്റെ മോളും പാരമ്പര്യക്കണ്ണിയിലെ ഇരയാവുമോ ?'
ഇത്ര സന്തോഷത്തിലിരിക്കുന്ന അവളോട് ഞാനിതെങ്ങനെ പറയും ?
വിധിപോലെ വരട്ടെ...
രാം മോഹനെ ആദ്യം പരിചയപ്പെട്ടപ്പോൾ അച്ഛനിലുണ്ടായിരുന്ന സന്തോഷം
പിന്നീടുണ്ടായിരുന്നില്ല..
പതുക്കപ്പതുക്കേ ഓർത്തെടുക്കാൻ നോക്കി..
നിറയേ ആളുകളുള്ള കുടുംബത്തിലേക്ക് തന്നെ പറഞ്ഞയക്കണമെന്ന് എപ്പോഴും പറയുമായിരുന്നു . അതിന്റെ വിഷമമാവും എന്നേ കരുതിയുള്ളൂ .
എവിടെയോ എന്തോ തകരാറുണ്ട്.
അച്ഛനെന്തോ സൂചന കിട്ടിയിരുന്നു എന്നുറപ്പാണ്.
തന്നെ വിഷമിപ്പിക്കണ്ടാ എന്നു കരുതിയാവും പറയാതിരുന്നത്.
ഷർട്ടും ഡയറിയും കൈയിൽപ്പിടിച്ച് എത്രനേരമിരുന്നെന്നറിയില്ല.
നേരം സന്ധ്യയാവുന്നു
റാം വരാറായി...
Read More: https://www.emalayalee.com/writer/311