Image

കേരള സെന്ററിൽ ഒരു സർഗ സായാഹ്‌നം (മനോഹർ തോമസ്)

Published on 22 November, 2025
കേരള സെന്ററിൽ ഒരു സർഗ സായാഹ്‌നം (മനോഹർ തോമസ്)

സർഗ്ഗവേദിയുടെ തുടക്കം മുതൽ അനുവർത്തിച്ചു കൊണ്ടിരുന്ന സംരംഭങ്ങളിൽ ഒന്നാണ് സൃഷ്ടികൾ വായിക്കുകയും വിലയിരുത്തുകയും

ചെയ്യുക എന്ന പ്രക്രിയ . അടുത്തകാലത്തുണ്ടായ പുസ്തക പ്രകാശന  ചടങ്ങുകൾ കൊണ്ടും ,നാട്ടിൽ നിന്നും എത്തുന്ന അതിഥികളുടെ സ്വികരണ ചടങ്ങുകൾ കൊണ്ടും ,കുറെ കാലമായി അത്  കഴിയാതെ പോയി . നവംബർ പതിനാറാം തീയതി കൂടിയ സർഗ്ഗവേദിയിൽ മുന്ന് കവിതകളും ,മുന്ന് കഥകളും വിലയിരുത്തുകയുണ്ടായി .

ഡാളസ്സിൽ വച്ചു നടന്ന ലാനയുടെ സമ്മേളത്തിൽ ന്യൂയോർക്കിൽ നിന്നും ധാരാളം പേർ പങ്കെടുത്തിരുന്നു .സർഗ്ഗവേദിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു .സർഗ്ഗവേദിയിൽ  വളരെ കാലമായി പ്രവർത്തിക്കുന്ന

നിർമ്മല ജോസെഫിനെയാണ് അടുത്ത ലാന സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത് . മിക്കവാറും അടുത്ത ലാന ന്യൂയോർക്കിൽ വച്ച് നടക്കാൻ സാധ്യതകൾ ഉണ്ട് .അപ്പോൾ ആതിഥേയർ നമ്മളായിരിക്കും .

മലയാളിയെ സംബന്ധിച്ചിടത്തോളം ഓണം എന്നും ഒരു നിറമുള്ള ഓർമ്മയാണ് . ഏത് ഐതിഹ്യത്തിന്റെ ചുവടുപിടിച്ചായാലും  അത് എല്ലാവർഷവും കൊണ്ടാടാൻ മലയാളി ബാധ്യസ്ഥനായ പോലെയാണ് ഇപ്പോഴത്തെ അവസ്ഥ . പണ്ട് , വളരെ പണ്ട് , കഷ്ടപ്പാടും ,പട്ടിണിയും നിറഞ്ഞു നിന്ന ഒരു കാലഘട്ടത്തിൽ ഏതോ ബുദ്ധിമാനായ ഒരാൾ കണ്ടെത്തിയതാണ് ഈ

ഓണത്തിൻറെ ഐതിഹ്യം എന്നും പറയുന്നുണ്ട് .ഉടുതുണിക്ക് ,മറുതുണി ഇല്ലാതിരുന്ന കാലം , വയറു നിറച്ചു കഴിക്കാൻ ഇല്ലാത്ത കാലം ; ഒരു ദിവസമെങ്കിൽ ഒരു ദിവസം ആഘോഷ പൂർണമാക്കാൻ ഒരുപാധി .ആ പഴയ കാലം ,പുതിയ കാലത്തോട് ചേർത്തുവച്ചു ജോസ് ചെരിപുരം എഴുതിയ കവിതയാണ്  “ മാവേലിനാട്  “ .പുരാവൃത്തം പഴയതാണെങ്കിലും പുതിയ കാലത്തിൻറെ കണ്ണാടിയിലൂടെ കവി അത് നോക്കിക്കാണാൻ ശ്രമിക്കുന്നു .

ലോകം ഉണ്ടായ കാലം മുതൽ പ്രേമം ഉണ്ട് . അതിനെപ്പറ്റി പാടാത്ത ഒരു കവിയെയും കാലം കണ്ടെത്തിയിട്ടില്ല . ലോകാവസാനം വരെ അനവരതം അത് തുടർന്നുകൊണ്ടിരിക്കും . ആകാശവിതാനത്തിലേക്കു നോക്കി കവി കാമുകിയോട് പറയുകയാണ് “ വിവാഹം കഴിച്ചു ഒന്നിച്ചു ജീവിക്കാൻ കാലം നമ്മെ അനുവദിച്ചില്ലെങ്കിലും , നിൻറെ ഭർത്താവ് ഞാനെന്ന പഴയ കാമുകന്റെ പേര് പറഞ്ഞു നിന്നെ അലോസരപ്പെടുത്താറുണ്ടെങ്കിലും ,ഞാനയച്ച അവസാനത്തെ കത്ത് നീയെടുത്തു കത്തിച്ചു കളഞ്ഞെങ്കിലും ,അവിടെ കാണുന്ന ആറന്മുള കണ്ണാടിയിൽ നോക്കി  നമുക്ക് ആശ്വസിക്കാൻ വകയുണ്ട്.

നമുക്കതു തുടരാം !   “ പ്രേമമുകുരം “ രാജു തോമസിന്റെ കവിത ,പുതിയകാല പ്രണയത്തിന്റെ നാൾവഴികളിലൂടെ പറയുന്നതതാണ് !!

കുടിയേറ്റം പലതരം ആളുകളെ ഇവിടെ എത്തിക്കുന്നു . കൂടുതൽ പേരും ജോലികിട്ടി ഭാര്യയെയും ,കുട്ടികളെയും ഇങ്ങോട്ട് കൊണ്ടുവന്ന് രക്ഷപെടാൻ ശ്രമിക്കുന്നു . പുതിയ ഭൂമികയിൽ ജോലി ഒരു പ്രശനം തന്നെയാണ് .നാട്ടിൽ ചെയ്തുകൊണ്ടിരുന്നത് തുടരാൻ വലിയ വിദ്യാഭ്യാസ യോഗ്യത വേണം .അത് കഴിഞ്ഞില്ലെങ്കിൽ പുതിയ ജോലികൾ തേടുന്നു .ചിലർ പത്രം ,മാസിക മുതലായ മാധ്യമ പ്രവർത്തനത്തിൽ ഏർപ്പെടുന്നു .പണ്ടെഴുതി ശീലിച്ചവരും അല്ലാത്തവരും അതിൽ ഭാഗഭാക്കാകുന്നു . ചിലർ ജോലിക്കു പുറമെ സംഘടനകൾ ഉണ്ടാക്കി അതിൽ പ്രവർത്തിക്കുന്നു .മറ്റുചിലർ നന്നയി നടക്കുന്ന സംഘടനകൾക്കുനേരെ മനഃസമാധാനത്തിനു വേണ്ടി ജൗളി പൊക്കി കാണിക്കുന്നു . മനോഹർ തോമസ് എഴുതിയ   “ അപരാജിതൻ “ എന്ന കഥ ഇങ്ങോട്ട് കുടിയേറിയ ഒരു സാധാരണ നാട്ടുമ്പുറത്തുകാരന്റെ ജീവിത വ്യാപാരങ്ങളിലൂടെ മുന്നേറുന്നു .

വാർദ്ധക്യം വന്നെത്തുമ്പോൾ ഓരോ വ്യക്തിയിലും വിവിധ തരം പ്രതിഭാസങ്ങളാണ് കണ്ടുവരുന്നത് . മരണം പുൽകുന്നതിനുമുമ്പ് ഓരോ വ്യക്തിയും  ആ ഇടനാഴിക കടക്കേണ്ടിയിരിക്കുന്നു . അതുകൊണ്ടാണ് പലരും പ്രാർത്ഥിക്കുമ്പോൾ “ ഒന്നുമൊന്നും വരുത്താതെ ,അധികം കിടത്താതെ കൊണ്ടുപോണെ  “ എന്ന് വാർധക്യത്തിൽ ഉരുവിടുന്നത് .പരമകാരുണികൻ ഓരോ വ്യക്തിക്കും അന്ത്യനാളിൽ എന്താണ് വച്ചിരിക്കുന്നത് എന്നു പ്രവചിക്കാൻ ആവില്ലല്ലോ .നിർമല ജോസഫ് തന്റെ “ തപ്പ് “ എന്ന അതി മനോഹരമായ കഥയിൽ അങ്ങിനെയുള്ള ഒരു വയസ്സനെ അവതരിപ്പിക്കുന്നു .

അയാളുടെ വാർധക്യകാല ചെയ്തികളിൽ രസം കണ്ടെത്തുന്ന ഭാര്യയുടെ ചിന്തകളിലൂടെ കഥ പ്രയാണം നടത്തുന്നു .

ലോകത്തിൽ എത്രയോ ആളുകളാണ് അടുത്തു ജനിക്കാൻ പോകുന്നത്

പെൺകുഞ്ഞാണ്‌ എന്നറിഞ്ഞു അബോർട്ട് ചെയ്യുന്നത് . എത്രയോ ദമ്പതികളാണ് കുട്ടികളില്ലാതെ പ്രാണവേദനയിൽ കഴിയുന്നത് .ഓരോ കുടുംബത്തിനകത്തും ,അജ്ഞാതമായ ഒരു കഥകിടന്നു ചുറ്റുന്നുണ്ടായിരിക്കും.

അതവിടെ ഉണ്ടെന്നു അറിഞ്ഞാൽമതി ,എന്താണെന്ന് അറിയണം എന്ന് നിർബന്ധമില്ല .അറിയണമെന്ന് നിർബന്ധം പിടിക്കാതിരിക്കാനുള്ള ഔചിത്യം നമ്മൾ കാണിച്ചാൽ മതി .ആദ്യകുട്ടി ജനിച്ചു നാലുമാസത്തിനുള്ളിൽ വീണ്ടും ഗര്ഭവതിയായ ഭാര്യയുള്ള ഒരു കുടുംബത്തിന്റെ കഥയാണ് ബാബു പാറക്കൽ

തൻ്റെ   “ കുറ്റബോധം   “ എന്ന കഥയിലൂടെ പറയുന്നത് .

പണ്ടത്തെ ഓണം; പൂക്കളം ഇടുന്നതിനും ,പൂ പറിക്കുന്നതിനും ഓണപ്പാട്ട് പാടുന്നതിനും ,ഊഞ്ഞാൽ ആടുന്നതിനും ഒക്കെ പ്രാധാന്യം കൊടുത്തിരുന്ന

ഒരു കുടുംബ ,ഗ്രാമ നിബദ്ധമായ ഒന്നായിരുന്നു .ഇന്നത്തെ ഓണം വാണിജ്യവൽക്കരിക്കപ്പെട്ട് ,അതിന് മറ്റൊരു മുഖമായി മാറി . ആ മാറ്റത്തിന്റെ മുറിപ്പാടുകളിൽ മോൻസി കൊടുമൺ എഴുതിയ കവിതയാണ്  “ ഇന്നത്തെ ഓണം “

ഹൃദയ സ്പർശിയായ കവിതകളാലും ,സത്യങ്ങൾ തേടുന്ന കഥകളാലും ഒരു സർഗവേദി സായാഹ്‌നം സമ്പുർണ്ണമായി !!!

Join WhatsApp News
Teresa Antony 2025-11-23 00:11:12
Manohar Thomas has beautifully summarized the various poems and stories that were presented at the Sargavedi. It takes a keen interest and a great knowledge of Malayalam literature to write such a wonderful commentary of all the presentations. I applaud Manohar for this report it takes a keen intelect and a deep interest and knowledge in Malayalam leterature to write
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക