
''ശബരിമലയില്‍ മോഷണം നടത്തി ആര്‍ക്കും രക്ഷപെട്ടു പോകാന്‍ കഴിയില്ല. നമ്മള്‍ ദൈവതുല്യം കാണുന്ന പലരും ഇതിനകത്തുണ്ടെങ്കില്‍ എന്തു ചെയ്യാന്‍ കഴിയും...'' സ്വര്‍ണക്കൊള്ളയില്‍ ഇപ്പോള്‍ റിമാന്‍ഡിലായ എ പത്മകുമാര്‍ കഴിഞ്ഞ ഒക്‌ടോബര്‍ 10-ാം തീയതി പറഞ്ഞതാണിത്. പത്മകുമാറിന്റെ വായില്‍നിന്നു തന്നെ ആ ദൈവ തുല്യനെ സംബന്ധിച്ച സൂചനകള്‍ എസ്.ഐ.ടിക്ക് ലഭിച്ചു. സ്വര്‍ണപ്പാളികള്‍ക്കായി ഉണ്ണികൃഷ്ണന്‍പോറ്റി അപേക്ഷ നല്‍കിയത് സര്‍ക്കാരിനാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഫയല്‍ ദേവസ്വം ബോര്‍ഡിന്റെ മുന്നിലെത്തിയതെന്നുമാണ് പത്മകുമാറിന്റെ മൊഴി.
അതിനാല്‍ സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായോ എന്നു പരിശോധിക്കാന്‍ അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെ എസ്.ഐ.ടി ചോദ്യം ചെയ്യും. പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്തശേഷം കടകംപള്ളിക്ക് നോട്ടീസ് നല്‍കാനാണ് ആലോചന. പോറ്റിക്ക് ദേവസ്വം മന്ത്രിയുമായി 'പരിചയം' ഉണ്ടായിരുന്നെന്നും എസ്.ഐ.ടിക്ക് വിവരം ലഭിച്ചിട്ടുണ്ട്. 2019-കാലഘട്ടത്തില്‍ ശബരിമലയില്‍ നടന്ന ഇടപാടുകള്‍ കടകംപള്ളിയുടെ അറിവോടെയാണ് നടന്നതെണെന്ന് വ്യക്തമാക്കുന്നതാണ് പത്മകുമാറിന്റെ മൊഴി.
ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം സ്വതന്ത്രമാണെന്നും ഇതുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ ഭരണ കാലത്ത് വന്നിട്ടില്ലെന്നുമാണ് എ പത്മകുമാറിന്റെ അറസ്റ്റില്‍ പ്രതികരിച്ച കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞത്. മന്ത്രി തലത്തില്‍ ഫയല്‍ അയക്കേണ്ട ആവശ്യമില്ലെന്നും ബോര്‍ഡിന്റെ തീരുമാനങ്ങള്‍ ബോര്‍ഡിന്റേത് മാത്രമെന്നും കടകംപള്ളി വാദിക്കുന്നു. ''ബോര്‍ഡിന്റെ തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയല്ല. പ്രതിപക്ഷം ഒരുപാട് അന്യായങ്ങള്‍ വിളിച്ച് പറയുകയാണ്. കുറ്റമറ്റ അന്വേഷണമാണ് നിലവില്‍ നടക്കുന്നത്. പാളി ഇളക്കാനോ സ്വര്‍ണം പൂശാന്‍ പറയാനോ ദേവസ്വം മന്ത്രിക്ക് അവകാശമില്ല...'' എന്ന് കടകംപള്ളി പറയുന്നുണ്ടെങ്കിലും ടിയാനുള്ള കുരുക്ക് മുറുകുകയാണ്.
കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്ത സമയത്താണ് സ്വര്‍ണക്കൊള്ള നടന്നത്. ആ സമയത്തെ രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എന്‍ വാസുവും എ പത്മകുമാറുമാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നതും. അതുകൊണ്ട് തന്നെ കേസ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാണ് കടകംപള്ളിയുടെ ചോദ്യം ചെയ്യല്‍. ശ്രീകോവിലിന്റെ സ്വര്‍ണം പൊതിഞ്ഞ കട്ടിള പാളികള്‍ അഴിച്ചെടുത്ത് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുവാദം നല്‍കിയത് പത്മകുമാര്‍ പ്രസിഡന്റായ ദേവസ്വം ബോര്‍ഡാണ്. ആ ബോര്‍ഡിലെ സി.പി.എം നോമിനിയായ എന്‍ വിജയകുമാറിലേയ്ക്കും സി.പി.ഐയുടെ പ്രതിനിധി കെ.പി ശങ്കരദാസിലേയ്ക്കും എസ്.ഐ.ടി എത്തുകയാണ്.
ഈ സമയം ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസുവാണ് സ്വര്‍ണപ്പാളികള്‍ ചെമ്പ് തകിടാണെന്ന് ആദ്യമായി ഔദ്യോഗികമായി ദേവസ്വം മഹസറില്‍ രേഖപ്പെടുത്തിയത്. പത്മകുമാറും വാസുവും സി.പി.എമ്മിന് വേണ്ടപ്പെട്ടവരാണ്. ഇപ്പോള്‍ അറസ്റ്റിലായവരും സംശയത്തിന്റെ നിഴലിലുള്ളവരും ഒക്കെ ചേര്‍ന്ന് നടത്തിയ ആസൂത്രിതമായ കൊള്ളയാണ് കേരളത്തിന്റെ അഭിമാനമായ ശബരിമല ക്ഷേത്രത്തില്‍ നടന്നത്. ഇക്കാര്യം സി.പി.എമ്മിന്റെ നേതാക്കള്‍ അറിയാതിരിക്കില്ല. പ്രത്യേകിച്ച് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിന്റെ ഫയലുകളൊന്നും മന്ത്രിയുടെ മേശപ്പുറത്തെത്താറില്ലെന്നാണ് കടകംപള്ളി പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങനെ സ്വയം തീര്‍ത്ത പ്രതിരോധ കവചത്തില്‍ കടകംപള്ളിക്ക് അധികം പിടിച്ചുനില്‍ക്കാനുമാവില്ല.
കേരളം തദ്ദേശ തിരഞ്ഞെടുപ്പിനും പിന്നാലെ നിയമസഭാ ഇലക്ഷനും നേരിടാന്‍ പോവുകയാണ്. മുന്നാം വട്ടം സി.പി.എമ്മിന്റെ ഭരണതുടര്‍ച്ച സ്വപ്നംകാണുന്ന പിണറായിക്കും കൂട്ടര്‍ക്കും വലിയ തിരിച്ചടിയാണ് സ്വര്‍ണ കൊള്ളക്കേസിലെ അറസ്റ്റുകള്‍. കേവലം ഉണ്ണികൃഷ്ണന്‍ പോറ്റിയിലും ഉദ്യോഗസ്ഥരിലും പഴിചാരി സി.പി.എമ്മിന്റെ രാഷ്ട്രീയ നിയമനത്തിലൂടെ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തും മറ്റുമെത്തിയ കൂട്ടുകള്ളന്‍മാര്‍ രക്ഷപ്പെടാമെന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ കേരള ഹൈക്കോടിതിയുടെ ശക്തമായ നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണം വന്‍ സ്രാവുകളെ കുടുക്കിയാണ് മുന്നോട്ടു പോകുന്നത്. അടുത്തത് കഴക്കൂട്ടം എം.എല്‍.എ കൂടിയായ കടകംപള്ളിയുടെ ഊഴമാണെന്ന് കരുതാം.
കടകംപള്ളിയെ ചോദ്യം ചെയ്യുന്നത് പോലും സി.പി.എമ്മിനെ വലിയ പ്രതിരോധത്തിലും പ്രതിസന്ധിയിലുമാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി സുധീഷ്‌കുമാര്‍, തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ് ബൈജു, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍ വാസു, ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
ഇവര്‍ക്ക് പുറമെ സ്വര്‍ണ കവര്‍ച്ച നടന്ന കാലത്തെ ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥരുമടക്കം 12 പ്രതികളാണ് 2 കേസുകളിലായുള്ളത്. കട്ടിളപ്പാളി കേസും ദ്വാരപാലക ശില്‍പ പാളി കേസുമാണ് നിലവിലുള്ളത്. ഇതില്‍ രണ്ടിലുമായി ആറുപേരെ മാത്രമാണ് ഇതുവരെ എസ്.ഐ.ടി അറസ്റ്റ് ചെയ്തിട്ടുള്ളത്. പത്മകുമാറും വാസുവും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ മൊഴികളില്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലാത്ത പ്രമുഖര്‍ക്കെതിരെ പരാമര്‍ശങ്ങളുണ്ട്. അവരും താമസിയാതെ എസ്.ഐ.ടിയുടെ മുന്നിലെത്തും. ഏതായാലും പമ്പാതീരത്ത് അഗോള അയ്യപ്പ സംഗമത്തിലൂടെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ച പ്രതിച്ഛായ സ്വര്‍ണക്കൊള്ളയിലൂടെ പമ്പാ നദിയില്‍ തന്നെ വിലയം പ്രാപിച്ചിരിക്കുകയാണ്.