
ഒടുവില്‍ സി.പി.എമ്മിന്റെ സമുന്നതനായ മറ്റൊരു നേതാവ് എ പത്മകുമാര്‍ കൂടി ശബരിമല സ്വര്‍ണ കൊള്ളക്കേസില്‍ എസ്.ഐ.ടിയുടെ പിടിയിലായി. എന്‍ വാസുവിന് ശേഷം അറസ്റ്റിലാവുന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റാണ് കോന്നിയുടെ എം.എല്‍.എയായിരുന്ന പത്മകുമാര്‍. താന്‍ ദേവസ്വം പ്രസിഡന്റായിരിക്കെ ശബരിമലയിലെ ഒരു തരി പൊന്നുപോലും പോയിട്ടില്ലെന്നും പോകാന്‍ അനുവദിച്ചിട്ടില്ലെന്നും താന്‍ ശബരിമലയില്‍ ഒരു തെറ്റായ കാര്യവും ചെയ്തിട്ടല്ലെന്നുമാണ് പത്മകുമാര്‍ ഇതുവരെ വീരവാദം മുഴക്കിക്കൊണ്ടിരുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാനായി പത്മകുമാറിന് നേരത്തേ രണ്ടുതവണ എസ്.ഐ.ടി നോട്ടീസ് നല്‍കിയിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സാവകാശം തേടിയിരുന്നു. ശബരിമല ശ്രീകോവിലിന്റെ കട്ടിള പാളികളിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി സുധീഷ്‌കുമാര്‍, തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ് ബൈജു, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍ വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതിനുമുമ്പ് അറസ്റ്റിലായവര്‍. ഇവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരാണെന്നാണ് വിവരം. എന്‍ വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോര്‍ഡ് പ്രസിഡന്റ്. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. 1991-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ നിന്ന് കോന്നി മണ്ഡലം തിരികെപ്പിടിക്കാന്‍ എല്‍.ഡി.എഫ് രംഗത്തിറക്കിയ വ്യക്തിയാണ് എ പത്മകുമാര്‍. പത്മകുമാര്‍ വിജയിക്കുകയും ചെയ്തിരുന്നു. അന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു പത്മകുമാര്‍.
കൊടിയ കള്ളനും കേസിലെ ഒന്നാം പ്രതിയുമായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തുകൊടുത്തത് എട്ടാം പ്രതിസ്ഥാനത്ത് ചേര്‍ത്തിട്ടുള്ള പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്.ഐ.ടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇതുമായെല്ലാം ബന്ധപ്പെട്ട് കൂടുതല്‍ തെളിവ് ശേഖരിക്കേണ്ടി വന്നതിനാലാണ് പത്മകുമാറിന്റെ അറസ്റ്റ് ഇത്രയും വൈകിയത്. നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരാണ്. മുരാരി ബാബു മുതല്‍ എന്‍ വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെ എസ്.ഐ.ടിക്ക് മൊഴി നല്‍കിയിട്ടുണ്ടത്രേ.
എ പത്മകുമാര്‍ അധ്യക്ഷനായ 2019-ലെ ദേവസ്വം ബോര്‍ഡ് ഭരണ സമിതിയുടെ അറിവോടെയാണ് സ്വര്‍ണം പൊതിഞ്ഞ കട്ടിള പാളികള്‍ ഇളക്കിയെടുത്ത് പോറ്റിക്ക് കൊടുത്തത് എന്നാണ് എസ്.ഐ.ടിയുടെ എഫ്.ഐ.ആര്‍. മുരാരി ബാബു ഉള്‍പ്പെടെ ഉദ്യോഗസ്ഥരും ബോര്‍ഡ് തീരുമാനം എന്നാണ് മൊഴി നല്‍കിയത്. 2019-ല്‍ പത്മകുമാറിന്റെ സഹായികളായി നിന്ന മറ്റു ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. പോറ്റിക്ക് ശബരിമലയില്‍ പത്മകുമാര്‍ സര്‍വ്വ സ്വാതന്ത്ര്യം കൊടുത്തിരുന്നുവെന്നാണ് എസ്.ഐ.ടി കണ്ടെത്തിയിരിക്കുന്നത്. ആദ്യം അന്വേഷിച്ച ദേവസ്വം വിജിലന്‍സും കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ പങ്ക് വ്യക്തമാണെന്ന് പറഞ്ഞിരുന്നു. പത്മകുമാറിന്റെ നിര്‍ദേശത്തിലാണ് മഹസറില്‍ ചെമ്പ് തകിടുകള്‍ എന്ന് രേഖപ്പെടുത്തിയത്.
സി.പി.എമ്മിനെ ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പത്മകുമാറിന്റെ അറസ്റ്റ്. സ്വര്‍ണക്കൊള്ളയുടെ പ്രധാന ആസൂത്രകന്‍ എ പത്മകുമാര്‍ ആണെന്ന് എസ്.ഐ.ടി വ്യക്തമാക്കുന്നു. നിലവില്‍ ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ മുഖ്യസ്ഥാനത്ത് നില്‍ക്കുന്നത് പത്മകുമാറാണ്. പ്രധാനപ്പെട്ട തെളിവുകള്‍ കിട്ടിയതോടെയാണ് പത്മകുമാറിന്റെ അറസ്റ്റിലേക്ക് എസ്.ഐ.ടി നീങ്ങിയത്. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളില്‍ ചാരി നില്‍ക്കുന്ന പത്മകുമാറിന്റെ 2019 മെയ് മാസത്തിലെ ദൃശ്യങ്ങളാണ് കേസിലെ പ്രധാന തെളിവുകളിലൊന്ന്. ഈ ദൃശ്യങ്ങളില്‍ ദ്വാരപാലക പാളികള്‍ തങ്കം പൊതിഞ്ഞിരിക്കുന്നത് വ്യക്തമായി കാണാം.
മെയ് മാസത്തില്‍ തങ്കം പൊതിഞ്ഞതായി ദൃശ്യങ്ങള്‍ സ്ഥിരീകരിച്ചതിന് ശേഷം, ജൂലൈ മാസത്തില്‍ ഇത് ചെമ്പാണെന്ന് വരുത്തിത്തീര്‍ത്താണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത്. ഇതാണ് സ്വര്‍ണക്കൊള്ളക്ക് തുടക്കമിട്ട സംഭവം. കൊള്ളയുടെ ഗൂഢാലോചന പത്മകുമാറിന്റെ വീട്ടില്‍ വെച്ചാണ് നടന്നതെന്നാണ് എസ്.ഐ.ടി പറയുന്നത്. സ്വര്‍ണക്കൊള്ളയിലൂടെ പത്മകുമാര്‍ വലിയ തോതില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് നടത്തിയ ഭൂമിയിടപാടുകളുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. എന്നാല്‍ പത്മകുമാര്‍ കുറ്റക്കാരനാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. ''ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും. പത്മകുമാറിന് എന്തെങ്കിലും പങ്കുണ്ടെങ്കില്‍ പത്മകുമാര്‍ അനുഭവിക്കേണ്ടി വരും. അദ്ദേഹം കുറ്റക്കാരനാണെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ചോദ്യം ചെയ്യുന്നേയുള്ളു. മറ്റ് കുറെ നടപടികള്‍ ഉണ്ടല്ലോ...'' എന്നാണ് ശിവന്‍ കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്.