Image

കാട്ടുകള്ളന്‍മാര്‍ ഇരുന്നിടത്ത്, മാപ്പിരന്ന് സത്യസന്ധനായ ഒരു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് (എ.എസ് ശ്രീകുമാര്‍)

Published on 19 November, 2025
കാട്ടുകള്ളന്‍മാര്‍ ഇരുന്നിടത്ത്, മാപ്പിരന്ന് സത്യസന്ധനായ ഒരു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് (എ.എസ് ശ്രീകുമാര്‍)

ശബരിമല അയ്യപ്പന്റെ സ്വര്‍ണം അടിച്ചുമാറ്റിയ വ്യക്തികളിരുന്ന കളങ്കപ്പെട്ട ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കസേരയിലേയ്ക്കാണ്, സൗമ്യനും ശാന്തശീലനും സത്യസന്ധനുമായ മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ എത്തിയിരിക്കുന്നത്. കവി, ഗാന രചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അറിയപ്പെടുന്ന റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ ജയകുമാറിന് ദേവസ്വം ബോര്‍ഡിലെ ഇടതു രാഷ്ട്രീയ താപ്പാനകളോട് സമരസപ്പെട്ട് പോകാന്‍ കഴിയുമോയെന്ന സംശയമുടലെടുത്തിട്ടുണ്ട്. കാരണം അദ്ദേഹത്തിന് ഉഡായിപ്പ് ഒട്ടും വശമില്ല തന്നെ.

മണ്ഡലകാലം ആരംഭിച്ചതിന് തൊട്ടുമുമ്പ് ചുമതലയേറ്റ അദ്ദേഹം ഒരു മാപ്പിരക്കലിലൂടെയാണ് തന്റെ ദൗത്യം തുടങ്ങിയത്. ഇന്നലെ (നവംബര്‍ 18) അഭൂതപൂര്‍വമായ തിരക്കാണ് പമ്പയിലും നിലയ്ക്കലും സന്നിധാനത്തും അനുഭവപ്പെട്ടത്. ഇതര സംസ്ഥാനക്കാരുള്‍പ്പെടെയുള്ള ഭക്തര്‍ ഇടയ്ക്കുവച്ച് മാല ഊരി വീട്ടിലേയ്ക്ക് മടങ്ങേണ്ട അപൂര്‍വ സാഹചര്യം വരെ സംജാതമായി. ഈ പശ്ചാത്തലത്തില്‍ ഇനി ഇത്തരത്തില്‍ തിരക്ക് ഉണ്ടാകില്ലെന്നും വേണ്ട ക്രമീകരണങ്ങള്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഏര്‍പ്പെടുത്തുമെന്നും മാല ഊരി തിരിച്ചുപോയവരോട് മാപ്പ് പറയുന്നുവെന്നുമാണ് സന്നിധാനത്തുവച്ച് കെ ജയകുമാര്‍ വ്യക്തമാക്കിയത്.

പമ്പയിലെ ജര്‍മന്‍ പന്തലില്‍ ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി എട്ടുകോടി രൂപ പൊടിപൊടിച്ച് നടത്തിയ ആഗോള അയ്യപ്പ സംഗമത്തില്‍ മുഷ്ടി ചുരുട്ടി ശരണം വിളിച്ച മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത് കെ ജയകുമാറിന്റെ ഈ എളിയ തുടക്കം കണ്ട് ലജ്ജിക്കുമാറാകട്ടെ. അതേസമയം, മുന്‍ ചീഫ് സെക്രട്ടറിയും ജനങ്ങള്‍ക്ക് സ്വീകാര്യനുമായ ഒരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നതോടെ ജനങ്ങളുടെ കലിപ്പിന് ചെറിയ തോതിലെങ്കിലും ശമനം കൊണ്ടുവരാം എന്ന കണക്കുകൂട്ടലിലാണ് പിണറായി സര്‍ക്കാര്‍. ശബരിമലയില്‍ താന്‍ ശാന്തനായിരിക്കില്ലെന്നാണ്, മതിയായ ഭരണ പരിചയമുള്ള കെ ജയകുമാര്‍ പറയുന്നത്. പക്ഷേ അദ്ദേഹത്തെ സ്വതന്ത്രനായി വിടാന്‍ സര്‍ക്കാര്‍ അനുവദിക്കുമോയെന്നാണറിയേണ്ടത്.

ശബരിമലയിലെ തെറ്റായ പ്രവണതകളില്‍ തിരുത്തുണ്ടാകുമെന്ന് കെ ജയകുമാര്‍ വ്യക്തമാക്കുന്നു. ''ഇന്നലെവരെ ഞാന്‍ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്നു. ഇനി ആ സൗമ്യതയുണ്ടാകില്ല. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ചെയുകയാണ് എന്റെ പ്രഥമപരിഗണന. സ്‌പോണ്‍സറെന്ന മേലങ്കിഅണിഞ്ഞുവരുന്ന എല്ലാവരെയും അംഗീകരിക്കില്ല. അവരുടെ പശ്ചാത്തലങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ നടപടികളിലേക്ക് കടക്കു. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന അന്വേഷണത്തിന് എല്ലാസൗകര്യവും ചെയ്യും...'' 2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ജയകുമാര്‍ ചൂണ്ടിക്കാട്ടി.  

കേരള സര്‍വകലാശാലയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജയകുമാര്‍ 1952 ഒക്ടോബര്‍ ആറിന് സിനിമാ സംവിധായകനായ എം കൃഷ്ണന്‍ നായരുടെയും സുലോചനയുടെയും മൂത്ത മകനായി തിരുവനന്തപുരത്താണ് ജനിച്ചത്. അധ്യാപകനായിരിക്കെ ജയകുമാറിന് 1978-ല്‍ ഐ.എ.എസ് ലഭിച്ചു. അസിസ്റ്റന്റ് കളക്റ്ററായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഇദ്ദേഹം കോഴിക്കോട് ജില്ലാ കളക്ടര്‍, ടൂറിസം ഡയറക്ടര്‍, ടൂറിസം സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളസംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്റ്റര്‍, മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നീ പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 2002 മുതല്‍ 2007 വരെയുള്ള കാലത്ത് ഇദ്ദേഹം കേന്ദ്ര സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ടൂറിസം സെക്രട്ടറിയായിരിക്കെ കേരളത്തിന് 'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി' എന്ന പേര് ജയകുമാറാണ് ഇട്ടത്.

2012 മാര്‍ച്ച് 31-ന് കേരളത്തിന്റെ 36-ാമത്തെ ചീഫ് സെക്രട്ടറിയായി കെ ജയകുമാര്‍ ചുമതലയേറ്റു. അതിന് മുന്‍പ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു. വിജിലന്‍സ്, ദേവസ്വം, അന്തര്‍ സംസ്ഥാന നദീജലം, എന്നീ വകുപ്പുകളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണു പ്രവര്‍ത്തിച്ചുവന്നത്. അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചെയര്‍മാന്‍, ശബരിമല സ്‌പെഷ്യല്‍ ഓഫിസര്‍, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തു പരിശോധനാ സമിതിയിലെ മേല്‍നോട്ടക്കാരന്‍, സര്‍ക്കാര്‍ പദ്ധതികള്‍ സംബന്ധിച്ചുള്ള ഉന്നതാധികാര സമിതി ചെയര്‍മാന്‍ എന്നീ ചുമതലകളും ഇദ്ദേഹം വഹിച്ചിരുന്നു. 2012 ഒക്ടോബര്‍ 31 ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ചു. 2012 നവംബര്‍ 1-ന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി സ്ഥാനമേറ്റു.

കവിതാ സമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായാണ് പ്രസിദ്ധീകരണങ്ങള്‍. അര്‍ദ്ധവൃത്തങ്ങള്‍, രാത്രിയുടെ സാദ്ധ്യതകള്‍ തുടങ്ങി അഞ്ച് കവിതാ സമാഹാരങ്ങള്‍ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീല്‍ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളുടെയും പരിഭാഷകള്‍ ഇദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളില്‍ പെടുന്നു. 'പിങ്ഗളകേശിനി' എന്ന കവിതാ സമാഹാരത്തിനാണ് 2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.

'വര്‍ണച്ചിറകുകള്‍' എന്ന കുട്ടികളുടെ സിനിമ രചിച്ചു സംവിധാനം ചെയ്തിട്ടുണ്ട്. 80-തില്‍ പരം മലയാള സിനിമകള്‍ക്കു ഗാനരചന നിര്‍വഹിച്ചു. ഒരു വടക്കന്‍ വീരഗാഥയിലെ 'ചന്ദന ലേപ സുഗന്ധം...', നീലക്കടമ്പിലെ 'കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി...', കിഴക്കുണരും പക്ഷിയില 'സൗപര്‍ണികാമൃത...', പക്ഷേയിലെ 'സൂര്യാശംവോരോ വയല്‍പ്പൂവിലും...' തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങളില്‍ ഉള്‍പ്പെടുന്നു. ഒരു ചിത്രകാരന്‍ കൂടിയായ കെ ജയകുമാര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. മീരയാണ് ഭാര്യ. മക്കള്‍: ആനന്ദ്, അശ്വതി. ചലച്ചിത്ര സംവിധായകരായ കെ ശ്രീക്കുട്ടനും കെ ഹരികുമാറും അനുജന്മാരാണ്.

ഇതിനിടെ, കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സി.പി.എമ്മിന് ഏറെ പ്രിയപ്പെട്ട നേതാവായ എന്‍ വാസുവിന്റെ അറസ്റ്റിന് പിന്നാലെ കൂടുതല്‍ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. 2019-ല്‍ എ പത്മകുമാര്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് കേസില്‍ പ്രതിപ്പട്ടികയിലുണ്ട്. പത്മകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സി.പി.എം നോമിനിയുമായിരുന്ന എ പത്മകുമാറിലേയ്ക്ക് അന്വേഷണം കേന്ദ്രീകരിക്കുകയാണ്. പലവട്ടം വോട്ടീസ് അയച്ചിട്ടും ഇയാള്‍ തൊടു ന്യായങ്ങള്‍ പറഞ്ഞ് എസ്.ഐ.ടിക്ക് മുന്നില്‍ ഹാജരായിട്ടില്ല. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

എന്‍ വാസു റിമാന്‍ഡിലായതോടെ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ് ബൈജുവാണ് വാസുവിന് മുമ്പ് അറസ്റ്റിലായത്. ഇവര്‍ക്ക് പുറമെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സസ്‌പെന്‍ഷനിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും രണ്ടാം പ്രതിയുമായ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍ എന്നിവരാണ് ഇപ്പോള്‍ എസി.ഐ.ടിയുടെ കസ്റ്റഡിയിലുള്ളത്. പത്മകുമാറിന്റെ ഭരണ കാലത്തെ ബോര്‍ഡ് സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ മൊഴി അന്വഷണ സംഘം ശേഖരിച്ചു വരികയാണ്. ഇത് പൂര്‍ത്തിയായ ശേഷം പത്മകുമാര്‍ അടക്കമുള്ള ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെയുള്ള നടപടികളിലേക്ക് സംഘം കടക്കുമെന്നാണ് വിവരം. 
 


 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-20 04:58:44
ഹാ ബെസ്റ്റ്, ചക്കരയ്ക്കും പാനിക്കും ചെത്തും. ഭരണത്തിൽ കോൺഗ്രസ് എങ്കിൽ മൂവർണ്ണം , കമ്മുണിസ്റ്റ്‌ എങ്കിൽ തനി ചുവപ്പ് , ലീഗ് എങ്കിൽ തത്തപ്പച്ച ; അങ്ങനെ ഏതു പാമ്പിന്റെ തോളിലും കയ്യിടും. തരത്തിനനുസരിച്ചു നിറം മാറ്റും . പക്ഷികളുടെ കൂട്ടത്തിൽ പെട്ടാൽ ചിറകിട്ടടിക്കും ; സസ്തനികളുടെ കൂടെയെങ്കിൽ പ്രസവിക്കും. അങ്ങനെ എല്ലാവരുടെയും നല്ല ബുക്കിലെ നല്ല പയ്യൻ. എന്നാലും ഇന്ന്‌ വരെയും ചെറിയ ചിലതെല്ലാമല്ലാതെ, വലിയ ആരോപണങ്ങളൊന്നും തന്നേ ഏതിരേ ഉന്നയിക്കപ്പെട്ടിട്ടില്ല. പണ്ടും ഒന്ന് ഏൽപ്പിച്ചതായിരുന്നു , ഒന്നും നടന്നില്ല. രണ്ടാമൂഴത്തിലെങ്കിലും മല ഒന്ന് വൃത്തി ആകട്ടെ , ഒന്ന് ഓർഡറിലാകട്ടെ, മുക്ക്പണ്ടത്തിലെ 'ചെമ്പ് ' തെളിയട്ടെ..... വേണേൽ വീമാനവും കൊണ്ടു വരട്ടേ. അങ്ങനെ ചന്ദനലേപ സുഗന്ധം പെരിയാർ റിസർവിലെ 47 ഏക്കറിലെ മലമണ്ട മുഴുവൻ പരക്കട്ടേ... 💪💪💪 Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക