
2028 ല്‍ ലൊസാഞ്ചലസില്‍ നടക്കുന്ന ഒളിംപിക്‌സില്‍ പല പുതുമകളും കാണുമെന്നാണു സൂചന. ട്രാന്‍സ്‌ജെന്‍ഡര്‍ വനിതകളെ ഒളിംപിക്‌സിലെ വനിതാ വിഭാഗം മത്സരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കാനാണു നീക്കം. ഇതു സംബന്ധിച്ച പ്രഖ്യാപനം 2026 ആദ്യം പ്രതീക്ഷിക്കുന്നു. വനിതകളുടെ 100 മീറ്റര്‍ മത്സരം ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളുടെ ആദ്യ ദിവസവും പുരുഷന്മാരുടെ മാരത്തണ്‍ അവസാനദിനവും നടത്താനാണ് ആലോചന.
ലൊസാഞ്ചലസില്‍ ബോക്‌സിങ്ങ് മത്സരങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്താന്‍ തയ്യാറെടുക്കുകയാണ് വേള്‍ഡ് ബോക്‌സിങ്ങ്. സംഘടനയുടെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബോറിസ് വാന്‍ഡെര്‍ വോസ്റ്റ് ഇതുസംബന്ധിച്ച സൂചന നല്‍കിക്കഴിഞ്ഞു. രാജ്യാന്തര ബോക്‌സിങ്ങ് അസോസിയേഷന്റെ(ഐ.ബി.എ.) അംഗീകാരം പോയതോടെ പാരിസില്‍ ഐ.ഒ.സി. നേരിട്ടാണ് ബോക്‌സിങ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. പകരം രൂപവല്‍ക്കരിച്ച വേള്‍ഡ് ബോക്‌സിങ് ഐ..സി. അംഗീകാരം നേടിയതോടെ ലൊസാഞ്ചലസില്‍ അവരാകും ബോക്‌സിങ്ങ് മത്സരങ്ങള്‍ സംഘടിപ്പിക്കുക.
ബൗട്ടുകള്‍ റിവ്യൂ ചെയ്യുമ്പോള്‍ എ.ഐ. സാങ്കേതിക വിദ്യ കൃത്യമായ വിലയിരുത്തലിനു സഹായിക്കുമെന്ന് ബോറിസ് പറഞ്ഞു. ലൊസാഞ്ചലസില്‍ ബോക്‌സിങ്ങ് താരങ്ങളുടെ യോഗ്യത നിര്‍ണ്ണയം സംബന്ധിച്ച് അവസാന തീരുമാനമായിട്ടില്ല. എങ്കിലും കോണ്ടിനെന്റല്‍തല യോഗ്യതാ മത്സരങ്ങളുടെയും ആഗോള യോഗ്യതാ മത്സരങ്ങളുടെയും സംയോജനമാകും ഉണ്ടാവുകയെന്ന് ബോറിസ് സൂചിപ്പിച്ചു.രണ്ടു തലത്തിലും യോഗ്യത നേടാൻ താരങ്ങൾക്ക് അവസരം ലഭിക്കും. പല രാജ്യങ്ങളിലെയും ദേശീയ സംഘടനകള്‍ ഇനിയും വേള്‍ഡ് ബോക്‌സിങ്ങിന്റെ ഭാഗമാകാനുണ്ട്. സമാന്തര സംഘടനകളില്‍ ചിലതിന്റെ അംഗീകാരം ചോദ്യം ചെയ്യപ്പെടാനും ഇടയുണ്ട്.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയത്തില്‍ വേള്‍ഡ് ബോക്‌സിങ്ങ് സെക്‌സ് നിര്‍ണ്ണയ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് എല്ലാ ഇനങ്ങളിലും ബാധകമാക്കാനാകും ഐ.ഒ.സി ശ്രമിക്കുക. 2024 ല്‍ പാരിസ് ഒളിംപിക്‌സില്‍ വനിതകളുടെ 66 കിലോ വിഭാഗത്തില്‍ ഇറ്റലിയുടെ ഏഞ്ചലാ കരീനിയെ ഇടിച്ചു ശരിപ്പെടുത്തി അള്‍ജീരിയയുടെ ഇമെയ്ന്‍ ഖലീഫ് സ്വര്‍ണ്ണം നേടിയത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. 2023 ല്‍ ഐ.ബി.എ. നടത്തിയ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇമെയ്ന്‍ അയോഗ്യയാക്കപ്പെട്ടിരുന്നു. 2022 ല്‍ ആകട്ടെ അവര്‍ വെള്ളി നേടിയതുമാണ്. എന്നാല്‍ ഇമെയ്ന്‍ ഖെലീഫ് സ്ത്രീയായാണ് ജനിച്ചതെന്നും ഐ.ബി.എ. നടത്തിയ പരിശോധന ശരിയല്ലായിരുന്നെന്നും ഐ.ഒ.സി.യും പാരിസ് ഒളിംപിക്സ് സംഘാടക സമിതിയും വാദിച്ചു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുകയാണ് നിയമഭേദഗതികൊണ്ട് ലക്ഷ്യമിടുന്നത്.
ലൊസാഞ്ചലസില്‍ വനിതകളുടെ 100 മീറ്റര്‍ ആദ്യ ദിവസം തന്നെ നടത്തുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഹീറ്റ്‌സും സെമിയും ഫൈനലും ഒരു ദിവസം തന്നെ നടത്തുവാനുള്ള നീക്കം താരങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്ക പല ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. ഷാകാരി റിച്ചാര്‍ഡ്‌സനെപ്പോലെ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണ്ണം ലക്ഷ്യമിടുന്ന സൂപ്പര്‍ താരങ്ങള്‍ക്ക് ആദ്യ നാളില്‍ 100 മീറ്ററില്‍ മൂന്നു മത്സരങ്ങള്‍ വരുന്നത് ദൂഷ്യം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എന്തായാലും 2026ല്‍ ലൊസാഞ്ചലസിൽ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് ഏകദേശരൂപം ലഭിക്കും.