
ഡോക്ടർ പതിയേ മിഴികൾ തുറന്നു...
"രാം മോഹന് അമ്മ മാത്രമേ ഉള്ളൂ അല്ലേ?
അച്ഛനെക്കുറിച്ചെന്തെങ്കിലും അറിയുമോ ?"
ഗായത്രിയുടെ ആകാംക്ഷാഭരിതമായ കണ്ണകളിലേക്കു നോക്കി ഡോക്ടർ പതിയേ ചോദിച്ചു.
അച്ഛന്റെ ഫോട്ടോപോലും കണ്ടിട്ടില്ലാത്ത ഗായത്രിക്ക് അമ്പരന്നുനിൽക്കാനല്ലേ കഴിയൂ...?
"അറിയില്ല അല്ലേ ?"
ഡോക്ടർ തുടർന്നു.
ഇല്ലെന്നയർത്ഥത്തിൽ അവൾ പതിയേ തലയാട്ടി.
"ഞാൻ പറയുന്ന കാര്യങ്ങൾ ഗായത്രി സമചിത്തതയോടെ ശ്രദ്ധിച്ചുകേൾക്കണം "
വലിയൊരു ദുരന്തവിവരണത്തിന് ആമുഖമെന്നോണം ഡോക്ടർ പറഞ്ഞു.
അതു കേട്ടപ്പോള്‍ ഉള്ളിൽ വളർന്നുവന്നിരുന്ന ഭയം പത്തിവിടർത്തിയാടാൻ തുടങ്ങി..
"രാം മോഹന്റെയച്ഛൻ ആത്മഹത്യചെയ്തതാണ്.
അതിനു ശേഷമെപ്പഴോ ആയിരിക്കാം അമ്മ ഗായത്രി ഇപ്പോൾ കാണുന്ന ഭക്തിമാർഗത്തിലേക്ക് തിരിഞ്ഞത്. "
തെല്ലിട മൗനംപൂണ്ട് ഡോക്ടർ തുടർന്നു.
"അദ്ദേഹം ഒരു മാനസികരോഗിയിരുന്നു. അച്ഛന്റെയച്ഛനും അതുപോലെ മാനസികരോഗംതന്നെയായിരുന്നു.
അദ്ദേഹവും ആത്മഹത്യചെയ്യുകയായിരുന്നു. "
അതേവഴിയിലൂടെയാണ് രാം മോഹന്റെയും യാത്ര. അദ്ദേഹത്തിന്റെ ശബ്ദത്തിൽ ശോകത്തിന്റെ നേർത്ത ലാഞ്ഛനയുണ്ടായിരുന്നു.
പിന്നീടു പറയാൻ വാക്കുകൾ കിട്ടാതെ ഡോക്ടർ അല്പനേരം ഗായത്രിയെ നോക്കി ഇരുന്നു.
പ്രത്യേകിച്ചൊരു വികാരവും ആ മുഖത്ത് കാണാൻ കഴിഞ്ഞില്ല.
ഒരു തരം ശൂന്യാവസ്ഥയിലെന്നതുപോലെ ...
നാഡി പിടിച്ച് മരണം പ്രവചിക്കുന്ന വൈദ്യരുടെ മുന്നിലിരിക്കുന്ന രോഗിയുടെ ഭാവം.
"രാം മോഹൻ മൂന്നു മാസമായി എന്റെ പേഷ്യന്റ് ആണ്. "
അതുകൂടെ കേട്ടതോടെ ഗായത്രിയുടെ മുഖം ചോര വാർന്നതുപോലെയായി.
മൂന്നു മാസക്കാലമായി ചികിത്സയിലോ!
എന്നിട്ട് അതിന്റെ സൂചനപോലുമറിഞ്ഞില്ല.
അറിയാത്ത എത്ര മുഖങ്ങൾ രാം മോഹനുണ്ട്.....
ഏതോ അജ്ഞാതലോകത്തിലേക്ക് പ്രവേശിച്ചതുപോലെ ....
കൈകാലുകൾ തളരുന്നു.
ശ്വാസം തൊണ്ടയിൽ കുടുങ്ങിയതുപോലെ....
കാതങ്ങൾക്കലെനിന്നു പുറത്തു വരുന്ന ഭീകരശബ്ദംപോലെ ഡോക്ടുടെ വാക്കുകൾ അവളുടെ കാതിൽ പതിച്ചുകൊണ്ടിരുന്നു.
"മനസ്സിന്റെ താളംതെറ്റലുകൾ രണ്ടുതരത്തിലാണ്. ഒന്ന് തന്നിലെ മാറ്റമറിയാത്ത രോഗി. മറ്റൊന്ന് എല്ലാമറിഞ്ഞ് അതിന്റെ വിഷമം പേറിനടക്കുന്നവർ . രണ്ടാമത്തെ ഗണത്തിൽപ്പെട്ട രാo മോഹന്റെ അവസ്ഥ ദയനീയമാണ്. "
"ഗായത്രിക്ക് ഇതറിയാമായിരുന്നോ?.
അല്പനേരത്തിനുശേഷം ഡോക്ടർ ചോദിച്ചു.
അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.
"ഉണ്ടാവില്ല...
ഏതെങ്കിലും അബോധനിമിഷത്തിലല്ലാതെ ബോധത്തോടെ ഇതു പറയില്ലെന്നുറപ്പാണ്. രണ്ടു തലമുറകളുടെ പതനം കണ്ടും കേട്ടും പരിചയിച്ചതാണ്. അതിന്റെ അവസാനം എന്താവുമെന്നും രാമിനു നന്നായി അറിയാം..... "
"ഏറ്റവും വിഷമം ഗായത്രിയെ ഓർത്താണ്.
ഇതറിയുന്ന നിമിഷം ഗായത്രി എങ്ങനെ പ്രതികരിക്കും എന്നുതന്നെ.
കരഞ്ഞുതളരുമോ? വിട്ടിട്ടു പോവുമോ? പോയാൽതന്നെ അവൾ തനിച്ചാവില്ലേ ?
അങ്ങനെയൊരുപാടാവലാതികൾ ആ മനസ്സിലുള്ളതെനിക്കറിയാം. കാരണം; രാം മോഹൻ അവനേക്കാൾ എത്രയോ കൂടുതൽ ഗായത്രിയെ സ്നേഹിക്കുന്നു.
മറച്ചുവെക്കാൻ ശ്രമിക്കുന്ന മനസ്സിന്റെ വിങ്ങിപ്പൊട്ടലുകളാണ് ഗായത്രിക്ക് തീരേ പരിചയമില്ലാത്ത ഈ വലിയ മാറ്റം രാം മോഹനിൽ ഉണ്ടാക്കുന്നത്.
എൻറെയടുത്തിരിക്കുന്ന ഓരോ നിമിഷവും വേണ്ടായിരുന്നു ... ഗായത്രിയെ ഞാനെന്റെ ജീവിതത്തിലേക്ക് വലിച്ചിഴയ്ക്കരുതായിരുന്നു എന്നു പറയാറുണ്ട്. അതിന്റെ കുറ്റബോധവും ആഴത്തിൽ കിടക്കുന്നു.
അന്ന് തന്നെയും കൂട്ടി കടലിന്നടിത്തട്ടിലേക്ക് നടന്നതും താളംതെറ്റിയ മനസ്സിന്റെ രക്ഷ തേടലായിരുന്നു. പക്ഷേ, അപ്പോഴും ഗായത്രിയെ കൈവിടാൻ കൂട്ടാക്കാത്ത മനസ്സ്...
ഇനിയും അത്തരം സംഭവങ്ങൾ ഉണ്ടായെന്നുവരാം... രാം മോഹൻ മരണത്തിലേക്ക് നടന്നടുക്കാൻ ശ്രമിച്ചേക്കും . ഒരുപക്ഷേ, ഗായത്രിയെയുംകൂട്ടിയായിരിക്കാം ആ യാത്ര. ശ്രദ്ധിക്കണം ,രാം മോഹന്റെ രോഗലക്ഷണവും
അവരുടെ കുടുംബത്തിലെ പശ്ചാത്തലവും നോക്കിയാൽ രണ്ടു തലമുറയും അകാലത്തിൽ മരണം കൈവരിച്ചവരാണ് .
നന്നായി ശ്രദ്ധിക്കണം.
എപ്പോഴെങ്കിലുംമാത്രം ഉണരുന്ന താളംതെറ്റലുകളെക്കാൾ ഗായത്രിയെക്കുറിച്ചുള്ള ചിന്തകളാണ് ആളെ ഇത്രയേറെ അസ്വസ്ഥനാക്കുന്നത്.
പ്രതിമപോലെ ചുമരിൽ മിഴിനട്ടിരിക്കുന്ന ഗായത്രിയെ നോക്കി ഡോക്ടർ തുടർന്നു.
"ഗായത്രി ഞാൻ പറയുന്നത് മനസ്സിലാക്കുന്നുണ്ടല്ലോ. "
"ഉം" അഗധാതയിലേക്ക് പതിക്കുന്ന മനസ്സുമായി അവൾ പതിയേ മൂളി....
കുമിളകൾപോലെ തൊണ്ടയിൽ കുടുങ്ങുന്ന ശബ്ദം. പക്ഷേ, ആ മുഖത്തെ നിസ്സംഗതക്ക് ഒരു മാറ്റവുമില്ല . തുള്ളിക്കണ്ണുനീർ പൊടിഞ്ഞില്ല.
ആ ഭാവം ശ്രദ്ധിച്ച ഡോക്ടർക്ക് കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ല.
Read More: https://www.emalayalee.com/writer/311