
നിലാവിനെ മറച്ച
മേഘ
മിഴിത്തുമ്പിൽ നിന്നാണ്
അയാൾ
കവിതയെഴുതിയത്..
നീല നിറം വിരിച്ച
പുഴയഴകിനെ മറച്ച
മലവെള്ളപ്പാച്ചിൽ
നിറച്ചാണയാൾ
കവിതയെഴുതിയത്.....
കടൽ കരഞ്ഞ്
തിര തിരിഞ്ഞു പോയ
കരയിലാണയാൾ
കവിതയെഴുതിയത്.,.
കിളിക്കുട് തട്ടിയിട്ട്
മരം മുറിച്ച
വാൾത്തലപ്പിലാണ്
അയാൾ
കവിതയെഴുതിയത്....
ആദിമ കാടാഴങ്ങളിൽ
ആളിയ തീ നാളങ്ങളിലാണയാൾ
കവിതയെഴുതിയത്....
പാദസരം ചുറ്റിയ
കാൽപ്പാദ വിസ്മയത്തിലെ
ചലിത വേദനയിലാണയാൾ
കവിതയെഴുതിയത്.
ചന്ദനമുരച്ചരച്ച്
തേഞ്ഞുപോയ
ഉരകല്ലിലാണയാൾ
കവിതയെഴുതിയത്.
അമ്മ ഉപേക്ഷിക്കപ്പെട്ട
അഭയ ശാലകളിൽ
അച്ഛൻ മരിച്ചു വീണ
സോമരസ തെരുവുകളിൽ
മകനും മകളുമൊരുമിച്ച്
അബോധച്ചുവടുവയ്ക്കുന്ന
ഉന്മാദ തട്ടകങ്ങളിൽ
അയാൾ
കവിതയിങ്ങനെയെഴുതി :
അനുനിമിഷമടുക്കുന്ന
മരണമേ...
നീയണയും വരെ
ജീവിക്കാനെന്തെന്തു
രണമെടുക്കുന്നുഞാൻ.....