Image

വധശിക്ഷ നടപ്പാക്കാന്‍ ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബാഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ നിഷേധിക്കും (എ.എസ് ശ്രീകുമാര്‍)

Published on 18 November, 2025
വധശിക്ഷ നടപ്പാക്കാന്‍ ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബാഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ നിഷേധിക്കും (എ.എസ് ശ്രീകുമാര്‍)

ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ വധശിക്ഷ പ്രഖ്യാപിച്ചതിനു പിന്നാലെ ബംഗ്ലാദേശില്‍ വന്‍ സംഘര്‍ഷമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടി പ്രഖ്യാപിച്ച രാജ്യവ്യാപകമായ ലോക്ക് ഡൗണിനെ തുടര്‍ന്ന് ധാക്ക പോലുള്ള നഗരങ്ങളില്‍ തീവെപ്പും നശീകരണ പ്രവര്‍ത്തനങ്ങളും ഉണ്ടായി. അവാമി ലീഗ് പ്രവര്‍ത്തകരും എതിരാളികളും തമ്മില്‍ ഏറ്റമുട്ടിയതോടെയാണ് ബംഗ്ലാദേശ് വീണ്ടും പ്രക്ഷുബ്ധമായത്. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. അതേസമയം, ഹസീന ഇന്ത്യയിലേക്ക് കടന്നെങ്കിലും അവാമി ലീഗ് സംഘര്‍ഷത്തില്‍ നിന്ന് പിന്മാറിയിരുന്നില്ല.

കഴിഞ്ഞ വര്‍ഷം ജൂലൈയിലുണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിനാണ് ഹസീന രാജിവെച്ചത്. അന്നു മുതല്‍ രാജ്യം രാഷ്ട്രീയ സ്തംഭനത്തിലാണ്. സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ടയെ ചൊല്ലി ഉണ്ടായ സമാധാനപരമായ വിദ്യാര്‍ത്ഥി പ്രതിഷേധമാണ് രൂക്ഷമായ കലാപത്തിലും രക്തച്ചൊരിച്ചിലിലും കലാശിച്ചത്. 1971-ല്‍ നടന്ന ബംഗ്ലാദേശ് വിമോചന സമരത്തില്‍ പങ്കെടുത്തവരുടെ തലമുറയില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ നല്‍കിവന്നിരുന്ന 30 ശതമാനം സംവരണം ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് 2024 ജൂലൈയിലാണ് ബംഗ്ലാദേശ്, സംവരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് വേദിയാകുന്നത്.

കാലം മാറിയിട്ടും മാറാത്ത വിവേചനത്തിനെതിരെ പ്രധാനമായും തെരുവിലിറങ്ങിയത് രാജ്യത്തെ വിദ്യാര്‍ഥികളായിരുന്നു. സര്‍ക്കാരിനെതിരെ പ്രക്ഷോഭം നയിച്ച വിദ്യാര്‍ഥികളെ നേരിടാന്‍ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ വിദ്യാര്‍ഥി സംഘടനയും പൊലീസും നിരത്തിലിറങ്ങിയതോടെ പ്രക്ഷോഭത്തില്‍ പൊലിഞ്ഞത് ഇരുന്നൂറോളം പേരുടെ ജീവനാണ്. പതിനായിരത്തിലധികം പേര്‍ അറസ്റ്റിലാവുകയും ചെയ്തു. സംവരണം വെട്ടികുറച്ച് പ്രക്ഷോഭം തണുപ്പിച്ചെങ്കിലും പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ വീണ്ടും തെരുവിലിറങ്ങി. പ്രക്ഷോഭത്തില്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഷെയ്ഖ് ഹസീന മാപ്പ് പറയണമെന്നായിരുന്നു വിദ്യാര്‍ഥികളുെട പ്രധാന ആവശ്യം.

ഒപ്പം വിദ്യാര്‍ഥികളെ നേരിട്ട ബംഗ്ലാദേശ് ഛത്ര ലീഗിനെ പുറത്താക്കുക, ആഭ്യന്തര മന്ത്രിയും ഗതാഗത മന്ത്രിയും രാജിവയ്ക്കുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയ പൊലീസുകാരെ പുറത്താക്കുക എന്നി ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല എന്ന് മാത്രമല്ല രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ നോക്കുന്ന ഭീകരരാണ് അവരെന്ന് ഹസീന മുദ്രകുത്തി. പിന്നാലെയുണ്ടായത് ബംഗ്ലാദേശ് അതുവരെ കാണാത്ത പ്രക്ഷോഭ ദിനങ്ങളായിരുന്നു. വിദ്യാര്‍ഥികള്‍ ഹസീനയുടെ ഔദ്യോഗിക വസതി കൂടി വളഞ്ഞതോടെ അവര്‍ ഇന്ത്യയിലേയ്ക്ക് പലായനം ചെയ്യുകയും ബംഗ്ലാദേശിന്റെി നിയന്ത്രണം സൈന്യം ഏറ്റെടുക്കുകയുമായിരുന്നു.

ഐക്യരാഷ്ട്രസഭയുടെ  കണക്ക് പ്രകാരം 2024 ജൂലായ് 15 മുതല്‍ ഓഗസ്റ്റ് 15 വരെ നീണ്ട പ്രക്ഷോഭത്തില്‍ ഏകദേശം 1400-ഓളം പേരാണ് കൊല്ലപ്പെട്ടത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട സൈനിക നടപടി കേസിലാണ് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്. കൊലപാതകം, ഉന്മൂലനം, പീഡനം, മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പേരിലാണ് ഹസീനയെ ശിക്ഷിച്ചത്. വിധി പ്രസ്താവം പൂര്‍ത്തിയായതിന് പിന്നാലെ ധാക്കയിലെ പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ കോടതിയില്‍ കരഘോഷങ്ങള്‍ ഉയര്‍ന്നു. 1971-ലെ സ്വാതന്ത്ര്യ സമരത്തിനു ശേഷം ബംഗ്ലാദേശില്‍ ഉണ്ടായ ഏറ്റവും മോശം സാഹചര്യമായിരുന്നു കഴിഞ്ഞ വര്‍ഷം അരങ്ങേറിയത് എന്നാണ് യു.എന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്.

ഹസീന ഇന്ത്യയിലായതിനാല്‍, വിധി നടപ്പാക്കുമോ എന്നതാണ് ഹസീന വിരുദ്ധരുടെ ആശങ്ക. ഹസീനയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്. 2013-ലെ ഇന്ത്യ-ബംഗ്ലാദേശ് കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം ഹസീനയെ തിരിച്ചയക്കണമെന്നാണ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ആവശ്യം. ഒരാള്‍ക്കെതിരെ കുറ്റം ചുമത്തുകയോ, ശിക്ഷിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ അത്തരമൊരാളെ കൈമാറ്റ അപേക്ഷ നല്‍കാന്‍ കഴിയൂകയുള്ളുവെന്ന് കരാര്‍ പറയന്നു.

ഹസീനയുടെ കാര്യത്തില്‍, 'മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യങ്ങള്‍' ആരോപിച്ച് ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരമാണ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ ഇന്ത്യക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ ഷയ്ഖ് ഹസീനക്ക് വധശിക്ഷ നല്‍കികൊണ്ടുള്ള കോടതി വിധി തട്ടിപ്പെന്ന നിലപാടെടുത്തിരിക്കുന്ന ഇന്ത്യ അവരെ ബംഗ്ലാദേശിന് കൈമാരാനുള്ള ഒരു സാധ്യതയുമില്ല. നിലവിലെ സാഹചര്യത്തില്‍ ഷെയ്ഖ് ഹസീനയെ കൈമാറുന്നത് പ്രശ്‌നം രൂക്ഷമാക്കാനെ ഇടയാക്കുവെന്നും പ്രശ്‌ന പരിഹാരത്തിന് സഹായകമാകില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ഹസീനയുടെ കേസില്‍ കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകള്‍ പ്രകാരം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കേസുകളാണെന്ന് കണക്കാക്കി കൈമാറ്റം നിരസിക്കാന്‍ ഇന്ത്യക്ക് കഴിയും. പ്രക്ഷോഭത്തിലൂടെ ഹസീനയെ പുറത്താക്കുകയും മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല ഭരണകൂടം അധികാരത്തില്‍ വരികയും ചെയ്ത സാഹചര്യത്തില്‍ ഹസീനയ്‌ക്കെതിരായ കുറ്റകൃത്യം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഇന്ത്യക്ക് വാദിക്കാന്‍ കഴിയും. സദുദ്ദേശത്തോടെ അല്ലാത്ത കേസുകളില്‍ കൈമാറ്റ അപേക്ഷ നിരസിക്കാമെന്നുമാണ് വ്യവസ്ഥ. ഹസീനയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍ സദുദ്ദേശ്യത്തോടെയാണെന്ന് തെളിയിക്കുക ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ്.
 


 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-18 22:50:53
ഒരു പുസ്തകവും ഒരു ദൈവവും,ഒരു രാജ്യത്തെയും അതിലെ ജനങ്ങളെയും എങ്ങനെ നശിപ്പിക്കുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് പാക്കിസ്ഥാനും ബാംഗ്ലാദേശും. ആധുനീക ജനാധിപത്യ വ്യവസ്ഥിതിയിൽ , ദൈവത്തിൽ അതിഷ്ഠിതമായ ഒരു കുടുംബത്തിനും ഒരു ദേശത്തിനും ഒരിക്കലും അധികനാൾ പിടിച്ചു നിൽക്കാനാവില്ല. സാങ്കൽപ്പീക കഥാ പാത്രങ്ങൾ എത്ര നാൾ നമ്മെ സഹായിക്കും.?? യഥാർഥ്യങ്ങളിൽ നിന്നും ഓടി ഒളിക്കാനും അതിനെ വെറുക്കാനും മാത്രമാണ് അവ നമ്മെ പഠിപ്പിക്കുന്നത്. ദൈവ ചിന്ത താൽക്കാലീകമായി സഹായിക്കുമെങ്കിലും മനുഷ്യന്റെ ബുദ്ധിയും കണ്ടുപിടിത്തങ്ങളുമാണ് യാഥാർഥ്യ ലോകത്തിൽ നമുക്ക് ഉപകാരപ്പെടുന്നതും മനുഷ്യ രാശിയെ മുന്നോട്ടു നയിക്കുന്നതും. എല്ലാ ദൈവങ്ങളും, പുസ്തകങ്ങളും നില നിൽക്കുന്നത് തന്നേ മനുഷ്യന്റെ തണലിലാണ്. സ്വയം എഴുന്നേറ്റുനില്ക്കാൻ കഴിയുന്ന ഒരൊറ്റ ദൈവം പോലും ഇന്ന്‌ വരെ ഭൂമിയിൽ ജനിച്ചിട്ടില്ല. നട്ടെല്ലില്ലാത്ത ദൈവത്തിനെങ്ങനെ ഒരു രാജ്യത്തെ മുന്നോട്ടു നയിക്കാനാവും? മതം പെറ്റിട്ട മൂന്ന് രാജ്യങ്ങളാണ് ഭാരതവും പാക്കിസ്ഥാനും ബംഗ്ലാദേശും. അതിൽ ദൈവം ഭരിക്കുന്ന രണ്ടു രാജ്യങ്ങളുടെ സ്ഥിതിയും, ജനാധിപത്യം ഭരിക്കുന്ന മൂന്നാമത്തെ രാജ്യത്തിന്റെ സ്ഥിതിയും ഒന്ന് താരതമ്യം ചെയ്താൽ മാത്രം ദൈവത്തിന്റെ കഴകത്ത് മനസിലാക്കാം മന്ദ ബുദ്ധിക്ക് പോലും. പുറകോട്ടു നടന്നാൽ എങ്ങനെ മുന്നേറും???? പുറകോട്ടു നടന്നു തുടങ്ങിയാൽ ആദ്യ നൂറ്റാണ്ടിൽ ചെന്നെത്തും, അത്ര തന്നേ. സയൻസാൽ ദീപ്തമാണീ ഭൂമി. 💪 Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക