Image

മെസിക്കും റൊണാള്‍ഡോയ്ക്കും 2026 ആറാം ലോക കപ്പ് (സനില്‍ പി. തോമസ്)

Published on 17 November, 2025
മെസിക്കും റൊണാള്‍ഡോയ്ക്കും  2026 ആറാം ലോക കപ്പ് (സനില്‍ പി. തോമസ്)

അടുത്ത വര്‍ഷം യു.എസി.ലും കാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന ഫിഫ ലോക കപ്പ് ഫുട്‌ബോളിന് പോര്‍ച്ചുഗല്‍ കൂടി യോഗ്യത നേടിയതോടെ ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെയ്മര്‍, എംബാപ്പെ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അര്‍ജന്റീനയും ബ്രസീലും ഫ്രാന്‍സും നേരത്തെ യോഗ്യത നേടിയിരുന്നു. തുടര്‍ച്ചയായ ഏഴാം തവണയാണ് പോര്‍ച്ചുഗല്‍ ലോകകപ്പ് കളിക്കുന്നത്. യുവേഫ ഗ്രൂപ്പ് എഫില്‍ ആറു മത്സരങ്ങളില്‍ 13 പോയിന്റുമായാണ് പോര്‍ച്ചുഗല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. തൊട്ടുമുമ്പ് അയര്‍ലന്‍ഡിനെതിരെ ചുവപ്പു കാര്‍ഡ് കണ്ടതിനാല്‍ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ റൊണാള്‍ഡോ കളിച്ചില്ല. എങ്കിലും അര്‍മേനിയയെ പോര്‍ച്ചുഗല്‍ തകര്‍ത്തു(9-1). ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസും ജോവ നെവാസും ഹാട്രിക് നേടി.


ലയണല്‍ മെസിക്കും ക്രിസററ്യാനോ റൊണാള്‍ഡോയ്ക്കും ഇത് ആറാമത്തെ ലോകകപ്പ് ആണ്. ഇതുവരെ ആരും ആറു ലോകകപ്പുകളില്‍ കളിച്ചിട്ടില്ല.

 2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് ലോകകപ്പ് ഫുട്‌ബോള്‍ നടക്കുക. അഡിഡാസ് രൂപകല്പന ചെയ്ത ട്രയോണ്ട പന്താകും മത്സരങ്ങളില്‍ ഉപയോഗിക്കുക. 48 ടീമുകള്‍ ആണ് ഇക്കുറി മത്സരിക്കുക. 2022ല്‍ ഖത്തര്‍ ലോകകപ്പ് വരെ 32 ടീമുകളാണ് ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ മത്സരിച്ചത്. ആറ് കോണ്‍ഫെഡറേഷനുകളിലെ 206 രാജ്യങ്ങൾ ഉള്‍പ്പെടെ യോഗ്യതാ മത്സരങ്ങള്‍ 2023 സെപ്റ്റംബര്‍ ഏഴിനു തുടങ്ങിയതാണ്. 2026 മാര്‍ച്ച് 31ന് അവസാനിക്കും. ജപ്പാനാണ് യോഗ്യത നേടിയ ആദ്യ ടീം. മത്സരങ്ങളുടെ നറുക്കെടുപ്പ്  ഡിസംബര്‍ അഞ്ചിന് വാഷിംഗ്ടണിലെ കെന്നഡി സെന്ററില്‍ നടക്കും.
ഡ്രോയുടെ കാര്യം യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നേരിട്ടാണു വെളിപ്പെടുത്തിയത്. ഓവല്‍ ഓഫിസില്‍ അദ്ദേഹത്തോടൊപ്പം വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും ഫിഫ പ്രസിഡന്റും ജിയാനി ഇന്‍ഫന്റിനോയും സന്നിഹിതരായിരുന്നു.


ആതിഥേയരായ യു.എസും. കാനഡയും മെക്‌സിക്കോയും നേരിട്ടു യോഗ്യത നേടി. ഇതിനു പുറമെ യോഗ്യതാ റൗണ്ട് കളിച്ച് 29 രാജ്യങ്ങള്‍ കൂടി ഇതിനകം ബര്‍ത്ത് ഉറപ്പിച്ചു.


യോഗ്യത നേടിയ ടീമുകള്‍ : ഏഷ്യാ: ഓസ്‌ട്രേലിയ, ഇറാന്‍, ജപ്പാന്‍, ജോര്‍ദാന്‍, ഖത്തര്‍, സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഉസ്ബസ്‌ക്കിസ്ഥാന്‍.
ആഫ്രിക്ക: അള്‍ജീരിയ, കേപ് വെര്‍ദെ, ഈജിപ്ത്, ഘാന, ഐവറി കോസ്റ്റ്, മൊറോക്കോ, സെനഗല്‍, ദക്ഷിണ ആഫ്രിക്ക, ടൂണീഷ്യ.
കോണ്‍കാകാഫ്(മധ്യ-ഉത്തര അമേരിക്ക):
ആതിഥേയരെ കൂടാതെ  ആരും ഇതുവരെ യോഗ്യത കൈവരിച്ചിട്ടില്ല. നേരിട്ട് മൂന്നു ബെര്‍ത്തുകള്‍ കൂടിയുണ്ട്.
യൂറോപ്പ്: ക്രൊയേഷ്യ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, നോര്‍വേ, പോര്‍ച്ചുഗല്‍.
ഓഷ്യാനിയ: ന്യൂസിലന്‍ഡ്.
ദക്ഷിണ അമേരിക്ക: അര്‍ജന്റീന, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, പാരാഗ്വേ, യുറുഗ്വെ.
യൂറോപ്പില്‍ നിന്ന് സ്‌പെയിന്‍, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, സ്വിററ്‌സര്‍ലന്‍ഡ് ടീമുകള്‍ യോഗ്യത നേടാന്‍ സാധ്യതയുണ്ട്. യൂറോപ്പ്(12), ദക്ഷിണ അമേരിക്ക, മധ്യ-ഉത്തര അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്ന് ആറു വീതം, ആഫ്രിക്ക (ഒൻപത് ) ഓഷ്യാന(ഒന്ന്), എന്നിങ്ങനെയാണ് യോഗ്യതാ റൗണ്ടില്‍ നിന്നു നേരിട്ടുള്ള ബര്‍ത്തുകള്‍. ശേഷിച്ചവര്‍ പ്ലേ ഓഫ് കളിക്കണം.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക