Image

യെല്ലോസ്റ്റോൺ കെവിൻ കോസ്‌നറുടെ റാഞ്ചല്ല, പ്രകൃതിയുടെ മരതകപ്പച്ച (കുര്യൻ പാമ്പാടി)

Published on 16 November, 2025
യെല്ലോസ്റ്റോൺ കെവിൻ കോസ്‌നറുടെ റാഞ്ചല്ല, പ്രകൃതിയുടെ മരതകപ്പച്ച  (കുര്യൻ   പാമ്പാടി)

ലോകത്തിലാദ്യത്തെ ദേശീയ ഉദ്യാനമായ യെല്ലോഡസ്റ്റോണിനെപ്പറ്റി സ്‌കൂളിൽ വായിച്ചു വളരുന്ന കാലത്തു തന്നെ ധാരാളം കേട്ടിട്ടുണ്ട്. പക്ഷെ അത് നേരിട്ടുകാണാൻ പ്രചോദനം നൽകിയത് പാരമൗണ്ടിലൂടെ ടെയ്‌ലർ ഷെറിഡൻ അവതരിപ്പിച്ച യെല്ലോസ്റ്റോൺ ടിവി പരമ്പരയാണ്.

ഓസ്കറും  എമ്മിയും നേടിയ കെവിൻ കോസ്‌നർ, ജോൺ ഡട്ടൻ  എന്ന റാഞ്ച്  ഉടമയായി അഭിനയിക്കുന്ന പരമ്പര. ആയിരക്കണക്കിന് കന്നുകാലികളെയും കുതിരകളെയും വളർത്തുന്ന  മൊണ്ടാനയിലെ ഏറ്റവും വലിയ റാഞ്ചിന്റെ ആറാം തലമുറ നായകനാണു ഡട്ടൻ. മൊണ്ടാനയിലേതല്ല അമേരിക്കയിലെ ഏറ്റവും വലിയ റാഞ്ച്-എട്ടു ലക്ഷം ഏക്കർ.  

യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലെ 5300  കാട്ടുപോത്തുകളിൽ കുട്ടിയാനപോലുള്ള  ഒന്ന് 

റാഞ്ച് കൈക്കലാക്കി എയർപോർട്ടും ബിസിനസ് ടവറുകളും  ടൂറിസവും കൊണ്ടുവരാൻ ശ്രമിക്കുന്ന വൻ വ്യവസായ ഭീമന്മാരുമായി പടവെട്ടി ജയിക്കുന്ന ഡട്ടനു  പ്രിയപ്പെട്ട പലതും നഷ്ട്ടപ്പെടുത്തേണ്ടി വന്നു. ഉദ്വേഗം  നിറഞ്ഞ കഥയിലൂടെ പർവത മേഖലയായ മൊണ്ടാനയുടെ പ്രകൃതി സൗന്ദര്യംഒപ്പിയെടുക്കാൻ കഥാകാരനും  നിർമ്മാതാവുമായ ടെയ്‌ലർ ഷെറിഡന്  കഴിയുന്നു.

കേരളത്തെക്കുറിച്ചുള്ള ഒരു ബിബിസി ഡോക്കുമെന്ററിയിൽ ആകാശത്തു നിന്ന് നോക്കുമ്പോൾ ഹരിതാഭമായ  കേരളം നീലസമുദ്രത്തിലെ മരതകമായി കാണപ്പെടുന്നുവെന്നു വിശഷിപ്പിച്ചത് ഓർത്തുപോകുന്നു.അതുപോലുള്ള ഒരു മരതകപ്പച്ചയാണ് കേരളത്തിന്റെ നാലിലൊന്നിലേറെ വലിപ്പമുള്ള യെല്ലോസ്റ്റോൺ  നാഷണൽ പാർക്ക്.

കെവിൻ കോസ്‌നർ യെല്ലോസ്റ്റോൺ ടി വി പരമ്പരയിൽ 

കൊച്ചിയിൽനിന്നു 13,588 കി മീ അകലെയാണ് ന്യൂ യോർക്കിലെ ജെഎഫ്‌കെ വിമാനത്താവളം. എയർഇന്ത്യയിൽ   മുംബയിൽ നിന്ന്  നേരിട്ട് പറക്കാൻ 17 മണിക്കൂർ. ജെഎഫ്കെയിൽ നിന്നോ ലഗാർഡിയയിൽ നിന്നോ യെല്ലോഡസ്റ്റൺ നാഷണൽ പാർക്കിനടുത്തുള്ള വയോമിങ്ങിലെ ജാക്സൺ  ഹോൾ എ യർപോർട്ടിലേക്കു 3380 കിമീ.

ജാക്സൻഹോൾ  വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ടയോട്ട ഹൈലാൻഡറിൽ പാർക്കിന്റെ തെക്കേ അറ്റത്തെ കവാടത്തിലെത്താൻ നൂറു കി.മീ. പോകണം. റാഞ്ചുകളും ചിലതൊക്കെ 'ഫോർ സെയിൽ' (വിൽപ്പനയ്‌ക്ക്)  എന്നു ബോർഡ് കണ്ടു.  മാൻ വർഗ്ഗത്തിൽ പെട്ട ഏൽക്കും  കാട്ടുപോത്തും കരടിയും നിറഞ്ഞ പൈൻ മരക്കാടുകൾ.

കാട്ടുപോത്തുകൾ യെല്ലോസ്റ്റോൺ നദിയോരത്ത് 

ആണ്ടിലൊരിക്കൽ കലമാൻ  ഊരിക്കളയുന്ന  കൊമ്പുകൾ ശേഖരിച്ചാണ്  ജാക്സൺ എയർപോർട്ടിന്റെയും  ജാക്സൺ പട്ടണ മധ്യത്തിലെ ചത്വരത്തിന്റെയും കവാടങ്ങൾ നിർമ്മിച്ചിരിക്കുന്നത്.. ക്ലിന്റ് ഈസ്റ്റ് വുഡിന്റെ    വെസ്റ്റേൺ കൗബോയ് ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന കടകൾ കണ്ടു ജാക്സണിലും വടക്കേ അതിർത്തി പട്ടണമാ
യ മൊണ്ടാനയിലെ ഗാർഡിനറിലും. രണ്ടിടത്തും ഏൽക്കുകൾ നിർബാധം അലഞ്ഞു നടക്കുന്നു. ഗാർഡിനറി
ന്റെ ഒത്ത നടുവിലൂടെ യെല്ലോസ്റ്റോൺ നദിയും ഒഴുകുന്നു.  

'പഴയ  വെസ്റ്റിന്റെ അവസാനത്തെ മുഖം' എന്നറിയപ്പെടുന്ന ജാക്സണിൽ 10,654  ജനം. ഗാർഡിനറിലാകട്ടെ 791 മാത്രം. രണ്ടിടത്തും കൗബോയ് ബാറുകളും ഗ്രില്ലുകളും കണ്ടു. ജാക്സനിൽ അമേരിക്കൻ എയർലൈൻസും യുണൈറ്റഡ് എയർലൈൻസും ഇറങ്ങുന്ന എയർ പോർട്ടുണ്ട്. ഗാർഡിനറിൽ പേരിനു വിമാനത്താവളമുണ്ട്, സർവീസ്  ഇല്ല.

ഗാർഡിനർ ടൗണിലെ കൗബോയ് ഗ്രിൽ 

രണ്ടു പട്ടണങ്ങളിലും കടകളിൽ കരടിയെ നേരിടാനായുള്ള പെപ്പർ സ്പ്രേ വിൽക്കുന്നു. ഇരുണ്ട നിറമുള്ള ഗ്രിസ്‌ലി ബെയർ ഒളിമ്പ്യൻ ഓട്ടക്കാരൻ ഹുസ്സൈൻ ബോൾട്ടിന്റെ വേഗത്തിൽ ഓടുമത്രേ. മൂന്നാറിനെ ഓർമ്മിപ്പിക്കുന്നതാണ് ജാക്സൺ ടൗണും ഗാർഡിനറൂം . ജാക്സൺ വലിയ ടൗൺ. ടൂറിസം കൊണ്ടാണ് ജീവിക്കുന്നത്.വിന്ററിൽ മഞ്ഞുമൂടിയ മലകളിൽ സ്കീയിങ്ങിനായി സഞ്ചാരികൾ എത്തിത്തുടങ്ങി.

സൗത്ത് ഗേറ്റിലെ കാവൽക്കാരി  ഹൃദ്യമായി സ്വീകരിച്ചു. പക്ഷെ പ്രവേശനഫീസ് ആയ 35  ഡോളർ സ്വീകരിക്കാൻ വിസമ്മതിച്ചു സൗജന്യമായി പോയി വരാം. വിന്റർ പ്രമാണിച്ചുമറ്റെന്നാൾ പാർക്ക്  അടയ് ക്കുകയാണ്. പാർലമെന്റിൽ ധനവിനിയോഗബിൽ പാസാക്കാത്തതിനാൽ ഒരു മാസത്തിലേറെയായി ശമ്പളമില്ലാതെ ജോലി ചെയ്യൂകയാണ് നോർത്ത് കരോളിനക്കാരിയായ കേറ്റും ഇരുപതിനായിരത്തിലേറെ പാർക്ക് ജീവനക്കാരും.

എൽക്ക് എന്ന കലമാന്റെ കൊമ്പു കോർത്തിണക്കിയ ജാക്സൺ എയർപോർട്ട് വാതായനം

മലകളും താഴ്വാരങ്ങളും വെള്ളച്ചാട്ടവും അഗാധ ഗർത്തങ്ങളും ചൂടു നീരാവിച്ചുരുളുകളും നിറഞ്ഞ പൈൻ മരക്കാടുകളിലൂടെയാണ് യാത്ര. വന്യ മൃഗങ്ങൾ കുറുകെ കടക്കുന്നതിനാൽ 45  കിമീറ്ററിലേറെസ്പീഡിൽ പോകാനാവില്ല. ഇടയ്ക്കിടെ വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുള്ള ടേൺഔട്ടുകളും ശുചിമുറികളും സജ്ജമാണ്.

ഇടയ്ക്കു വേമ്പനാട് കായൽ പോലെ വിശാലമായ യെല്ലോസ്റ്റോൺ തടാകവും അതിൽ നിന്ന് ഉത്ഭവിക്കുന്ന യെല്ലോസ്റ്റോൺ നദിയും കണ്ടു. ചിലയിടങ്ങളിൽ ഒട്ടേറെ കാട്ടുപോത്തുകൾ പുല്ലു തിന്നു നടക്കുന്നു, നദിയിൽ മുങ്ങിത്തിമിർക്കുന്നു. സഞ്ചാരികൾ കാറുകൾ ഉപേക്ഷിച്ച് അവയുടെ പിന്നാലെ ഓടുന്നു. ഒരു ദിവസം ഗർഡിനറിൽ താമസിച്ച് പരിസരങ്ങൾ കണ്ടശേഷം  പാർക്ക് അടയ്ക്കുന്നത്തിനു തലേ ദിവസം  പുതിയൊരു റൂട്ടിലൂടെ മടക്ക യാത്ര.

ചൂടു നീരാവിച്ചുരുളുകൾ ഒട്ടേറെ

ചൂട് നീരാവിച്ചുരുളുകൾക്കു പ്രസിദ്ധമായ ഓൾഡ് ഫെയിത്ത്ഫുള്ളിൽ  ഞങ്ങൾ ഒരു മണിക്കൂറോളം ചെലവഴിച്ചു.പാർക്കിനുള്ളിൽ താമസിക്കാനും ഭക്ഷണം കഴിക്കാനും  സൗകര്യമുള്ള ഒരേ ഒരു ടൂറിസ്റ്റു കേന്ദ്രമാണ്  ഓൾഡ് ഫെയ്‌ത്ഫുൾ.

സമീപ  സംസ്ഥാനമായ ഐഡഹോയിൽ നിന്ന് വന്ന ഒരു മോർമോൺ  കുടുംബവുമായി കൂട്ടിമുട്ടിയതാണ് അവിടെ ഉണ്ടായ  അപ്രതീക്ഷ സംഭവം.  മലയാളി പോയിട്ട് മറ്റൊരു ഇന്ത്യക്കാരനെപ്പോലും കാണാൻ കഴിയാതെ നിരാശപ്പെട്ടിരിയ്ക്കുമ്പോൾ ഡേവ് എന്ന  ഡേവിഡ് ഒരു  പ്രിട്സെൽ പായ്‌ക്കറ്റ്‌ പൊട്ടിച്ച് നീട്ടിക്കൊണ്ടു ഞങ്ങളോട് സംസാരിച്ചു.

പൈൻകാടുകളിലൂടെ മഞ്ഞു പാദസരം തീർത്ത രാജപാത

ഐഡാഹോഫാൾസിനടുത്തുള്ള ബോൺവിൽ കൗണ്ടിയിൽ കമ്മീഷണർ ആയി റിട്ടയർ ചെയ്ത ആളാണ്‌ ഡേവിഡ് റാഡ് ഫോർഡ്. ലിസ് ഡെന്റിസ്റ്റിന്റെ അസിസ്റ്റന്റ് ആയി റിട്ടയർ ചെയ്‌തു.  സ്വന്തം വീട്ടിൽ ഏഴരയേക്കർ ഭൂമിയും കുതിരകളുംഉണ്ടായിരുന്നു. അച്ഛനമ്മമാർ രണ്ടു പേരും  കടന്നു പോയി. നാല് മക്കൾ. പതിനഞ്ചു  കൊച്ചുമക്കൾ. അവരിൽ രണ്ടു ഇരട്ട പെൺകുട്ടികൾ.

സൗത്ത് ഗേറ്റിൽ പാർക്കിനോട് വിടവാങ്ങാൻ എത്തിയപ്പോൾ പഴയ കാവൽക്കാരി തന്നെ ഇറങ്ങി വന്നു.  ഫോട്ടയ്ക്കു പോസ്‌ചെയ്തു. നോർത്ത്  കരോലിനയിലെ ബൂണിൽ ജനിച്ച കേറ്റ് ട്യൂബർട്ടിപരിസ്ഥിതി ശാസ്ത്രം പഠിച്ചു ജോലിക്കു കയറിയിട്ട് നാലു  മാസമേ ആയിട്ടുള്ളു. ഷട് ഡൗൺ മൂലം ശമ്പളം കിട്ടുന്നില്ല, പക്ഷെ അതു മാറുമ്പോൾ ഒന്നിച്ചു കിട്ടും.

പാർക്കിനുള്ളിൽ കണ്ടുമുട്ടിയ മോർമോൺ സുഹൃത്തുക്കൾ ഡേവിഡ്, ലിസ്, ഷീല

ജാക്സണിൽ ഹാലോവീൻ ആഘോഷം തകർക്കുന്നു. നഗരമദ്ധ്യത്തിലെ പാർക്കിൽ പ്രച്ഛന്ന വേഷ മത്സരം നടക്കുകയാണ്. കുട്ടികളും വലിയവരും വേഷം കെട്ടി എത്തുന്നു. എല്ലാവർക്കും  മിഠായിയും കേക്കും പാനീയങ്ങളുമുണ്ട്. ലോക്കൽ പോലീസിന്റെ സ്റ്റാളും കണ്ടു. ജാക്സൺ റോഡിയോ ക്വീൻ എന്ന സാഷ്  ധരിച്ച ഒരു പെൺകുട്ടി ഞങ്ങളോടൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തു.

യെല്ലോസ്‌റ്റോണിന്റെ മധുരോദാരമായ ഓർമ്മകൾ മായും മുമ്പ് വന്ന ഒരു വാർത്ത ഞങ്ങളെ ഒട്ടൊന്നുമല്ല അലോസരപ്പെടുത്തിയത്. പാർക്കിൽ ആകെയുള്ള 5300 കാട്ടുപോത്തുകളിൽ 120 എണ്ണത്തെ ഈ മഞ്ഞു കാലത്തു പിടിച്ച് കശാപ്പു ചെയ്യാൻ പാർക്ക് അധികൃതർ ഒരുങ്ങുന്നു എന്നാണ് വാർത്ത. പാർക്കിനു താങ്ങാവുന്ന തോതിലേ  കാട്ടുപോത്തുകൾ  ഉണ്ടാവാൻ പാടുള്ളു എന്നാണത്രെ വിദഗ്ദ്ധരുടെ നിലപാട്.

യെല്ലോസ്‌റ്റോണിലെ ജലപാതങ്ങളിൽ ഒന്ന് 

വ്യോമിങ്, മൊണ്ടാന, ഐഡാഹോ സംസ്ഥാനങ്ങളിൽ പതിനായിരക്കണക്കിനു കന്നുകാലികളെ വളർത്തുന്ന  റാഞ്ചുകൾ ഉണ്ട്. അർജന്റീനയിൽ നിന്നു ബീഫ് ഇറക്കുമതി ചെയ്യാനുള്ള ട്രംപ് ഭരണകൂടത്തി
ന്റെ നീക്കം ത ങ്ങളുടെ കഞ്ഞികുടി മുട്ടിക്കും എന്ന് പറഞ്ഞു റാഞ്ചുടമകൾ രംഗത്തെത്തിയിട്ടുണ്ട്. മൂന്നും  റിപ്പബ്ലിക്കൻ സ്വാധീനമുള്ള സംസ്ഥാനങ്ങളാണ് എന്നതാണ് കൗതുകകരമായ സത്യം. 

ജാക്സൺ നഗരത്തിൽ ഹാലോവീൻ പ്രച്ഛന്ന വേഷ മത്സരം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക