Image

അക്ഷരപ്പാതയിലെ ആദ്യചുവടുകൾ (കോരസൺ, ന്യൂയോർക്ക്)

Published on 16 November, 2025
അക്ഷരപ്പാതയിലെ ആദ്യചുവടുകൾ (കോരസൺ, ന്യൂയോർക്ക്)

‘ഇതു താങ്കൾക്കു മാത്രമുള്ളതാണ്,’ മനോഹരമായ കൈപ്പടയിൽ എന്റെ പേരെഴുതി വച്ചുനീട്ടിയ ഇളംമഞ്ഞ ഇൻലൻഡ് ലെറ്റർ. ഒപ്പം ഉള്ളുതുറന്ന മനോഹരമായ ചിരിയും. ഇൻലൻഡിനകത്തെ കുറിപ്പുകളിൽ സർഗാത്മകതയുടെ ഉറപ്പും കലയുടെ തളിർപ്പും പ്രകടമായിരുന്നു. അതു തയ്യാറാക്കിയ കെ.എസ്. രവികുമാർ എന്ന വിദ്യാർത്ഥി കാമ്പസിലെ ബുദ്ധിജീവികളുടെ ഹരമായി മാറിയിരുന്നു. ആർത്തിയോടെ ആ ഇൻലൻഡ് കൈപ്പറ്റി പുസ്തകത്തിനിടയിലേക്കു തിരുകിക്കയറ്റുമ്പോൾ ഒരു പിൻവിളി. ‘വായിച്ചിട്ട് അഭിപ്രായം അറിയിക്കണം.’

പണത്തിനു വിഷമമുള്ള അന്നത്തെ നാളുകളിൽ പോസ്റ്റൽ ഇൻലൻഡിൽ മാറ്റർ അച്ചടിച്ച് തലക്കെട്ടുകൾ പലനിറം മഷിയിൽ സ്വന്തം കൈപ്പടയിൽ എഴുതിയ മാസിക, ഒരത്ഭുതമായിരുന്നു. രവി എന്ന കലാകാരന്റെ കലിഗ്രഫിയും സുന്ദരമായ പദസമ്പത്തുംകൊണ്ട് ആകർഷകമായിരുന്ന ആ ഇൻലൻഡ് മാഗസിൻ കിട്ടുവാൻ കൊതിയോടെ കാത്തിരുന്ന നാളുകൾ. പ്രീഡിഗ്രിക്കാലത്തു തന്നെ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചെഴുതാൻ പാകപ്പെട്ട ആ മനസ്സിൽ നിന്നും വാർന്നുവീണത് വായനയുടെ പുതിയ അനുഭവങ്ങളായിരുന്നു. 

ഇരുപതുവയസ്സിനടുത്ത ഈ ചെറുപ്പക്കാരന്റെ സാഹിത്യാഭിരുചിയുടെ വ്യാപ്തി ഞങ്ങൾ കൂട്ടുകാർക്ക് അത്ഭുതവും അഭിമാനവുമുളവാക്കി. അതുകൊണ്ടു തന്നെ രവിക്ക്, ഞങ്ങൾക്കിടയിൽ ഒരു ബുദ്ധിജീവി പരിവേഷമുണ്ടായിരുന്നു. അപ്പോൾ രവി ഇടപെട്ടുകൊണ്ടിരുന്ന രീതികളും വിഷയങ്ങളും ഞങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. പുസ്തകങ്ങളുടെ ലോകത്തെ നിലയില്ലാക്കയത്തിൽ മുങ്ങിനിൽക്കുന്ന രവിയുടെ വായനയുടെ വൈവിധ്യങ്ങൾ ഞങ്ങൾക്ക് അറിയില്ലായിരുന്നു. എങ്കിലും ഒ.വി.വിജയന്റെ പുസ്തകത്തെക്കുറിച്ച് അടിസ്ഥാനപരമായ ഒരു പഠനം നടത്താനുള്ള വിവേകം രവിക്ക് അന്നേ കൈവന്നെങ്കിൽ എത്രയോ രാത്രികളുടെ ഗാഢമായ വായനയും സ്വന്തമായ ചിന്തയും അതിനു പിന്നിൽ ഉണ്ടായിരുന്നു. 

ചെറുകുന്നം പുരുഷോത്തമൻ സാർ ക്യാമ്പസിലെ അറിയപ്പെട്ട ഭാഷാധ്യാപകനായിരുന്നു. അദ്ദേഹം എന്റെ വീടിനടുത്താണ് താമസിച്ചിരുന്നത്. രവി അവിടം നിരന്തരം സന്ദർശിച്ചിരുന്നു. തന്റെ വായനയും പഠനവും, ചെറുകുന്നം സാറിനെപ്പോലെയുള്ള ഭാഷാപണ്ഡിതരുമായി സംവദിക്കാനുള്ള ശേഷി ആ പ്രായത്തിൽ തന്നെ രവിക്ക് നേടിക്കൊടുത്തിരുന്നു. അതു വിദ്യാർത്ഥികളിൽ എത്രപേർക്ക് ഉണ്ടാകുമെന്ന് ഇപ്പോൾ ഓർക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട്. ഓരോതവണ കാണുമ്പോഴും കൈനിറയെ പുസ്തകങ്ങളുമായി എപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ വരുന്ന രവിയെ മാത്രമേ ഓർത്തെടുക്കാനാവൂ, 

എൺപതുകളിൽ കടമ്മനിട്ട രാമകൃഷ്ണൻ, തന്റെ ജ്വലിക്കുന്ന കവിതകൾ ചൊല്ലിക്കൊണ്ട് കേരളത്തിൽ തരംഗം സൃഷ്ടിക്കുന്ന കാലം. രവി കടമ്മനിട്ട രാമകൃഷ്ണനുമായി അടുത്ത സൃഹൃദം പുലർത്തി. അദ്ദേഹത്തിന്റെ കവിതയെ ശ്രദ്ധാപൂർവ്വം നോക്കിക്കാണുന്നത് ഒരു തപസ്സായി രവി ഏറ്റെടുത്തിരുന്നു. വാക്കുകൾക്കിടയിലെ നിശ്ശബ്ദതപോലും തിരിച്ചറിയാൻ പാകത്തിൽ ആത്മാവ് പകരുന്ന സാന്നിധ്യമായിരുന്നു. കടമ്മനിട്ടയുടെ കവിതചൊല്ലൽ, ഒപ്പം കടമ്മനിട്ട വാസുദേവൻപിള്ള സാറിന്റെ തപ്പിന്റെ താളവും. അതു മലയാളികളുടെ ഹൃദയത്തിലേക്കു പെയ്തിറങ്ങുകയായിരുന്നു. 

കോളേജ് കാമ്പസിൽ ഞങ്ങൾ രാഷ്ട്രീയമായി ഇരുചേരികളിൽ പ്രവർത്തിക്കു മ്പോഴും എപ്പോൾ തമ്മിൽ കണ്ടാലും ചേർത്തുപിടിക്കുന്ന ഒരു അടുപ്പം അറിയാതെ രൂപപ്പെട്ടിരുന്നു. അത് ഇരുവർക്കും ഇടയിലെ സാഹിത്യപ്രേമം കാരണമായിരിക്കണം എന്ന് ഇപ്പോൾ തോന്നുന്നു. തീവ്രഇടതുപക്ഷക്കാരനായ രവിയുമായി അത്ര ആത്മബന്ധം പാടില്ല എന്ന ഒരു കോൺഗ്രസ് നേതാവിന്റെ വാക്കുകൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു. ഭുവനേശ്വരന്റെ മരണത്തെത്തുടർന്ന് 1979-ൽ പന്തളം കോളേജ് യൂണിയൻ ആദ്യമായി ഇടതുപക്ഷം പിടിച്ചെടുത്തത് ചരിത്രം. എന്നാൽ, ഞാൻ ഒരാൾ മാത്രം കെ.എസ്.യു. വിൽ നിന്നും ജയിച്ച് കോളേജ് മാഗസിൻ എഡിറ്ററായി. വലതുപക്ഷക്കാരനായി യൂണിയനിൽ പ്രവർത്തിക്കുക എന്നത് എനിക്കു പ്രയാസമായിരുന്നെങ്കിലും രവികുമാർ എഡിറ്റോറിയൽ സമിതിയിലുണ്ട് എന്നുള്ള വിശ്വാസം വളരെ വലിയ ആശ്വാസമായിരുന്നു. കരുതാനും തിരുത്താനും ഒപ്പം പരസ്പരം ബഹുമാനത്തോടെ സംവദിക്കാനുമുള്ള രവിയുടെ വിശാലസമീപനം അടുത്തറിഞ്ഞു. എഡിറ്റോറിയൽ രവിയുടെ കൈപ്പടയിൽത്തന്നെ എഴുതിത്തന്നു. അതിൽ ഒരു വാക്കുപോലും മാറ്റാനോ മറിക്കനോ ഞാൻ ധൈര്യപ്പെട്ടില്ല. അത്ര മധുരമായിരുന്നു ആ എഴുത്ത്. മാത്രമല്ല പിന്നീടുള്ള കാലമെല്ലാം ഒരു മന്ത്രംപോലെ ആ വാക്കുകൾ മനസ്സിൽ മായാതെ നിലനിൽക്കുന്നു. 

‘കൂട്ടരേ, ഈ വഴിമ്പലത്തിൽ നാം പങ്കുവച്ച നിമിഷങ്ങളുടെ സ്മാരകഫലകങ്ങൾ, കൊച്ചു സന്തോഷങ്ങളുടെ വിടരുന്ന പീലിക്കാവടികൾ, കൊച്ചുസങ്കടങ്ങളുടെ അലിഞ്ഞുതീരുന്ന മഞ്ഞുതുള്ളികൾ, കൗമാരസ്വപ്നങ്ങളുടെ നിറപ്പകിട്ടുകൾ, അരബ്ധയൗവ്വനങ്ങളുടെ ആത്മക്ഷോഭങ്ങൾ... എല്ലാം ഒരു ചെപ്പിനുള്ളിലെ വളപ്പൊട്ടുകളും മയിൽപ്പീലികളും മാത്രം....
ജീവിതത്തിന്റെ ഇനിയും നീളുന്ന പാതകളിൽ, ഏതെങ്കിലും ഒരു മരത്തണലിൽ, ഏകാന്തനിമിഷങ്ങളിൽ, ഈ ചെപ്പൊന്നു തുറക്കുക..ആ നിമിഷത്തിന്റെ ധന്യതയ്ക്കുവേണ്ടി..’ 

കോളേജ് കാലത്തിനുശേഷം ഞങ്ങൾ ഇരുവഴിയിൽ പിരിഞ്ഞു, അവരവരുടെ ജീവിതദിശയിൽ ദീർഘദൂരം സഞ്ചരിച്ചു. രവികുമാർ ഗവേഷകനായി, അധ്യാപകനായി, മലയാളത്തിലെ അറിയപ്പെട്ട ഗ്രന്ഥകാരനും നിരൂപകനുമായി. ഒടുവിൽ കാലടി സംസ്കൃത സർവകലാശാലയിൽ പ്രൊ വൈസ്‌ചാൻസിലർ പദവിയിൽ എത്തിയപ്പോഴാണ് ഞങ്ങൾ വീണ്ടും ബന്ധപ്പെടുന്നത്. ഞാൻ അമേരിക്കയിൽ ദീർഘകാലം ജോലിയിൽ ആയിരുന്നപ്പോഴും മലയാളം എഴുത്തും വായനയും തുടരാനായി. അങ്ങനെ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ഒരു സമ്മേളനത്തിൽ പ്രഭാഷണത്തിന് രവികുമാറിനെ ക്ഷണിക്കുവാനുള്ള ദൗത്യം സംഘാടകർ എന്നെ ഏല്പിപ്പിച്ചു. അത് ഞങ്ങളുടെ സൗഹൃദം വീണ്ടും പുഷ്പിക്കാനിടയാക്കി. ഇരുകൈ വഴികളായി ഒഴുകിത്തുടങ്ങിയ പുഴ വീണ്ടും ചേർന്നൊഴുകാൻ തുടങ്ങിയത് ഒരു നിമിത്തം. എന്റെ രണ്ടാമത്തെ പുസ്തകമായ പ്രവാസിയുടെ നേരും നോവും രവിയുടെ അവതാരികയോടെ പുറത്തുവന്നു. അതെല്ലാം പഴയ സൗഹൃദത്തിന്റെ ബാക്കിപത്രമായി ഞാൻ കാണുന്നു.
`
 

Join WhatsApp News
Sudhir Panikkaveetil 2025-11-16 15:59:26
എഴുത്തുകാരനായ സതീർഥ്യനെ ഇതിനേക്കാൾ മനോഹരമായി എങ്ങനെ പരിചയപ്പെടുത്തും. അഭിനന്ദനങ്ങൾ ശ്രീ കോരസൺ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക