
കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഒരു വനിതയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിച്ചെടുക്കാന്‍ മൂന്ന് മുന്നണികള്‍ക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടികള്‍ തയ്യാറാവുമോ..? സ്വാഭാവികമായും ''ഇല്ല...'' എന്നായിരിക്കും ഉത്തരം. തദ്ദേശ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണ സീറ്റുകള്‍ക്ക് പുറമെ ജനറല്‍ സീറ്റുകളിലും വനിതകള്‍ മല്‍സരിക്കുന്ന കാഴ്ചയാണിപ്പോള്‍. പല തദ്ദേശ സ്ഥാനപ വാര്‍ഡുകളില്‍ പകുതിയിലേറെ വനിതകളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. കാലത്തിന്റെ ഈ അനിവാര്യമായ മാറ്റം ഉള്‍ക്കൊണ്ട് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു വനിതാ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
പണ്ട് കെ.ആര്‍ ഗൗരിയമ്മയെ മുന്നില്‍ നിര്‍ത്തി സി.പി.എം ഇത്തരമൊരു നീക്കം നടത്തിയിരുന്നു. ''കേരം തിങ്കളും കേരള നാട്ടില്‍ കെ.ആര്‍ ഗൗരി ഭരിച്ചീടും...'' എന്നൊരു മുദ്രാവാക്യമുണ്ടായിരുന്നു. 1987-ല്‍ സി.പി.എം കെ.ആര്‍ ഗൗരിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു. ''നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥി കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കും...'' എന്ന് ആലപ്പുഴ തുറവൂരിലെ ഒരു വേദിയില്‍ വച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറിയും കേരള മുഖ്യമന്ത്രിയുമായിരുന്ന പി.കെ വാസുദേവന്‍ നായരാണ് ഇക്കാര്യം ആദ്യം പറഞ്ഞത്.
അന്നത്തെ സി.പി.എം സെക്രട്ടറിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ ഒരു പടി കൂടി കടന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കേരളത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് പ്രഖ്യാപിച്ചു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട സി.പി.എം വിജയത്തിനു ശേഷം നിയമസഭാ കക്ഷി നേതാവായി ഇ.കെ നായനാരെ തിരഞ്ഞെടുത്തു. അതോടെയാണ് പാര്‍ട്ടിയും ഗൗരിയമ്മയും തമ്മില്‍ അകലം ഏറിയത്. പിന്നീട് 1994 ജനുവരി ഒന്നിന് ഗൗരിയമ്മ സി.പി.എമ്മില്‍നിന്നു പുറത്താകുന്നതുവരെ കാര്യങ്ങളെത്തി. കേരം തിങ്ങും കേരള നാടിന് ലഭിക്കാതെ പോയ മുഖ്യമന്ത്രിയാണ് കെ.ആര്‍ ഗൗരി. അതൊരു ദുഖ സത്യമായി അവശേഷിക്കുന്നു.
എന്നാല്‍ ആ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഒന്നാം പിണറായി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്ത് ലോകശ്രദ്ധയാകര്‍ഷിച്ച കെ.കെ ശൈലജ ടീച്ചറെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മല്‍സരിപ്പിക്കാനുള്ള ആലോചന സി.പി.എമ്മില്‍ നടക്കുന്നതായാണ് മനസിലാക്കുന്നത്. മുഖ്യമന്ത്രിയൊഴിച്ച് ഒന്നാം പിണറായി സര്‍ക്കാരിലെ സി.പി.എം മന്ത്രിമാര്‍ക്ക് പിന്തുടര്‍ച്ചയുണ്ടായില്ല. കെ.കെ ശൈലജ ടീച്ചര്‍ മന്ത്രിയാവണമെന്ന് കക്ഷിഭേദമെന്യേ ആഗ്രഹിച്ചവര്‍ ഏറെയാണ്. പാര്‍ട്ടിയിലെ ഈ മുതിര്‍ന്ന വനിതാ നേതാവിന് അര്‍ഹിക്കുന്ന പദവിയാണ് മുഖ്യമന്ത്രി പദമെന്ന് പാര്‍ട്ടിയും കരുതുന്നു.
മൂന്നാം വട്ടവും പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്ന് ചിന്തിക്കുന്നവര്‍ സി.പി.എമ്മിലുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ നയസമീപനങ്ങളും നിലപാടുകളും പിന്നെ സ്വര്‍ണക്കൊള്ള വരെ എത്തി നില്‍ക്കുന്ന വിവാദങ്ങളും വലിയ തോതിലുള്ള ഭരണവിരുദ്ധ വികാരം ഉയര്‍ത്തിയിട്ടുണ്ടെന്നതില്‍ സംശയമില്ല. പൊതുവേദികളിലും മറ്റുമുള്ള പിണറായി വിജയന്റെ ശരീര ഭാഷയും മോശം പ്രതിച്ഛായയാണുണ്ടാക്കിയിട്ടുള്ളത്. ആ ഏകാധിപത്യം പാര്‍ട്ടിയില്‍ മുറുമുറുപ്പുണ്ടാക്കുന്നുണ്ടെങ്കിലും ആരും അത് തുറന്ന് പറയാന്‍ ധൈര്യപ്പെടുന്നില്ലെന്നതാണ് വാസ്തവം.
ബംഗാളില്‍ ജ്യോതി ബസുവും ബീഹാറില്‍ നിതീഷ്‌കുമാറും പലവട്ടം മുഖ്യമന്ത്രിയായെങ്കിലും കേരളത്തില്‍ അത് ആരും ആഗ്രഹിക്കുന്നില്ല. ഒരു മാറ്റത്തിനായി ഒന്നാം വട്ടം പിണറായിയെ അംഗീകരിച്ചവര്‍ പിണറായിയുടെ രണ്ടാം വരവിനെ നിശിതമായി വിമര്‍ശിക്കുന്നത് നാം കണ്ടു, കേട്ടു, അനുഭവിച്ചു. അതിനാല്‍ ഇനിയൊരു ടേം പിണറായിക്ക് ആവകാശപ്പെടാനാവില്ല. അദ്ദേഹം സ്വമനസാലെ പിന്‍മാറുന്നതായിരിക്കും നല്ലത്. മൂന്നു തവണ കേരളം ഭരിച്ചുവെന്ന റെക്കോഡ് സൃഷ്ടിക്കാനൊരുമ്പെട്ടാല്‍ വെട്ടിലാവുന്നത് പാര്‍ട്ടിയും നേതാക്കളുമായിരിക്കും.
ഈയൊരു സാഹചര്യത്തിലാണ് കെ.കെ ശൈലജയെപ്പോലെ പ്രവര്‍ത്തന മികവ് തെളിയിച്ച ഒരു സി.പി.എം വനിതാ നേതാവ് മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടേണ്ടത് അനിവാര്യമാവുന്നത്. ബീഹാറിലെ ഒന്നേകാല്‍ കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് 10,000 രൂപ വീതം കൊടുത്തുകൊണ്ടാണ് ജെ.ഡി.യുവിന്റെ അജയ്യനായ നിതീഷ്‌കുമാര്‍ 2005 മുതല്‍ മുഖ്യമന്ത്രി പദം അലങ്കരിക്കുന്നതെങ്കില്‍, കെ.കെ ശൈലജ എന്ന നല്ല പ്രതിച്ഛായയുള്ള വ്യക്തിയിലൂടെ ഒരു വനിതാ വിപ്ലവ മുന്നേറ്റം സി.പി.എം നടത്തിയാല്‍ അത് തീര്‍ച്ചയായും ഫലവത്താവാതെ തരമില്ല. തുടര്‍ച്ചയായ മൂന്നാം വിജയം എന്ന ഭേദിക്കാനാവാത്തൊരു റെക്കോഡിലേയ്ക്ക് പാര്‍ട്ടിക്ക് രക്ത പതാക പാറിക്കുകയും ചെയ്യാം.
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ കെ.കെ ശൈലജ രണ്ടു തവണ നിയമസഭാ സാമാജികയായിരുന്നു. 2016 മുതല്‍ 2021 വരെ പതിനാലാം നിയമസഭയിലെ കേരളത്തിന്റെ ആരോഗ്യ, സാമൂഹിക ക്ഷേമവകുപ്പ് മന്ത്രിയായിരുന്നു ശൈലജ. 2016-ല്‍ അധികാരത്തില്‍ വന്ന മന്ത്രിസഭയിലെ രണ്ട് വനിതാ മന്ത്രിമാരിലൊരാള്‍. കേരളത്തിലെ കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ ശൈലജ ടീച്ചറുടെ നേതൃത്വത്തിന് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചു. 2020 ജൂണ്‍ 23-ന് ഐക്യരാഷ്ട്രസഭ ടീച്ചറെ ആദരിക്കുകയുണ്ടായി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തില്‍ യു.എന്‍ പൊതുസേവന ദിനത്തില്‍ സ്പീക്കറായി ടീച്ചറെ ക്ഷണിച്ചു. 'കൊറോണ വൈറസ് കൊലയാളി', 'റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രി' എന്നാണ് ഗാര്‍ഡിയന്‍ ടീച്ചറെ വിശേഷിപ്പിച്ചത്.
ഏഷ്യന്‍ വനിതാ കൊറോണ പോരാളികള്‍ക്കായി ജംഗ് യുന്‍-ക്യോങ് (ദക്ഷിണ കൊറിയ), സണ്‍ ചുന്‍ലാന്‍ (ചൈന), ചെന്‍ വെയ് (ചൈന), ലി ലഞ്ചുവാന്‍ (ചൈന), ഐ ഫെന്‍ (ചൈന), സി ലിങ്ക (ചൈന) എന്നിവരോടൊപ്പം ബി.ബി.സി ന്യൂസില്‍ ഇടംപിടിച്ചു. കൊറോണ വാരിയര്‍ഷിപ്പിനായി വോഗ് മാസികയും ടീച്ചറെ തിരഞ്ഞെടുത്തു. ബ്രിട്ടനിലെ പ്രോസ്പെക്ട് മാഗസിന്‍ 2020-ലെ ലോകത്തെ മികച്ച ചിന്തകരുടെ ഗണത്തില്‍ കെ.കെ ശൈലജയെ തിരഞ്ഞെടുത്തു. ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്താ അര്‍ഡേനെ പിന്തള്ളിയാണ് കോവിഡ് കാലത്ത് ചിന്തകളെ പ്രായോഗികതലത്തില്‍ എത്തിച്ച മികച്ച 50 പേരില്‍ നിന്ന് കെ.കെ ശൈലജ ഒന്നാം സ്ഥാനത്തെത്തിയത്. ആരോഗ്യരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2021-ലെ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ 'ഓപ്പണ്‍ സൊസൈറ്റി പ്രൈസ്' എന്ന ബഹുമതിയും ശൈലജ ടീച്ചര്‍ നേടി. ഈ പുരസ്‌ക്കാരം നേടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് ശൈലജ.