Image

ശരത്കാല സുന്ദര ശുഭദിനങ്ങൾ (സുധീർ പണിക്കവീട്ടിൽ)

Published on 15 November, 2025
ശരത്കാല സുന്ദര ശുഭദിനങ്ങൾ (സുധീർ പണിക്കവീട്ടിൽ)

ഏതോ ദേവാംഗന  കഴുകി അലക്കാനിട്ട അവളുടെ നീലസാരി പോലെ ആകാശവിതാനത്തിൽ നീലിമപരക്കുമ്പോൾ  ശരത്കാലകാശത്തിനു ചാരുതയേറുന്നു. അത് കാമുകിമാരുടെ കണ്ണുകളെ ഓർമ്മിപ്പിക്കുന്നു. കാലാവസ്ഥയുടെ വ്യതിയാനം  അനുസരിച്ച്  ചിലപ്പോൾ ചെമ്മരിയാട്ടിൻ കൂട്ടങ്ങളെപോലെ  ശുഭ്രമേഘങ്ങൾ മേയുന്നുണ്ടാകും.  ഇക്കാലത്ത് പ്രകൃതി ഒരുക്കുന്ന കമനീയ കാഴ്ചയാണ് സുതാര്യ മേഘങ്ങൾ. ചിലപ്പോൾ തൂവെള്ളയായും അല്ലെങ്കിൽ  തെളിഞ്ഞ നീല നിറമായും അവരുടെ അലസഗമനം കണ്ണെടുക്കാതെ നോക്കി നിൽക്കാൻ നമ്മെ പ്രലോഭിപ്പിക്കുന്നു. മാനത്തെ വിരിപ്പിൽ നീലം കലരുമ്പോൾ നമുക്ക് സങ്കല്പിക്കാം  ദേവകന്യകകൾ വസ്ത്രങ്ങളിൽ ഉജ്വാലാ മുക്കിയിട്ടുണ്ടെന്നു. അമേരിക്കയിൽ ഇത് ശരത്കാലം. ഇളം മഞ്ഞും, കുളിരും, കാറ്റിൽ പൊഴിയുന്ന ഇലകളും അവയുടെ നിറവും, പരിസരത്തിനു ഭംഗി കൂട്ടുന്നു. അതെ സമയം ഞെട്ടറ്റു വീഴുന്ന സ്വർണ്ണവർണ്ണത്തിൽ മുങ്ങി നിൽക്കുന്ന മാപ്പിൾ മരങ്ങളുടെ ഇലകൾ  കാറ്റിനൊപ്പം ചലിക്കുന്നെങ്കിലും ഭൂമിയിൽ അലിഞ്ഞില്ലാതാകാൻ പോകുന്ന ചിന്തയിൽ  പരിഭ്രാന്തരാണെന്നു തോന്നിപ്പിക്കുന്നു. അവർ വികാരാധീനരായി കാറ്റിന്റെ സഹായത്താൽ മണ്ണിൽ  കവിതകൾ എഴുതുന്നുണ്ട്.
ഒരു ഇല കാറ്റിൽ പറന്നുവന്നു എന്റെ മേൽ വീണു.  പ്രകൃതിയുടെ ഓരോ ചലനവും അതിലെ ചരാചരങ്ങളും മനുഷ്യന് ഒരു സന്ദേശം നൽകുന്നുണ്ട്. ഞാൻ ജി ശങ്കരക്കുറുപ്പിന്റെ വരികൾ ഓർത്തു. 

ഇന്നു ഞാന്‍, നാളെ നീ; ഇന്നു ഞാന്‍,നാളെ നീ"
ഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോർമ്മയിൽ
പാതവക്കത്തെ മരത്തിന്‍ കരിനിഴൽ
പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ,
എത്രയും പേടിച്ചരണ്ട ചില ശുഷ്ക-
പത്രങ്ങള്‍ മോഹം കലർന്നു   പതിക്കവേ...

പ്രകൃതി എപ്പോഴും സുന്ദരിയാണ്.  അവളെ പ്രണയിക്കാനുള്ള മനസ്സ് മനുഷ്യർക്കില്ലാത്തതാണ് പ്രശ്‍നം. ഇലപൊഴിഞ്ഞ മരക്കൊമ്പുകളിൽ ഏതോ ശോകഗാനം പാടി ഒരു കിളി വിദൂരതയിലേക്ക് നോക്കി വിമ്മിഷ്ടപെടുന്നു. ഒരു പക്ഷെ അത് സൂര്യാസ്തമയത്തിനു കാത്തിരിക്കയാകാം. സൂര്യാസ്തമയം കഴിഞ്ഞു അരമണിക്കൂറിനുള്ളിൽ കിളികൾ ദേശാടനം ആരംഭിക്കുകയായി. പ്രകൃതി എത്ര സൂക്ഷ്മതയോടെയാണ് എല്ലാ ജീവികളുടെയും ജീവിതം ക്രമീകരിച്ചിരിക്കുന്നത്.

പ്രകൃതി നൽകുന്ന  സുന്ദര്യാനുഭൂതിയിൽ പതിവുപോലെ ഞാൻ മയങ്ങി നിന്നപ്പോൾ മനസ്സ് ഒരു മയിലിനെ പോലെ പീലി വിടർത്തി. ജീവിതം ആസ്വാദകരമാണ്. എന്തിനാണ് മനുഷ്യർ ശുഭാപ്തിവിശ്വാസമില്ലാത്ത ചിന്തകൾക്കടിമയാകുന്നത്?. എല്ലാം മറക്കാൻ മനുഷ്യന് കഴിവുണ്ട്. പാവം    മാനവഹൃദയമെന്ന സുഗതകുമാരിയുടെ കവിത ഓർമ്മ വരുന്നു.  ഒരു താരക കാണുമ്പോൾ മനുഷ്യൻ രാവ് മറക്കുമെന്നും പുതുമഴ കാൺകെ വരൾച്ച മറക്കുമെന്നും ടീച്ചർ എഴുതി. എന്തൊക്കെ വിഷമങ്ങൾ ഉണ്ടെങ്കിലും സുകുമാര കാഴ്ചകൾ, ശ്രവണസുന്ദരമായ ശബ്ദങ്ങൾ നമ്മെ  കീഴ്പ്പെടുത്തു ന്നു. നാം ഒരു നിമിഷം ആ സൗന്ദര്യത്തിൽ അലിഞ്ഞുചേർന്നു സുന്ദരന്മാരും സുന്ദരികളും  ആകുന്നു.

തണുപ്പ്കാലത്തിനു മുമ്പുള്ള ,ചൂട് കുറഞ്ഞ എന്നാൽ പ്രകാശമുള്ള സൂര്യൻ. സൂര്യതാപത്തിന്റെ ശോഷിപ്പ് മൂലം ഇലകൾ നിറം മാറുകയും കൊഴിയുകയും ചെയ്യുന്നു.  പച്ച നിറം നഷ്ടപ്പെട്ട സ്വർണ്ണ നിറം നേടിയ ഇലകൾ നമ്മുടെ കണ്ണുകൾക്ക് ആനന്ദം പകരുന്നു. അമേരിക്കൻ പത്രപ്രവർത്തകനും ഗ്രന്ധകാരനുമായ ജിം ബിഷപ്പ് ശരത്കാലത്തെപ്പറ്റി പറഞ്ഞത് മറ്റു ഋതുക്കളെ അപേക്ഷിച്ച് ശരത്കാലം അവളുടെ കീശയിൽ അധികം സ്വർണ്ണം സൂക്ഷിക്കുന്നുവെന്നാണ്.  

പ്രകൃതിയിലെ പക്ഷിമൃഗാദികൾ ഒരു അവധിക്കാലത്തിന്‌ തയ്യാറെടുക്കുകയാണെന്നു തോന്നും. എന്റെ  വീടിന്റെ പുറകുവശത്ത് ഇപ്പോൾ കിളികൾ വരുന്നില്ല. അത്തി മരത്തിലെ പഴങ്ങളൊക്കെ തീർന്നു. ഒരു അണ്ണാറക്കണ്ണൻ ചഞ്ചലനായി ഓടി നടക്കുന്നുണ്ട്. തണുപ്പുകാലത്തേക്കുള്ള ഭക്ഷണം ശേഖരിക്കയാണ്. എത്രയോ ബുദ്ധിപൂർവമാണ് ആ ജീവിയുടെ കരുതലുകൾ. ഭക്ഷണം പലയിടത്തുമായിട്ടാണ്  അത് പൂഴ്ത്തിവയ്ക്കുക. ഒരിടത്ത് നിന്ന് മോഷണം പോയാലും മറ്റു സ്ഥലങ്ങളിൽ നഷ്ടപ്പെടാതെ ഇരിക്കുമെന്ന് ശുഭാപ്തി വിശ്വാസം.  നമ്മളും കാത്തിരിക്കുന്നു. വൃശ്ചികമാസത്തെ. നവംബർ 17 മുതൽ വൃശ്ചികമാസം ആരംഭിക്കുകയായി. കവി പറഞ്ഞ വൃശ്ചികപൂനിലാവ്, പിച്ചകപ്പൂനിലാവ് ഇവിടെ അമേരിക്കയിലും നമുക്ക് ആവോളം  ആസ്വദിക്കാം. ആകാശത്തിലെ ശുഭ്രമേഘങ്ങൾ മഞ്ഞുകണമായി വീഴുന്നപോലെ നമ്മൾ കാണുന്നു. യാതൊരു ലജ്ജയുമില്ലാതെ മച്ചിന്റെ മേലിരുന്നു    ആരോ പഞ്ചസാര ചാക്കുകൾ തട്ടിമറിക്കുന്നപോലെ  വീഴുന്ന മഞ്ഞുപാളികൾ നമുക്ക് ആനന്ദം പകരുന്നവയാണ്. ഹിന്ദുമതത്തിലെ വിശ്വാസികൾക്ക് വൃശ്ചികമാസം ഒന്ന് മുതൽ നാൽപത്തിയൊന്ന് ദിവസം മണ്ഡലമാസമാണ്. മൂന്നു ഞാറ്റുവേലകൾ ചേർന്നതാണ് ഒരു മണ്ഡലമാസം. ഒരു ഞാറ്റുവേല 13.5 -14 ദിവസമാണ്. മൂന്നു ഞാറ്റുവേല 13.5 x 3 = 40.5, അതിനെ നാൽപത്തിയൊന്ന് ദിവസമായി കണക്കാക്കുന്നു.  ഈ കാലം ഭക്തർ നിഷ്ഠയോടും ആത്മനിയന്ത്രണത്തോടുകൂടി ഈശ്വരനാമം ജപിച്ച് കഴിയുന്നു.  ഭാരതത്തിൽ ചന്ദ്രമാസമായിരുന്നു കണക്കാക്കിയിരുന്നത്. അത് 324  ദിവസമായിരുന്നു.അതുകൊണ്ടാണ് നാൽപത്തിയൊന്ന് ദിവസത്തിനു പ്രാധാന്യമേറിയത് കൊല്ലത്തെ 365 ദിവസമായി കണക്കാക്കിയപ്പോൾ ജ്യോതിശാസ്ത്രപരമായി നാൽപത്തിയൊന്ന് ദിവസം അധികം വന്നു. ആ ദിവസങ്ങളെ ഭക്തിപരമായി മാറ്റുകയായിരുന്നു.

ശരത്കാലത്ത് മൂടൽമഞ്ഞിന്റെ യവനികയുമായിട്ടാണ് പ്രഭാതങ്ങൾ എത്തുന്നത്. പ്രഭാതകിരണങ്ങൾക്ക് അത് ഉയർത്താൻ ശക്തിപോരാ. അതുകൊണ്ട് മധ്യാഹ്നത്തോടെയാണ് വെളിച്ചം പരക്കുക. വാടിയ ചെടികളിൽ ഇപ്പോൾ  പുഷ്പങ്ങളില്ല.അതുകൊണ്ട് തന്നെ പ്രണയഗാനം പാടി വരുന്ന വണ്ടും പൂമ്പാറ്റകളുമില്ല. അവരുടെ പ്രണയസാമ്രാജ്യം തകർന്നുപോയെങ്കിലും വസന്താഗമത്തിൽ കുയിലുകൾ പാടുമ്പോൾ വീണ്ടും രാജധാനിയുടെ വാതായനങ്ങൾ തുറന്നു അവർ വരും. 

അമേരിക്കയിൽ ഇക്കാലത്താണ് ഹാലോവീൻ എന്ന ആഘോഷവും താങ്ക്സ്ഗിവിങ്ങും വരുന്നത്. ആദ്യത്തേത് പരേതരുടെ ആത്മാക്കളെ ഓർക്കുന്നതും അവരെ പ്രീതിപ്പെടുത്തുന്നതുമാണെങ്കിൽ രണ്ടാമത്തെ വിശേഷം ദൈവത്തിനും അതേപോലെ നന്മചെയ്തവർക്കൊക്കെ നന്ദി രേഖപെടുത്തുന്നതാണ്. ശരത്കാലം ഒരു ഓർമ്മപുതുക്കലാണ്, കൊണ്ടാടലാണ്, ചിന്തിക്കലാണ്, പുതിയപരിസരങ്ങളോട് ഇണങ്ങലാണ്, ശരത്കാലം സുന്ദരമാണ്. ഓരോ ഋതുവും മനുഷ്യരെ നവീകരിക്കുന്നു. വശീകരിക്കുന്നു, മോഹിപ്പിക്കുന്നു. അത് പ്രകൃതി മനുഷ്യന് നൽകുന്ന വരദാനം.


ശുഭം   

Join WhatsApp News
പവിത്രൻ കാരണയിൽ 2025-11-15 00:36:52
ഗംഭീര വർണ്ണന. നന്നായിട്ടുണ്ട് 👍🙏
Suma Sreekumar 2025-11-16 15:26:48
പ്രകൃതിഭംഗി സപ്തവർണ്ണങ്ങളിൽ ചാലിച്ചെടുത്ത അക്ഷരങ്ങൾ അതീവ ഹൃദ്യം.... അതിൽ വാരി വിതറിയ ഋതു വർണ്ണങ്ങൾ അതി മനോഹരം
പോൾ ഡി പനയ്ക്കൽ 2025-11-16 15:53:30
ശരൽകാലത്തിനെ പലരും, ഈ എഴുതുന്ന ആൾ ഉൾപ്പെടെ, അൽപ്പം വിഷാദത്തോടെയാണ് കാണുക. ഇല പൊഴിഞ്ഞു മരവിച്ചു നിൽക്കുന്ന പ്രക്രുതിയും പ്രതിദിനം നീളം കുറയുന്ന പകലും വിഷാദത്തിനു കനം വയ്പ്പിക്കുക സാധാരനമാണ്. സീസണൽ അഫെക്ടിവ് ഡിസ്-ഓർഡർ എന്ന അവസ്ഥയ്‌ക്ക്‌ തെറപ്പി എടുക്കുന്നവരെയും അറിയാം. സുധീർ തന്റെ വിവരണത്തിലൂടെ നല്ലൊരു ചട്ടക്കൂട് നിര്മ്മിക്കുന്നതിലൂടെ പുതിയൊരു പോസിറ്റീവ് ഭാവുകത്തത്തിലേക്ക് വായനക്കാരെ സ്നിഗ്ദ്ധമായി നയിക്കുന്നു. സാഹിത്യം അതിന്റെ കര്മ്മം നിർവഹിക്കുന്നു. സന്തോഷത്തോടെ ഹൃദയപൂർവ്വം സുധീറിനെ അഭിനന്ദിക്കുന്നു.
Sudhir Panikkaveetil 2025-11-18 22:12:49
വായിക്കുകയും പ്രോത്സാഹജനകമായ അഭിപ്രായങ്ങൾ എഴുതുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക