
മോദി സര്‍ക്കാരിനും ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണവും വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണത്തിനെതിരായ നീക്കങ്ങളും രാഹുലിന്റെ നേതൃത്വത്തില്‍ തന്നെ നടന്ന വോട്ടര്‍ അധികാര്‍ യാത്രയുമൊന്നും ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പച്ചതൊടാതിരുന്നപ്പോള്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും കടന്ന് എന്‍.ഡി.എ വിജയഭേരി മുഴക്കുകയാണ്. മഹാസഖ്യത്തിന്റെ സ്വപ്നങ്ങളെല്ലാം പാടേ തകരുമ്പോള്‍ അഖിലേന്ത്യാ തലത്തില്‍ത്തന്നെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലെത്തിയിരിക്കുന്നു എന്ന് വേണം മനസിലാക്കാന്‍.
മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തുടര്‍ച്ച ഉറപ്പാക്കിയതാണ് എടുത്തു പറയേണ്ട മുന്നേറ്റം. പത്താംതവണയും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ആ ഈ കുറിപ്പ് തയ്യാറാക്കുമ്പോള്‍ ആകെയുള്ള 243 സീറ്റുകളില്‍ 200 ലേറെ സീറ്റുകളിലാണ് എന്‍.ഡി.എ മുന്നിട്ടു നില്‍ക്കുന്നത്. കഴിഞ്ഞ തവണ കേവലഭൂരിപക്ഷമായ, 122 അംഗങ്ങള്‍ മാത്രം ഉണ്ടായിരുന്ന നിലയില്‍ നിന്ന് ഇക്കുറി 79 സീറ്റുകള്‍ കൂടി കൂടുതലായി ലീഡ് നേടിയിട്ടുണ്ട്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അതേസമയം, മഹാസഖ്യത്തിന് വലിയ ദുരന്തമാണ് സംഭവിച്ചത്.
2020-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസിന്റെ നിലവിലെ ദയനീയ പ്രകടനം അവരുടെ ശക്തികേന്ദ്രങ്ങള്‍ കൈവിടുന്നതിന്റെ സൂചനയാണ്. കോണ്‍ഗ്രസിന്റെ സ്ഥാനം വെറും നാല് സീറ്റില്‍ ഒതുങ്ങി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബിഹാറിലെ 25 ജില്ലകളിലൂടെയും 110 നിയമസഭാ മണ്ഡലങ്ങളിലൂടെയുമാണ് വോട്ടര്‍ അധികാര്‍ യാത്ര കടന്നുപോയത്. സസാരമില്‍ നിന്ന് തുടങ്ങി 1,300 കിലോമീറ്റര്‍ പിന്നിട്ട യാത്ര തലസ്ഥാനമായ പട്‌നയില്‍ വലിയ ആവേശത്തോടെ അവസാനിച്ചെങ്കിലും യാത്ര കടന്നുപോയ റൂട്ടില്‍ ഉള്‍പ്പെടുന്ന ഒരു മണ്ഡലത്തിലും കോണ്‍ഗ്രസിന് മുന്നേറാനായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജനവിധി വോട്ട് ചോരിയാണെന്ന ആരോപണം കോണ്‍ഗ്രസ് ആവര്‍ത്തിക്കുകയാണിപ്പോഴും.
ബിഹാര്‍ നിയമസഭയിലെ 243 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി 143 സീറ്റുകളിലും കോണ്‍ഗ്രസ് 61 സീറ്റുകളിലുമാണ് ജനവിധി തേടിയത്. സി.പി.ഐ (എംഎല്‍), സി.പി.ഐ, സി.പി.എം, വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നീ പാര്‍ട്ടികളായിരുന്നു മഹാസഖ്യത്തിലെ മറ്റ് കക്ഷികള്‍. 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 122 സീറ്റുകളില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ വിജയിച്ചപ്പോള്‍ 114 സീറ്റുകള്‍ മഹാസഖ്യം പിടിച്ചെടുത്തിരുന്നു. ഇത്തവണത്തെ സീറ്റ് നില തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യം ചിത്രത്തിലെ വന്‍ പരാജയം രുചിക്കുകയാണ്. കേവലം 37 സീറ്റുകള്‍ മാത്രമാണ് പ്രതിപക്ഷത്തിന് നേടാന്‍ സാധിച്ചത്.
ഒന്നേകാല്‍ കോടി വനിതകള്‍ക്ക് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ അവരുടെ അക്കൗണ്ടുകളിലേയ്ക്ക് ഇട്ടുകൊടുത്ത 10,000 രൂപയാണ് വാസ്തവത്തില്‍ അദ്ദേഹത്തിന്റെ വനിതാ വോട്ടര്‍ അടിത്തറ ഉറപ്പിച്ച് വന്‍ വിജയം നേടിക്കൊടുത്തത്. 71 ശതമാനത്തിലധികം വനിതകളാണ് റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയത്. ആര്‍.ജെ.ഡി തിരിച്ചെത്തിയാല്‍ ബിഹാറില്‍ 'ജംഗിള്‍ രാജ്', അതായത് അരാജകത്വം തിരികെ വരുമെന്ന മോദിയുടെ തിരഞ്ഞെടുപ്പ് റാലികളിലെ വാക്കുകളും വോട്ടര്‍മാര്‍ അപ്പാടെ വിശ്വസിച്ചു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ തേജസ്വി യാദവ്, താന്‍ വിജയിച്ചാല്‍ പ്രതിമാസം 2500 രൂപ നല്‍കുമെന്ന വാഗ്ദാനം ഫലം കണ്ടില്ല.
എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും 125 യൂണിറ്റ് വരെ സൗജന്യമായി വൈദ്യുതി നല്‍കിയതാണ് എന്‍.ഡി.എയുടെ വിജയത്തിന് കാരണമായ മറ്റൊരു ഘടകം. 1.2 കോടി മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വാര്‍ദ്ധക്യകാല പെന്‍ഷന്‍ 400-ല്‍ നിന്ന് 1,100 ആയി നിതീഷ് കുമാര്‍ വര്‍ധിപ്പിച്ചതും വോട്ടായി മാറി. സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാര്‍ ഇതിനെ വലിയ സമ്മാനമായി കണ്ടു. 10,000 രൂപയുടെ വനിതാ സഹായ പദ്ധതി, സൗജന്യ വൈദ്യുതി വിതരണം, വാര്‍ധക്യകാല പെന്‍ഷന്‍ വര്‍ദ്ധന എന്നിവയെല്ലാം പ്രതിപക്ഷത്തിന്റെ തൊഴിലില്ലായ്മ എന്ന തുറുപ്പുചീട്ടിനുള്ള മറുമരുന്നായി മാറുകയായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഫലപ്രദമായി പരിഹരിക്കാന്‍ കഴിയാത്ത തൊഴിലില്ലായ്മയുടെ പേരില്‍ എന്‍.ഡി.എയോട് ജനങ്ങള്‍ക്ക് അതൃപ്തി ഉണ്ടായിരുന്നു എന്നത് സത്യമാണ്.
തുല്യ ശക്തികളും പ്രധാന പാര്‍ട്ടികളുമായ ബി.ജെ.പിയും ജെ.ഡി.യുവും സീറ്റ് തര്‍ക്കങ്ങളോ പടലപ്പിണക്കങ്ങളോ ഇല്ലാതെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടു. ഇത് അണികള്‍ക്കും വോട്ടര്‍മാര്‍ക്കും ആത്മവിശ്വാസം നല്‍കി. ഒരു ഭാഗത്ത് ബി.ജെ.പിയുടെ ഏറ്റവും വലിയ പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ ക്യാമ്പയിനുകള്‍. മറുഭാഗത്ത്, കഴിഞ്ഞ 20 വര്‍ഷമായി ബിഹാറിന്റെ ജനപക്ഷ മുഖമായി നിലകൊള്ളുന്ന നിതീഷ് കുമാര്‍. ഇരുനേതാക്കളും പ്രചാരണത്തിലുടനീളം സജീവമായി പങ്കെടുത്തത് എന്‍.ഡി.എക്ക് കുതിരശക്തി പകര്‍ന്നു. ബിഹാറിലെ ഏറ്റവും വലിയ വോട്ട് ബാങ്കായ ഇ.ബി.സി (എക്‌സ്ട്രീമിലി ബാക്ക്‌വേഡ് ക്ലാസ്) പ്രതിനിധിയായി നിതീഷ് കുമാറിന് നിലകൊള്ളാന്‍ കഴിഞ്ഞത് എന്‍.ഡി.എക്ക് നിര്‍ണായകമായി.
കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, ഇടതുപാര്‍ട്ടികള്‍ എന്നിവരടങ്ങിയ പ്രതിപക്ഷ സഖ്യത്തിന് എന്‍.ഡി.എയുടെ ശക്തിക്ക് തുല്യമായ ഒരു പദ്ധതിയുടെയോ തര്‍ക്കങ്ങളില്ലാത്ത സീറ്റ് വിഭജനത്തിന്റെയോ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിഞ്ഞില്ല. പതിനൊന്നോളം സീറ്റുകളില്‍ നടന്ന സൗഹൃദ മത്സരങ്ങള്‍, മഹാസഖ്യത്തിനുള്ളിലെ ദൗര്‍ബല്യം വെളിപ്പെടുത്തുന്നതായിരുന്നു. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ പോലും സഖ്യകക്ഷികള്‍ക്ക് സമയം എടുക്കേണ്ടിവന്നുതും ചര്‍ച്ചചെയ്യപ്പെട്ടു. എന്‍.ഡി.എയുടെ നേതാക്കള്‍ പ്രചാരണത്തിലുടനീളം സജീവമായി നിലകൊണ്ടപ്പോള്‍, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്മാറ്റം സഖ്യത്തിന് തിരിച്ചടിയായി. മഹാസഖ്യത്തിന് മുസ്ലിം-യാദവ സമുദായങ്ങളില്‍ നിന്ന് വോട്ടുകള്‍ നേടാന്‍ കഴിഞ്ഞെങ്കിലും, അതിനപ്പുറം മറ്റ് ജാതി-സമുദായങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ പറ്റിയില്ല.
തിരഞ്ഞെടുപ്പ് വ്യക്തിപരമായി നിതീഷ് കുമാറിനും ഒരു വലിയ നേട്ടമാണ്. 2005-ന് ശേഷം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച അദ്ദേഹത്തിന്റെ പാര്‍ട്ടി, മത്സരിച്ച 115 സീറ്റുകളില്‍ 43 എണ്ണം മാത്രമാണ് അന്ന് നേടിയതെങ്കില്‍ ഇത്തവണ, മത്സരിച്ച 101 സീറ്റുകളില്‍ പകുതിയിലധികം സീറ്റുകളില്‍ ജെ.ഡി.യുവിന് വിജയിക്കാന്‍ കഴിയുമെന്നാണ് സൂചന. ''2025 മുതല്‍ 2030 വരെ, വീണ്ടും നിതീഷ് കുമാര്‍ എന്നതായിരുന്നു് ജെ.ഡി.യുവിന്റെ മുദ്രാവാക്യം. അത് അന്വര്‍ത്ഥമാവുകയാണ്.