Image

നാല് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് താരിഫില്‍ ഇളവ് വരുത്തി ട്രംപ് ഭരണകൂടം, രണ്ടാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം

Published on 14 November, 2025
നാല് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് താരിഫില്‍ ഇളവ് വരുത്തി ട്രംപ് ഭരണകൂടം, രണ്ടാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം

വാഷിങ്ടണ്‍: നാല് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചില ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കാനും ചില ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കാനും ട്രംപ് ഭരണകൂടം തീരുമാനിച്ചു. അര്‍ജന്റീന, ഇക്വഡോര്‍, ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍ എന്നീ രാജ്യങ്ങളുമായുണ്ടാക്കിയ പുതിയ വ്യാപാരക്കരാറുകളുടെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന തീരുമാനം.

ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ചെയ്യുന്ന ചില ഭക്ഷ്യവസ്തുക്കളുടെ താരിഫ് നീക്കാനുള്ള തീരുമാനം ഉടന്‍ നിലവില്‍ വരും. പുതിയ കരാറുകളിലൂടെ യു.എസ്. കമ്പനികള്‍ക്ക് ഈ രാജ്യങ്ങളിലെ വിപണികളില്‍ കൂടുതല്‍ വ്യാപാരം ചെയ്യാനാകും. കാപ്പി, വാഴപ്പഴം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വില കുറയ്ക്കുന്നതിന് ഈ കരാറുകള്‍ സഹായിക്കുമെന്ന ട്രംപ് അറിയിച്ചു. ഈ നാല് രാജ്യങ്ങളുമായുള്ള മിക്ക കരാറുകളും അടുത്ത രണ്ടാഴ്ചക്കുള്ളില്‍ അന്തിമമാക്കുമെന്നാണ് സൂചന.

പുതിയ കരാറുകള്‍ പ്രകാരം, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, അര്‍ജന്റീന എന്നിവിടങ്ങളില്‍ നിന്നുള്ള മിക്ക സാധനങ്ങള്‍ക്കും നിലവിലെ 10% തീരുവ നിലനിര്‍ത്തും. എന്നാല്‍, അമേരിക്കയില്‍ ഉത്പാദിപ്പിക്കാത്ത വാഴപ്പഴം, ഇക്വഡോറില്‍ നിന്നുള്ള കാപ്പി തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ യു.എസ്. തീരുവ ഒഴിവാക്കും. ഈ വര്‍ഷം തന്നെ കരാര്‍ ഒപ്പിട്ടേക്കും. കാപ്പി, വാഴപ്പഴം, മറ്റ് പഴങ്ങള്‍ എന്നിവയുടെ വില കുറയ്ക്കുന്നതിലേക്ക് നയിക്കുന്ന പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് യു.എസ്. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് നേരത്തെ സൂചന നല്‍കിയിരുന്നു.

അതേസമയം, മറ്റൊരു പ്രധാന ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബ്രസീലുമായും അമേരിക്കയുടെ വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ബ്രസീല്‍ വിദേശകാര്യ മന്ത്രി മൗറോ വീരയുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉത്പാദകരും കയറ്റുമതിക്കാരും ആണെങ്കിലും, ബ്രസീലില്‍ നിന്നുള്ള യു.എസിലേക്കുള്ള കയറ്റുമതിക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 50% തീരുവ വലിയ വെല്ലുവിളിയായി തുടരുകയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക