Image

എച്-1 ബി വിസ പ്രോഗ്രാം അവസാനിപ്പിക്കാൻ ബിൽ കൊണ്ടുവരുമെന്നു റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം (പിപിഎം)

Published on 14 November, 2025
എച്-1 ബി വിസ പ്രോഗ്രാം അവസാനിപ്പിക്കാൻ ബിൽ കൊണ്ടുവരുമെന്നു റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം (പിപിഎം)

എച്-1 ബി വിസ പ്രോഗ്രാം തുടരേണ്ടത് ആവശ്യമാണെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പറഞ്ഞതിനു പിന്നാലെ അതു നിർത്താനുള്ള ബിൽ യുഎസ് ഹൗസിൽ അവതരിപ്പിക്കുമെന്നു റിപ്പബ്ലിക്കൻ റെപ്. മാർജോറി ടെയ്‌ലർ-ഗ്രീൻ പ്രഖ്യാപിച്ചു.  

ട്രംപിന്റെ രാഷ്ട്രീയ അടിത്തറയായ മാഗാ പ്രസ്ഥാനത്തിൽ തന്നെ നിൽക്കുന്ന എം ടി ജി എന്ന ടെയ്‌ലർ-ഗ്രീൻ അടുത്ത കാലത്തായി അദ്ദേഹത്തിൽ നിന്ന് വേറിട്ട സമീപനമാണ് കാഴ്ച്ച വയ്ക്കുന്നത്. അമേരിക്കയിൽ ചില വിദഗ്ദ്ധ ജോലികൾക്കു യോഗ്യതയുള്ളവർ ഇല്ലാത്തതിനാൽ വിദേശ ജോലിക്കാരെ കൊണ്ടുവരാൻ എച്-1 ബി തുടരണം എന്നാണ് ഈയാഴ്ച്ച ട്രംപ് ഫോക്സ് ന്യൂസിൽ പറഞ്ഞത്. വിദേശികൾ വന്നാൽ അമേരിക്കക്കാരെ പരിശീലിപ്പിച്ചു തിരിച്ചു പോകണം എന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്   വിശദീകരിക്കുകയും ചെയ്തിരുന്നു.

എന്നാൽ എച്-1 ബി പ്രോഗ്രാം തന്നെ അവസാനിപ്പിക്കണം എന്നതാണ് എം ടി ജിയുടെ നിലപാട്. അത് ഊർജിതമായി അവസാനിപ്പിച്ച്, അമേരിക്കൻ ജീവനക്കാരെ തൊഴിൽരഹിതരാക്കുന്ന സംവിധാനം ഇല്ലാതാക്കാൻ സഭയിൽ ബിൽ കൊണ്ടുവരും.

ഏറ്റവുമധികം എച്-1 ബി വിസകൾ നേടുന്നത് ഇന്ത്യക്കാർ ആയതിനാൽ ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യവും ഇന്ത്യക്കാർ തന്നെ.

അമേരിക്കക്കാർക്ക് ജോലി നിഷേധിക്കാൻ എച്-1 ബി ദുരുപയോഗം ചെയ്യുകയാണ് യുഎസ് കമ്പനികൾ ചെയ്യുന്നതെന്ന് എം ടി ജി ആരോപിച്ചു. "വലിയ സാങ്കേതിക സ്ഥാപനങ്ങൾ, ആശുപത്രികൾ, വ്യവസായങ്ങൾ ഇവയൊക്കെ നമ്മുടെ ആളുകളെ ഒഴിവാക്കാൻ വേണ്ടി എച്-1 ബി ദുരുപയോഗം ചെയ്തു," അവർ എക്‌സിൽ കുറിച്ചു.

"ലോകത്തു ഏറ്റവും കഴിവുള്ള ആളുകൾ അമേരിക്കക്കാരാണ്. എനിക്ക് അവരിൽ പൂർണ വിശ്വാസമുണ്ട്. ഞാൻ അമേരിക്കക്കാരെ മാത്രമേ സേവിക്കുന്നുള്ളൂ. എപ്പോഴും ആദ്യ പരിഗണന നൽകുന്നതും അമേരിക്കക്കാർക്കാണ്."

എച്-1 ബി അവസാനിപ്പിക്കുന്നതിനു പുറമെ സാങ്കേതിക, ആരോഗ്യ രക്ഷാ, എൻജിനിയറിംഗ് രംഗങ്ങളിലും ഉല്പാദന രംഗത്തും അമേരിക്കൻ ജീവനക്കാർക്ക് മുൻഗണന നൽകണമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. "അടുത്ത തലമുറയ്ക്കു അമേരിക്കൻ സ്വപ്നം സാധ്യമാവണമെങ്കിൽ നമ്മൾ അത് ചെയ്തേ മതിയാവൂ."

ഒരു വർഷത്തേക്ക് 10,000 വിസകൾ വിദേശ ആരോഗ്യ പ്രവർത്തകർക്കു നൽകാമെന്നു അവർ പറയുന്നു. എന്നാൽ 10 വർഷം കഴിഞ്ഞാൽ ആ വ്യവസ്ഥയും ഇല്ലാതാവും.

എച്-1 ബി വിസയിൽ വന്ന ശേഷം ഗ്രീൻ കാർഡ് നേടി പൗരത്വത്തിലേക്കു വഴി കാണാനുളള സൗകര്യവും ഇനി ഉണ്ടാവില്ല. വിസ കഴിഞ്ഞാൽ സ്ഥലം വിട്ടോണം.

 

MTG vows bill to scrap H-1 B program 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക