
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവചനങ്ങൾക്കപ്പുറത്ത് എൻഡിഎയുടെ കുതിപ്പ്. വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ കേവലഭൂരിപക്ഷം (122 സീറ്റ്) മറികടന്നു. തൊട്ടുപിന്നാലെ എക്സിറ്റ് പോൾ പ്രവചനങ്ങൾക്കും അപ്പുറത്തേക്ക് എൻഡിഎ മുന്നേറ്റം. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് അടുക്കവെ എന്‍ഡിഎ 202 സീറ്റിലും ഇന്ത്യാ സഖ്യം 39 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുകയാണ്. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി 1, മറ്റുള്ളവര്‍ 5 എന്നിങ്ങനെയാണ് ലീഡ് നില.
എക്സിറ്റ് പോളുകൾ പരമാവധി 167 സീറ്റുകളാണ് എൻഡിഎയ്ക്ക് പ്രവചിച്ചിരുന്നത്. ആർജെഡി നേതൃത്വം മഹാസഖ്യം കുറഞ്ഞത് 70 സീറ്റുകൾ പിടിക്കുമെന്നും എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. എന്നാൽ 'എക്സാറ്റ് പോളിൽ' എൻഡിഎ പ്രവചനങ്ങൾക്ക് അപ്പുറത്തേക്ക് കുതിച്ചപ്പോൾ മഹാസഖ്യത്തിന് 50 സീറ്റുകൾക്ക് അപ്പുറത്തേക്ക് പോലും ലീഡ് ചെയ്യാനായിട്ടില്ല.
ബിജെപി തങ്ങളുടെ ബിഹാറിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് അടുക്കുന്നത്.

സംസ്ഥാനത്തെ 46 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. പ്രതിപക്ഷത്തായിരുന്നിട്ടും 'ഏറ്റവും വലിയ ഒറ്റക്കക്ഷി' എന്ന് സ്വയം അഭിമാനിച്ചിരുന്ന ആർജെഡി, 140ലധികം സീറ്റുകളിൽ മത്സരിച്ചെങ്കിലും നാൽപ്പതിൽ താഴെ സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. 61 സീറ്റുകളിൽ മത്സരിക്കുകയും പലയിടത്തും സഖ്യകക്ഷികളുമായി സൗഹൃദ മത്സരം നടത്തുകയും ചെയ്ത കോൺഗ്രസ് പത്തിൽ താഴെ സീറ്റുകളിലേക്ക് ഒതുങ്ങുന്ന ലക്ഷണമാണ് കാണിക്കുന്നത്. എട്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. 2020 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 70 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. 19 സീറ്റുകളില്‍ വിജയിച്ചു. അന്ന് കോണ്‍ഗ്രസിന് ആകെ ലഭിച്ച വോട്ടു വിഹിതം 9. 48 ശതമാനമായിരുന്നു. എന്നാല്‍ ഇത്തവണ രാഹുല്‍ഗാന്ധിയുടെ റാലിയുടെയെല്ലാം മികവില്‍ കൂടുതല്‍ സീറ്റുകള്‍ വിജയിക്കാനാകുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ.ഇത്തവണ കോണ്‍ഗ്രസ് സംസ്ഥാനത്തെ പ്രമുഖരെയെല്ലാം സ്ഥാനാര്‍ത്ഥികളാക്കിയിരുന്നു.
നിലവില്‍ ലീഡ് നിലയില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം പിന്നിട്ടിരിക്കുകയാണ്.
മഹുവ മണ്ഡലത്തിൽ ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ് മുന്നിട്ടു നിൽക്കുന്നു.ഇന്ത്യ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥി മുകേഷ് സാഹ്നിക്കും പാര്‍ട്ടിക്കും തിരിച്ചടി നേരിടുകയാണ്. എന്‍ഡിഎയുടെ ഭാഗമായ ചിരാഗ് പാസ്വാനും നേട്ടമുണ്ടാക്കാനായില്ല. അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) മൂന്ന് ഇടത്ത് ലീഡ് ചെയ്യുകയാണ്.
ഈ ട്രെൻഡുകൾ ഫലങ്ങളായി മാറുകയാണെങ്കിൽ, തുടർച്ചയായ രണ്ടാം തെരഞ്ഞെടുപ്പിലും ജെഡിയുവിനെ ബിജെപി മറികടക്കും. ഇത് ബിജെപി അണികൾക്കിടയിൽ 'സ്വന്തമായി മുഖ്യമന്ത്രി' വേണമെന്ന ആവശ്യം ഉയർത്താൻ കാരണമായേക്കാം. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇതുവരെ ഈ വിഷയത്തിൽ വ്യക്തമായ നിലപാട് എടുത്തിട്ടില്ല. രാജ്യഭയിൽ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക്, നിലനിൽപ്പിനായി ജെഡിയു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപി തുടങ്ങിയ സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, 'ബിഹാറിൽ എൻഡിഎയെ നയിക്കുന്നത് നിതീഷ് കുമാറാണ്' എന്ന നിലപാടാണ് അവർ സ്വീകരിച്ചിരുന്നത്.
| BJP | 91 |
| JDU | 83 |
| LJP | 19 |
| HAM | 5 |
| RLM | 4 |
| RJD | 27 |
| CONG | 5 |
| CPI(ML)L | 1 |
| VIP | 0 |
| CPI | 0 |
| CPI(M) | 2 |
| IIP | 0 |
| IND | 0 |
| JSP | 0 |
| AIMIM | 5 |
| Others | 1 |