
തിരുവനന്തപുരം: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കണമെന്നും പരാജയകാരണം പഠിക്കാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും തരൂര്‍ പറഞ്ഞു. പ്രചരണത്തില്‍ നേരിട്ട് പങ്കാളികളായവര്‍ കാരണങ്ങള്‍ വിശദീകരിക്കണമെന്നും തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഹായങ്ങള്‍ നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കുന്നത് പുതുമയുള്ളതല്ല. അത് ചെയ്യുന്നതില്‍ സര്‍ക്കാരുകളെ തടയാനും കഴിയില്ലെന്ന് തരൂര്‍ പറഞ്ഞു.
ബിഹാറില്‍ 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഒടുവിലത്തെ ലീഡ് നില അനുസരിച്ച് 4 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. മുന്നണിയിലെ മറ്റു പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ ഏഴു സീറ്റുകളില്‍ പരസ്പരം മത്സരിച്ചതും മഹാസഖ്യത്തിന് തിരിച്ചടിയായി. 2020ലെ നിയമസഭ തെരഞ്ഞെടുപ്പില്‍70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 19 ഇടത്ത് വിജയിച്ചിരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ 200 സീറ്റുകളില്‍ മുന്നിലാണ്. ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യം 36 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.