Image

ജെ മാത്യുസിന്റെ 'മുൻപേ നടന്നവർ' (അവതാരിക: അനിലാൽ ശ്രീനിവാസൻ)

Published on 14 November, 2025
ജെ മാത്യുസിന്റെ 'മുൻപേ നടന്നവർ' (അവതാരിക: അനിലാൽ ശ്രീനിവാസൻ)

ആദ്യമായി ഒരു അവതാരിക എഴുതുക, അത് അദ്ധ്യാപകന്, വാഗ്മി, സംഘാടകന്, നടൻ, എഴുത്തുകാരന്, എഡിറ്റർ എന്നീ നിലകളിൽ അമേരിക്കൻ മലയാളി സമൂഹത്തിന്റെ  സ്നേഹാദരങ്ങൾ ധാരാളമായി അനുഭവിക്കുന്ന അനന്യ വ്യക്തിത്വമായ ജെ. മാത്യൂസ് സാർ, അമേരിക്കയിലെ പ്രശസ്തരായ എഴുത്തുകാരുടെ സൃഷ്ടികൾക്കു വേണ്ടി എഴുതിയ അവതാരികകൾക്ക് ഒരു അവതാരിക എഴുതിക്കൊണ്ടാവുക എന്നത് ഇരട്ടിമധുരം നുണയലാണ്.

മറ്റാർക്കുമെന്നപോലെ അദ്ദേഹത്തിന്റെ പേര് സുപരിചിതമായിരുന്നെങ്കിലും ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക)യുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ഇടപെടലുകളിലാണ് കൂടുതൽ അടുത്തറിയാൻ കഴിഞ്ഞിട്ടുള്ളത്. സംഘടനയുടെ രക്ഷാധികാരിയെന്നനിലയിലും വ്യക്തിപരമായ വിഷയങ്ങളിലും ഹൃദയശുദ്ധിയോടെ ചിന്തിക്കുകയും സ്നേഹത്തിന്റെ ഭാഷയിൽ മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുള്ളത് ഈ അവസരത്തിൽ ഓർക്കുന്നു.

1957 മുതലുള്ള വിവിധ വിഷയങ്ങള് സ്പര്ശിച്ച ലേഖനങ്ങളുടെ സമാഹാരം 'ദര്പ്പണം' എന്നപേരില് 2015-ല് പ്രസിദ്ധീകരിച്ചപ്പോൾ പ്രശസ്ത പ്രാസംഗികനും ഭിഷഗ്വരനുമായ ഡോ. എം.വി. പിള്ളയാണ് അവതാരിക എഴുതിയത്.  എഴുതുക മാത്രമല്ല എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് എഴുത്തിനോട് ഒരു അക്ഷരസ്നേഹിക്കുള്ള കടപ്പാട് ആണെന്നാണ് ജെ. മാത്യൂസ് സാറിന്റെ അഭിപ്രായം. ഈ അവതാരികകൾ പ്രസിദ്ധപ്പെടുത്താനുള്ള തീരുമാനം പോലും അവ ഏതു പുസ്തകങ്ങൾക്കുവേണ്ടി എഴുതിയോ ആ പുസ്തകങ്ങളുടെ പ്രചാരണത്തിനു വേണ്ടിയും അവയുടെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയുമാണ് എന്നു കരുതാനേ തരമുള്ളൂ.

സരോജാ വർഗീസിന്റെ കഥാസമാഹാരം പൊലിയാത്ത പൊൻവിളക്ക് (മൾബറി ബുക്സ്), മാർഗരറ്റ് ജോസഫിന്റെ എൺപത്തഞ്ചു കവിതകളുടെ സമാഹാരം ‘സാമഗീതം’ (ജനനി പബ്ലിക്കേഷൻസ്), അനുഗ്രഹീത കവിയായ ജോസ് ചെരിപുറത്തിന്റെ പതിനഞ്ച് നർമ്മഭാവനകൾ കോർത്തിണക്കിയ ‘അളിയന്റെ പടവലങ്ങ’(സൺറൈസ് പബ്ലിക്കേഷൻസ്), സമകാല അമേരിക്കൻ മലയാള സാഹിത്യത്തിൻറെ പരിച്ഛേദമെന്ന കാഴ്ചപ്പാടോടെ സമകാല അമേരിക്കൻ കവിതകളും കഥകളും ലേഖനങ്ങളും സമാഹരിച്ച് താൻ മുഖ്യ പത്രാധിപരായി  2023 ൽ ലാന പ്രസിദ്ധീകരിച്ച ‘നടപ്പാത’ (നിധി ബുക്ക്സ്, കണ്ണൂർ), കേരള ലിറ്റററി സൊസൈറ്റി (KLS) 2022 ൽ പുറത്തിറക്കിയ ‘ഇതളുകൾ’ എന്ന സമാഹാരം, ഷാജു ജോണിന്റെ ‘മോറിസ് മൈനർ’ എന്ന സമാഹാരം (ഗ്രീൻ ബുക്സ്)  എന്നീ പുസ്തകങ്ങൾക്കായി എഴുതിയ അവതരികകളാണ് ഈ പുസ്തകത്തിൽ മുഖ്യമായി ചേർത്തിട്ടുള്ളത്.

അമേരിക്കയിലെത്തിയ നാള് മുതല് പ്രാദേശിക മലയാളി സംഘടനകളുടെ സജീവ പ്രവര്ത്തകനായ ജെ. മാത്യൂസ് 1986-ല് മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫൊക്കാനയിൽ പ്രവർത്തനമാരംഭിക്കുകയും 1996-1998 കാലയളവിൽ സംഘടനയുടെ പ്രസിഡന്റ് ആയി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. റോച്ചസ്റ്ററില് നടന്ന ഫൊക്കാന ഇന്റര്നാഷണല് കണ്വന്ഷന് (തുഞ്ചന് പറമ്പ്) ഏറെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. 8000 ഡെലിഗേറ്റുകള് രജിസ്റ്റര് ചെയ്ത കണ്വന്ഷന്റെ പങ്കാളിത്തം പതിനായിരം കടന്നിരുന്നു. ജാതി മത സമവാക്യങ്ങള് ഇല്ലാതെ മലയാളി എന്ന ഒറ്റവികാരത്തോടെയുള്ള പ്രവര്ത്തനമായിരുന്നു വിജയകാരണം.

എങ്കിലും 2007 - 2008 കാലയളവില് ദീർഘകാലത്തെ അദ്ധ്യാപക ജോലിയില്നിന്ന് വിരമിച്ചശേഷം കൂടുതലും ഭാഷാ-സാഹിത്യ പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയായിരുന്നു. 
ലാന സെക്രട്ടറിയായിരുന്ന ജെ. മാത്യൂസ് 2017-ല് ന്യൂയോര്ക്കില് നടന്ന കണ്വന്ഷനില് പ്രസിഡന്റ് സ്ഥമേറ്റെടുക്കാതെ മാറിനിന്നു. ഒരു പദവിയുമില്ലാതെ ലാനയുടെ പ്രവർത്തനങ്ങളെ നോക്കികാണുകയും വേണ്ടപ്പോൾ പക്വമായ മാർഗനിർദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു. നാഷ്വിലില് നടന്ന ലാന 2023-ലെ സമ്മേളനത്തില് ജെ. മാത്യൂസ് സാറിനെ ലാന ആദരിക്കുവാൻ അന്നത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനമെടുത്തത് അത്തരം റോൾ മോഡൽ പ്രവർത്തനങ്ങളുടെ അംഗീകാരമായിരുന്നു.

അമേരിക്കന് മലയാളികള്ക്ക് സാഹിത്യ അഭിരുചിയുടെ വാതായനങ്ങള് തുറന്നിട്ട ജനനി മാസികയുടെ പ്രസിദ്ധീകരണത്തിലും ജെ. മാത്യൂസ് സാറിനു പങ്കുണ്ടായിരുന്നു. പ്രൊഫ. എം.എന്. കാരശ്ശേരി മാഷ്, ഡോ. എം.എം. ബഷീര്, കെ.എം. റോയ് എന്നിവര് അമേരിക്കയില് നിന്നും ഒരു സാഹിത്യ മാസിക എന്ന ആശയം മുന്നോട്ടുവെച്ചു. സുഹൃത്തുക്കളായ ഡോ. സാറാ ഈശോ, സണ്ണി പൗലോസ് എന്നിവരോടൊപ്പം ചേര്ന്ന് ജനനി സാഹിത്യ മാസികയ്ക്ക് തുടക്കമിട്ടു.

അമേരിക്കയിലെ പുതുതലമുറയ്ക്ക് മലയാളം പഠിക്കുന്നതിനായി ഗുരുകുലം മലയാളം സ്കൂള് 1993 ഫെബ്രുവരി മുതല് പ്രവര്ത്തനം ആരംഭിച്ചു. ഗുരുകുലം സ്കൂളിന്റെ മുഖ്യ സംഘാടകരില് ഒരാളാണ് ജെ. മാത്യൂസ് സാര്. ഇപ്പോള് പ്രിന്സിപ്പല് ആയി സേവനം അനുഷ്ഠിക്കുന്നു. വെള്ളിയാഴ്ചകളില് വൈകിട്ട് 7 മുതല് 9 വരെയാണ് പഠനസമയം. കേരളത്തിലും അമേരിക്കയിലും അദ്ധ്യാപന പരിശീലനം നേടിയിട്ടുള്ളവര് ക്ലാസ്സെടുക്കുന്നു. ശരാശരി 80 മുതല് 100 വരെ കുട്ടികള് ഓരോ വര്ഷവും പഠിക്കുന്നുണ്ട്. ഇപ്പോള് മുപ്പത്തിരണ്ടാം വര്ഷമാണ്. അയ്യായിരത്തിലധികം  മലയാളം പുസ്തകങ്ങള് അതിവിശാലമായ ഗുരുകുലം ലൈബ്രറിക്കുണ്ട്.

“ഏതെങ്കിലും ദേശത്തിന്റെയോ കാലത്തിൻ്റെയോ അതിർത്തികൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല സാഹിത്യം. അതു കൊണ്ടുതന്നെയാണ് കേരളത്തിനു വെളിയിൽ മറ്റു പലയിടങ്ങളിലുമെന്നപോലെ വടക്കേ അമേരിക്കയിലും മലയാള സാഹിത്യം സജീവമാകുന്നത്. കേരളം വിട്ടുപോരുമ്പോഴും വിട്ടുപിരിയാതെ മനസ്സിൽ തുടിച്ചുനിൽക്കുന്നത് മലയാളമാണ്. ആദ്യകാല കുടിയേറ്റക്കാരിൽ ഭാഷാസ്നേഹികളായ ചിലരുടെ സർഗ്ഗശേഷിയിൽ രൂപംകൊണ്ട് സാഹിത്യസൃഷ്ടികൾ പറന്നുയർന്നത് ഗൃഹാതുരത്വത്തിന്റെ ചിറകുകളിലാണ്. മറ്റെല്ലാ മേഖലകളിലുമെന്നപോലെ സാഹിത്യശാഖകളിലും അനുദിനം വന്നുകൊണ്ടിരിക്കുന്ന വീക്ഷണവ്യതിയാനങ്ങൾ അമേരിക്കയിലെ മലയാളി എഴുത്തുകാരെയും സ്വാധീനിച്ചിട്ടുണ്ട്. ഗൃഹാതുരത്വത്തിൻ്റെ പുറന്തോടു പൊട്ടിച്ച് വിശാലമായ ലോക വീക്ഷണം ഉൾക്കൊണ്ടുകൊണ്ട് അമേരിക്കയിലെ മലയാളി എഴുത്തുകാർ വളർന്നുകഴിഞ്ഞു.”  - ‘നടപ്പാത’യുടെ  അവതാരികയിൽ എഴുതിയത് അമേരിക്കൻ മലയാളസാഹിത്യത്തോടുള്ള  മാത്യു സാറിന്റെ ശുഭാപ്തി വിശ്വാസമാണ്. ഏറെ അഭിമാനത്തോടെ ഈ പുസ്തകം വായനക്കാർക്കായി സമർപ്പിക്കുന്നു.

എസ്. അനിലാൽ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക