
കലിഫോർണിയയിൽ 17,000 ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്നു ഗവർണർ ഗാവിൻ ന്യൂസമിന്റെ ഓഫിസ് അറിയിച്ചു. കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാരിൽ പലർക്കും ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്തതു കൊണ്ടു ഗതാഗത സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ല എന്ന നിഗമനത്തിലാണിത്.
യുഎസിൽ കഴിയാനുള്ള അനുമതിയുടെ കാലാവധി കഴിഞ്ഞതാണ് ലൈസൻസ് റദ്ദാക്കാൻ മറ്റൊരു കാരണം.
കാലിഫോർണിയയുടെ ലൈസൻസ് നയത്തെ ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ മാസങ്ങളായി വിമർശിച്ചു വരികയാണ്. അപകടങ്ങൾ സംഭവിക്കുമ്പോൾ വിമർശനത്തിനു ന്യായവും കിട്ടുന്നു.
"ഇപ്പോൾ കാലിഫോർണിയ കുറ്റം സമ്മതിക്കയാണ്," ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു. "ആഴ്ചകളോളം ന്യായങ്ങൾ പറഞ്ഞു നിന്ന ഗാവിൻ ന്യൂസം ഇപ്പോൾ കൈയ്യോടെ പിടിയിലായി."
അനധികൃത കുടിയേറ്റക്കാർ വാഹനങ്ങൾ ഓടിക്കില്ലെന്നു ഉറപ്പു വരുത്തുമെന്നു ഡഫി പറഞ്ഞു.
എന്നാൽ ലൈസൻസുകൾ റദ്ദാക്കപ്പെട്ട എല്ലാ ഡ്രൈവർമാർക്കും അവ നൽകുമ്പോൾ ഫെഡറൽ ഗവൺമെന്റിന്റെ അനുമതി ഉണ്ടായിരുന്നുവെന്നു ന്യൂസം തിരിച്ചടിച്ചു. "സ്വന്തം നേതാവിനെ സുഖിപ്പിക്കാൻ ഡഫി കള്ളമെന്നു വേഗത്തിൽ തെളിഞ്ഞിട്ടുളള ആരോപണങ്ങൾ ആവർത്തിക്കയാണ്," ഗവർണറുടെ വക്താവ് ബ്രാണ്ടൻ റിച്ചാർഡ്‌സ് പറഞ്ഞു.
ഡ്രൈവർമാർക്ക് ഇംഗ്ലീഷ് ഭാഷാ പരിശോധന കർശനമായി നടത്തിയില്ല എന്നാരോപിച്ചു ഡഫി കാലിഫോർണിയക്കുള്ള $40 മില്യൺ ഫെഡറൽ ഫണ്ടുകൾ പിടിച്ചുവച്ചിട്ടുണ്ട്. തർക്കമുള്ള ലൈസൻസുകൾ റദ്ദാക്കിയില്ലെങ്കിൽ $160 മില്യൺ കൂടി വെട്ടുമെന്നു ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് നിർദേശിച്ച ചട്ടങ്ങൾ പാലിച്ചാണ് ലൈസൻസ് നൽകുന്നതെന്നു കലിഫോർണിയ പറയുന്നു.
California Revoking 17,000 Truck Driver Licenses