Image

ചുമരു തേടുന്ന ചിത്രങ്ങള്‍ (ഭാഗം: 4- സുമ ശ്രീകുമാര്‍)

Published on 14 November, 2025
ചുമരു തേടുന്ന ചിത്രങ്ങള്‍ (ഭാഗം: 4- സുമ ശ്രീകുമാര്‍)

പരിഹാറിനു മുന്നിൽ ഓട്ടോ നിറുത്തി,  ഇറങ്ങിയപ്പോൾ അതുവരെ ഉണ്ടായിരുന്ന ധൈര്യം ചോർന്നുപോയതുപോലെ തോന്നി.

അന്ന് ട്രെയ്നിൽവെച്ചുകണ്ട പരിചയംമാത്രമല്ലേ ഉള്ളൂ ..
എങ്ങനെയിതൊക്കെ അവതരിപ്പിക്കും ?

എന്നിങ്ങനെ ചിന്തകൾ കാടുപിടിച്ചുകിടന്നു.
നിശബ്ദത പടർന്നുപിടിച്ച ഇരുനിലക്കെട്ടിടം.

ഗേറ്റ് തുറന്നപ്പോൾ പേരറിയാത്ത മഞ്ഞപ്പൂക്കൾ പരവതാനി വിരിച്ച മുറ്റം . എന്തെന്നില്ലാത്ത ഒരു ശാന്തത കളിയാടുന്ന അന്തരീക്ഷം.

അപരിചിതത്വത്തിന്റെ പരിഭ്രമം ഗായത്രിയുടെ മുഖത്ത് തെളിഞ്ഞുനിന്നിരുന്നു. വിവരങ്ങളന്വേഷിക്കാൻ റിസപ്ഷനിലിരുന്ന് പത്രം വായിക്കുന്ന  പ്രായമുള്ളയാളുടെയടുത്ത് ചെന്നു. എന്തെങ്കിലും പറയാൻ തുടങ്ങുന്നതിന് മുൻപ് അയാൾ ഇങ്ങോട്ടു ചോദിച്ചു "ഗായത്രിയല്ലേ?" "വരുമെന്ന് പറഞ്ഞിരുന്നു. ഇരിക്കൂ... ഡോക്ടർ റൗണ്ട്സിലാണ് ഇപ്പോൾ വരും."

തന്റെ പേരുസഹിതം പറഞ്ഞുവെച്ചതോർത്തപ്പോൾ അല്പം സമാധാനം തോന്നി.
മുൻവശത്തെ ടേബിളിൽ കിടന്നിരുന്ന വാരിക വെറുതേ മറിച്ചുനോക്കിയിരിക്കുമ്പോഴും ഗായത്രിയുടെ മിഴികൾ ചുറ്റുപാടുകൾ ശ്രദ്ധിക്കുകയായിരുന്നു.

കൽത്തൂണകളും ഉമ്മറത്തെ വലിയ ഉരുളിത്താമരക്കുളവും അതിനടുത്തുള്ള വലിയ രണ്ടു കൽവിളക്കും  തൊട്ടപ്പുറത്തെ കുഞ്ഞൻ അക്വേറിയവും എല്ലാം വളരെ ഭംഗിയായിത്തന്നെ സൂക്ഷിച്ചിരിക്കുന്നു. ഒരു നാലുകെട്ടിന്റെ മട്ടിലുള്ള ബേബി പിങ്ക് പെയിൻറ് അടിച്ച കെട്ടിടം ഒറ്റനോട്ടത്തിൽത്തന്നെ ആരെയും വശീകരിക്കുന്ന സ്ഥലം.

" സർ വന്നു. ഉള്ളിലേക്കു ചെന്നോളൂ"

യാന്ത്രികമായി എഴുന്നേറ്റ് ഉള്ളിലേക്കു നടന്നു.
അതേമുഖം അതേപുഞ്ചിരി ... ഒരു മാറ്റവുമില്ല..

"വരൂ ഗായത്രീ"

കൈയിലെ പാഡ് മേശമേലിട്ട് മുന്നിലെ ചെയറിലിരിക്കാൻ ആഗ്യം കാണിച്ച്  ഡോക്ടർ സ്വാഗതം ചെയ്തു.
" ഗായത്രി പറഞ്ഞോളു "

അല്പനേരത്തെ ശ്വാസം മുട്ടിക്കുന്ന മൗനത്തിനുശേഷം ഡോക്ടർ പറഞ്ഞു:

"ഡോക്ടർ തിരക്കിലാണോ?" കുറച്ചധികം പറയാനുണ്ടെന്നയർത്ഥത്തിൽ അവൾ ചോദിച്ചു.

"ഇല്ല ഇന്ന് ഉച്ചവരെയേ ഒ.പിയുള്ളൂ. റൗണ്ട്സ് കഴിഞ്ഞാൽ വീട്ടിൽ പോകുകയാണ് പതിവ് " .

റാമിൽ വന്ന മാറ്റം വള്ളിപുള്ളിവിടാതെ പറഞ്ഞു.
പറയാനുള്ളതൊക്കെ പറഞ്ഞപ്പോൾ അല്പമൊരാശ്വാസം  തോന്നി. അൽപനേരത്തെ  നിശ്ശബ്ദതക്കുശേഷം ഡോക്ടർ ചോദിച്ചു:

"തുടങ്ങിയിട്ട് എത്ര കാലമായി "

" രണ്ടു മാസത്തിലധികമായി 
ആദ്യമത്ര പ്രശ്നം തോന്നിയിരുന്നില്ല. വല്ലപ്പോഴും ഗ്ലൂമിയായിരിക്കുന്നതു കാണാം. പക്ഷേ, ഇപ്പോഴിപ്പോൾ ...."

" ലവ് മാരേജ് ആയിരുന്നോ? "

ഗായത്രി പതുക്കേ മൂളി
" എങ്ങനെയാ പരിചയപ്പെട്ടത് ?"

"ഞങ്ങളുടെ കോളേജിൽ ജൂബിലിയുടെ ആഘോഷസമയത്ത് ഐ ഐ ടി റാങ്ക് ഹോൾഡർ ആയ രാം മോഹൻ
മോട്ടിവേഷൻ ക്ലാസ് എടുക്കാൻ വന്നതായിരുന്നു .

പരിപാടികളുടെ അവതാരിക എന്ന നിലയിൽ പ്രൊഫൈലും മറ്റും ചോദിച്ചുണ്ടായ പരിചയം....
കണ്ണുകളടച്ചിരിക്കുന്ന ഡോക്ടറെ സന്ദേഹത്തോടെ നോക്കി .
"പറഞ്ഞോളൂ കേൾക്കുന്നുണ്ട്"

പരിപാടിദിവസം റാം അല്പമകലെനിന്നായിരുന്നു വന്നിരുന്നത് . സമയത്തിനെത്തുമോ എന്ന വേവലാതികാരണം പലവട്ടം വിളിച്ചു.

അവിടെനടന്ന സംസാരത്തിനൊടുവിൽ നന്ദി പറയുമ്പോൾ എന്നെ ഒരുപാടു തവണ ട്രേസ് ചെയ്തിവിടെയെത്തിച്ച അവതാരികക്ക് പ്രത്യേകനന്ദി എന്ന്  റാം  പറഞ്ഞപ്പോഴാണ് അതിനെക്കുറിച്ചാലോചിച്ചത്.
പിന്നീടുള്ള  സംസാരങ്ങളിൽനിന്ന് ഹിന്ദിഗസലുകൾ , അഗതാ ക്രിസ്റ്റി ...  ഉത്തരേന്ത്യൻ സ്ഥലങ്ങൾ ... സസ്യാഹാരം ... അങ്ങനെയങ്ങനെ ഞങ്ങളുടെ  രുചികളെല്ലാം ഒന്നുപോലെയാണെന്ന് മനസ്സിലായി. അതിനിടയിലെപ്പോളോ തോന്നിയ അടുപ്പം ....

പക്ഷേ, അതൊരിക്കലും ഒരു ഇൻഫാക്ച് വേഷനായിരുന്നില്ല. ഗായത്രി കൂട്ടിച്ചേർത്തു.
"ഗായത്രിക്ക് വീട്ടിൽ ആരൊക്കെയുണ്ട് "

ഹൃദയത്തിലെ പഴയ മുറിവിൽനിന്ന് ചോര പൊടിയുംപോലെ തോന്നി ആ ചോദ്യം കേട്ടപ്പോൾ .
മനോഹരമായ അവളുടെ മുഖം മങ്ങിപ്പോയി.

അല്പനേരത്തെ നിശ്ശബ്ദതക്കുശേഷം പറഞ്ഞു: 
"ആരുമില്ല. അമ്മ ചെറുപ്പത്തിലേ മരിച്ചു.
അന്നു ഞാൻ നാലാംക്ലാസിലായിരുന്നു.

പിന്നീടച്ഛന്റെകൂടെ ട്രാൻസ്ഫർ കിട്ടുന്ന പല സ്ഥലങ്ങളിലുമായി വളർന്നു. അച്ഛനായിരുന്നു എന്റെ അമ്മയും സഹോദരങ്ങളും സുഹൃത്തുക്കളും എല്ലാം...
നാട്ടിൽ ആരുമായും അധികമടുപ്പമില്ല.

കഴിഞ്ഞ വർഷം അച്ഛനും യാത്രയായി... ആ നഷ്ടത്തിൽ എന്നെ പിടിച്ചുനിറുത്തിയത് റാം ആയിരുന്നു."
ഓർമ്മകളിൽ മുങ്ങിത്തപ്പിയപ്പോൾ
അന്നേ തുടങ്ങിയ വീർപ്പുമുട്ടൽ അവളുടെ മുഖത്ത് പ്രതിഫലിച്ചുകണ്ടു.

"റാമിനോ? "
"ഏതാണ്ടിതുപോലെതന്നെ... ഞങ്ങൾക്കിടയിലെ മറ്റൊരു വലിയ സാമ്യമതായിരുന്നു. 
ഒറ്റപ്പെടൽ... "
അതു പറയുമ്പോൾ അവളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു.

"റാമിന് അമ്മയുണ്ട്. നാട്ടിലാണ്. ഏതാണ്ടൊരു സന്ന്യാസജീവിതം. നാരായണീയം വായനയും 
ഭജനയും അമ്പലവുമായി കഴിയുന്നു.
അവർക്കിടയിൽ മൗനം വളർന്നു. എന്തു പറയണമെന്നറിയാതെ അല്പനേരമങ്ങനെയിരുന്നു.

പറഞ്ഞ വിവരങ്ങളനുസരിച്ച് ഗായത്രി തീർത്തും ഒറ്റയ്ക്കാണ്. ഈ കുട്ടി തനിച്ചുനേരിടേണ്ട കടമ്പകളെക്കുറച്ചാലോചിച്ച് ഡോക്ടർ ചിന്താധീനനായി.

അതൊക്കെ ഒറ്റയ്ക്കെങ്ങനെയിവൾ തരണംചെയ്യും? അദ്ദേഹം ഊരിയ കണ്ണട കൈയിൽത്തന്നെ വെച്ച് വിദൂരതയിലേക്ക് നോക്കിയിരുന്നു.

"ഡോക്ടർ ഒരു കാര്യം ചോദിച്ചോട്ടേ?"

വളർന്നുവന്ന നിശ്ശബ്ദതയെ ഭേദിച്ച് ഗായത്രിയുടെ ചോദ്യം ഡോക്ടറുടെ കാതിൽ പതിച്ചു.
എന്താണെന്ന ഭാവത്തിൽ ഡോക്ടർ മുഖമുയർത്തി.

"എന്താണ് എന്റെ വിളിക്കായ് കാത്തിരിക്കുകയായിരുന്നെന്ന് പറഞ്ഞത് ?

"പറയാം.... "
എന്നു പറഞ്ഞ് ഡോക്ടർ കണ്ണുകളടച്ച് കസേരയിലേക്കു ചാഞ്ഞു.

Read More: https://www.emalayalee.com/writer/311

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക