Image

അക്ഷരബ്രഹ്മയോഗം (ശ്രീമദ് ഭഗവത് ഗീത - അധ്യായം - 8: സുധീർ പണിക്കവീട്ടിൽ)

Published on 14 November, 2025
അക്ഷരബ്രഹ്മയോഗം (ശ്രീമദ് ഭഗവത് ഗീത - അധ്യായം - 8: സുധീർ പണിക്കവീട്ടിൽ)

(ഭഗവത് ഗീത പലരും വായിക്കുന്നുവെന്നറിയുന്നത് സന്തോഷം. ആമുഖം വളരെ ചുരുക്കി പ്രതിപാദിച്ചാൽ മതി കാരണം തുടർന്ന് വായിക്കുമ്പോൾ ആവർത്തന വിരസത വരുന്നുവെന്ന ഒരു വായനക്കാരന്റെ അഭിപ്രായത്തെ മാനിച്ച് ഇനിമുതൽ ആമുഖം അധികം ദീർഘിപ്പിക്കാതെ പ്രതിപാദിക്കാം.)

ഉപനിഷത്തുക്കളിൽ വിശദീകരിച്ചിട്ടുള്ള ആശയങ്ങളും പാഠങ്ങളും ചുരുക്കമായി പറഞ്ഞു അർജുനന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ഭഗവാൻ ഈ അധ്യായത്തിൽ. എന്ത് ചെയ്യുമ്പോഴും നമ്മളിൽ ഈശ്വരചിന്ത ഉണ്ടാകണം. ഈശ്വരനെ അങ്ങനെ സ്മരിക്കുന്നവർ മരിക്കുമ്പോൾ ഭഗവാനെ പ്രാപിക്കുന്നു. ഭൗതിക തലത്തിൽനിന്നും ആത്മീയതലത്തിൽ എത്തിച്ചേരാൻ ഈശ്വരനാമം ചൊല്ലുന്നത് സഹായകമാകുന്നു. സൃഷ്ടിയുടെ ചക്രം ഉരുണ്ടുകൊണ്ടിരിക്കുന്നു അനവധി പേര് ജനിക്കുന്നു മരിക്കുന്നു. ഈശ്വരചിന്തയുള്ളവർ ഭഗവാനിൽ വിലയം പ്രാപിക്കുന്നു. എന്നാൽ അങ്ങനെയല്ലാത്തവർ മുക്തി ലഭിക്കാതെ ജനനമരണ രൂപമായ സംസാരത്തിലേക്ക് വന്നും പോയുമിരിക്കുന്നു. 
ഇനി വിശദമായി.

അർജുനൻ ചോദിച്ചു. എന്താണ് ബ്രഹ്മം? എന്താണ് അധ്യാത്മം? എന്താണ് കർമ്മം? ഓ പുരുഷോത്തമാ  എന്താണ് അധിഭൂതം? എന്താണ് അധിദൈവം? ഇവിടെ ശരീരത്തിൽ ഉള്ള ആരാണ് അധിയജ്ഞൻ? ദൃഢചിത്തതയുളളവർ മരണസമയത്ത് നിന്നെ എങ്ങനെയറിയുന്നു,?
പ്രഭു പറഞ്ഞു. ഉത്കൃഷ്ടവും അനശ്വരവുമാണ് ബ്രഹ്മം.  ബ്രഹ്മത്തിന്റെ സ്വഭാവത്തെ അദ്ധ്യാത്മം എന്ന് പറയുന്നു. എല്ലാ ജീവികളും സൃഷ്ടിക്കപ്പെടുന്ന സൃഷ്ടിപരമായ പ്രവർത്തിയെയാണ് കർമ്മം എന്ന് പറയുന്നത് എന്റെ നശ്വരമായ രൂപമാണ് ശരീരം. മനോബുദ്ധികളിൽ വർത്തിക്കുന്ന ശക്തി വിശേഷത്തെ അധിദൈവമെന്നു പറയുന്നു. ആ ദേഹത്തിൽ അധിയജ്‌ഞനായിട്ടുള്ളത് ഞാനാണ്. മരണസമയത്ത് എന്നെ ഓർക്കുന്നവൻ എന്റെ അവസ്ഥയെ പ്രാപിക്കുന്നു. ഇതിൽ യാതൊരു സംശയവുമില്ല ഒരാൾ ശരീരം വിടുന്ന സമയത്ത് എന്തോർക്കുന്നുവോ അയാൾക്കത് കിട്ടുന്നു. ഓ അർജുനാ നിരന്തരമായി ഓർക്കുന്ന വസ്തു അയാൾക്ക് കിട്ടുന്നു, അതുകൊണ്ട് ഭഗവാനെ എപ്പോഴും ഓർക്കുന്നവൻ ഭഗവാനിൽ ലയിച്ച് ചേരുന്നു. അതുകൊണ്ട് എപ്പോഴും എന്നെ ഓർക്കുക. യുദ്ധം ചെയ്യുക. (യുദ്ധം ചെയ്യുക എന്നുദ്ദേശിക്കുന്നത് സ്വധർമ്മാനുഷ്ടാനം തുടരുക എന്നർത്ഥത്തിലാണ്). നിന്റെ മനസ്സും ബുദ്ധിയും എന്നിൽ കേന്ദ്രീകരിക്കുമ്പോൾ നിനക്ക് തീർച്ചയായും  എന്നെ ലഭിക്കുന്നു. യോഗാഭ്യാസത്തിലൂടെയുള്ള പരിശീലനത്തിൽ ദൃഢചിത്തതയോടെ എന്നെ  ധ്യാനിക്കുന്നവൻ പരമോന്നതമായ ദിവ്യാത്മത്വം  നേടുന്നു. യോഗബലത്താൽ അചഞ്ചലമായ മനസ്സോടെ ഭക്തിയോടെ പ്രാണനെ പുരികങ്ങളുടെ ഇടയിൽ നിർത്തിയിട്ട്, സൂര്യനെ  പോലെ പ്രകാശമുള്ളവനും കാലങ്ങളെ അതിജീവിച്ചവനും അണുവിനേക്കാൾ അണുവായവനും നിരൂപിക്കാനാവാത്ത രൂപത്തോടുകൂടിയവനും തമസ്സിനു (അജ്ഞാനത്തിനു) അതീതതനുമായ പരമാണുവിനെ സദാ സ്മരിക്കുന്നവൻ ആ പരമാണുവിനെ തന്നെ പ്രാർത്ഥിക്കുന്നു. വേദങ്ങളറിയുന്നവർ അനശ്വരമെന്നു പറയുന്നതും, ആസ്കതികൾ വെടിഞ്ഞ യോഗിമാർ പ്രവേശിക്കുന്നതും ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവർ ആഗ്രഹിക്കുന്നതുമായ ആ പരമപദത്തെപ്പറ്റി ഞാൻ നിനക്ക് പറഞ്ഞുതരാം. ശരീരത്തിലെ നവദ്വാരങ്ങളും (ഇന്ദ്രിയങ്ങൾ) അടച്ച്, മനസ്സിനെ ഹൃദയത്തിൽ ബന്ധിച്ച് പ്രാണനെ ശിരസ്സിൽ ഉറപ്പിച്ച് യോഗാഭ്യാസത്തിൽ മുഴുകുക.  ബ്രഹ്മവാക്യമായ ഓം  എന്നുച്ചരിച്ചുകൊണ്ട് എന്നെ സദാ സ്മരിച്ചുകൊണ്ട്  ആർ ശരീരം വിട്ടുപോകുന്നുവോ അവൻ പരമപദത്തിൽ എത്തുന്നു. ഏകാഗ്രമായ മനസ്സോടെ നിരന്തരം എന്നെ ഓർക്കുന്ന, എപ്പോഴും എന്നോട് ബന്ധപ്പെട്ടിരിക്കുന്നു അത്തരം യോഗികൾ പ്രയാസമില്ലാതെ എന്നെ പ്രാപിക്കും. മഹാത്മാക്ക.ൾ എന്നെ പ്രാപിച്ചിട്ട് പരമോന്നത പൂർണ്ണത കൈവരിക്കുന്നു. അവർ വീണ്ടും ജനിക്കുന്നില്ല. ബ്രഹ്മലോകം വരെയുള്ള ലോകങ്ങൾ പുനർജന്മമുള്ളവയാണ്. എന്നാൽ എന്നെ പ്രാപിച്ചവൻ ജനിമൃതികളിൽ നിന്ന് മുക്തി നേടുന്നു ബ്രഹ്‌മാവിന്റെ ഒരു ദിവസം ആയിരം യുഗങ്ങളും ഒരു രാത്രിയും അത്ര തന്നെ എന്നറിയുന്നവർ പകലും രാത്രിയും  അറിയുന്നവനാകുന്നു.അതായത് അവയ്‌ക്കെല്ലാം പുനരാവൃത്തിയുണ്ട് എന്നാൽ ഭഗവാനെ പ്രാപിച്ചവർ പിന്നെ ജനിമൃതികളിൽപെടുന്നില്ല. ബ്രഹ്മാവിന്റെ ദിവസം വരുമ്പോൾ അവ്യക്തതയിൽ നിന്ന് സർവ്വചരാചരങ്ങളൂം വ്യക്തമായ ഭാവം കൈവരിക്കുന്നു. രാത്രി വരുമ്പോൾ അവയെല്ലാം തന്നെ അവ്യക്തതയിലേക്ക് തിരിച്ചു പോകുന്നു. ഈ ജീവജാലങ്ങളൊക്കെയും ഓ പാർഥാഃ പൂർവകർമ്മങ്ങൾക്കനുസരണമായി വീണ്ടും ജനിക്കുന്നു. രാത്രി വരുമ്പോൾ ലയത്തെ  പ്രാപിക്കുന്നു.എന്നാൽ മുൻപറഞ്ഞ അവ്യക്തത്തിൽ നിന്ന് അന്യമായി ഉത്തമവും അനശ്വരവുമായ ഏതൊന്നു അവ്യക്തഭാവമായിട്ടുണ്ടോ അത് (അതായത് ബ്രഹ്‌മം) മറ്റ് ജീവികൾ കെട്ടുപോവുമ്പോൾ കെട്ടുപോകുന്നില്ല അവ്യക്തമെന്നും, നശിക്കാത്തത് എന്നും പറയുന്ന അതാണ് ഉന്നതമായലക്ഷ്യം. അത് നേടുന്നവർക്ക് അവിടെനിന്നും പിന്നെ മടക്കമില്ല. അതാണ് എന്റെ പരമോന്നതമായ വാസസ്ഥലം ഈ പരമപുരുഷനെ അനന്യഭക്തികൊണ്ട് ഏകാന്ത ഭക്തികൊണ്ട് പ്രാപിക്കാം. ഇവനിൽ എല്ലാ ജീവികളും വസിക്കുന്നു. ഇവൻ എല്ലായിടത്തും പരന്നിരിക്കുന്നു  ഏതു കാലത്ത് ദേഹം ഉപേക്ഷിച്ചപോകുന്ന യോഗികൾ പുനർജന്മമില്ലാതെ പരമപദത്തെ  പ്രാപിക്കുന്നുവോ, ഏതു കാലത്ത് പോകുന്നവർ വീണ്ടും ജനിക്കുന്നുവോ ആ കാലത്തെപ്പറ്റി ഞാൻ പറഞ്ഞു തരാം. തീ ജ്വലിക്കുമ്പോഴും വെളിച്ചമുള്ളപ്പോഴും പകൽ സമയത്തും വെളുത്തപക്ഷത്തിലും, ഉത്തരായണകാലമായ ആറുമാസവും ഈ സമയത്ത് ശരീരം വിട്ടുപോകുന്ന ബ്രഹ്മജ്ഞാനികൾ ബ്രഹ്മത്തെ പ്രാപിക്കും. പുകപരക്കുമ്പോഴും, രാത്രിയിലും കറുത്തപക്ഷത്തിലും ദക്ഷിണായനകാലമായ ആറുമാസവും ഈ സമയത്ത് ശരീരം വിട്ടുപോകുന്ന യോഗി ചന്ദ്രന്റെ  ജ്യോതിസിനെ പ്രാപിച്ച് തിരിച്ചു വരുന്നു. യോഗികളുടെ രണ്ടു തരമായ മരണാനന്തര യാത്രയെ ദേവയാനം  പിതൃയാനം എന്നറിയപ്പെടുന്നു. ഈ വഴികൾ രണ്ടും പ്രകാശമാനവും (ശുക്ലഗതി) അന്ധകാരവും (കൃഷ്ണഗതി) ലോകത്തിൽ എക്കാലവും നിലവിലുള്ളതുമാണ്.  . ആദ്യത്തെ മാർഗ്ഗത്തിലൂടെ പോകുന്നവർ  തിരിച്ചുവരുന്നില്ല.രണ്ടാമത്തെ മാർഗ്ഗത്തിലൂടെ പോകുന്നവർ തിരിച്ചുവരുന്നു. (പ്രകാശം =അറിവ് , ഇരുട്ട് = മൂഢത എന്നർത്ഥമാകാം  ) ഈ രണ്ടു വഴികളെ അറിയുന്ന യോഗികൾ മായയിൽ പെടുന്നില്ല. ഓ  പാർത്ഥ അതുകൊണ്ട് എല്ലാ സമയത്തും പരമാത്മാവിൽ മനസ്സുറപ്പിക്കുക. മേല്പറഞ്ഞ രണ്ടു മാർഗങ്ങളുടെ രഹസ്യമറിയുന്ന യോഗി  വേദപഠനങ്ങൾ കൊണ്ടുള്ള ഫലത്തെയും യാഗങ്ങൾ നടത്തിക്കിട്ടുന്ന ഫലത്തെയും ദാനധർമ്മങ്ങൾ കൊണ്ടുള്ള ഫലത്തെയും അതിക്രമിച്ച് ബ്രഹ്മത്തെ പ്രാപിക്കുന്നു.

എട്ടാം അധ്യായം സമാപ്തം 
അടുത്തത് രാജവിദ്യാരാജഗുഹ്യയോഗം
ശുഭം

Read More: https://www.emalayalee.com/writer/11

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക