Image

ഡല്‍ഹി സ്‌ഫോടനം: അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റി, 'വൈറ്റ് കോളര്‍' ഭീകരവാദ കേന്ദ്രം (എ.എസ് ശ്രീകുമാര്‍)

Published on 13 November, 2025
ഡല്‍ഹി സ്‌ഫോടനം: അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റി, 'വൈറ്റ് കോളര്‍' ഭീകരവാദ കേന്ദ്രം (എ.എസ് ശ്രീകുമാര്‍)

ഇന്ത്യയെ നടുക്കിയ ഡല്‍ഹി ചെങ്കോട്ട കാര്‍ബോംബ് സ്‌ഫോടനത്തിന്റെ ഗൂഢാലോചന നടന്നത് ഹരിയാനയിലെ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റി കാമ്പസിലെ ഒരു സാധാരണ ഹോസ്റ്റല്‍ മുറിയില്‍. ആണ്‍കുട്ടികളുടെ ഹോസ്റ്റലായ 17-ാം നമ്പര്‍ കെട്ടിടത്തിലെ 13-ാം നമ്പര്‍ മുറിയില്‍ വച്ചാണ് ഡോക്ടര്‍മാര്‍ 'വൈറ്റ് കോളര്‍' ഭീകരാക്രമണത്തിന് പദ്ധതിയിട്ടത്. ഈ മുറി ഭീകര മൊഡ്യൂളിന്റെ രഹസ്യ മീറ്റിംഗ് പോയിന്റായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മുറി കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഡോ. മുസമിലിന്റേതായിരുന്നു. 13-ാം നമ്പര്‍ മുറിയിലാണ് മറ്റ് തീവ്രവാദികളായ ഡോക്ടര്‍മാരുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തുകയും ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും ഏകോപിപ്പിച്ച സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

ഡിസംബര്‍ 6-ന് ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. 13-ാം നമ്പര്‍ മുറിയില്‍ നിന്ന് രാസവസ്തുക്കളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. അമോണിയം നൈട്രേറ്റും ചെറിയ അളവിലുള്ള മെറ്റാലിക് ഓക്‌സൈഡുകളും കലര്‍ത്തിയാണ് സ്‌ഫോടക വസ്തുക്കള്‍ തയ്യാറാക്കിയതെന്ന് സംശയിക്കുന്നു. സര്‍വകലാശാലയുടെ ലബോറട്ടറിയില്‍ നിന്ന് ഹോസ്റ്റല്‍ മുറിയിലേക്ക് രഹസ്യമായി കെമിക്കലുകള്‍ എങ്ങനെ എത്തിക്കണം എന്നതിനെക്കുറിച്ചും സംഘം ചര്‍ച്ച ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളും, പെന്‍ഡ്രൈവുകളും കണ്ടെടുത്ത ഈ മുറി പോലീസ് സീല്‍ ചെയ്തിട്ടുണ്ട്.

സ്‌ഫോടനം നടക്കുന്നതിന്റെ ഒരു ദിവസം മുന്‍പാണ്, അല്‍-ഫലാഹ് സര്‍വകലാശാലയില്‍ തന്നെ ജോലി ചെയ്തിരുന്ന ഡോ. മുസമ്മില്‍ ഷക്കീലിന്റെ വാടക വീട്ടില്‍ നിന്ന് 2,900 കിലോഗ്രാം ഐ.ഇ.ഡി (ഇമ്പ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) നിര്‍മ്മാണ സാമഗ്രികള്‍ പിടിച്ചെടുത്തത്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഭീകരാക്രമണ പരമ്പരകള്‍ ആസൂത്രണം ചെയ്തിരുന്നത് ഈ മുറിയിലിരുന്നാണെന്നും അന്വേഷണ സംഘം പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം വെളുത്ത ഹ്യുണ്ടായ് ഐ-20 കാര്‍ പൊട്ടിത്തെറിച്ച് 13 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ചാവേറായ ഡോ. ഉമര്‍ മുഹമ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രഹസ്യങ്ങള്‍ പുറത്തുവന്നത്. അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റി ആന്‍ഡ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്നയാളാണ് ഉമര്‍.

സ്‌ഫോടനത്തിന് പിന്നാലെ യൂണിവേഴ്‌സിറ്റിയിലുണ്ടായിരുന്ന മറ്റ് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. എന്നാല്‍ സ്‌ഫോടനവുമായി ബന്ധമില്ലെന്നും അറസ്റ്റിലായവര്‍ സര്‍വകലാശാലയില്‍ ജോലി ചെയ്യുന്നവര്‍ മാത്രമാണെന്നും അല്‍ ഫലാഹ് സര്‍വകലാശാല വ്യക്തമാക്കുന്നു. ആരോപണങ്ങളില്‍ പറയുന്ന തരത്തിലുള്ള രാസവസ്തുക്കളോ മറ്റു സാമഗ്രികളോ സര്‍വകലാശാലയില്‍ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ലെന്നും വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിന് മാത്രമാണ് സര്‍വ്വകലാശാല ലാബുകള്‍ ഉപയോഗിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. അതേസമയം അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും അല്‍ ഫലാഹ് സര്‍വ്വകലാശാല അറിയിച്ചു. ഇവിടെ പൊലീസിന്റെ കര്‍ശന പരിശോധന തുടരുകയാണ്. യൂണിവേഴ്‌സിറ്റിയിലുള്ള 52 ഡോക്ടര്‍മാരെ ഇതിനോടകം ചോദ്യം ചെയ്തുകഴിഞ്ഞു.

ഇതിനിടെ, സ്‌ഫോടനവുമായി ബന്ധമുള്ള നാലാമത്തെ കാറും അല്‍-ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് പോലീസ് കണ്ടെത്തി. സര്‍വകലാശാലയുടെ കാമ്പസില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു കാര്‍. ഒരേ സമയം നാല് നഗരങ്ങളില്‍ സ്‌ഫോടനം നടത്തിയതിനു ശേഷം ഈ കാറില്‍ രക്ഷപ്പെടാനായിരുന്നു ഭീകരരുടെ പദ്ധതി. അല്‍ ഫലാഹ് സര്‍വകലാശാലയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് കാര്‍ കണ്ടെത്തിയത്. ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന രാസവസ്തുവായ അമോണിയം നൈട്രേറ്റിന്റെ അംശം ഈ കാറില്‍ കണ്ടെത്തിയതായി അധികൃതര്‍ പറയുന്നു. ഇന്ന് രാവിലെ ഫരീദാബാദ് പോലീസ് ഇക്കോസ്‌പോര്‍ട്ട് പാര്‍ക്ക് ചെയ്ത ആളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം, പാക് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഡോ. മുസമ്മില്‍ ഗാനായി, ഡോക്ടര്‍ ഷഹീന്‍ സായീദ് എന്നിവര്‍ അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഹരിയാന-ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 27 കിലോമീറ്റര്‍ അകലെ ഫരീദാബാദിലാണ് അല്‍ ഫലാഹ് എന്ന സ്വകാര്യ സര്‍വകലാശാല. 2014-ല്‍ സ്ഥാപിതമായ കോളേജും മറ്റും 70 ഏക്കറിലേറെ വിസ്തൃതിയിലാണ് സ്ഥിതിചെയ്യുന്നത്. 1995-ല്‍ രൂപീകരിച്ച അല്‍ ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ് സര്‍വകലാശാല സ്ഥാപിച്ചത്.

ആദ്യം എന്‍ജിനീയറിങ് കോളജായി ആരംഭിച്ച സ്ഥാപനം പിന്നീടാണ് മെഡിക്കല്‍ വിദ്യാഭ്യാസത്തിലേക്കും ഹ്യൂമാനിറ്റീസ്, കമ്പ്യൂട്ടര്‍ സയന്‍സ് പോലുള്ള വിഷയങ്ങളിലേക്കും കടക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ എ ഗ്രേഡ് അംഗീകാരവും യൂണിവേഴ്സിറ്റിക്ക് ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ ഫീസ് വാങ്ങിയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ 2019 മുതല്‍ എം.ബി.ബി.എസ് കോഴ്‌സുണ്ട്.

എം.ബി.ബി.എസ് കോഴ്‌സിന് ആദ്യത്തെ നാലു വര്‍ഷങ്ങളില്‍ 16.37 ലക്ഷം രൂപ വീതവും അവസാന വര്‍ഷം ഒന്‍പതു ലക്ഷം രൂപയുമാണ് ഈടാക്കുന്നത്. രണ്ട് കിടക്കകളുള്ള ഹോസ്റ്റല്‍ മുറിക്ക് ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് പ്രതിവര്‍ഷം ഈടാക്കുന്നത് മൂന്നു ലക്ഷത്തിലേറെ രൂപയും. ആകെ 74 ലക്ഷത്തോളം രൂപയാണ് സര്‍വകലാശാല എം.ബി.ബി.എസ് കോഴ്സിനായി ഈടാക്കുന്നത്. ഓരോ അക്കാദമിക് വര്‍ഷവും 200 വിദ്യാര്‍ത്ഥികളെയാണ് എം.ബി.ബി.എസ് കോഴ്‌സിന് ചേര്‍ക്കുന്നത്. എം.ഡി കോഴ്‌സിന് 50 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കും. അതേസമയം എന്‍ജിനീയറിങ് കോഴ്‌സുകള്‍ക്ക് 888 സീറ്റുകള്‍ ഉണ്ട്. മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന് 650 കിടക്കകളുള്ള ഒരു ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്. സൗജന്യ ചികിത്സ ഉള്‍പ്പെടെ നല്‍കുന്ന ഇവിടെ എം.ആര്‍.ഐ, സി.ടി സ്‌കാനുകള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളുമുണ്ട്.

ഉന്നത വിദ്യാഭ്യാസം ഉള്ളവര്‍ വരെ 'വൈറ്റ് കോളര്‍' തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരാകുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ചെങ്കോട്ട സ്‌ഫോടനത്തോടെ പുറത്തുവരുന്നത്. ഉയര്‍ന്ന സാമൂഹിക നിലയിലുള്ളവരാണ് 'വൈറ്റ് കോളര്‍ ഭീകരര്‍'. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ബിസിനസുകാര്‍ തുടങ്ങി സമൂഹത്തില്‍ മാന്യമായ ജോലികളും പദവിയുമുള്ള പ്രൊഫഷണലുകളാണ് ഈ ഗ്യാങ്ങില്‍ ഉള്‍പ്പെടുന്നത്. നേരിട്ടുള്ള അക്രമങ്ങളേക്കാള്‍, തങ്ങളുടെ അറിവും സാങ്കേതിക വിദ്യാ പ്രാവീണ്യവും, അതായത് സൈബര്‍ മാര്‍ഗ്ഗങ്ങള്‍, എന്‍ക്രിപ്റ്റഡ് കമ്മ്യൂണിക്കേഷന്‍ ആപ്പുകള്‍ ഉപയോഗിച്ച് ഇവര്‍ ഭീകരപ്രവര്‍ത്തനങ്ങളെ സഹായിക്കുകയോ ഫണ്ട് ചെയ്യുകയോ പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുകയോ ചെയ്യുന്നു.  സാമ്പത്തിക നേട്ടത്തിനായി ചെയ്യുന്ന പരമ്പരാഗത 'വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങളില്‍' നിന്ന് വ്യത്യസ്തമായി ഇവരുടെ ലക്ഷ്യം പലപ്പോഴും രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ ഭീകരവാദ അജണ്ടകള്‍ നടപ്പിലാക്കുക എന്നതാണ്.

പുറമെ മാന്യമായ ഒരു ജീവിതം നയിക്കുന്നതിനാല്‍ ഇവരെ സംശയിക്കാന്‍ പ്രയാസമാണ്. ഈ 'മാസ്‌ക്' ഉപയോഗിച്ച് ഇവര്‍ക്ക് എളുപ്പത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാഹചര്യം ഒരുക്കാന്‍ സാധിക്കുന്നു. അതായത്, സമൂഹത്തില്‍ മാന്യന്മാരായി ജീവിച്ചുകൊണ്ട്, തങ്ങളുടെ പ്രൊഫഷണല്‍-അക്കാദമിക് നെറ്റ്‌വര്‍ക്കുകളും അറിവും ഭീകരവാദത്തിനായി ഉപയോഗിക്കുന്ന രീതിയാണ് വൈറ്റ് കോളര്‍ തീവ്രവാദം. ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച 'ബാബ കല്യാണി' (2006) എന്ന സിനിമയുടെ പ്രേമേയം വൈറ്റ് കോളര്‍ തീവ്രവാദമാണ്. ഇതില്‍ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കോളേജ് പ്രൊഫസര്‍ ഒരു വൈറ്റ് കോളര്‍ ടെററിസ്റ്റാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക