
കേരളത്തിലെ ഒരു യൂണിവേഴ്സിറ്റി വൈസ് ചാൻസിലറും ഡീനും സിണ്ടിക്കേറ്റ് അംഗങ്ങളുമായുള്ള പോര് തുടരുമ്പോൾ ഒരു എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെയും പ്രീ ഡിഗ്രി വിദ്യാർത്ഥിയുടെയും കഥകളുടെ ഓർമ്മകൾ പങ്കു വയ്ക്കുന്നത് അനുചിതമാവില്ല എന്ന് കരുതുന്നു.
ഞാൻ കൊല്ലം സെന്റ് അലോഷിയസ് ഹയർ സെക്കന്ററി സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ടായതാണ് ആദ്യ സംഭവം. അക്കാലത്തു എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്കായി നവംബർ 14 ചാച്ചാ നെഹ്‌റു ദിനമായി ആഘോഷിച്ചിരുന്നു. ഇപ്പോഴും ഉണ്ടോ എന്നെനിക്കു അറിയില്ല. ആഘോഷം നടന്നിരുന്നത് ഓരോ ജില്ലയിലുമുള്ള എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ ഘോഷയാത്ര നഗരം വലം വച്ച് ഒരു വിദ്യാലയത്തിൽ എത്തിച്ചേർന്നു, അവിടെ ഒരു സമ്മേളനം നടത്തി ആയിരുന്നു. ഘോഷ യാത്ര നയിക്കുവാൻ ചാച്ചാ നെഹ്‌റു ആയി ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിൽ നിന്ന് ഓരോ സ്കൂളും ഒരു കുട്ടിയെ തിരഞ്ഞെടുത്തിരുന്നു. മാതൃഭൂമി ആഴ്ച പതിപ്പ് നടത്തിയ കുട്ടികൾക്ക് വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന്റെ കൃതികളെ കുറിച്ചുള്ള ലേഖനമത്സരത്തിൽ ഞാൻ പങ്കെടുത്തു സമ്മാനം നേടി. ഞാൻ എഴുതിയത് ഒരച്ഛൻ മകൾക്കെഴുതിയ കത്തുകളുടെ ഒരു ആസ്വാദനം ആയിരുന്നു. ഇത് ഞങ്ങളുടെ മലയാളം അധ്യാപകനായിരുന്ന സേവിയർ പോൾ ശ്രദ്ധിക്കുകയും എന്റെ സ്കൂളിൽ ഹെഡ്മാസ്റ്റർ അടക്കം പലരെയും അറിയിക്കുകയും ചെയ്തിരുന്നു. അതിനാലായിരിക്കണം ആ വർഷത്തെ ചാച്ചാ നെഹ്‌റു ആകാൻ എന്റെ പേരും ശുപാർശ ചെയ്യണം എന്ന് അദ്ദേഹത്തിന് തോന്നിയത്.
ഞാൻ പഠിച്ചിരുന്ന സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് എന്റെ ക്ലാസ്സിലെ തന്നെ മറ്റൊരു വിദ്യാർത്ഥി സുകുമാരനും ഉണ്ടായിരുന്നു ആദ്യമായി നടന്ന ആർ ഡി ഓ യുമായുള്ള കൂടിക്കാഴ്ചയിൽ. സുകുമാരന് മറ്റൊരു സ്കൂളിൽ ഏഴാം ക്ലാസ്സിൽ നിന്ന് ജയിച്ചു കഴിഞ്ഞാണ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിൽ പഠിക്കുവാനുള്ള താത്പര്യം മൂലം രണ്ടു വര്ഷം പിന്നോട്ട് പോയി ആറാം ക്ലാസ്സിൽ ഞങ്ങൾക്കൊപ്പം ചേർന്നത്. അയാളുടെ അച്ഛൻ കേരള സർക്കാരിന്റെ സ്റ്റേഷനറി ഡിപ്പാര്ട്മെന്റിൽ ജോലി ചെയ്തിരുന്നു. അമ്മ മറ്റൊരു സ്കൂളിൽ അധ്യാപികയും.
ആർ ഡി ഓ യെ കാണാൻ കൊല്ലം കളക്ടറേറ്റിൽ ഞങ്ങൾ കാത്തിരുന്നു. കാത്തിരിപ്പു അധികം നീണ്ടില്ല. ഞങ്ങൾ കുട്ടികളെ ഒരുത്തരെയായി ആർ ഡി ഒയുടെ ഓഫീസ് മുറിയിലേക്ക് വിളിച്ചു. എന്റെ ഊഴവും വന്നു.
'എന്താടാ നിന്റെ പേര്?' ആർ ഡി ഓ (ഒരു സെബാസ്റ്റ്യൻ ആണെന്നാണ് എന്റെ ഓർമ്മ ) ചോദിച്ചു. 'ഏബ്രഹാം', ഞാൻ മറുപടി പറഞ്ഞു. 'നീ കൊച്ചി കണ്ടിട്ടുണ്ടോ?' എന്നായിരുന്നു അടുത്ത ചോദ്യം. 'ഇല്ല, ഞാൻ കണ്ടിട്ടില്ല', ഞാൻ മറുപടി നൽകി.
'ശരി, ഇപ്പൊ പൊയ്ക്കോ. വിവരം എന്റെ ഓഫീസിൽ നിന്ന് അറിയിക്കും', ആർ ഡി ഓ ഏതോ ഫയലിലേക്കു തിരിഞ്ഞു. അതായിരുന്നു ചാച്ചാ നെഹ്‌റു ആകാനുള്ള എന്റെ മോഹത്തിന്റെ അന്ത്യം. പിന്നീട് എനിക്ക് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നോ ഹെഡ് മാസ്റ്ററുടെ ഓഫീസിൽ നിന്നോ ഈ വിഷയത്തിൽ ഒരു വിവരവും ലഭിക്കുകയുണ്ടായില്ല.
വിധി വൈപരീത്യം എന്ന് പറയട്ടെ. നാലു വർഷത്തിന് ശേഷം എനിക്ക് ആശ്വസിക്കാൻ അല്പം വക കിട്ടി. അന്ന് ഞാൻ കൊല്ലം ഫാത്തിമ കോളേജിൽ പ്രീ ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിയാണ്. നാലാം ഗ്രൂപ്പ് (കോമേഴ്‌സ്) ആണ് എടുത്തിരുന്നത്. കോളേജിലെ എം കോം വിദ്യാർത്ഥികളുടെ വർഷാവസാന ആഘോഷമാണ്. ഞങ്ങളുടെ അക്കൗണ്ടൻസി അധ്യാപകൻ പ്രേമുസ് ഫെർണാണ്ടസ് (അദ്ദേഹം തമിഴ് നാട്ടുകാരൻ ആയിരുന്നു) എന്നോടൊരു ആവശ്യം പറഞ്ഞു : മുഖ്യാതിഥി ആർ ഡി ഓ യ്ക്ക് നന്ദി പറയാൻ എം കോം വിദ്യാര്ഥികളാരും യോഗ്യരാണെന്നു അദ്ദേഹത്തിന് തോന്നുന്നില്ല. 'ഏബ്രഹാമിന് അദ്ദേഹത്തിന് നന്ദി പറയാമോ?' ഒരിക്കലും ഒക്കുകയില്ല എന്ന് പറയാൻ അറിയാത്ത ഞാൻ നന്ദി പറയാമെന്നു ഏറ്റു.
ഫാത്തിമ കോളേജിന്റെ രണ്ടമത്തെ നിലയിലെ ലൈബ്രറിയും മറ്റും പോസ്റ്റ് ഗ്രാഡുവേറ്റ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉള്ളതാണ്. പ്രേമുസ് സാർ ഇടപെട്ടു എനിക്ക് സെക്കന്റ് ഫ്ലോറിൽ പ്രവേശിക്കുവാൻ അനുവാദം വാങ്ങി തന്നു. ഞാൻ അവിടെയിരുന്നു ഒരു നന്ദി പ്രസംഗം തയാറാക്കി യോഗത്തിൽ എത്തി നന്ദി പ്രകാശിപ്പിച്ചു. യോഗം കഴിഞ്ഞു ലഘു ഭക്ഷണത്തിനും ചായയ്ക്കുമായി ഞങ്ങൾ അടുത്ത മുറിയിൽ ഒത്തു കൂടി. കുറെ കഴിഞ്ഞപ്പോൾ സെബാസ്റ്റ്യൻ അടുത്തു വന്നു. 'നിന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്' എന്ന് പറഞ്ഞു.
'ഞാൻ നല്ലപ്പോഴാണ് സാറിനെ കാണുന്നത് എന്ന് പറഞ്ഞു ഞാൻ അവിടെ നിന്ന് മറിക്കളഞ്ഞു. എന്ത് കൊണ്ടോ എനിക്ക് സംഭാഷണം തുടരുവാൻ താത്പര്യം തോന്നിയില്ല.
ഓരോ ശിശു ദിനം വരുമ്പോഴും ഈ ഓർമ്മകൾ മനസ്സിൽ വരാറുണ്ട്. പല സാഹചര്യങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികളെ അധ്യാപകരും ഗവെർന്മെന്റ് അധികാരികളും പല രീതിയിലാണ് സ്വീകരിക്കുന്നത് എന്ന് കേരളത്തിലും ബോംബെയിലും അമേരിക്കയിലും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.