
തുന്നൽക്കാരി പെണ്ണമ്മ ചേച്ചിയും ജർമ്മൻകാരി ക്ലോഡി മദാമ്മയും തമ്മിൽ യാതൊരു ബന്ധവുമില്ലെങ്കിലും പെണ്ണമ്മച്ചേച്ചിയെക്കുറിച്ചു ഓർക്കാനപ്പോൾ കാരണമായത് അവരായിരുന്നു.
സ്ഥലം കോട്ടയം സംക്രാന്തി. മെയിൻ റോഡിൽ നിന്നുല്പം ഉള്ളിലേക്ക് മാറിയുള്ള ചെറിയൊരു തുന്നൽകട. റോഡരികിലെ തട്ടുകടയില് ചീനച്ചട്ടിയില് പൊരിയുന്ന ഉള്ളിവടയുടെ മണം തുന്നല് കടയിലും നിറഞ്ഞുനിന്നു.
തുന്നല് കടയിലേക്ക് കയറിച്ചെന്ന ക്ലോഡി തന്റെ കയ്യിലെ തുണിസഞ്ചിയിൽ നിന്നും ഒരു പഴയ പൈജാമയെടുത്ത് തുന്നൽക്കാരികളിൽ ഒരാളുടെ നേരെ നീട്ടി. തുന്നൽക്കാരി വസ്ത്രം പരിശോധിച്ചുനോക്കി. ഒരു കാലിൻറെ അടിഭാഗത്തായി തുന്നൽ വിട്ടുപോയിരുന്നു. അപ്പോൾ തന്നെ അവര് വസ്ത്രം നന്നാക്കി തിരിച്ചു നല്കി.
“ഹൌ മച്ച് ഈസ് ഇറ്റ് ?”
പേഴ്സ് തുറന്നുകൊണ്ട് മദാമ്മ ചോദിച്ചു.
“ഇറ്റ് ഈസ് ഫ്രീ. നോ മണി”
വിടര്ന്നൊരു ചിരിയോടെ തുന്നല്ക്കാരി പറഞ്ഞു.
ആഹ്ളാദവതിയായ ജർമ്മൻകാരി
“താങ്ക്യൂ വെരിമച്ച്. താങ്ക്യൂ വെരിമച്ച്”
എന്നാവർത്തിച്ചു പറഞ്ഞെങ്കിലും ഒരു പുഞ്ചിരിയോടെ തലയാട്ടിയതല്ലാതെ തുന്നല്ക്കാരി കൂടുതലായൊന്നും പറഞ്ഞില്ല.
മദാമ്മ നടന്നു പോകുന്നത് തുന്നൽക്കാരികൾ നോക്കിനിന്നു.
‘എല്ലാവർക്കും അലമാരനിറച്ചു വസ്ത്രങ്ങളിരിക്കുമ്പോളാണ് മദാമ്മ പഴയ പൈജാമ കേടുപോക്കിയെടുക്കാന് കൊണ്ടുവന്നത്’
‘മദാമ്മയാണെങ്കിലും ആളൊരു ദരിദ്രവാസിതന്നെ’
എന്നൊക്കെയായിരിക്കണം തുന്നൽക്കാരികളപ്പോൾ ചിന്തിച്ചിരിക്കുക.
ക്ലോഡിയങ്ങനെ ചില്ലറക്കാരിയൊന്നുമല്ല. ജർമനിയിലെ ഒരു ന്യായാധിപയാണ്. നമ്മുടെ ജില്ലാ ജഡ്ജിമാരോട് താരതമ്യപ്പെടുത്താവുന്ന ഒരു ജർമ്മൻ ജഡ്ജി. അവർ മാത്രമല്ല അവരുടെ ഭർത്താവ് ഹാർഡിയും അതേ പദവിയിലുള്ള ഒരു ജഡ്ജിയാണ്.
ഞാനവരെ കണ്ടുമുട്ടിയതപ്പോൾ രണ്ടാമത്തെ തവണയായിരുന്നു. കഴിഞ്ഞവർഷം ഒരു ആയുർവേദ സെന്ററിൽ കുറച്ചുദിവസം ചെലവഴിച്ചപ്പോഴായിരുന്നു ആദ്യമായി കണ്ടുമുട്ടിയത്. ഈ വർഷം ഒരാഴ്ചത്തേക്കായി അവിടെ എത്തിയപ്പോൾ വീണ്ടും കണ്ടുമുട്ടി. ഞാൻ ചെല്ലുന്നതിനും ഒരാഴ്ചമുമ്പേ അവരവിടെ എത്തിയിരുന്നു. ഒരു വർഷത്തിനുശേഷം കണ്ടുമുട്ടിയപ്പോള് എന്നെ തിരിച്ചറിഞ്ഞവർ പേരുചൊല്ലി വിളിച്ചത് ഏറെ അത്ഭുതപ്പെടുത്തി. അവരുടെ പേര് ഓർമ്മിച്ചു വയ്ക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല.
പറഞ്ഞു തുടങ്ങിയത് ഒരു പഴയ പൈജാമയെ കുറിച്ചായിരുന്നുവല്ലോ? സത്യത്തിൽ അതുതന്നെയാണ് അവരെക്കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നാനുള്ള കാരണവും.
നാസി പീഡനക്യാമ്പിലെ തടവുകാരുടെ ജയില് വസ്ത്രത്തെ ഓര്മ്മിപ്പിക്കുന്ന തരത്തിലുള്ള നീളത്തില് നീലവരകളുള്ള പൈജാമയായിരുന്നു അവര് എല്ലായ്പ്പോഴും ധരിക്കാറുണ്ടായിരുന്നത്. നാസി ഭരണകാലത്ത് ജനിച്ചവരല്ല ക്ലോഡിയും ഭര്ത്താവും പക്ഷെ തീര്ച്ചയായു അവരുടെ മാതാപിതാക്കള് നാസിഭരണത്തിനും രണ്ടാം ലോകമഹായുദ്ധത്തിനും സാക്ഷികളായിരിക്കണം.
നാസി പീഡനക്യാമ്പാണെന്നറിയാതെ, അവിടെയുള്ള ഒരു ബാലനുമായി കൂട്ടുകൂടാന്വേണ്ടി വരയന് പൈജാമയണിഞ്ഞു ക്യാമ്പില് കയറിപ്പറ്റിയ നിഷ്കളങ്ക ബാല്യത്തിന്റെ കഥ പറയുന്ന കൃതിയായ ‘എ ബോയ് ഇന് ദ സ്ട്രയിപ്പഡ് പജാമ’ പുസ്തകമായും സിനിമയായും ലോകത്തിൻറെ നെഞ്ചുപൊള്ളിച്ചു.
ക്ലോഡിക്ക് നാസികളും യുദ്ധവും പീഡനങ്ങളും കഥയോ ചരിത്രമോ അല്ല. അതെല്ലാം അനുഭവമാണ് അവളുടെ മാതാപിതാക്കളുടെ നേര്സാക്ഷ്യമാണ്. ക്ലോഡിയോ മാതാപിതാക്കളില് ആരെങ്കിലുമോ ജൂത വംശജരായിരിക്കുമോ? അറിയില്ല. അങ്ങിനെയൊരു ചോദ്യം ചോദിക്കാനുള്ള അവസരമുണ്ടായില്ല.
ഒരുദിവസം രാവിലെ പ്രാതല് കഴിക്കുന്നേരം തുണിത്തരങ്ങള് വില്ക്കുന്ന കടകളെക്കുറിച്ച് അവള് ചോദിച്ചു. ഭർത്താവു ഹാര്ഡിയുടെ അളവില് ഷർട്ടുകൾ തുന്നാനുള്ള തുണിവാങ്ങിക്കാനായിരുന്നത്. അപ്പോഴായിരുന്നു പൈജാമയുടെ കേടുപാടുകൾ തീർക്കുന്ന കാര്യം അവള് പറഞ്ഞത്.
“എന്തിനാണ് പഴയ വസ്ത്രം കേടുപാട് തീർക്കുന്നത്. വലിയ വിലയൊന്നും ഉണ്ടാകില്ല, പുതിയതൊന്നു വാങ്ങിയാൽ പോരെ?”
“അതൊക്കെ അനാവശ്യമായ ചെലവാണ്.” ക്ലോഡി പറഞ്ഞു
“ഇക്കാലത്ത് പഴയ വസ്ത്രങ്ങൾ ആരെങ്കിലും നന്നാക്കി തരുമോന്നറിയില്ല”
“അതൊക്കെയുണ്ട്. ഞാനൊരു തുന്നല്ക്കാരിയെ കണ്ടുപിടിച്ചിട്ടുണ്ട്. വൈകുന്നേരം കൊണ്ടുപോയി കൊടുക്കണം”
ജർമനിയില് നിന്നും വന്ന ക്ലോഡിമദാമ്മ പഴയ വസ്ത്രങ്ങൾ നന്നാക്കി കൊടുക്കാന് തയ്യാറായ ഒരു തുന്നൽക്കാരിയെ കണ്ടുപിടിച്ചു. കോട്ടയത്തുകാര്ക്ക് ആർക്കെങ്കിലും അങ്ങിനെയൊരിടം അറിയുമോന്നറിയില്ല
വൈകുന്നേരം നടക്കാൻ പോകുന്നസമയം അവര് എന്നെയും കൂടെവിളിച്ചു. വഴിയില് കാണുന്നവരോടവര് ‘ഹായ്’ എന്നുപറഞ്ഞു അഭിവാദ്യം ചെയ്തുകൊണ്ടിരുന്നു. ചിലര് തിരിച്ചും ‘ഹായ്’ പറഞ്ഞു പ്രത്യഭിവാദനം ചെയ്തു. മറ്റുചിലര് ചിരിച്ചു, വേറെ ചിലര് വെറുതെ തലയാട്ടുകമാത്രം ചെയ്തു. നടപ്പിനിടയില് ഞങ്ങൾ തുന്നല് കടയിലെത്തി.
ഒരു വിദേശ വനിതയോടുള്ള ആദരവ് കൊണ്ടാകാം തുന്നക്കാരി പഴയവസ്ത്രം കേടുപോക്കി നല്കിയത്. ഒരു ബ്ലൗസിനു ആയിരം മുതല് രണ്ടായിരം രൂപ വരെ പ്രതിഫലം കിട്ടുന്ന കാലത്ത് ആരെങ്കിലും പഴയത് നന്നാക്കികൊടുക്കാന് മിനക്കെടുമെന്നു തോന്നുന്നില്ല.
തുന്നൽക്കാരികളിൽ ഒരാളെ എവിടെയോ കണ്ടുമറന്നപോലെ!. ചെറുപ്പക്കാരിയായ അവരെ എനിക്ക് മുൻപരിചയമൊന്നുമില്ല. എങ്കിലും സുപരിചിതമായ മുഖമാണ് അവരുടെതെന്നു തോന്നിച്ചു.
അപ്പോഴാണ് പെണ്ണമ്മചേച്ചിയെ ഓർമ്മ വന്നത്. ചട്ടയും മുണ്ടുധരിച്ചു കഴുത്തിൽ വെന്തിഞ്ഞയുമായി തയ്യൽമെഷീൻചവിട്ടുന്ന പെണ്ണമ്മ ചേച്ചി.
പാണ്ടിയാന്പാറ ഗ്രാമത്തിലെ ഏക തുന്നൽക്കാരിയായിരുന്നു പെണ്ണമ്മച്ചേച്ചി. കുട്ടികളുടെ നിക്കറും ഉടുപ്പും പെൺകുട്ടികളുടെ പാവാടയും ഉടുപ്പും പെറ്റിക്കോട്ടും പഴയതും പുതിയതുമായ വസ്ത്രങ്ങളുടെ തുന്നൽ, ബ്ലൗസ്, ചട്ട, ബോഡീസ്, പഴയ തുണികൾ വെട്ടിയുള്ള തയ്യല് എന്നിവയൊക്കെ ആ നാട്ടില് ചെയ്തുകൊടുക്കുന്ന ഏകസ്ഥാപനം പ്രവര്ത്തിച്ചിരുന്നത് അവരുടെ വീടിന്റെ കോലായിലായിരുന്നു.
എല്ലാവരോടും ചിരിച്ചുകൊണ്ട് വിനയപൂർവ്വം വർത്താനം പറയുന്ന പെണ്ണമ്മച്ചേച്ചി തുന്നല് മെഷിന് ചവിട്ടി കടകട ശബ്ദത്തോടെ തുണികള് തയ്ക്കുന്നത് കണ്ടിരിക്കുന്നതുതന്നെ ഒരു രസമായിരുന്നു.
തുണികൾ തയ്ക്കാൻ ഏൽപ്പിച്ചാൽ പിന്നെ എല്ലാ ദിവസവും സ്കൂൾ വിട്ടുവരുന്ന സമയം പെണ്ണമ്മച്ചേച്ചിയുടെ അടുക്കല്ചെല്ലും അപ്പോളൊക്കെ അടുത്തദിവസം തരാമെന്നു ചേച്ചി പറയും. അതുപോലെ പണിത്തിരക്കുണ്ട്.
എല്ലാവരെയും കണ്ടാല് ചിരിക്കുമെങ്കിലും ചേച്ചിയുടെ മുഖത്ത് സങ്കടം തന്നെയായിരുന്നു സ്ഥായീഭാവം. ഒരു വിഷാദ ചിരിയോടെ തയ്ച്ചു കൊണ്ടിരിക്കുന്ന ചേച്ചിയാണ് ഓർമ്മയില് വരിക. ഒരു മകളുണ്ടായിരുന്നു. മാനസികമായി വളർച്ചയില്ലാതിരുന്ന മകള് സ്കൂള് വിട്ടുവരുന്ന കുട്ടികളെ കാണുവാനായി വിടര്ന്ന ചിരിയോടെ വീടിന്റെ പുറത്തിറങ്ങി നില്കുമായിരുന്നു. അവള് തന്റെ കയ്യിലുള്ള മിട്ടായിയും കല്ലുപെന്സിലും കുട്ടികള്ക്ക് നല്കാനായി നീട്ടുമായിരുന്നു. പെണ്ണമ്മ ചേച്ചിയും മകളും തനിയെയാരുന്നു വീട്ടില് കഴിഞ്ഞിരുന്നത്.
പിന്നീട് ഞങ്ങള് ആ നാട്ടില് നിന്നുംപോയി. പെണ്ണമ്മച്ചേച്ചിയും മകളും ഇപ്പോഴും അവിടെയുണ്ടാകുമായിരിക്കും.
മനസ് സഞ്ചരിക്കുന്ന ഓരോ വഴികളെ!.
പെണ്ണുമ്മച്ചേച്ചിയെ ഓര്മ്മിക്കാന് ഒരു ജർമ്മൻകാരി കാരണമായിരിക്കുന്നു.
ഓർമ്മകൾ അങ്ങനെ തിരിഞ്ഞുനടന്നു കൊണ്ടിരിക്കുമ്പോളാണ് ക്ലോഡിമദാമ്മ തുന്നൽക്കാരികളോട് നന്ദി പറഞ്ഞുകൊണ്ട് എന്നെ ഉണർത്തിയത്.
തുണിയും വാങ്ങി ഞങ്ങൾ നടപ്പു തുടര്ന്നുകൊണ്ടിരിക്കെയാണ് വഴിയരികിലെ ഒരു വീടിൻറെ മുറ്റത്ത് അരിപ്പൊടിയിൽ എഴുതിയ കോലത്തിൽ വരച്ചിരിക്കുന്ന ‘സ്വസ്തിക്’ അടയാളം ക്ലോഡിയുടെ കണ്ണിൽപ്പെട്ടത്. അവള് അതിശയത്തോടെ എൻറെ നേരെനോക്കി. അവരുടെ കണ്ണുകളിലെ ചോദ്യമെനിക്ക് മനസ്സിലായി. ഞാൻ പറഞ്ഞു.
“ഈ മുദ്ര ഇവിടെ നൂറ്റാണ്ടുകളായി വരയ്ക്കുന്നു. ഇതു നന്മയുടെയും സമാധാനത്തിന്റെയും പ്രതീകമാണ്.”
അവളുടെ നാട്ടുകാരനായ അഡോൾഫ് ഹിറ്റ്ലറുടെ നാസിപ്പാർട്ടിയുടെ അടയാളവും ഇടതുദിശയിലേക്കു തിരിഞ്ഞതെങ്കിലും സ്വസ്തിക് തന്നെയാ യിരുന്നുവല്ലോ!
“കേട്ടോ മിസ് ക്ലോഡി, ഹിറ്റ്ലർ തന്റെ കഴിവിനെ ക്രിയാത്മകമായ രീതിയിൽ ഉപയോഗിച്ചിരുന്നെങ്കിൽ ലോകചരിത്രം മറ്റൊന്നാകുമായിരുന്നുവെന്നു ചിലര് അഭിപ്രായപ്പെടുന്നത് കേട്ടിട്ടുണ്ട് ”
“ദയവായി ഈ വിഡ്ഢിത്തം പുലമ്പൽ നിർത്തൂ”
ക്ലോഡിയുടെ ശബ്ദമുയർന്നു.
“നിങ്ങൾക്കെന്തറിയാം. ഞങ്ങൾ അയാളെക്കുറിച്ച് സംസാരിക്കാറില്ല. അയാളുമായി ആരെയും താരതമ്യം ചെയ്യാറുമില്ല. അയാൾക്ക് യാതൊരു ഗുണവുമില്ല, കഴിവുമില്ല.”
ക്ലോഡിയുടെ മുഖം ചുവന്നു.
“അയാൾ മൂലം ഏറ്റവും നരകം അനുഭവിച്ചത് ഞങ്ങളാണ്. ഞങ്ങളെയാണ് ആദ്യം പീഡിപ്പിച്ചത്. ഞങ്ങൾ പട്ടിണിയും രോഗവും ജയിൽവാസവും കൊണ്ട് വലഞ്ഞു. അയാളെക്കുറിച്ച് പുസ്തകങ്ങളിൽ നിന്നുമാത്രം പഠിച്ച നിങ്ങൾക്കതൊന്നും മനസ്സിലാകില്ല”
ക്ലോഡി വളരെ വീകാരാധീനയായി രോഷംകൊണ്ടു.
നമ്മള് ചരിത്ര പുസ്തകങ്ങളിൽ പഠിക്കാത്ത പലതും അവളുടെ മനസ്സില് തിളച്ചുമറിയുന്നുണ്ട്.
ഞാന് ക്ലോഡിയുടെ മനസ്സിനെ അതിന്റെ വഴിക്കുവിട്ടു. അന്നത്തെ നടപ്പു കഴിയുന്നതുവരെ ഞങ്ങളൊന്നുംതന്നെ സംസാരിച്ചില്ല. തിരികെ മുറിയില് എത്തിയപ്പോഴേക്കും മനസ്സാകെ അസ്വസ്ഥമായിരുന്നു.
ഹിറ്റ്ലറും പെണ്ണമ്മചേച്ചിയും ക്ലോഡിയുടെ വാക്കുകളും മനസ്സില് നിറഞ്ഞുനിന്നു.
കണ്ണടച്ചപ്പോള് പെണ്ണമ്മച്ചേച്ചി ആയാസപ്പെട്ട് തുന്നല് മെഷീന്റെ പെഡല് ‘കടകട’ ശബ്ദത്തോടെ ചവിട്ടുന്നതു കണ്ടു. മെഷീന്റെ ചക്രം കറങ്ങുന്നതിനനുസരിച്ച് തയ്യല്സൂചി ഉയര്ന്നുപൊങ്ങിക്കൊണ്ടിരുന്നു. സൂചിയുടെ അടിയിലെ ‘ഫീഡ് ഡോഗ്’ തുണികളെ വേഗത്തില് മുന്നോട്ടു തള്ളിക്കൊണ്ടിരുന്നു.
അപ്പോഴായിരുന്നു ആദ്യമായി ആ വീടിന്റെ കോലായിലെ ചുവരില് ചില്ലിട്ടു വച്ചിരിക്കുന്ന ഫോട്ടോ ശ്രദ്ധിക്കുന്നത്. മെഷീന് ചവിട്ടുന്നതിനിടയില് പെണ്ണമ്മച്ചേച്ചി ഇടയ്ക്കിടെ ആ ഫോട്ടോയിലേക്ക് നോക്കുന്നത് കാണാമായിരുന്നു. ഫോട്ടോയിലെ ആളുടെ മീശ ഹിറ്റ്ലറുടെ ‘ടൂത്ത് ബ്രെഷ്’ മുറിമീശപോലുള്ളതായിരുന്നു.
തുന്നല്മെഷീന് നിര്ത്താതെ പ്രവര്ത്തിച്ചുകൊണ്ടിരുന്നു. നൂല് തീര്ന്നുപോയതറിയാതെ പെണ്ണമ്മചേച്ചി മെഷീന് ചവിട്ടിക്കൊണ്ടിരുന്നു. മെഷീനില് നിന്നും താഴേക്ക് തള്ളിവീണ തുണി കൂമ്പാരമായി തറയില് കൂടിക്കിടന്നു. അവസാനം തളര്ച്ചയോടെ മെഷീനിലേക്ക് തലചായിച്ചു കിടക്കുമ്പോഴും ദേഷ്യമോ സങ്കടമോ എന്നു പറയാന് പറ്റാത്തവിധം കലങ്ങിയ കണ്ണുകള് ചുവരിലെ ചില്ലിട്ട പടത്തിലേക്കു നീണ്ടുചെന്നിരുന്നു. ആ ചിത്രത്തിനപ്പോള് ഹിറ്റ്ലറുടെ മുഖച്ഛായ തോന്നിച്ചു.
കിടക്കയില് നിന്നും എഴുന്നേറ്റ ഞാന് ഫോണില് അമ്മയെ വിളിച്ചു പെണ്ണമ്മചേച്ചിയുടെ കാര്യം ചോദിച്ചു.
നാടുവിട്ടുപോന്നിട്ട് വളരെ കാലങ്ങളായതിനാല് പെണ്ണമ്മ ചേച്ചിയുടെ കാര്യങ്ങള് അറിയില്ലാന്നു അമ്മ പറഞ്ഞു. ഒരുപക്ഷെ അവര് മരിച്ചു പോയിട്ടുണ്ടാകുമെന്നാണ് അമ്മ കരുതുന്നത്. ചുവരിലെ ചില്ലിട്ടപടത്തില് കണ്ട മുറിമീശക്കാരന് ആരെന്നു ചോദിച്ചപ്പോള് അങ്ങിനെയൊരു പടം അവരുടെ വീട്ടില് കണ്ടതായി ഓര്മ്മയിലെന്നായിരുന്നു അമ്മയുടെ മറുപടി.
ഒരാഴ്ചകഴിഞ്ഞു ക്ലോഡിയും ഭര്ത്താവും ജര്മ്മനിയിലേക്ക് തിരിച്ചുപോയി. ഞാന് ജന്മനാട്ടില് സന്ദര്ശനത്തിനായി പോയി. പഴയ ഗ്രാമത്തിലൂടപ്പോള് തലങ്ങുംവിലങ്ങും പാഞ്ഞുപോകുന്ന താറിട്ടറോഡുകളില് ഒന്നില്നിന്നും പണ്ടു ഞാന് സ്കൂളിലേക്കു നടന്നുപോയിരുന്ന ഇടവഴി കണ്ടുപിടിച്ചു.
അതിലൂടെ കുറെ മുന്നോട്ട് നടന്നു.
ഓര്മ്മയില് പെണ്ണമ്മച്ചേച്ചിയുടെ വീടും തൊടിയും മുറ്റവും മുറ്റത്തെ പേരമരവും കൃത്യമായിട്ടുണ്ടായിരുന്നു.
നടന്നെത്തിയത് ആറുവരിപാതയുടെ നിര്മ്മാണം നടക്കുന്ന ഒരിടത്തിലായിരുന്നു. അവിടെ എവിടെയായിരുന്നു പെണ്ണമ്മചേച്ചിയുടെ വീടുണ്ടായിരുന്നതെന്ന് ആര്ക്കുമപ്പോള് അറിയില്ലായിരുന്നു.
- ജോസഫ് എബ്രഹാം