
കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സി.പി.എമ്മിന് ഏറെ പ്രിയപ്പെട്ട നേതാവായ എന്‍ വാസുവിനെയും എസ്.ഐ.ടി അറസ്റ്റ് ചെയ്തതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും പാര്‍ട്ടി നോമിനിയുമായിരുന്ന എ പത്മകുമാറിലേയ്ക്ക് അന്വേഷണം കേന്ദ്രീകരിക്കുകയാണ്. അടുത്തത് പത്മകുമാറിന്റെ അറസ്റ്റാണ്. എന്‍ വാസു റിമാന്‍ഡിലായതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ് ബൈജുവാണ് വാസുവിന് മുമ്പ് അറസ്റ്റിലായത്. ഇവര്‍ക്ക് പുറമെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സസ്‌പെന്‍ഷനിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും രണ്ടാം പ്രതിയുമായ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍ എന്നിവരാണ് ഇപ്പോള്‍ എസി.ഐ.ടിയുടെ കസ്റ്റഡിയിലുള്ളത്.
ദേവസ്വം കമ്മീഷണര്‍ ആയിരിക്കെ, 2019 ഫെബ്രുവരി 26-ന് വാസു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് 19 ലെ ബോര്‍ഡ് യോഗം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ ദ്വാരപാലക ശില്‍പ പാളികള്‍ കൊടുത്തുവിടാന്‍ തീരുമാനിക്കുന്നത്. മാര്‍ച്ച് 31 -ന് വാസു വിരമിച്ചു. പിന്നീട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി വന്ന എ പത്മകുമാര്‍ വിരമിക്കുമ്പോള്‍ വാസുവിനെ ആ സ്ഥാനത്തേക്ക് സി.പി.എം പ്രതിഷ്ഠിക്കുകയായിരുന്നു. ദേവസ്വം കമ്മിഷണറായിരുന്ന ഒരാള്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത് തന്നെ ആദ്യമായിട്ടാണ്. അപ്പോഴാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൊതിഞ്ഞതിന്റെ ബാക്കി സ്വര്‍ണം കയ്യിലുണ്ടെന്ന് ഇമെയില്‍ അയക്കുന്നത്. ഇക്കാര്യത്തില്‍ വാസു ഒരു നടപടിക്കും മുതിര്‍ന്നില്ലെന്നതാണ് എടുത്ത് പറയേണ്ടത്.
ശബരിമലയില്‍ നടന്ന കൊളളയിലെല്ലാം പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് വാസുവിനെ പലവട്ടം ചോദ്യം ചെയ്തതും മൂന്നാം പ്രതിയാക്കി അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചതും. വാസുവിനെ കുടുക്കിയത് ഉണ്ണികൃഷ്ണന്‍ പോറ്റി അയച്ച ആ ഇ മെയില്‍ തന്നെയാണ്. പാളികള്‍ അഴിച്ചുകൊണ്ടുപോകുമ്പോള്‍ താന്‍ കമീഷണറോ പ്രസിഡന്റോ ആയിരുന്നില്ലെന്നും ഇതിലൊന്നും ഒരുപങ്കുമില്ലെന്നായിരുന്നു വാസു ആണയിട്ട് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ സ്വര്‍ണക്കൊള്ള സംബന്ധിച്ച ഗൂഢാലോചനയില്‍ വാസുവിന്റെ പങ്ക് നിര്‍ണായകമായിരുന്നു. 2010-ലും 2018-ലുമായി ഇടതു സര്‍ക്കാരിന്റെ കാലത്ത് വാസു രണ്ടു തവണ ദേവസ്വം കമ്മീഷണറും സ്വര്‍ണക്കൊള്ള നടന്ന് മാസങ്ങള്‍ക്കു ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്നല്ലോ. സ്വര്‍ണപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്തിയത് വാസുവാണ്. വാസുവിന് പദവികള്‍ പലകാലങ്ങളില്‍ സി.പി.എം നല്‍കിയിട്ടുണ്ട്.
നിലവില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകനായ വാസു വിജിലന്‍സ് ട്രൈബ്യൂണല്‍ അംഗമായി ജുഡീഷ്യറി പദവിയിലേക്ക് എത്തുന്നതും വി.എസ് അച്യുതാനന്ദല്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി പി.കെ ഗുരുദാസന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാവുന്നതും. അതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡിലേക്കുളള വരവ്. അത് സ്വര്‍ണക്കൊള്ള ഗൂഢാലോചനയിലൂടെ വാസു ആഘോഷമാക്കി. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയമുണ്ടായപ്പോള്‍ ദേവസ്വം കമ്മീഷണര്‍ സ്ഥാനത്തായിരുന്നു വാസു. ശബരിമലയില്‍ സ്ത്രീ പ്രവേശനം ആകാമെന്ന് സുപ്രീം കോടതിയില്‍ പിണറായി സര്‍ക്കാരെടുത്ത നിലപാടിനോട് അനുകൂല സമീപനമായിരുന്നു വാസുവിന്റേത്.
അന്ന് പ്രസിഡന്റിന് മേലും വാസുവിന് നിയന്ത്രണമുണ്ടായിരുന്നു. കാരണം പാര്‍ട്ടിക്ക് അത്രയും പേണ്ടപ്പെട്ടവനായിരുന്നു വാസു. ആ വ്യക്തി ഇപ്പോള്‍ അകത്തായ സ്ഥിതിക്ക് അന്വേഷണത്തിന്റെ കുന്തമുന എ പത്മകുമാറിലേയ്‌ക്കെത്തി നില്‍ക്കുകയാണ്. എസ്.ഐ.ടിയുടെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നു എന്നതിന്റെ സൂചനയാണ് വാസുവിന്റെ അറസ്റ്റ്. കട്ടിളപ്പടിയില്‍നിന്നു സ്വര്‍ണം കവര്‍ന്ന കേസില്‍ പത്മകുമാര്‍ പ്രസിഡന്റായ ദേവസ്വം ഭരണസമിതിയെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നു. പത്മകുമാറിനെ ചോദ്യം ചെയ്യാന്‍ എസ്.ഐ.ടി നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ അസൗകര്യമുണ്ടെന്നാണ് പത്മകുമാര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ ഇനി ഹാജരായില്ലെങ്കില്‍ പത്മകുമാറിനെ കസ്റ്റഡിയിലെടുക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം. കേസില്‍ സമ്പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് ഈ നിര്‍ണായക നീക്കം. സ്വര്‍ണക്കൊള്ള ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ഗൂഢാലോചനയാണെന്നും തങ്ങള്‍ക്ക് അറിവില്ലെന്നുമായിരുന്നു പത്മകുമാറിന്റെ മൊഴി. ഇത് പൂര്‍ണമായും തള്ളുന്നതാണ് എന്‍ വാസുവിനെതിരായി പുറത്തു വന്നിട്ടുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട്. ദേവസ്വം ബോര്‍ഡിന്റെ അറിവോടെ ആയിരുന്നു തട്ടിപ്പ് എന്നാണ് വാസുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്.ഐ.ടി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ പത്മകുമാറും അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങളായിരുന്ന കെ.ടി ശങ്കര്‍ദാസും പാലവിള എന്‍ വിജയകുമാറും അന്വേഷണപരിധിയിലേക്ക് എത്തിയിരിക്കുകയാണ്.
ഇതിനിടെ, ശബരിമല സ്വര്‍ണക്കവര്‍ച്ച 'രാജ്യാന്തര വിഗ്രഹക്കടത്തോ' എന്ന ഗുരുതര സംശയം ഹൈക്കോടതി ഉന്നയിച്ചിരുന്നു. അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഓപ്പറേഷന്‍ രാജ്യാന്തര വിഗ്രഹക്കടത്തുകാരനായ സുഭാഷ് കപൂറിന്റെ ഓപ്പറേഷനുകള്‍ക്ക് സമാനമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമലയിലെ അമൂല്യ വസ്തുക്കളുടെ പകര്‍പ്പുണ്ടാക്കി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിറ്റ് പണം തട്ടാന്‍ ശ്രമിച്ചതായി സംശയം പ്രകടിപ്പിച്ച കോടതി, ഇതില്‍ വിശദമായ അന്വേഷണം വേണമെന്നും നിര്‍ദേശിച്ചു. കൂടാതെ, ദേവസ്വം ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സന്നിധാനത്ത് നല്‍കിയത് അനിയന്ത്രിതമായ സ്വാതന്ത്ര്യം ആയിരുന്നു എന്നും ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ.വി ജയകുമാര്‍ എന്നിവരടങ്ങിയ ഹൈക്കോടതി ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.