
കല്യാണദിവസം മാത്രം
ആണും പെണ്ണും
വെറും പെണ്ണും ചെക്കനും ആകും
പെൺവീട്ടുകാരും
ചെക്കൻവീട്ടുകാരുമുണ്ടാകും
കോടിക്കാർക്കിരിയ്ക്കാൻ
പെൺവീട്ടുകാർ ഇരിപ്പിടം
ഒഴിഞ്ഞു കൊടുക്കും.
അവരെ ആദ്യത്തെ
പന്തിയിലിരുത്തും.
പോകാൻ നേരം
അമ്മ വിതുമ്പും
മകൾ കണ്ണു നിറഞ്ഞ്
തണലേകുന്ന
തുരുത്തിലേക്കു
യാത്രയാകും.
അവിടെ തണലോ
കനലൊ
എന്ന് കാലം പറയും.
ചിലർക്കതു
സൗഭാഗ്യ ചന്ദ്രോദയം
മേഘങ്ങൾ മുകരുന്ന
ആകാശ ഗോപുരം
ചിലർക്കതു
സ്നേഹപാശം
മറ്റ് ചിലർക്കതു
മുറുകുന്ന
മരണക്കുരുക്ക്
പാതി മുങ്ങിയ
കിനാത്തോണി
കാലം കടന്നു പോകെ
ഉടഞ്ഞു ചിതറുന്ന
സ്വപ്നഗോപുരം.