
മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുതിർന്ന നടൻ ധർമേന്ദ്രയെ ഡിസ്ചാർജ് ചെയ്തു. അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ ചികിത്സയ്ക്കായി വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചതായി ചികിത്സിച്ച ഡോക്ടർ പറഞ്ഞു. "രാവിലെ 7.30 ഓടെയാണ് ധർമേന്ദ്രജിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. വീട്ടിൽ തന്നെ ചികിത്സ നൽകാൻ കുടുംബം തീരുമാനിച്ചതിനാൽ അദ്ദേഹത്തിന് വീട്ടിൽ ചികിത്സ തുടരും," ഡോ. പ്രതിത് സാംദാനി പിടിഐയോട് പറഞ്ഞു.
മുതിർന്ന നടൻ ആഴ്ചകളായി ആശുപത്രിയിൽ ഇടവിട്ടിടവിട്ട് ചികിത്സയിൽ കഴിഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള തെറ്റായ റിപ്പോർട്ടുകൾക്കെതിരെ ഇഷ ഡിയോളും ഹേമ മാലിനിയും രംഗത്തെത്തിയിരുന്നു.
'മാധ്യമങ്ങൾ വ്യാജവാർത്ത പടർത്തുന്നതിൽ അൽപ്പം വേഗത്തിലാണെന്നു തോന്നുന്നു. എന്റെ പിതാവിന്റെ ആരോഗ്യം തൃപ്തികരമാണ്. അദ്ദേഹം സുഖംപ്രാപിച്ചു വരുന്നു. ഞങ്ങളുടെ കുടുംബത്തിന് സ്വകാര്യത നൽകണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. പ്രാർത്ഥനകൾക്കും പപ്പയുടെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നതിനും നന്ദി അറിയിക്കുന്നു,' എന്ന് ഇഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.