
ആന്റണി വര്‍ഗ്ഗീസ് പെപ്പെ നായകനാകുന്ന ആക്ഷന് ത്രില്ലര്‍ ചിത്രം 'കാട്ടാളന്‍' കൈയ്യടക്കിയത് ഏറ്റവും വലിയ ഓവര്‍സീസ് ഡീല്‍. മലയാളത്തില്‍ ഇതു വരെ ലഭിച്ചതില്‍ ഏറ്റവും വലിയ ഓവര്‍സീസ് ഡീല്‍ ആണ് ചിത്രം സ്വന്തമാക്കിയത്. പാന്‍ ഇന്‍ഡ്യന്‍ ചിത്രമായി അവതരിപ്പിക്കുന്ന സിനിമ മെഗാ ക്യാന്‍വാസിലാണ് ഒരുങ്ങുന്നത്. ' മാര്‍ക്കോ' എന്ന പാന്‍ ഇന്ഡ്യന്‍ ബ്‌ളോക്ക് ബസ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിനു ശേഷം ക്യൂബ്‌സ് എന്റര്‌ടെയ്ന്‍മെന്റിന്റെ ബാനറില്‍ നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം.

ഫാര്‍സ് ഫിലിംസുമായി സഹകരിച്ചാണ് മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസായി 'കാട്ടാളന്‍' ഒരുങ്ങുന്നത്. ഷൂട്ടിങ്ങ് പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ മലയാള സിനിമയിലെ പ്രീ റിലീസ് ബിസിനസ് റെക്കോര്‍ഡുകള്‍ പലതും മാറ്റി എഴുതുകയാണ് ഷെറീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ഈ ചിത്രം. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിലെ നായകനായആന്റണി വര്‍ഗ്ഗീസിന്റെ സ്റ്റൈലിഷ് വൈല്‍ഡ് ഗെറ്റപ്പാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ പുറത്തു വിട്ടത്.
ചിത്രത്തിലെ അതിസാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ ആന്റണി വര്‍ഗ്ഗീസ്‌ന് പരിക്ക് പറ്റിയത് വലിയ വാര്‍ത്തയായിരുന്നു. തായ്‌ലന്‍ഡില്‍ ആനയുമായുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. 'ഓങ്ങ് ബാക്ക്' സീരീസുകള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷന്‍ സീരീസുകള്‍ക്ക് സംഘട്ടനമൊരുക്കിയ ലോക പ്രശസ്തനായ കെച്ച കെംബാക്ഡിയയുടെയും ടീമിന്റെയും നേതൃത്വത്തിലാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ തായ്‌ലന്‍ഡില്‍ ഒരുക്കിയത്. 'ഓങ്ങ് ബാക്ക്' സീരീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ 'പോങ്ങ്' എന്ന ആനയും ചിത്രത്തിലുണ്ട്.