Image

തേടിവരും കണ്ണുകൾക്ക് സുവർണ്ണ ജൂബിലി : രവിമേനോൻ (കാതോരം)

Published on 12 November, 2025
തേടിവരും കണ്ണുകൾക്ക് സുവർണ്ണ ജൂബിലി : രവിമേനോൻ (കാതോരം)

ശരണമന്ത്രങ്ങളുടെ മഹാപ്രവാഹത്തിൽ ഒരു കുട്ടിപ്പാട്ട് ഒഴുകിച്ചേരുന്നു: "തേടിവരും കണ്ണുകളിൽ ഓടിയെത്തും സ്വാമീ തിരുവിളക്കിൻ കതിരൊളിയിൽ കുടിയിരിക്കും സ്വാമീ ....."

പൊടുന്നനെ നിലയ്ക്കുന്നു ശബ്ദഘോഷം. നിശ്ശബ്ദതയാണ് പിന്നെ. കാതടപ്പിക്കുന്ന നിശ്ശബ്ദത. ആൾക്കൂട്ടത്തിന് നടുവിൽ കണ്ണടച്ചിരുന്ന് പാട്ടിന്റെ വരികളിലൂടെ ഏകാഗ്രതയോടെ ഒഴുകിപ്പോകവേ വർഷങ്ങൾ ചുറ്റും കൊഴിഞ്ഞുവീണ പോലെ തോന്നിയെന്ന് അമ്പിളി. "കണ്ണു നിറഞ്ഞൊഴുകുകയായിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് ആ പാട്ട് പാടി റെക്കോർഡ്‌ ചെയ്യുമ്പോൾ സങ്കൽപ്പിച്ചിട്ടു പോലുമില്ലല്ലോ എന്നെങ്കിലും സന്നിധാനത്തിൽ അത് പാടാൻ ഭാഗ്യമുണ്ടാകുമെന്ന്. '' -- അമ്പിളിയുടെ വാക്കുകൾ.

പാട്ട് പാടിത്തീർന്ന് എഴുന്നേൽക്കാൻ ഒരുങ്ങിയപ്പോൾ ആരോ വന്നു ഗായികയുടെ കാതിൽ മന്ത്രിക്കുന്നു: "ഈ പാട്ട് പാടിയ കുട്ടി നിങ്ങളായിരുന്നോ? വിശ്വസിക്കാൻ പറ്റുന്നില്ല. സ്കൂളിൽ പഠിക്കുന്ന കാലത്ത് കേട്ട അതേ ശബ്ദം.." ഉള്ളിലെ ആ നിഷ്കളങ്കയായ കുട്ടി ഇനിയും പടിയിറങ്ങിപ്പോയിട്ടില്ലെന്നു ഉറക്കെയുറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു അമ്പിളിക്ക്. പക്ഷെ ശബ്ദഘോഷത്തിനിടെ അതാര് കേൾക്കാൻ?

സ്വാമി അയ്യപ്പനിൽ (1975) വയലാർ -- ദേവരാജൻ കൂട്ടുകെട്ടിനു വേണ്ടി ആ പാട്ട് പാടി റെക്കോർഡ് ചെയ്യുമ്പോൾ കൗമാരത്തിലേക്ക് കടന്നിട്ടേയുള്ളൂ അമ്പിളി. മുന്നിൽ എ.വി.എം "സി'' തിയേറ്ററിലെ മൈക്ക്. റെക്കോഡിംഗ് റൂമിന്റെ ചില്ലു ജാലകത്തിന് അപ്പുറത്ത് സൗണ്ട് എൻജിനീയർ വിശ്വനാഥന്റെയും, മെറിലാൻഡ് സുബ്രഹ്മണ്യം മുതലാളിയുടെയും ഗാനശില്പികളുടേയും മുഖങ്ങൾ. വാത്സല്യം കലർന്ന കൗതുകമായിരുന്നു എല്ലാവർക്കും. അതേ സ്നേഹ വാത്സല്യങ്ങൾ നാൽപ്പത് വർഷം കഴിഞ്ഞു 2015 ൽ സന്നിധാനത്ത് ആദ്യമായി പാടാനെത്തിയപ്പോഴും അനുഭവിച്ചു അമ്പിളി. "സ്വാമി അയ്യപ്പൻ സിനിമയിലെ എന്റെ പാട്ട് റേഡിയോയിൽ കേൾക്കുമ്പോൾ കുട്ടികളായിരുന്നിരിക്കണം സദസ്സിലുണ്ടായിരുന്നവരിൽ പലരും. പണ്ട് കേട്ട പാട്ടിനോടും പാട്ടുകാരിയോടുമുള്ള സ്നേഹം മധ്യവയസ്സിലും അവർ ഉള്ളിൽ സൂക്ഷിക്കുന്നു എന്ന അറിവ് എനിക്കൊരു അത്ഭുതമായിരുന്നു. സംഗീതത്തിന് മാത്രം സാധിക്കുന്ന ഇന്ദ്രജാലമല്ലേ അത്?''

എ വി എം സ്റ്റുഡിയോയിൽ ഇരുന്നാണ് ദേവരാജൻ മാഷ്‌ പാട്ടിന്റെ വരികൾ പഠിപ്പിച്ചു തന്നത്. എന്തൊരു ഭാവമാധുര്യമായിരുന്നു മാഷിന്റെ ആലാപനത്തിൽ. കുട്ടികളുടെ പാട്ട് പാടുമ്പോൾ ശിശുസഹജമായ നിഷ്കളങ്കത വന്നു നിറയും ആ ശബ്ദത്തിൽ. "അയ്യപ്പനെ മനസ്സിൽ ധ്യാനിച്ച്‌ പാടിത്തുടങ്ങാനാണ് എനിക്ക് കിട്ടിയ നിർദേശം. ശബ്ദത്തിൽ അടക്കിപ്പിടിച്ച ഒരു ഗദ്ഗദം വേണം. പക്ഷേ പുറത്ത് വന്നുകൂടാ. പറഞ്ഞുതന്ന പോലെ തന്നെ പാടി. അധികം ടേക്കുകൾ ഒന്നും വേണ്ടിവന്നില്ല എന്നാണ് ഓർമ്മ. മാസ്റ്റർ നന്നായി റിഹേഴ്സ് ചെയ്യിച്ചിരുന്നത് കൊണ്ടാകും.'' റെക്കോർഡിംഗ് കഴിഞ്ഞ ശേഷം ഓർക്കസ്ട്രക്കാർ വന്നു പുറത്തു തട്ടി അഭിനന്ദിച്ചത് മറന്നിട്ടില്ല. തബല തരംഗ് വായിച്ച ലക്ഷ്മൺ‍ റാവു, ഫ്ലൂട്ടിസ്റ്റ് നഞ്ചപ്പ എന്നിവരുടെ മുഖങ്ങൾ മനസ്സിന്റെ തിരശീലയിൽ തെളിയുന്നു. സിനിമയിൽ പാട്ടിനൊത്ത് ചുണ്ടനക്കിയത് ബേബി സുമതി.

ഈശ്വരവിശ്വാസികളല്ലാത്ത രണ്ടു മഹാപ്രതിഭകൾ ചേർന്നാണ് കാലാതിവർത്തിയായ ആ ഭക്തിഗാനം സൃഷ്ടിച്ചതെന്നോർക്കുമ്പോൾ അത്ഭുതം തോന്നും. ശിശുസഹജമായ നിഷ്കളങ്കതയാണ് വയലാറിന്റെ രചനയുടെ കാതൽ:

"നീട്ടി നിൽക്കും കൈകളിൽ നീ നിധി തരില്ലേ

എന്റെ വീട്ടിലൊരു കൊച്ചനുജനായ് കൂടെ വരില്ലേ

ആറ്റു നോറ്റു ഞങ്ങൾ വരും നിൻ തിരുനടയിൽ

എന്നും കാത്തരുളുക വരമരുളുക കൈവണങ്ങുന്നേൻ

അയ്യപ്പസ്വാമി അഭയം അയ്യപ്പസ്വാമീ...."

ഒരു ഗാനം ഗായികയുടെ പര്യായമായി മാറുന്നതിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു `തേടിവരും കണ്ണുകളിൽ.' എവിടെ ചെന്നാലും ആളുകൾ ആവശ്യപ്പെടുക ആ പാട്ട് മാത്രം. എത്ര വ്യത്യസ്തമായ ഗാനങ്ങൾ പാടിയാലും ആ ഒരൊറ്റ കുട്ടിപ്പാട്ടിന്റെ സ്നേഹസുരഭിലമായ പ്രതിച്ഛായയിൽ നിന്ന് തനിക്കു മോചനമില്ലെന്ന് തിരിച്ചറിയുകയായിരുന്നു അമ്പിളി. "ഒരിക്കലെങ്കിലും ആ വരികൾ മൂളാത്ത ദിവസങ്ങളില്ല. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ആ ഗാനത്തിന്റെ ഓർമ്മകൾ എന്നെ വന്നു കീഴടക്കിക്കൊണ്ടിരിക്കും. "

ഏറ്റവും ഒടുവിൽ അത്തരമൊരു അനുഭവമുണ്ടായത് കുറച്ചുകാലം മുൻപ് ശബരിമല ദർശനം കഴിഞ്ഞു തിരിച്ചെത്തിയ മകനിലൂടെയാണ്. "പതിനെട്ടാം പടിമേൽ അവൻ ആദ്യമായി കാലെടുത്തുവെച്ച നിമിഷം കാറ്റിൽ എങ്ങു നിന്നോ ഒഴുകിയെത്തുകയായിരുന്നു എന്റെ പാട്ട്. എന്തൊരു യാദൃഛികതയാണെന്ന് ഓർത്തു നോക്കൂ. സന്നിധാനത്തിൽ വർഷങ്ങളായി കേൾപ്പിക്കാറുണ്ടത്രേ സ്വാമി അയ്യപ്പനിലെ പാട്ട്. സംഗീത ജീവിതത്തിലെ എല്ലാ നിരാശകളെയും അലിയിച്ചുകളഞ്ഞു ആ അറിവ് പകർന്നുതന്ന സന്തോഷം..''

സ്വാമി അയ്യപ്പന്റെ തമിഴ് പതിപ്പിലും ആ കുട്ടിപ്പാട്ട് അമ്പിളി തന്നെ പാടണമെന്നത് സുബ്രഹ്മണ്യം മുതലാളിയുടെ നിർബന്ധമായിരുന്നു. തമിഴിലെ പാട്ടുകൾ എഴുതിയത് കവിഞ്ജർ കണ്ണദാസൻ. ഈണങ്ങൾ ദേവരാജൻ മാസ്റ്ററുടേത് തന്നെ. ഒരു രാത്രി എട്ടു മണിക്കാണ് "തേടുകിൻട്ര കൺ‍കളുക്കുൾ' എന്ന പാട്ട് റെക്കോർഡ്‌ ചെയ്തത്. മലയാളത്തിൽ പാടിയ പാട്ടിനേക്കാൾ നന്നായത് തമിഴിലെ ആലാപനമായിരുന്നു എന്ന് വിശ്വസിക്കുന്നു അമ്പിളി.

റെക്കോർഡിംഗ് കഴിഞ്ഞു അമ്പിളിയെ ആദ്യം അഭിനന്ദിച്ചവരിൽ ഒരാൾ കണ്ണദാസനാണ്. "നല്ല ശബ്ദം; നല്ല ഉച്ചാരണവും. നാളെ തന്നെ പത്മിനി പിക്ച്ചേഴ്സ് ഓഫീസിൽ ചെന്ന് എം എസ് വിശ്വനാഥനെ കാണണം.'' -- കവിഞ്ജർ അമ്പിളിയോട് പറഞ്ഞു. പിറ്റേന്ന് ചെന്ന് പാട്ട് പാടിക്കേൾപ്പിച്ചപ്പോൾ എം എസ് വിക്കും കണ്ണദാസനും ഒരു പോലെ ഇഷ്ടമായി പുതുഗായികയുടെ ശബ്ദം. "വിച്ചൂ, ഇന്ത വോയ്സ് തമിഴിൽ നന്നായി യൂസ് പണ്ണണം; സുശീല മാതിരി വരും'' എന്ന് എം എസ് വിയോട് ആവശ്യപ്പെടുക വരെ ചെയ്തു കവിഞ്ജർ. പക്ഷെ എം എസ് വി ഒരിക്കലും തമിഴിൽ അമ്പിളിയെ പാടാൻ വിളിക്കുകയുണ്ടായില്ല. "കാരണം എന്തെന്ന് ഇന്നും അറിയില്ല എനിക്ക്.'' -- അമ്പിളി പറയുന്നു. എങ്കിലും മലയാളത്തിൽ എം എസ് വിക്ക് വേണ്ടി ചില പാട്ടുകൾ പാടാൻ ഭാഗ്യമുണ്ടായി അമ്പിളിക്ക്. `ധർമക്ഷേത്രേ കുരുക്ഷേത്രേ'' എന്ന ചിത്രത്തിൽ സുശീലക്കും വസന്തക്കും ഒപ്പം പാടിയ `ചഞ്ചലിത ചഞ്ചലിത ചലിത ചലിത പാദം' ഓർക്കുക. (ഇതേ ഗാനം യേശുദാസും ജാനകിയും ചേർന്നും പാടിയിട്ടുണ്ട്).

അമ്പിളിയുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായ പാട്ടാണ് "തേടിവരും കണ്ണുകളിൽ." അതുവരെ "ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിന്" (ശ്രീ ഗുരുവായൂരപ്പൻ) പാടിയ കുട്ടിയെന്നും ഊഞ്ഞാലാ (വീണ്ടും പ്രഭാതം) പാടിയ കുട്ടിയെന്നും അറിയപ്പെട്ടിരുന്ന ഗായിക അതോടെ "തേടിവരും പാടിയ കുട്ടി"യായി മാറുന്നു. ആ മൂന്ന് പാട്ടുകളിലൂടെ എന്നന്നേക്കുമായി കുട്ടിപ്പാട്ടുകാരിയായി മുദ്രകുത്തപ്പെട്ടുപോകുമായിരുന്നു അമ്പിളി. അതാണല്ലോ സിനിമയുടെ രീതി. ഭാഗ്യത്തിന് അതുണ്ടായില്ല. ബോധപൂർവം തന്നെ ആ പ്രതിച്ഛായയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചു അവർ. പ്രണയവും ഭക്തിയും ഹാസ്യരസവുമൊക്കെ കലർന്ന പാട്ടുകൾ പാടി. ഭാര്യാവിജയത്തിലെ "ഏപ്രിൽ മാസത്തിൽ വിടർന്ന ലില്ലിപ്പൂ" (സംഗീതം: അർജ്ജുനൻ), പുതിയ വെളിച്ചത്തിലെ " ആരാരോ സ്വപ്നജാലകം തുറന്നു വരുന്നതാരോ" (സലിൽ ചൗധരി), ആരവത്തിലെ ഏഴു നിലയുള്ള ചായക്കട ( എം ജി രാധാകൃഷ്ണൻ) എന്നിവ മറക്കാനാവില്ല. മനോഹരമായ യുഗ്മഗാനങ്ങൾ വേറെ: ജയചന്ദ്രനൊപ്പം ശാരികത്തേന്മൊഴികൾ (കന്യക), സന്ധ്യതൻ കവിൾ തുടുത്തു (രാജാങ്കണം), ഏറ്റുമാന്നൂരമ്പലത്തിൻ പരിസരത്ത് (കുടുംബം നമുക്ക് ശ്രീകോവിൽ), യേശുദാസിനൊപ്പം കിഴക്ക് മഴവിൽ പൂവിശറി (അനുമോദനം), കോളേജ് ലൈല കോളടിച്ചു (മൈലാഞ്ചി), മിഴിയിണ ഞാൻ അടക്കുമ്പോൾ (മണിയറ).... പ്രശസ്തമായ "ദുബായ് കത്തി"ന് ശബ്ദം പകർന്നതും അമ്പിളി തന്നെ.

സംഗീത ലോകത്ത് ഇപ്പോൾ പഴയപോലെ സജീവമല്ല അമ്പിളി. വേദിയിൽ പാടിയിട്ട് വർഷങ്ങളായി. മങ്ങുന്ന ഓർമ്മകളുമായി ചെന്നൈയിലെ വീട്ടിൽ മകൾക്കൊപ്പം വിശ്രമജീവിതം നയിക്കുന്നു അവർ. എങ്കിലും തന്നെ താനാക്കി മാറ്റിയ പാട്ട് അമ്പിളിക്കെങ്ങനെ മറക്കാനാകും?

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക