
നിങ്ങളുടെ കൈക്കുമ്പിളിൽ
കുറച്ചു സന്തോഷമാണോ ഉള്ളത്?
ഒന്നും ചെയ്യേണ്ടതില്ല.
കൈവിടർത്തിവയ്ക്കുക മാത്രം!
പുളിഞ്ചി മിഠായി പോലെ
നിമിഷനേരം കൊണ്ട്
അവ മറ്റുള്ളവർ
പെറുക്കിക്കൊണ്ടു പൊയ്ക്കൊള്ളും!
അതല്ല കുറച്ചു വേദനകളാണോ ഉള്ളത്?
കയ്പുള്ള ഗുളികകൾ പോലെ
അത് പ്രയാസപ്പെട്ട് വിഴുങ്ങിക്കൊള്ളുക.
അവ ആർക്കും വേണ്ട!
ഇനി കുറച്ചു നടക്കാതെ പോയ സ്വപ്നങ്ങളും
നിരാശകളുമാണോ ഉള്ളത്?
അവ ഒട്ടും മടിയാതെ താഴേക്കു തൂവുക.
കാരണം മുൻപ് ആരൊക്കെയോ തൂവിയ
അത്തരം വിത്തുകൾ
മുളച്ചു പന്തലിച്ചിടത്താണ് നിങ്ങളിപ്പോഴുള്ളത് !