Image

എഴുത്താശാൻ ! (ചെറുകഥ: ഷാജുമോൻ ജോസഫ് മാറാടി)

Published on 11 November, 2025
എഴുത്താശാൻ ! (ചെറുകഥ: ഷാജുമോൻ ജോസഫ് മാറാടി)

ഏന്റെ കുട്ടിക്കാലത്തു നാട്ടിൻപുറങ്ങളിൽ ആശാൻ കളരികൾ ഉണ്ടായിരുന്നു. ആശാൻ പള്ളിക്കൂടം എന്നും പറയും. ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ വരാന്തയോ പീടികയുടെ തിണ്ണയോ ആയിരിക്കും മിക്കവാറും കളരിയുടെ ആസ്ഥാനം. എന്റെ കളരി, ആശാന്റെ വീടിന്റെ കോലായിൽ ആയിരുന്നു.

മലയാള അക്ഷരങ്ങൾ തെറ്റുകൂടാതെ എഴുതുവാനും സ്പുടതയോടെ വായിക്കുവാനുമാണ് അവിടെ ശീലിപ്പിച്ചിരുന്നത്. കളരിയുടെ നടത്തിപ്പുകാരനും, അദ്ത്യാപകനുമെല്ലാം ഒരാൾ മാത്രമായിരിക്കും. ആശാൻ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.
നാല് - അഞ്ചു വയസ്സുമാത്രം പ്രായമുള്ള കുട്ടികളെ, ഭയപ്പെടുത്തുന്ന രൂപവും ശബദ് വുമായിരിക്കും മിക്കവാറും ആശാന്മാരുടെ. എന്റെ ആശാനും വ്യത്യസ്തമായിരുന്നില്ല.

പപ്പു എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പ്രായം അറുപത് - എഴുപത്തൊക്കെ ആയിരിക്കേണം. അന്നത്തെക്കാലത്തു അതൊരു വലിയ പ്രായമാണ്. മെലിഞ്ഞുകൊലുന്നനെ നല്ല പൊക്കം. മേൽച്ചുണ്ടിൽ മുൻനിരയിലെ രണ്ടു വലിയ പല്ലുകളൊഴിച്ചു മറ്റു പല്ലുകളൊന്നും വായിൽ ഉണ്ടായിരുന്നില്ല. അതിനാൽ കവിൾ ഒട്ടിയതായിരുന്നു. ഒട്ടിയ വയറിൽ ധാരാളം ചുളിവുകൾ ഉണ്ടായിരുന്നു. ഇടത്തേക്ക് ചരിച്ചു കെട്ടിയ ഒരു ചെറിയ കുടുമയൊഴിച് തലയുടെ ബാക്കി ഭാഗത്തൊന്നും മുടി ഉണ്ടായിരുന്നില്ല. 
മാറാടിപ്പുഴ(മുവാറ്റുപുഴയാർ)യാണ് ഞങ്ങളുടെ പറമ്പുകളുടെ അതിർ വേര്തിരിച്ചിരുന്നത്. വര്ഷകാലത്തു പുഴയുടെ അക്കരെയുള്ളവരുമായിട്ടു വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. വേനൽക്കാലത്തു പുഴ കടന്ന് ഞങ്ങളുടെ പറമ്പിലൂടെ അക്കരെയുള്ളവർ മെയിൻറോഡിലേക്ക് പോകുമായിരുന്നു.

വളരെ ക്രൂരമായ ശിക്ഷാരീതിയായിരുന്നു ആശാന്മാരുടെ. നിസ്സാര കാരണത്തിന് നിക്കർ ഊരി തല്ലുക, (എനിക്കുണ്ടായ അനുഭവം പിന്നീട് പറയാം )നാരായം (എഴുത്താണി - ഓലയിൽ എഴുതുവാൻ ഉപയോഗിക്കുന്ന ഇരുമ്പുകൊണ്ടുള്ള ഒരു ഉപകരണം ) കൂട്ടിപ്പിടിച്ചു കുട്ടികളുടെ തുടയിലും ചെവിയിലുമൊക്കെ നുള്ളുക - ഇതൊക്കെയായിരുന്നു അന്നത്തെ ശിക്ഷാരീതി.
ആശാൻ ഉറക്കെ അക്ഷരങ്ങൾ ചൊല്ലിക്കൊടുക്കുന്നതും, കുട്ടികൾ ഏറ്റുചൊല്ലുന്നതും, തെറ്റിന് ശിക്ഷകിട്ടുമ്പോൾ ഉറക്കെ കരയുന്നതും കേട്ട് ശീലമായിരുന്നു. അതിൽ മാതാപിതാക്കൾക്ക് യാതൊരു ആവലാതിയും ഉണ്ടായിരുന്നില്ല. എന്തെങ്കിലും കുസൃതി കാണിച്ചാൽ അടുത്ത വര്ഷം ആശാന്റെ അടുത്ത് പോകുമ്പോൾ ചെറുക്കൻ മര്യാദ പഠിച്ചുകൊള്ളുമെന്നു മുതിർന്നവർ താക്കിത് ചെയ്യുകയും ചെയ്യുമായിരുന്നു. 
അങ്ങനെ നാലഞ്ചു വയസ്സായപ്പോൾ എന്നെയും എഴുത്തിനിരുത്തി.

വേനൽ അവതികഴിഞ്ഞു ജൂൺ മാസത്തിൽ സ്കൂളിൽ ചേർക്കത്തക്കവിധം മാർച്ച്- ഏപ്രിൽ - മെയ്  മാസങ്ങളിലായിരിക്കും കളരിയിലെ പഠനം ക്രമീകരിച്ചിരിക്കുന്നത്. നവമ്പർ മാസം മുതൽ പുഴയിലെ വെള്ളം വറ്റി മണൽ തെളിഞ്ഞു തുടങ്ങും. പുഴയിൽ മണൽ കണ്ടുതുടങ്ങിയാൽ പിന്നെ ഞങ്ങൾ കുട്ടികൾക്ക് പുഴയും മണൽപ്പുറവും ഒരു ഹരമാണ്. ജനുവരിമാസമൊക്കെ ആയാൽ പിന്നെ പുഴ മണൽ വിരിച്ച ഒരു മൈതാനംപോലെ നീണ്ടു നിവർന്നു കിടക്കുകയാണ്. പുഴയുടെ ഏതെങ്കിലും ഒരരുകിൽകൂടി വെള്ളമൊഴുകുന്ന ഒരു നീർച്ചാൽ ഉണ്ടാകും. 
വൈകുനേരങ്ങളായാൽ മണൽപ്പുറം ഒരു ഉത്സവപ്പറമ്പ് പോലെയാണ്. പുഴയുടെ ഇരു കരകളിലുമുള്ള ജനങ്ങൾ മണൽപ്പുറത്തു വന്നു കൂടും. ഇതിനിടെ അടിപിടി - വഴക്ക് , അലക്കു - കുളി എല്ലാം നടക്കും. മെയ് അവസാനം തുടങ്ങുന്ന ശക്തമായ മഴയുടെ കുത്തൊഴുക്കിൽ മണൽപ്പുറം അപ്രത്യക്ഷമാകും. പിന്നെ പേമാരിയും വെള്ളപ്പൊക്കവുമായി.

കളരിയുടെ നിലത്തു പായയിലിരുത്തി തറയിൽ വിരിച്ചിരിക്കുന്നു മണലിൽ ആണ് അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുന്നത്. പായയും, മണലും, ഓലയും കുട്ടികൾ കരുതിയിരിക്കണം.
ഒരു കുട്ടിക്ക് ഇരിക്കുവാൻമാത്രം വലിപ്പമുള്ള, ചെറിയ പായ തലചുമട്ടുകാരിൽ നിന്നും അമ്മമാർ ശേഖരിച്ചു വക്കും. 
അക്കാലത്തു ഒരു വീട്ടിലേക്കുള്ള ഒട്ടുമിക്ക സാധനങ്ങളും തല ചുമടായി കൊണ്ടുനടന്നു വിൽക്കുന്നവർ വീടുകളിൽ വരുമായിരുന്നു. പൈസ ഇല്ലെങ്കിൽ പകരം നെല്ല്, അരി, തേങ്ങാ, വാഴക്കുല മുതലായ കാർഷീകോൽപ്പന്നങ്ങൾ- വാങ്ങുന്ന സാധനങ്ങൾക്ക് തുല്യ വില കണക്കാക്കി കൊടുക്കുന്ന ഒരുതരം ബാർട്ടർ സിസ്റ്റം (barter system) ഉം അന്ന് നിലവിൽ ഉണ്ടായിരുന്നു. നേരും-നെറിയും, നല്ല വിശ്വാസവും ഉള്ളവരായിരുന്നു ഒട്ടുമിക്കവരും. 
പുഴയിൽ മണൽ തെളഞ്ഞു തുടങ്ങിയപ്പോൾ തന്നെ തരി കുറഞ്ഞ നല്ല മിനുസമുള്ള മണൽ എന്റെ സഹോദരങ്ങൾ എനിക്കായി ശേഖരിച്ചിരുന്നു. 
ആശാൻ, കുട്ടിയുടെ വിരൽ പിടിച്ചു മണലിൽ ഊന്നിയാണ് എഴുതിക്കുന്നത്. തരി കൂടിയ മണൽ ആയാൽ വിരൽ വേദനിക്കും. മണലിന്റെ മിനുസമൊന്നും ആശാൻ ശ്രദ്ധിക്കാറില്ല. 
നോട്ട്ബുക്കിനു പകരം ഓലയിലാണ് അക്ഷരങ്ങൾ എഴുതിത്തന്നിരുന്നത്. സാധാരണ കരിമ്പനയുടെ ഓലയാണ് ഉപയോഗിക്കാറ്. 
ഞങ്ങളുടെ പറമ്പിന്റെ വടക്കേ മൂലയിൽ പുഴയോട് ചേർന്ന് വളരെ പൊക്കമുള്ള ഒരു കരിമ്പന ഉണ്ടായിരുന്നു. തൊപ്പിക്കുടകൾക്കും, എഴുത്തോലക്കുമാണ് അതിന്റെ ഓലകൾ ഉപയോഗിച്ചിരുന്നത്. 
പുഴയിൽ മുങ്ങി മരിച്ചവരുടെ പ്രേതം യക്ഷി രൂപത്തിൽ വന്ന് രാത്രികാലങ്ങളിൽ ഈ പനയിൽ വസിക്കും എന്നൊരു കഥ ഞങ്ങൾ കുട്ടികളുടെ ഇടയിൽ ഉണ്ടായിരുന്നതിനാൽ ഞങ്ങൾ കുട്ടികളാരും ആ പരിസരത്തേക്ക് പോയിരുന്നില്ല. കൂടാതെ കടമറ്റത്തച്ചൻ എന്നൊരു സിനിമ അക്കാലത്താണ് റീലീസായത് . അതിൽ പുഴയും, യക്ഷി പനയിൽ വന്നിരിക്കുന്നതും എല്ലാം കണ്ടപ്പോൾ പേടി ഇരട്ടിയായി. 
അക്കരയിൽ നിന്നും കേൾക്കുന്ന ആശാന്റെ ഉച്ചത്തിലുള്ള ആക്രോശവും, ശകാരവും, കുട്ടികളുടെ കരച്ചിലും ഭീതിപ്പെടുത്തുന്നുണ്ടായിരുന്നെങ്കിലും--പുത്തനുടുപ്പും, നിക്കറും   അതിന്റെ ഒരു പുതു മണവും, എനിക്കായി വാങ്ങിയ പായയും, ഓലയുമെല്ലാം ഒരു ആകാംക്ഷ ആയിരുന്നു. 
ഒരു ചെറിയ സഞ്ചിയിൽ കരുതിയ മണലും, പായയും, ഓലയുമായി ചേച്ചിയുടെ കൈ പിടിച് പുഴയിലൂടെ നടന്നതും, അക്കരെ അരികിലൂടെ ഒഴുകുന്ന നീർച്ചാൽ കടക്കാൻ ചേച്ചിയുടെ ഒക്കത്തു കയറിയതും, പുഴ കടന്ന് കുത്തുകല്ലുകൾ കയറി ആശാന്റെ തൊടിയിൽ എത്തിയതും ഇന്നലെ പോലെ ഓർക്കുന്നു.

എഴുത്താശാൻ ( തുടർച്ച )
വിശാലമായ പറമ്പാണ്. പുഴയിടുചേർന്നുതന്നെ പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയൊരു മാവുണ്ടായിരുന്നു. മാവിന്റെ ശിഖരങ്ങൾ ഏറെയും പുഴയിലേക്കാണ്. നിറയെ കായ്ക്കുന്ന നാട്ടുമാവ്. മാമ്പഴക്കാലത്തു ഒത്തിരി മാമ്പഴം പുഴയിലേക്കും വീഴുമായിരുന്നു. 
അതിനു തൊട്ടപ്പുറത്താണ് വലിയൊരു ഇലഞ്ഞി മരം. പുല്ലാന്തിയും, ഞാർളായും, മറ്റുവള്ളിക്കെട്ടുകളും ഇലഞ്ഞിയെ കെട്ടിമുറുക്കിയിരിക്കുന്നു. അത് പണ്ടൊരു സർപ്പക്കാവായിരുന്നു. അവിടത്തെ പ്രതിഷ്ഠകളെല്ലാം മറ്റൊരിടത്തേക്ക് മാറ്റിയിരിക്കുന്നു. ഇലഞ്ഞിപ്പൂവിന് ഒരു പ്രത്യേക സുഗന്ധമാണ്. വള്ളിക്കെട്ടിനു പുറത്തേക്കും ധാരാളം പൂക്കൾ പൊഴിഞ്ഞു വീഴുമായിരുന്നു.ഓശാനക്ക് പള്ളിയിൽ കൊണ്ടുപോകാനുള്ള പൂവ് പെറുക്കാൻ കൂട്ടുകാരുമൊത്തു അവിടെ പോകുമായിരുന്നു.
അതിനു തൊട്ടപ്പുറത്തു നിറയെ പൂത്തു നിൽക്കുന്ന അശോകച്ചെത്തിയും ചാമ്പമരവുമാണ്. അശോകച്ചെത്തി ഹിന്ദു വീടുകളിൽ മാത്രമേ കണ്ടിരുന്നുള്ളൂ. 
മുറ്റത്തേക്കുള്ള നടക്കല്ലുകൾ ചവുട്ടിക്കയറുമ്പോൾ കാർത്യാനിയമ്മ താഴേക്കിറങ്ങുവാനുള്ള ശ്രമത്തിലാണ്. ആയമ്മ ആശാന്റെ സഹധർമ്മിണിയാണ്. ഞങ്ങളുടെ അമ്മയുടെ കുളിക്കടവിലെ കൂട്ടുകാരി. 
പ്രഭാതകിരണങ്ങൾ നെറ്റിയിൽ പതിക്കുന്നതിനാലും, പ്രായാധിക്യത്താലും ഞങ്ങളാരെന്നു തിരിച്ചറിയാൻ ആയമ്മ പ്രയാസപ്പെട്ടു.  വലതുകൈപ്പത്തി കൊണ്ട് നെറ്റിയിലെ പ്രകാശം മറച്ചുകൊണ്ട് ഞങ്ങളോട് ചോദിച്ചു “ആരാ ”
“നെല്ലിക്കാത്തോട്ടത്തിലെ …
കുട്ടിയെ എഴുത്തിനിരുത്തൻ “
ചേച്ചിയുടെ മറുപടി കേൾക്കാതെവണ്ണം വീണ്ടും “ആരാന്നാ പറഞ്ഞെ ”
ചേച്ചി വീണ്ടും ആവർത്തിച്ചു “നെല്ലിക്കാത്തോട്ടത്തിലെ ….”
പൂർത്തിയാക്കുന്നതിനു മുന്നേ ആയമ്മ ഞങ്ങളെ രണ്ടുപേരെയും കെട്ടിപ്പിടിച്ചു തെരുതെരെ ഉമ്മ തന്നു.
“ തെക്കിനീട്ടു പൊക്കോളൂ ആശാൻ അവിടുണ്ട്"
ഇത്രയും പറഞ്ഞു കാർത്യാനിയമ്മ രണ്ടു പടവ് താഴേക്കിറങ്ങി. 
“ തേങ്ങയിടാൻ നാണു വന്നിരിക്കണൂ. കൂടെ നിന്നില്ലേൽ ഒക്കെ കാട്ടിലേക്കും പൊഴേലേക്കും തെറിച്ചു പോവും"
ഇത്രയും പറഞ്ഞു തൊടിയെ  ലക്ഷ്യമാക്കി ആയമ്മ വീണ്ടും താഴേക്കിറങ്ങി.
കാർത്യാനിയമ്മക്ക് വായിൽ പല്ലുകളൊന്നുമില്ല.  തൂങ്ങിയാടുന്ന രണ്ടു വലിയ കാതുകൾ. മുണ്ടും മറ്റൊരു വെളുത്ത മേല്മുണ്ടുമാണ് വേഷം.
“എത്ര പറഞ്ഞാലും 'അമ്മ കേക്കുല്യാ. ഇപ്പഴും ചെറുപ്പാണെന്നാ വിചാരം.“
മുൻവശത്തെ കോലായിൽ നിന്നും ലക്ഷ്‌മിടീച്ചർ മുറ്റത്തേക്കിറങ്ങി വന്നു.
“ഇതാരാ വന്നിരിക്കണേ”
എന്റെ കവിളിൽ തലോടിക്കൊണ്ട് ടീച്ചർ ഞങ്ങളെ കൂട്ടികൊണ്ടുപോയി.
ലക്ഷ്മിടീച്ചർ ആശാന്റെ മകളാണ്. കരയോഗം വക പ്രൈമറി സ്കൂളിൽ പഠിപ്പിക്കുന്നു. ലക്ഷ്മിചേച്ചി എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്. ചേച്ചി സുന്ദരിയാണ്. സെറ്റും മുണ്ടുമാണ് മിക്കവാറും വേഷം. മുക്കുത്തിയും കാതിലെ ജിമിക്കിയും ചേച്ചിയെ കൂടുതൽ സുന്ദരിയാക്കിയിരിക്കുന്നു.
ശാരദക്കുട്ടി മുറ്റത്തെ തുളസിത്തറയുടെ അരുകിൽ ദീർഘചതുരാകൃതിയിൽ വരച്ചിരിക്കുന്ന കളത്തിൽ ഒറ്റക്കാലിൽ ചാടി കളിക്കുകയായിരുന്നു.
നാണയത്തുട്ടു കണ്ണിലും,നെറ്റിയിലും, തലയിലുമൊക്കെവച്ചു താഴെ വീഴിക്കാതെ ഒറ്റക്കാലിൽ കളം ചാടി അപ്പുറത്തെത്തണം. നാണയത്തുട്ടു താഴെ വീണാൽ കളി തോറ്റൂ .
ആൺകുട്ടികൾക്ക് ഏതെങ്കിലും രൂപത്തിലുള്ള ഒരു വണ്ടിപ്പമ്പരം കിട്ടിയാൽ മതി. 
ശാരദക്കുട്ടി ടീച്ചറിന്റെ ഏക മകൾ. അമ്മയെ പകർത്തി വച്ചതുപോലെ.
എന്റെ താഴെയുള്ള സഹോദരിയും ശാരദക്കുട്ടിയും ഒരേ പ്രായക്കാർ. അമ്മമാരോടൊപ്പം കുളിക്കടവിൽ എത്തുമ്പോൾ ഞങ്ങളെല്ലാം കളിക്കൂട്ടുകാരായിരുന്നു.
ഞങ്ങളെ കണ്ടപ്പോൾ ശാരദക്കുട്ടി കളി നിറുത്തി ഞങ്ങളോടൊപ്പം കൂടി.
ശാരദക്കുട്ടിയുടെ അച്ഛൻ ഗോപാലൻനായർ എന്തോ കാരണത്താൽ പിണങ്ങി പോയതാണെന്നും, അല്ല വടക്കെങ്ങോ ജോലി കിട്ടിപ്പോയതാണെന്നുമാണ് പെണ്ണുങ്ങളുടെ ഇടയിലെ അടക്കംപറച്ചിൽ. അക്കാലത്തു അതൊന്നും ആരുമത്ര കാര്യമാക്കാറില്ല. പ്രത്യേകിച്ച് കുട്ടികൾ.
തെക്കിനിയുടെ കോലായിൽ ചാരുകസേരയിൽ ഇരിക്കുന്ന ആശാന്റെ അടുക്കലേക്ക് ടീച്ചർ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി.

എഴുത്താശാൻ (തുടർച്ച )
കളരി മൂകമായിരുന്നു.കുട്ടികൾകളരിയിൽ  എത്തുന്നതേയുള്ളു.ആശാനേ കണ്ടതെ ഞാൻ പേടിച്ചു കരയാൻ തുടങ്ങി. ഒരടി എനിക്ക് മുന്നോട്ട് നീങ്ങുവാൻ സാധിക്കുന്നില്ല. ടീച്ചറും, ചേച്ചിയും എന്നെ ആവുന്നത്ര സ്വാന്തനപ്പെടുത്തുന്നുണ്ട്. ശാരദക്കുട്ടിക്കും ആകെ സങ്കടമായി.
ആശാൻ എന്നെ വാത്‌സല്യത്തോടെ കൈ കാണിച്ചു വിളിച്ചു. 
അനുസരണക്കേടു കാണിക്കുമ്പോഴും, തെറ്റ് വരുത്തുമ്പോഴുമെ ആശാൻ ക്ഷുഭിതനായി ശിക്ഷിക്കാറുള്ളു എന്ന് പിന്നീടെനിക്ക് മനസ്സിലായി. എന്നാലും ഈ പ്രായത്തിലുള്ള കുട്ടികളോട് ഗുരുക്കന്മാർ കാണിക്കുന്നത് എന്തൊരു ക്രൂരതയായിരുന്നു.
ആശാന്റെ വായ നിറയെ മുറുക്കാൻ ആയിരുന്നു. ചാരുകസ്സേരയുടെ അരുകിൽ കോളാമ്പി കരുതിയിട്ടുണ്ട്. എങ്കിലും  വലതു  കൈയുടെ രണ്ടു വിരലുകൾ കൂട്ടിപ്പിടിച് അതിനിടയിലൂടെ മുറ്റത്തേക്ക് നീട്ടി തുപ്പുന്നു. ടീച്ചറിന് അതൊന്നും അത്ര രസിക്കുന്നില്ല. 
ഞങ്ങൾ കോലായിലേക്കു  കയറിച്ചെന്നു.  കരുതിയിരുന്ന ദക്ഷിണ- വെറ്റിലയും, പഴുക്കയും, നാണയത്തുട്ടും ആശാന്റെ കയ്യിൽ കൊടുത്തു പാദം തൊട്ടു  വണങ്ങി.ആശാൻ എന്റെ ശിരസ്സിൽ കൈ വച്ച് അനുഗ്രഹിച്ചു. നിലത്തു പായയിൽ ഇരുത്തി. തറയിൽ വിരിച്ചിരിക്കുന്നു മണലിൽ എന്റെ വലതു കയ്യുടെ ചൂണ്ടുവിരലിൽ ഒതുക്കിപ്പിടിച് -
“ഹരി ശ്രീ ഗണപതയെ നമഃ ” എന്നെഴുതി, പല തവണ ഉരുവിടീച്ചു. 
“ഇന്ന് ഇത്രേം മതി. കുട്ടി പൊയ്ക്കോളൂ. നാളെ മുതൽ അക്ഷരങ്ങൾ പഠിപ്പിക്കാം”
അപ്പോഴാണ് എന്റെ ഇളംമനസ്സൊന്ന് തണുത്തത്.
ചേച്ചി പായ ചുരുട്ടി ഭിത്തിയോട് ചേർത്ത് വച്ചു. മണൽ സഞ്ചിയിലാക്കി സഞ്ചിയും ഓലയും അതിനടുത്തും.
ആശാനെ നമസ്കരിച് ചേച്ചിയുടെ കൈപിടിച്ചു കൊലയിൽനിന്നുമിറങ്ങി.
ടീച്ചറോട് യാത്ര പറയാൻ ചെന്നപ്പോഴേക്കും, ടീച്ചർ കാപ്പി തയ്യാറാക്കിയിരുന്നു. എന്തൊക്കെയോ പലഹാരങ്ങളും.
ചേച്ചിയും ടീച്ചറും കുറേനേരം വർത്തമാനം പറഞ്ഞിരുന്നു.ശാരദക്കുട്ടിയും ഞാനും മുറ്റത്തും തൊടിയിലും ഏറെ നേരം കളിച്ചു. ഇതിനിടെ ഞങ്ങൾ കുറെ ചമ്പക്കയും പെറുക്കിക്കൂട്ടി.
ചേച്ചി വിളിച്ചപ്പോൾ ഞങ്ങൾ ക്ളിനിര്ത്തി ചേച്ചിയുടെ വിരലിൽ തൂങ്ങി 
വീട്ടിലേക്ക് തിരിച്ചു.
പിറ്റേന്ന് ചേട്ടനെ കൂട്ടിയാണ് കളരിയിൽ പോയത്.
‘കലപില' ഒച്ചവെച്ചു കുട്ടികൾ എത്തിത്തുടങ്ങി.
ആശാൻ എല്ലാവരെയും നിലത്തിരുത്തി.എന്നെയാണ് ഒന്നാമതിരുത്തിയത്. പുതിയ കുട്ടി ആയതുകൊണ്ടാവും. 
ചേട്ടൻ പോകാൻ തുടങ്ങിയപ്പോൾ ഞാൻ കരച്ചിലിട്ടു. ആശാനെ ഭയന്ന് പിന്നെ കരച്ചിൽ നിറുത്തി. 
ചൂണ്ടുവിരൽകൊണ്ട് മണലിൽ ‘അ’ എന്ന് എഴുതി പലതവണ ഉറക്കെ ഉരുവിടീച്ചു.
വിരൽ നന്നായി വേദനിക്കുന്നുണ്ടായിരുന്നു. എങ്കിലും അ എഴുതാൻ എളുപ്പം പഠിച്ചു.
“എല്ലാവരും ‘അ’ എഴുതൂ”
ഇത് പറഞ്ഞിട്ട് ആശാൻ തൊടിയിലേക്കു പോയി. 
ഞാൻ ‘അ’ എഴുതിയിട്ട് അപ്പോൾ തന്നെ മായിച്ചു കളഞ്ഞു. ആശാൻ വരുന്നിടം വരെ കാത്തിരിക്കണമെന്നു അറിയില്ലായിരുന്നു. ആശാൻ ഒട്ടു പറഞ്ഞതുമില്ല. 
ഏതാനും മിനുറ്റുകൾക്കകം ആശാൻ തിരികെ വന്നു. എന്റെ അടുത്തേക്കാണ് ആദ്യം വന്നത്. 
“ എന്താ കുട്ടി അനുസരിക്കാത്തതു? എവിടെ നിന്റെ ‘അ’?
“ ഞാനെഴുതി ആശാനേ”
ഞാൻ സത്യം പറഞ്ഞു. 
ആശാന് പെട്ടെന്ന് അരിശം വന്നു. 
“അനുസരണക്കേടു കാണിച്ചിട്ട് കള്ളം പറയുന്നോ?”
വടിയെടുത്തുകൊണ്ടു ആശാൻ ആക്ക്രോശിച്ചു.
ഞാനുറക്കെ കരഞ്ഞു. 
“വായ പോത്തെടാ” എന്നായി അടുത്തതു.
ഞാൻ കരഞ്ഞുകൊണ്ട് വായ പൊതതി.
“നിക്കർ ഊരെടാ”
ഞാൻ നിക്കർ ഊരുവാൻ തുനിഞ്ഞു.
ആശാൻ അല്പം നിശബ്ദനായി.
“ കുട്ടി ഇരുന്നോളൂ”
എനിക്കെന്തുകൊണ്ടോ ഒരാനുകൂല്യം കിട്ടി . 
കളരി തുടങ്ങുമ്പോൾ മുതൽ തീരുന്നതു വരെ ഒരേ ഇരുപ്പിൽ ഇരിക്കണം. മൂത്രം ഒഴിക്കണമെന്നു ആവശ്യപ്പെട്ടാൽ മാത്രം പുറത്തു വിടും. പല വിരുതന്മ്മാരും അത് മുതലാക്കും. ചിലപ്പോഴൊക്കെ ഞാനും. 
കളരി കഴിഞ്ഞു പോരുമ്പോളെല്ലാം ശാരദക്കുട്ടി പെറുക്കി കൂട്ടിയ മാമ്പഴമോ, ചാമ്പങ്ങയോ ഒക്കെ തരുമായിരുന്നു. 
അങ്ങനെ വള്ളിപുള്ളി അക്ഷരങ്ങളും, കണക്കും പഠിച്ചു സ്കൂൾ തുറക്കുന്നതിനു മുന്നേ.
വർഷകാലം തുടങ്ങിയാൽ പിന്നെ അക്കരയുമായുള്ള ബന്ധം തുടരുവാൻ പുഴ സമ്മതിക്കാറില്ല.
ഒരു ദിവസ്സം സ്കൂൾ വിട്ടു വന്നപ്പോൾ 'അമ്മ പറഞ്ഞു 
“ആശാൻ രാവിലെ മരിച്ചു. ദീനമായി കിടപ്പിലായിരുന്നത്രെ”
ഞാൻ പുഴക്കരയിലേക്കു ഓടിച്ചെന്നു. അപ്പോഴേക്കും പട്ടടയിലെ തീ കെട്ടടങ്ങിയിരുന്നു. ചെറിയൊരു പുക മാത്രം കാണാം.പുഴ നിറഞ്ഞു നിൽക്കുന്നതിനാൽ അക്കരക്കു പോകാനും കഴിഞ്ഞില്ല.
അക്കരെയുള്ള കുട്ടികളെല്ലാം പഠിക്കുവാൻ വേറെ പട്ടണത്തിലേക്കാണ് പോകുന്നത്. ശാരദക്കുട്ടിയും അങ്ങനെ തന്നെ .പുഴ കടക്കുവാനുള്ള പ്രയാസം തന്നെ പ്രധാന കാരണം. കോളേജ് ഒക്കെ ആയപ്പോൾ അവൾ ഹോസ്റ്റലിൽ ആയി.
അല്ലേലും ടീനേജ് പ്രായമൊക്കെ ആയാൽ പിന്നെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ മിണ്ടുകപോലുമില്ല. ആൺകുട്ടികൾക്ക് വല്ലാത്ത ചമ്മലും നാണവുമായിരിക്കും. പെൺകുട്ടികൾക്ക് ഇതൊക്കെ ആരെങ്കിലും കണ്ടാലോ എന്ന പേടിയും.
എങ്കിലും അവധിക്കു വരുമ്പോഴെല്ലാം ശാരദക്കുട്ടി അക്കരെ പുഴയോരത്തു വന്നു ഒന്നെത്തി നോക്കുമായിരുന്നു.
എന്റെ പഠനമെല്ലാം കഴിഞ്ഞു നിൽക്കുന്ന സമയത്തു പഞ്ചായത്തു വായന ശാല ഒന്ന് വിപുലീകരിക്കാൻ ഞങ്ങൾ  യുവാക്കളെല്ലാം കൂടി ഒരു ശ്രമം നടത്തി നോക്കി. പഴയ നല്ല ബുക്ക്സ് ശേഖരിക്കുക എന്നതായിരുന്നു അതിലൊന്ന്.യാദൃശ്ചികമായി ലക്ഷ്മിടീച്ചറെ 
കടവിൽ വച്ച് കണ്ടു. ടീച്ചറോട് പഴയ പുസ്തക ശേഖരണത്തെക്കുറിച്ചു സംസാരിച്ചു. ടീച്ചർക്ക് സന്തോഷമായി. 
“ഞാൻ ശാരദയോട് പറയാം. അവൾ അവധിക്കു വന്നിട്ടുണ്ട്. നാളെ വീട്ടിലേക്കു വന്നോളൂ”
പിറ്റേന്ന് ഞാൻ ടീച്ചറിന്റെ വീട്ടിൽ ചെന്നു.
ടീച്ചറും ശാരദക്കുട്ടിയുമായി അല്പസ്വല്പം വീട്ടു- നാട്ടു വിശേഷങ്ങളൊക്കെ പങ്കു വച്ചു. കൂട്ടത്തിൽ ഞങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ചും. 
“അന്നത്തെ കുട്ടികളെല്ലാം നിഷ്ക്കളങ്കരായിരുന്നു. ആൺ -പെൺ വ്യത്യാസമില്ലാതെ കൂട്ടുകൂടി കളിച്ചിരുന്നു”
അന്നത്തെ ശിക്ഷാരീതികൾ ശരിയല്ലായിരുന്നെന്നും, അച്ഛൻ വളരെ കർക്കശ്യക്കാരനായിരുന്നു എന്നും ടീച്ചർ പറഞ്ഞു.
“എന്നാലും അച്ഛൻ പാവായിരുന്നൂട്ടോ. നിങ്ങളെക്കുറിച്ചൊക്കെ എപ്പോഴും പറയുമായിരുന്നു”.
ശാരദക്കുട്ടി കരുതിവെച്ചിരുന്ന പുസ്തകങ്ങൾ വാങ്ങി പടികൾ ഇറങ്ങുമ്പോൾ പണ്ട് ചേച്ചിയുടെ കയ്യും പിടിച്ചു ഈ പടികൾ കയറിയതും, കാർത്യാനിയമ്മയും, പെറ്റിക്കോട്ടു ഇട്ടു തുള്ളിച്ചാടി നടന്ന ശാരദക്കുട്ടിയും എല്ലാം ഓർമ്മയിലേക്ക് ഓടി വന്നു. അപ്പോഴും മണലിൽ ഉരച്ചു അക്ഷരങ്ങൾ എഴുതിയ ചുണ്ടു വിരൽ പുകയുന്നുണ്ടായിരുന്നു.
കാലം എത്ര മാറിപ്പോയി. മാറാടിപ്പുഴയും.


( അക്ഷരങ്ങളെ സ്നേഹിക്കാനും,ഒരുവിധം തെറ്റുകൂടാതെ കൈകാര്യം ചെയ്യാനും കാരണക്കാരിൽ ഒരാളായ  പപ്പു ആശാന് ഈ കഥ സമർപ്പിക്കുന്നു.)
ഷാജുമോൻ ജോസഫ് മാറാടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക