Image

സോദോംഗമോറയിലെ പെണ്‍കുട്ടി (നോവല്‍- ഭാഗം 2: ജോണ്‍ ജെ. പുതുച്ചിറ)

Published on 10 November, 2025
സോദോംഗമോറയിലെ പെണ്‍കുട്ടി (നോവല്‍- ഭാഗം 2: ജോണ്‍ ജെ. പുതുച്ചിറ)

അദ്ധ്യായം-2


ഉഷ വിത്ത് അരവിന്ദ്.
ഉഷ വിവാഹിതയാകുന്നു! ഷേര്‍ളി ആ കല്യാണക്കുറിയിലും കൂട്ടുകാരിയുടെ മുഖത്തും ആശ്ചര്യത്തോടെ മാറി മാറി നോക്കി.
'ഉഷേ നീയും വിവാഹിതയാകാന്‍ പോകുന്നോ!'
'പിന്നെ നീ മാത്രം കല്യാണം കഴിച്ചാല്‍ മതിയോ!'
'പക്ഷേ എന്തുകൊണ്ടിത് ഇത്രയും നാള്‍ സീക്രട്ടായി വച്ചു?'
'ഒരു സീക്രട്ടുമില്ല, വിവാഹം നിശ്ചയിച്ചയുടന്‍ കുറിയടിച്ചു. അതാണു തന്നത്. പിന്നെ നേരത്തെ അനൗണ്‍സു ചെയ്യാന്‍ നിന്റേതു മാതിരി ഒരു പ്രേമവിവാഹമൊന്നുമല്ല ഇതു കേട്ടോ. ഒരു കോളേജ് ലക്ചററാണ് അരവിന്ദ്. എന്നെ പെണ്ണുകാണാന്‍ വന്നപ്പോഴാണ് ഞാന്‍ അയാളെ ആദ്യമായി കാണുന്നതും.'
പിന്നെ ഉഷ എഴുന്നേറ്റുവന്ന് കൂട്ടുകാരിയെ കെട്ടിപ്പിടിച്ചു കൊണ്ടു തുടര്‍ന്നു:- 'എന്നാലും നിന്നോട് ഒരു വാക്ക് നേരത്തെ സുചിപ്പിക്കേണ്ടതായിരുന്നു അല്ലേ? എന്തുകൊണ്ടാണെന്നോ നേരത്തെ പറയാതിരുന്നത് - വെറും ഒരു സര്‍പ്രൈസിന്. മാത്രവുമല്ല വിവാഹത്തിന് ഇനി രണ്ടു മാസം കൂടി ഉണ്ടു താനും. അരവിന്ദിന്റെ വിദേശത്തുള്ള ഒരു സഹോദരി എത്തിച്ചേരേണ്ടതുള്ളതിനാലാണ് തീയതി അല്പം നീട്ടിയത്'.
'ഏതായാലും കല്യാണത്തിന്റെ തലേദിവസമെ ഞാനും ഫിലിപ്പും അങ്ങെത്തിക്കൊള്ളാം പോരെ?' ഷേര്‍ളി പറഞ്ഞു:- 'അതിരിക്കട്ടെ നിന്റെ ആളെങ്ങനെയുണ്ട്?'
'വെളുത്തനിറം. അഞ്ചേമുക്കാലടി പൊക്കവും അതിനു ചേര്‍ന്ന വണ്ണവും. പഴുതാര മീശ, വട്ടമുഖം. ഇത്രയൊക്കെ വച്ച് ഒന്നു സങ്കല്പിച്ചു നോക്കിയാല്‍ അരവിന്ദായി-ശേഷം കാഴ്ചയില്‍.'
'കൊള്ളാം, ആളു സുന്ദരക്കുട്ടന്‍ തന്നെ. പെണ്ണു കോളടിച്ചു പോയല്ലോ' ഷേര്‍ളി ആ രൂപം മനസ്സില്‍ സങ്കല്പിച്ചു നോക്കിക്കൊണ്ടു പറഞ്ഞു.
പിന്നീടുള്ള ദിവസങ്ങള്‍ക്ക് എന്തൊരു മധുരിമയായിരുന്നു. ഉറങ്ങിയാലും സ്വപ്നം. ഉണര്‍ന്നാലും സ്വപ്നം. മധുരസ്വപ്നങ്ങളുടെ ഒരു ഘോഷയാത്ര തന്നെ. ഫിലിപ്പും അരവിന്ദും ആ തരുണികളുടെ സ്വപ്നങ്ങളിലെ രാജകുമാരന്‍മാരായി പ്രത്യക്ഷപ്പെട്ടു.
ഒടുവില്‍ ആ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരത്തിന്റെ നിമിഷങ്ങള്‍. ഷേര്‍ളിയുടെ സ്വപ്നങ്ങളാണ് ആദ്യം പൂവണിഞ്ഞത്. മനോഹരമായ ഒരു സായാഹ്നത്തില്‍ ഇടവകപ്പള്ളിയില്‍വച്ച് ഷേര്‍ളിയും ഫിലിപ്പും വിവാഹിതരായി. ഉഷയും കൂട്ടുകാരികളുമൊക്കെ ആ വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഒടുവില്‍ കൂട്ടുകാരികളേയും ബന്ധുക്കളേയുമൊക്കെ ഒഴിവാക്കിക്കിട്ടി-മണിയറയില്‍.
ആദ്യരാത്രി!
'നമ്മുടെ പ്രഥമരാത്രിയാണിത്. എങ്കിലും അല്പം പുതുമ ചോര്‍ന്നു പോയിട്ടുണ്ട്. അല്ലേ?' ഫിലിപ്പ് ഒരു കള്ളച്ചിരിയോടെ ലജ്ജാനമ്രമുഖിയായിരിക്കുന്ന ഷേര്‍ളിയുടെ മുഖം പിടിച്ചുയര്‍ത്തി.
ഫിലിപ്പിന്റെ വാടകവീട്ടിലെ ആ മാദകനിമിഷങ്ങള്‍ ഒരുള്‍പുളകത്തോടെ അവള്‍ ഓര്‍മ്മിച്ചു. അന്ന് താന്‍ ഒരു കാമുകി മാത്രമായിരുന്നു. ഇന്ന് ഭാര്യയാണ്. അന്ന് മടിച്ചു മടിച്ചായിരുന്നുവെങ്കില്‍ ഇന്ന് തുറന്ന മനസ്സോടെ അവള്‍ തനിക്കുള്ളതെല്ലാം ഭര്‍ത്താവിനു കാഴ്ചവച്ചു.
ആ രാത്രി ഇരുണ്ടു വെളുത്തു.
തേക്കടിയിലും കോവളത്തുമൊക്കെയായി മധുവിധുവിന്റെ മാദകലഹരിയില്‍ ദിനരാത്രങ്ങള്‍ കടന്നു പോയതറിഞ്ഞില്ല. 
ഒടുവില്‍ ആ ദിവസവുമെത്തി. ഉഷയുടേയും അരവിന്ദിന്റെയും വിവാഹ സുദിനം.
ഷേര്‍ളിയും ഫിലിപ്പും നേരത്തേ തന്നെ എത്തി. പുത്തന്‍ മണവാട്ടിയെ അണിയിച്ചൊരുക്കുന്ന ജോലി ഏറ്റെടുത്തത് ഷേര്‍ളി തന്നെയാണ്.
അതിനിടയില്‍ ഒരു കള്ളച്ചിരിയോടെ പതിഞ്ഞ സ്വരത്തില്‍ ഷേര്‍ളി കൂട്ടുകാരിയോടു തന്റെ വിശേഷങ്ങള്‍ വിവരിച്ചു. വിവാഹരാത്രി മുതലുള്ള അനുഭവങ്ങള്‍. ഉഷ ഇനിയും പുരുഷഗന്ധമേറ്റിട്ടില്ലാത്ത കന്യകയാണ്. അവള്‍ക്ക് തന്റെ അനുഭവങ്ങള്‍- അനുഭൂതികള്‍-എല്ലാം ഒരു പാഠമായിരിക്കും. ലജ്ജയില്‍ കുതിര്‍ന്ന ഊറിച്ചിരിയോടെ ഉഷ എല്ലാം മൂളിക്കേട്ടുകൊണ്ടേയിരുന്നു.
'പിന്നെ കുട്ടികള്‍ ഉടനെ വേണമെന്ന് ആഗ്രഹമുണ്ടോ? അതോ രണ്ടോ മൂന്നോ വര്‍ഷത്തിനുശേഷം മതിയോ?' ഒടുവില്‍ ഷേര്‍ളി ഒരു കുസൃതിച്ചിരിയോടെ തിരക്കി.
'ഏയ് ഉടനെയെങ്ങും വേണ്ട. രണ്ടു വര്‍ഷത്തെ ഹണിമൂണിനുശേഷം മാത്രം.'
'ആ അതിനുമുണ്ട് മാര്‍ഗ്ഗം. ചില വേലത്തരങ്ങളൊക്കെ ഞാന്‍ പറഞ്ഞുതരാം.' പതിഞ്ഞ സ്വരത്തില്‍ ഷേര്‍ളി കൂട്ടുകാരിയുടെ ചെവിയില്‍ എന്തൊക്കെയോ മന്ത്രിച്ചു. ഉഷ അവ കേട്ട് അടക്കിച്ചിരിച്ചു.
'ഷേര്‍ളി എന്തോ അനാവശ്യം പറഞ്ഞ ലക്ഷണമുണ്ടല്ലോ!' ആ രംഗം കണ്ടുകൊണ്ട് അവിടേയ്ക്കു കടന്നുവന്ന ഫിലിപ്പ് തിരക്കി.
ഷേര്‍ളി പെട്ടെന്ന് എന്തോ മറുപടി പറയുവാന്‍ ഒരുമ്പെട്ടുവെങ്കിലും ഉഷ ഝടുതിയില്‍ അവളുടെ വായ്‌പൊത്തി. ഫിലിപ്പ് ഒരു പുഞ്ചിരിയോടെ അവിടെനിന്നും നിഷ്‌ക്രമിച്ചു.
ഷേര്‍ളി വീണ്ടും അവളെ അണിയിച്ചൊരുക്കുന്നതില്‍ വ്യാപൃതയായപ്പോള്‍, ഉഷ കണ്ണുകളടച്ച് മൂകയായി ഇരുന്നു. അവളുടെ മനസ്സ് ഒരു സുന്ദര  സ്വപ്നത്തിനു രൂപം കൊടുക്കുകയായിരുന്നു...
വിവാഹ സുന്ദരരാത്രികള്‍!
പുരുഷഗന്ധമെന്തെന്ന് അറിഞ്ഞിട്ടില്ലാത്ത ഒരു കന്യകയായാണ് തികഞ്ഞ അഭിമാനത്തോടെ താന്‍ വിവാഹമണ്ഡപത്തിലേയ്ക്ക് കാലെടുത്തു വയ്ക്കുവാന്‍ പോകുന്നത്. ഇന്നേവരെ താന്‍ ഒരു പ്രേമകഥയിലേയും നായികയായിട്ടില്ല. ഒരു പുരുഷനോടൊത്തും അടുത്തു ബന്ധപ്പെട്ടിട്ടില്ല. കല്യാണമണ്ഡപത്തിലേയ്ക്ക് കാലെടുത്തു കുത്തുന്ന ഒരു യുവതിക്ക് ഏറ്റവും അഭിമാനിക്കാവുന്ന കാര്യങ്ങളല്ലെ ഇവയൊക്കെ? തീര്‍ച്ചയായും.
ദാമ്പത്യജീവിതത്തെക്കുറിച്ച് ഒത്തിരി ഒത്തിരി സ്വപ്നങ്ങളുണ്ട്. ഒരു കൊച്ചുവീട്. സ്‌നേഹസമ്പന്നനായ ഭര്‍ത്താവ്. സമര്‍ത്ഥരായ കുട്ടികള്‍. അവരോടൊത്ത് ഉല്ലാസപ്രദമായ കുടുംബജീവിതം. ഇതു തന്റെ മാത്രമല്ല മിക്കവാറും എല്ലാ സ്ത്രീകളുടേയും സ്വപ്നമാണ്.
വീടിന്റെ വിളക്കാണു സ്ത്രീ. ഭര്‍ത്താവിന്റെ വിശ്വസ്തയായ ഭാര്യയായും കുട്ടികളുടെ വാത്സല്യനിധിയായ അമ്മയായും താന്‍ ജീവിക്കും. അവരിലൂടെയൊക്കെയാവും തന്റെ ജീവിതവും സഫലമാകുന്നത്.
ദിവാസ്വപ്നങ്ങളോടു താന്‍ക്കാലികമായിട്ടെങ്കിലും വിടപറയേണ്ടിയിരിക്കുന്നു. അച്ഛനും അമ്മാവനുമൊക്കെ സമയമായി എന്ന സൂചനയോടെ മുറിയിലേയ്ക്കു കടന്നുവന്നു.
'ഉഷ റെഡിയായിരിക്കുന്നു.' ഷേര്‍ളി അറിയിച്ചു.
വീട്ടിലെ ചടങ്ങുകള്‍ ഓരോന്നായി കഴിഞ്ഞു. പിന്നെ വീഡിയോക്കാരുടേയും, ഫോട്ടോഗ്രാഫറുടേയുമൊക്കെ അകമ്പടിയോടെ ആഘോഷമായി കോവിലിലേയ്ക്ക്.
11.30-നായിരുന്നു മുഹൂര്‍ത്തം. ഉഷയുടേയും അരവിന്ദിന്റേയും ജീവിതത്തിലെ ധന്യ മുഹൂര്‍ത്തം!
ചടങ്ങുകള്‍ ഒന്നിനു പുറകെ ഒന്നായി കഴിഞ്ഞു. ആളുകള്‍ ഓരോരുത്തരായി പിരിഞ്ഞു. ഏറ്റവുമൊടുവില്‍ ഷേര്‍ളിയും കൂട്ടുകാരിയോടു യാത്ര ചോദിച്ചു.
'പെണ്ണേ പറഞ്ഞതെല്ലാം ഓര്‍മ്മ വേണം. കുട്ടികള്‍ ഒന്നോ രണ്ടോ. ആദ്യത്തെ കുട്ടി രണ്ടു വര്‍ഷത്തിനുശേഷം!'
ഉഷ അതുകേട്ട് ഊറിച്ചിരിച്ചതേയുള്ളു.
ഫിലിപ്പും ഷേര്‍ളിയും അപ്പോള്‍ തന്നെ വീട്ടിലേയ്ക്കു മടങ്ങി.
നവദമ്പതികളും അടുത്ത ബന്ധുക്കളും മാത്രം അവിടെ അവശേഷിച്ചു.
വൈകുന്നേരമായപ്പോള്‍ വിവാഹത്തിന്റെ സിഡി പ്രദര്‍ശിപ്പിച്ചു തുടങ്ങി. അരവിന്ദനും ഉഷയും ബന്ധുജനങ്ങളുമെല്ലാം താല്പര്യത്തോടെ അതു കണ്ടിരുന്നു. കഴിഞ്ഞുപോയ രംഗങ്ങള്‍ വീണ്ടും സിനിമയിലെന്നപോലെ മുന്നിലൂടെ കടന്നുപോയപ്പോള്‍ കൗതുകം തോന്നി.
രാത്രി
ഇനി കാത്തിരിപ്പിന്റെ കാര്യമില്ല. മണിയറവാതിലുകള്‍ തുറക്കപ്പെട്ടു. പനിനീര്‍പ്പൂവിന്റെ പരിശുദ്ധിയോടെ അവള്‍ ആ വാതിലുകള്‍ കടന്ന് അകത്തു പ്രവേശിച്ചു.
അരവിന്ദ് കാത്തിരിക്കുകയായിരുന്നു. മനസ്സിലെ അക്ഷമത പുറത്തു കാണിക്കാതെ. അവള്‍ ലജ്ജാനമ്രമുഖിയായി അകത്തു കടന്നതും മണിയറ വാതില്‍ അടഞ്ഞു.
ആദ്യരാത്രിയുടെ ആദ്യനിമിഷങ്ങള്‍...
അവര്‍ കുറേനേരം സംസാരിച്ചിരുന്നു. ഭാവിജീവിതത്തെക്കുറിച്ചുള്ള ഭാവനകള്‍ കൈമാറി.
'സംസാരമൊക്കെ ഇനി നാളെ. നമുക്ക് ഉറങ്ങേണ്ടേ - അല്ല ഉറങ്ങാന്‍ കിടക്കേണ്ട സമയമായി. അതിനു മുമ്പായി ശ്രീമതി ആ ഗ്ലാസ്സില്‍ മിച്ചമിരിക്കുന്ന പാല്‍ കൂടി എടുത്തു കുടിച്ചാട്ടെ' അരവിന്ദ് പറഞ്ഞു.
അയാള്‍ കുടിച്ചിട്ട് ബാക്കി വച്ചിരുന്ന ആ പാല്‍ ഉഷയെടുത്തു കുടിച്ചു.
പെട്ടെന്ന് അവള്‍ ശക്തിയായി ഓക്കാനിച്ചു. ഗ്ലാസ്സ് മേശപ്പുറത്തു വച്ചിട്ട് അവള്‍ വാഷ്‌ബേസിന്റെ സമീപത്തേയ്ക്ക് ഓടി. അവിടെ നിന്ന് ഛര്‍ദ്ദിച്ചു.
അരവിന്ദ് അവളുടെ പിന്നാലെയെത്തി. അയാള്‍ അവളുടെ പുറം തടവിക്കൊടുത്തു. കുറേനേരം കൊണ്ട് ഛര്‍ദ്ദില്‍ ശമിച്ചു.
'ഉഷേ എന്തുപറ്റി' അവന്‍ തെല്ലു പരിഭ്രമത്തോടെ ചോദിച്ചു.
'എന്തോ... എനിക്കറിയില്ല. ഇതാദ്യമാണ്.' ക്ഷീണിതയായി അവള്‍ മറുപടി പറഞ്ഞു.
'സമയം അര്‍ദ്ധരാത്രിയായി- അല്ലായിരുന്നെങ്കില്‍ നമുക്കു പോയി ഡോക്ടറെ കാണാമായിരുന്നു.'
'ഓ, അതിന്റെയൊന്നും ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഭക്ഷണം പിടിക്കാഞ്ഞതിന്റെയാവും.'
അവള്‍ വായ് കഴുകി ശുദ്ധമാക്കിയിട്ട് കട്ടിലില്‍ വന്നിരുന്നു. ഒപ്പം അയാളും.
'രോഗം അത്ര നിസാരമായി തള്ളണ്ടാ. നമുക്കു നാളെത്തന്നെ ഡോക്ടറെ കാണാം.'
ഉഷ എതിര്‍ത്തില്ല. അവള്‍ക്കു വല്ലാത്ത ക്ഷീണം തോന്നുന്നുണ്ടായിരുന്നു. ഇതു വല്ല അസുഖത്തിന്റെയും തുടക്കമാണോ? അതോ രാവിലെ മുതലുള്ള തിരക്കുമൂലം സംഭവിച്ച സ്വാഭാവികമായ ക്ഷീണമോ?
'ഇന്നു നീ സമാധാനമായി ഉറങ്ങിക്കൊള്ളൂ. ഞാന്‍ ശല്യപ്പെടുത്തുകയില്ല.' അരവിന്ദ് ഊറിച്ചിരിച്ചു കൊണ്ടു പറഞ്ഞു:- 'നമ്മുടെ ആദ്യരാത്രി നാളത്തേയ്ക്ക് മാറ്റിവച്ചിരിക്കുന്നു!'
ഉഷ ലജ്ജാപൂര്‍വ്വം തലകുമ്പിട്ട് ചിരിച്ചു. മനസ്സില്‍ ഒരായിരം അഭിലാഷങ്ങള്‍ അടക്കിപ്പിടിച്ചിരിക്കുകയാണെങ്കിലും, അപ്രതീക്ഷിതമായി കടന്നുവന്ന അസുഖം എല്ലാ 'മൂഡും' നശിപ്പിച്ചിരുന്നു.
കിടക്കയില്‍ പരസ്പരം കെട്ടിപ്പുണര്‍ന്നു കിടന്നു. അഭിലാഷങ്ങള്‍ പലപ്പോഴും അതിരുവിട്ടുവെങ്കിലും, അവളുടെ പൂമെയ് അനാവരണം ചെയ്യപ്പെടുവോളം വികാരങ്ങള്‍ അണപൊട്ടാതിരിക്കുവാന്‍ ഇരുവരും ബദ്ധപ്പെടുന്നുണ്ടായിരുന്നു.
അവരുടെ കന്യകാത്വത്തിന് പോറല്‍ ഏല്ക്കാതെ ആ രാത്രി കടന്നു പോയി.
തങ്ങളുടെ മനോബലത്തില്‍ ഇരുവര്‍ക്കും മതിപ്പുതോന്നി. അല്ലെങ്കില്‍ ഇക്കഴിഞ്ഞ രാത്രിയില്‍ എന്തൊക്കെ സംഭവിക്കുമായിരുന്നില്ല!
രാവിലെ തന്നെ അവര്‍ ഇരുവരും കൂടി ഹോസ്പിറ്റലിലേക്കുപോയി. ഉഷ ചെക്കപ്പിനു വിധേയയായി.
പരിശോധനകള്‍ക്കെല്ലാം ശേഷം ഡോക്ടര്‍ അവര്‍ ഇരുവരോടുമായി പറഞ്ഞു- 'പരിഭ്രമിക്കാനൊന്നുമില്ല. ഈ ഛര്‍ദ്ദില്‍ ഏതാണ്ട് സ്വാഭാവികമാണെന്നു പറയാം. ഉഷ ഗര്‍ഭിണിയാണ്. അതിന്റെ ആരംഭഘട്ടത്തില്‍ ഇങ്ങനെയൊക്കെ ചിലര്‍ക്കുണ്ടാവും.'
ഉഷയും അരവിന്ദും അതുകേട്ട് ഞെട്ടിത്തെറിച്ച് ഇരുന്നു പോയി.


Read More: https://www.emalayalee.com/writer/304

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക