
പുസ്തകങ്ങൾക്കു മരണമില്ലെന്നു ഒരിക്കൽക്കൂടി മനസ്സിലായി. ഡൗൺടൗൺ മൻഹാട്ടനിൽ ഒരു ശനിയാഴ്ച്ച വൈകുന്നേരം ഒന്നുകറങ്ങാനിറങ്ങി. വഴിയോരങ്ങളിൽ നിരനിരയായിനിന്ന എവർഗ്രീൻ മരങ്ങൾ ഒഴിച്ചു മറ്റു മരച്ചില്ലകളിൽനിന്നും ഇലകൾ കുടിയൊഴിഞ്ഞിരുന്നു. അവിടവിടായി ഇനിയും കൊഴിയാത്തവ വർണ്ണപ്പകിട്ടോടെ പിടിച്ചുനിക്കാൻ ശ്രമിക്കുന്നുണ്ട്. കാറ്റും തണുപ്പും ഇടതൂർന്ന കെട്ടിടങ്ങൾക്കിടയിലൂടെ ഊളിയിട്ടു സഞ്ചരിക്കുന്നതിനാൽ ആളുകൾ അത്യാവശ്യം ജാക്കറ്റും ധരിച്ചാണ് നടക്കുക. ആകർഷകവും, കുലീനവും, മാന്യവുമായ വസ്ത്രധാരണത്തോടെ വളരെപ്പേർ നിരത്തു മുറിച്ചു കടന്നുപോകുന്നു. ചിലർ പട്ടികളെയും കൊണ്ടാണ് പോകുന്നത്, എല്ലാവരും എന്തൊക്കെയോ തിരക്കിലാണ് പോക്ക്. അവിടെ ആകെ ശാന്തമായി ഈ രംഗം കാണുന്നത് ഞാൻ മാത്രമാണെന്ന് തോന്നിപ്പോയി. സായം സന്ധ്യയിൽ നഗരത്തിനു വല്ലാത്ത ഒരു വശ്യത തോന്നി.
എങ്ങോട്ടു പോകണമെന്നറിയാതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. വണ്ടി പാർക്കുചെയ്യാൻ ഒരു ഇടം കിട്ടി അങ്ങോട്ടേക്ക് വണ്ടി തിരിക്കാൻ തുടങ്ങിയപ്പോൾ ഒരു സൈക്കൾകാരൻ അങ്ങോട്ട് പാഞ്ഞുവന്നു ഒരുകാൽ നിലത്തൂന്നി നിന്നു. അയാളുടെ ഇരുവശവും പ്ലാസ്റ്റിക് കുപ്പികൾ പിറക്കിയെടുത്ത വലിയ ബാഗുകൾ സൈക്കളിനോട് ചേർത്തു നിറുത്താൻ ശ്രമിക്കുകയാണ്. സിഗ്നൽ ഇട്ടു നിൽക്കുന്ന എന്നെ ഒന്ന് തിരിഞ്ഞുനോക്കി, അയാൾ കൂളായിത്തന്നെ അയാളുടെ പണിതുടരുന്നു.

ഞാനും അയ്യാൾ പോകുന്നതുവരെ കുറച്ചുനേരം വെയിറ്റ് ചെയ്തു. വഴിയോരത്തു ഒരു സ്ത്രീ കുട്ടികളുടെ കുഞ്ഞുടുപ്പുകൾ വിൽക്കുന്നു, അടുത്തായി ഒരു പ്രായമുള്ള സ്ത്രീ മാലയും ലോക്കറ്റുകളും വിൽക്കുന്നു. ആരും അത് ഗൗനിക്കുന്നതായി കണ്ടില്ല. ഞാൻ മുന്നോട്ടു നടന്നു. വലിയ ആൾത്തിരക്കു കാണപ്പെട്ടു. ഒരു ജനപ്രവാഹം എന്ന് വിശേഷിപ്പിക്കാവുന്ന രീതിയിൽ ആളുകൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നു. ഞാൻ പുറത്തിറങ്ങി അപ്പോൾ ഒരു ബോർഡ് ശ്രദ്ധയിൽപ്പെട്ടു . സ്ത്രീകൾ ഏറ്റെടുത്തു നടത്തുന്ന കന്നാബിസ് (അംഗീകൃത കഞ്ചാവ്) കേന്ദ്രങ്ങൾ. സ്ട്രീറ്റിന്റെ മണം ഏതാണ്ട് കഞ്ചാവിന്റെ മണമായിമാറിയിരുന്നു.
മുന്നോട്ടു നടന്നപ്പോൾ ഒരു പുസ്തകശാല ശ്രദ്ധയിപ്പെട്ടു. വളരെയധികം ആളുകൾ അവിടേക്കു കയറുന്നു , ഞാൻ അങ്ങോട്ടേക്കുതന്നെ കയറി. പുറത്തു മാക് നാലി ജാക്‌സൺ ഇൻഡിപെൻഡന്റ് ബുക്ക് സെല്ലേഴ്‌സ് എന്ന് എഴുതിവച്ചിരിക്കുന്നു. അതിനകത്തു കയറിയപ്പോൾ അതിശയം തോന്നി. എത്ര മനോഹരമായി വൈവിധ്യമാർന്ന പുസ്തകങ്ങൾ നിരത്തിവച്ചിരിക്കുന്നു. ലോകത്തുള്ള വളരെയധികം പുസ്തകങ്ങൾ വിൽക്കുന്ന വലിയഒരിടമാണ് മാക് നാലി ജാക്‌സൺ ഇൻഡിപെൻഡന്റ് ബുക്ക് സെല്ലേഴ്‌സ് എന്ന് തിരിച്ചറിഞ്ഞു. അകത്തു നടക്കാൻ പോലും ഇടയില്ലാത്ത അവസ്ഥ, കുറെയധികം ആളുകൾ ഇരുന്നു സേർച്ച് ചെയ്യുന്നു, ചിലർ കുട്ടികളുമായി വന്നു കൂടിയിരുന്നു സംസാരിക്കുന്നു, കുറേയധികം ആളുകൾ പലയിടങ്ങളിലായി പുസ്തകങ്ങൾ പരതിനടക്കുന്നു. പുസ്തകങ്ങൾ അവസാനിച്ചു എന്ന് വിശ്വസിച്ചിരുന്ന ഞാൻ ഈ പുസ്തകശാലയിൽ കടന്നപ്പോൾ അത്ഭുതം തോന്നി.

കേട്ടറിഞ്ഞ പുസ്തകങ്ങളുടെ ഒരു കൊടുംകാട് ; അവിടെ വിവിധ രീതിയിൽ ക്രമമായി നിരത്തിവച്ചിരിക്കുന്നു. പല റാക്കിലായി തരാം തിരിച്ചു വച്ചിരിക്കുന്നു. ബെസ്ററ് സെല്ലേഴ്‌സ് റാക്കിൽത്തന്നെ വീക്കിലി നമ്പർ 1 ,2 ,3 എന്ന അടുക്കിൽ. ചില റാക്കുകളിൽ അവരുടെ സ്റ്റാഫ് പിക്‌സ് ബുക്കുകൾ, ലേഖനങ്ങൾ, ക്രിയേറ്റീവ് നോൺ ഫിക്ഷൻ, സാംസ്കാരിക വിമർശനം, പുതിയതും ശ്രദ്ധേയവുമായ ഫിക്ഷൻ തുടങ്ങി വിവിധ മേഖലകളിലുള്ള പുസ്തകങ്ങളുടെ ഒരു മായാപ്രപഞ്ചം.

'അബടെൻസ്', 'വൺ ഡേ എവെരിവൺ വിൽ ഹാവ് ആൽവേസ് ബിൻ എഗൈൻസ്റ് ദിസ്', 'ഹൗ സ്റ്റേറ്റ്സ് തിങ്ക്', 'നോബോഡീസ് ഗേൾ', ചരൺ രംഗനാഥ് എഴുതിയ 'വൈ വി റിമെംബെർ', അനിൽ ആനന്ദസ്വാമിയുടെ 'വൈ മഷീൻസ് ലേൺ', അരുന്ധതി റോയുടെ 'മദർ മേരി കംസ് ടു മി' തുടങ്ങിയ പുസ്തകങ്ങളിലൂടെയും കൈകൾ ഓടിച്ചു. ചില രാജ്യങ്ങൾ സമ്പന്നരും മറ്റു ചിലത് ദരിദ്രരുമായിരിക്കുന്നത് എന്തുകൊണ്ട്, സമ്പത്തും ദാരിദ്ര്യവും, ആരോഗ്യവും, രോഗവും, ഭക്ഷണവും ക്ഷാമവും, അധികാരത്തിന്റെ ഉത്ഭവം, സമൃദ്ധി, ദാരിദ്ര്യം എന്നിവയാൽ വിഭജിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ ശരിയുത്തരങ്ങൾ അടങ്ങിയ ' വൈ നേഷൻസ് ഫെയിൽ' എന്ന ലേഖനസമാഹാരവും വാങ്ങി തിരിച്ചു. പുസ്തകങ്ങൾ തരുന്ന ഒരു വൈബ് ഉണ്ടല്ലോ അതുപറഞ്ഞറിയിക്കാനാവില്ല . അമേരിക്കയിൽ തികച്ചും നല്ല വായനക്കാർ ഇന്നുമുണ്ട് എന്നത് ആശ്വാസം, അതാണ് ഈ രാജ്യത്തിൻറെ ചാലകശക്തി.