Image

തുഷാര ബിന്ദുക്കൾ ! (കവിത : ജയൻ വർഗീസ്.)

Published on 10 November, 2025
തുഷാര ബിന്ദുക്കൾ ! (കവിത : ജയൻ വർഗീസ്.)

സ്വർഗ്ഗസ്ഥനായപിതാവേ

പ്രപഞ്ചത്തിൻ 

സർഗ്ഗ ചൈതന്യ 

പ്രഭാ പൂരമേ ,      , 

വസ്തുവായ് ദൃശ്യമീ 

സ്ഥൂല  ഭാവത്തിന്റെ 

മുഗ്ദ ചൈതന്യ - 

മദൃശ്യ സൂക്ഷ്മം ! 


 

ഞാനായ തന്മാത്രാ 

ഖണ്ഡത്തിലുൾച്ചേർന്ന

ജ്ഞാനോദത്തിന്റെ 

വിശ്വ രൂപം 

ചൂടി നിൽക്കുന്നു 

ചലനമായ്‌ സത്യമാ -

യെങ്ങും പ്രപഞ്ചത്തി -

ന്നാത്മ ബോധം 


 

ആദിയന്തങ്ങൾക്ക - 

തീത നിരാമയ 

താള പ്രവാഹമാ - 

യീ പ്രപഞ്ചം

ഭൂമിയാം തൊട്ടിലി - 

ലെന്നെ തലോടുന്ന 

മാത്യു താരാട്ടിന്റെ  

മുന്നൊരുക്കം !


 

ഇല്ലായിരുന്നെങ്കി - 

ലീബോധ സംഗീത

സംഗമ താള  

സജീവ സത്യം, 

ശബ്ദ ചലനങ്ങ - 

ളൊന്നുമേയില്ലാത്ത 

ശപ്ത നിർജ്ജീവ 

പദാർത്ഥ പിണ്ഡം


 

കുഞ്ഞു തന്മാത്രകൾ 

തുന്നിയെടുത്തൊരീ 

മഞ്ഞൾ പ്രസാദ  

മനുഷ്യ ജന്മം 

തന്നിലെ സ്നേഹ 

പ്രവാഹത്തെ യുൾച്ചേർത്ത 

കുഞ്ഞൊരു തുള്ളി 

തുഷാര ബിന്ദു !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക